Saturday, 24 February 2018

അവിടെ മരണദൂതന്‍ ഞങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു! പക്ഷെ...

കല്യാണം കഴിഞ്ഞ് മൂന്നു മാസമായിക്കാണും ഒരു ഞായറാഴ്ച പാലായിലെ വീട്ടില്‍ ഉച്ചയൂണും കഴിഞ്ഞിരിക്കുമ്പോള്‍ പെട്ടെന്നൊരു തോന്നല്‍... ഒരു ട്രിപ്പ് പോയാലോ... ഞങ്ങള്‍ റെഡിയെന്ന് പറഞ്ഞ് പാറുവും ഇരട്ടസഹോദരി വീണയും അനിയത്തി അപ്പുവും (പ്രിയയെന്നാണ് യഥാര്‍ഥ പേര്) വണ്ടിയില്‍ ഇടംപിടിച്ചു. എങ്ങോട്ടു പോകണമെന്നു മാത്രം തീരുമാനമാകാതെ മൂവരും ചിന്തയിലാണ്ടു. അപ്പോളാണ് അപ്പു പറയുന്നത് ഇവിടെ അടുത്ത് ഇല്ലിക്കല്‍കല്ല് എന്നുപറയുന്ന സ്ഥലമുണ്ടെന്ന്. വൈകുന്നേരം പോയിരിക്കാന്‍ പറ്റിയ ഇടമാണെന്ന് അറിഞ്ഞതോടെ കാര്‍ ഇല്ലിക്കല്‍കല്ലിനെ ലക്ഷ്യമാക്കി പാഞ്ഞു.

ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് പഞ്ചായത്തിലാണ് ഇല്ലിക്കല്‍കല്ല്. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണിത്. പാലായില്‍നിന്ന് 29 കിലോമീറ്റര്‍ ദൂരമേ ഇവിടെയ്‌ക്കൊള്ളൂ. ഏകദേശം 45 മിനിറ്റുകൊണ്ട് ഞങ്ങള്‍ ഇല്ലിക്കല്‍കല്ലിന്റെ താഴ്‌വാരത്തെത്തി. റോഡുപണി നടക്കുന്നതിനാല്‍ ഒന്നര കിലോമീറ്റര്‍ ദൂരെവച്ച് വാഹനങ്ങള്‍ തടഞ്ഞിരുന്നു. കാര്‍ പാര്‍ക്ക് ചെയ്ത് നടപ്പാരംഭിച്ചു. സമുദ്രനിരപ്പില്‍നിന്ന് 4000 അടി ഉയരമുള്ള ഇല്ലിക്കല്‍കല്ല് മൂന്നു പാറക്കൂട്ടങ്ങള്‍ ചേര്‍ന്നതാണ്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സര്‍പ്പാകൃതിയില്‍ കാണപ്പെടുന്ന പാറ കൂനന്‍കല്ല് എന്നുമാണ് അറിയപ്പെടുന്നത്.


വളഞ്ഞുപുളഞ്ഞുകിടക്കുന്ന മലമുകളിലേക്കുള്ളറോഡ് കാഴ്ചയില്‍ ഭംഗിയുണ്ടെങ്കിലും നടന്നു കയറുന്നത് അത്ര രസമുള്ള കാര്യമല്ലെന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ ഒരോരുത്തര്‍ക്കും മനസിലായിത്തുടങ്ങി. മലമുകളില്‍ മഞ്ഞിറങ്ങുന്ന കാഴ്ച ഒരോ അടിയും മുന്നോട്ട് വയ്ക്കാന്‍ പ്രചോദനമായി. സ്ഥലം വിജനമായിരുന്നു. കുന്നിന്‍ മുകളില്‍ ഷീറ്റ് വലിച്ചുകെട്ടിയ ചെറിയൊരു കടയുണ്ട്. ആളുകള്‍ ഈ സ്ഥലത്തെക്കുറിച്ച് അറിഞ്ഞു വരുന്നതെയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ തീര്‍ത്തും വിജനമായിരുന്നു ഇല്ലിക്കല്‍കല്ല്. ഞങ്ങളെ കൂടാതെ ഒന്നുരണ്ടുപേര്‍ മാത്രമായിരുന്നു ആ കുന്നിന്‍ചെരുവില്‍ ഉണ്ടായിരുന്നത്.


