Friday, 16 March 2018

നിയമപരമായ മുന്നറിയിപ്പ്, ഇതുവഴി പോകരുത്...

ഇരട്ടസഹോദരി വീണയുടെ വിവാഹം കഴിഞ്ഞ് അധികം നാളായില്ല. പാലായിലെ വീട്ടില്‍ ഞങ്ങള്‍ നാലു പേര്‍ ഒരുമിച്ച് ഒരു ട്രെക്കിംഗ് പോകാന്‍ പ്ലാന്‍ ചെയ്യുകയായിരുന്നു. ഞങ്ങളുടെ പ്ലാനിങ്ങ് കണ്ട് പപ്പയും കൂടെക്കൂടി. എവിടേക്ക് എന്നതില്‍ ആര്‍ക്കും കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നില്ല കാരണം
മീശപ്പുലിമല അത്രയ്ക്കും ഞങ്ങളുടെ മനസില്‍ കയറിപ്പറ്റിയിരുന്നു. യാത്രയ്ക്കിറങ്ങുമ്പോള്‍ അധികം പ്ലാനുകള്‍ ഒന്നുമില്ല. ഇച്ചായന്‍ ജോലികഴിഞ്ഞ് രാത്രി 12.30നു പാലായില്‍ എത്തിയതോടെ ഞങ്ങള്‍ യാത്ര ആരംഭിച്ചു. മൂന്നാറില്‍നിന്ന് വളഞ്ഞു പുളഞ്ഞു കിടക്കുന്ന വീതികുറഞ്ഞ വഴിയിലൂടെ ഷോല നാഷണല്‍ പാര്‍ക്കിന്റെ ഒരു ഭാഗം കടന്ന് പുലര്‍ച്ചെ സൂര്യനെല്ലിയിലെത്തി. തീരെ വീതികുറഞ്ഞ റോഡിന് ഇരുവശവും ചെറുകടകളും കുരിശുപള്ളിയുമൊക്കെ ചേര്‍ന്നതാണ് സൂര്യനെല്ലി ടൗണ്‍. തമിഴും മലയാളവും ഒരുപോലെ സംസാരിക്കുന്ന ജനത. ഇവിടെനിന്നാണ് ഭൂമിയിലെ സ്വര്‍ഗത്തിലേക്കുള്ള ഞങ്ങളുടെ യാത്ര ആരംഭിക്കുന്നത്. ഇനിയങ്ങോട്ട് ഓഫ്‌റോഡായതുകൊണ്ട് കാറ് സൂര്യനെല്ലിയില്‍ പാര്‍ക്ക് ചെയ്ത ശേഷം മീശപ്പുലിമലയ്ക്കു കീഴെയുള്ള കൊളുക്കുമലയിലേക്ക് ജീപ്പ് പിടിച്ചു. 1300 മുതല്‍ മുകളിലേക്കാണ് സൂര്യനെല്ലിയില്‍നിന്ന് 14 കിലോമീറ്റര്‍ അകലെയുള്ള കൊളുക്കുമലമുകളിലേക്കുള്ള ജീപ്പ് ചാര്‍ജ്.

കൊളുക്കുമലയിലെ സൂര്യോദയം

 


സൂര്യനെല്ലി ടൗണ്‍ കഴിഞ്ഞ് ഇടത്തോട്ടുള്ള റോഡിലൂടെയാണ് കൊളുക്കുമലയിലേക്ക് കയറുക. ഹാരിസണ്‍ മലയാളം കമ്പനിയുടെ തേയിലത്തോട്ടത്തിലൂടെയാണ് യാത്ര. തേയില ഫാക്ടറിയും പാടികളും പിന്നിട്ട് വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ടാറിട്ട റോഡ് തമിഴ് കോവിലുകള്‍ക്ക് മുന്നില്‍ അവസാനിക്കുന്നിടത്തുനിന്നാണ് യഥാര്‍ഥ യാത്ര തുടങ്ങുന്നത്. തേയിലകള്‍ക്കിടയിലൂടെ വഴിയെന്നത് പേരിനു മാത്രമുള്ള റോഡ്. ഒരു കല്ലില്‍നിന്ന് മറ്റൊരുകല്ലിലേക്ക് ജീപ്പ് കുതിച്ചുചാടി. സൂര്യകിരണങ്ങള്‍ മഞ്ഞുതുള്ളിയില്‍ തട്ടി മിന്നിത്തിളങ്ങി നില്‍ക്കുന്ന തേയില ഇലകളെ തൊട്ടുതലോടി ആടിയുലഞ്ഞ് ജീപ്പ് ഒരുമണിക്കൂര്‍ കൊണ്ട് കൊളുക്കുമലയിലെത്തി. സമുദ്രനിരപ്പില്‍നിന്ന് 7130 അടി ഉയരത്തിലാണ് കൊളുക്കുമല ടീ എസ്‌റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടീ എസ്‌റ്റേറ്റ് കൊളുക്കുമല ടീ എസ്‌റ്റേറ്റാണ്. മഞ്ഞില്‍ പുതച്ചുനിന്ന് സൂര്യോദയം കാണുകയെന്നതാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. മേഘങ്ങളെ കാല്‍കീഴിലാക്കി സ്വര്‍ഗലോകത്തുനിന്ന് ഭൂമിയെ വീക്ഷിക്കുന്ന പ്രതീതിയാണ് കൊളുക്കുമലയില്‍നിന്ന് താഴേക്ക് നോക്കിയാല്‍. പഞ്ഞിക്കെട്ടുകള്‍ പോലെ നിറഞ്ഞുകിടക്കുന്ന മേഘങ്ങളെ തള്ളിനീക്കി സൂര്യകിരണങ്ങള്‍ പൊന്തിവരുന്ന കാഴ്ച അവര്‍ണനീയമാണ്. ഇവയെല്ലാം കാമറയില്‍ ആക്കി തുളച്ചു കയറുന്ന തണുപ്പിന്റെ പിടിയില്‍നിന്ന് അല്പം ആശ്വാസമേകാന്‍ നാലു മരത്തൂണില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി ടീഷോപ്പ് എന്ന് വേണമെങ്കില്‍ വിളിക്കാവുന്ന ഒരു ചായക്കടയില്‍ എത്തി. ചൂട് ബജിയുടെയും കൊളുക്കുമല തേയിലയുടെ സ്വാദും ഞങ്ങള്‍ അവിടെനിന്ന് അനുഭവിച്ചറിഞ്ഞു.

പൂക്കളുടെ താഴ്‌വര

 

ജീപ്പ് യാത്ര അവസാനിക്കുന്നിടത്തുനിന്ന് മീശപ്പുലിമല ലക്ഷ്യമാക്കി തേയിലത്തോട്ടത്തിലൂടെ നടപ്പ് ആരംഭിച്ചു. 1930ല്‍ കൊളുക്കുമലയില്‍ തേയില വച്ചുപിടിപ്പിച്ചുതുടങ്ങിയ കാലത്ത് സായിപ്പുമാര്