തണുത്ത സംഭാരം കുടിച്ച് ക്ഷീണമകറ്റി ഇല്ലിക്കല്‍കല്ലിലേക്കു കയറി. തണുത്ത കാറ്റ് ഞങ്ങളെ തഴുകി കടന്നു പൊയ്‌ക്കൊണ്ടിരുന്നു... ഇടയ്ക്ക് വന്നുപോകുന്ന കോടമഞ്ഞ് കഴ്ചയെ മറച്ചു. കൂടക്കല്ലിനും കൂനന്‍കല്ലിനുമിടയില്‍ 20 അടി താഴ്ചയുള്ള വലിയൊരു വിടവുണ്ട്. കല്ലിന് മുകളിലെത്താന്‍ അരയടി മാത്രം വീതിയുള്ള നരകപാലമെന്നും നൂല്‍പ്പാലമെന്നും പേരുള്ള രണ്ടു പാലങ്ങള്‍ കടക്കണം. ഈ പാലങ്ങള്‍ കടന്ന് ആരും കല്ലിനു മുകളില്‍ കയറിയിട്ടില്ല. അതിനു ശ്രമിച്ചവരെയെല്ലാം മരണം കൊണ്ടുപോയിട്ടുമുണ്ട്. ഞങ്ങള്‍ നൂല്‍പ്പാലംവരെയെത്തിയെങ്കിലും ശക്തമായ കാറ്റിലും മഞ്ഞിലും വഴി കാണാതെ തുടര്‍ന്നുള്ള ശ്രമം ഉപേക്ഷിച്ചു. വലിയ അപകടത്തിലേക്കായിരുന്നു നടന്ന് പോയിരുന്നതെന്ന് പിന്നീടാണ് അറിയുന്നത്. ഇല്ലിക്കല്‍കല്ലിന് മുകളില്‍ നീലക്കൊടുവേലി ഉണ്ടെന്ന് ഒരു വിശ്വാസമുണ്ട്. കല്ലിനു മുകളില്‍ നിന്നാല്‍ അറബിക്കടലും അവിടുത്തെ ഉദയവും അസ്തമയവും കാണാന്‍ കഴിയുമെന്നും പറയപ്പെടുന്നു. കോടമഞ്ഞിന്റെ കുളിരും ഇല്ലിക്കല്‍കല്ലിന്റെ ഭംഗിയും ആസ്വദിച്ച് കുന്നിറങ്ങുമ്പോള്‍ സൂര്യന്‍ പടിഞ്ഞാറുള്ള മലനിരകള്‍ക്കിടയില്‍ മറഞ്ഞിരുന്നു.

 ഇല്ലിക്കല്‍കല്ല് ഇപ്പോള്‍ 


ന്യൂജെന്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഇന്ന് ഇല്ലിക്കല്‍കല്ല്. വാഹനങ്ങള്‍ കല്ലിനു ചുവട്ടില്‍വരെയെത്തും. നിരവധി കടകളും പാര്‍ക്കിംഗ് ഏരിയയുമായി ഒരുപാട് മാറി ഇവിടം. സഞ്ചാരികള്‍ക്ക് ഇപ്പോള്‍ നരകപാലത്തിനും നൂല്‍പാലത്തിനും അടുത്ത് പോകാന്‍ സാധിക്കില്ല. നിരവധി മരണങ്ങള്‍ നടന്നതുമൂലം സുരക്ഷാ കാരണങ്ങളാല്‍ ഇങ്ങോട്ടുള്ള പ്രവേശനം തടഞ്ഞിട്ടുണ്ട്. ഫാമിലിയായി പോകാന്‍ പറ്റിയയിടമാണ് ഇല്ലിക്കല്‍കല്ല്. രാവിലെ 6.00 മുതല്‍ 10.00 വരെയും വൈകുന്നേരം 4.00 മുതല്‍ 7.00 മണിവരെയുമാണ് വേനല്‍ക്കാലത്ത് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. മഴക്കാലത്ത് എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം.

അടുത്തുള്ളവ

വിമാനത്താവളം- കൊച്ചി (84 km)
റെയില്‍വേ സ്‌റ്റേഷന്‍- കോട്ടയം (56 km)

വിനോദസഞ്ചാരകേന്ദ്രങ്ങള്‍

വാഗമണ്‍- 30 km
ഇലവീഴാപൂഞ്ചിറ- 12 km
മാര്‍മല വെള്ളച്ചാട്ടം- 11 km
സെന്റ് അല്‍ഫോന്‍സാമ്മ കബറിടം- 24 km






















 

 ഇരുതലമൂരി..



റൂട്ട്മാപ്പിന് ഇവിടെ ക്ലിക്ക് ചെയ്യുക

2 comments: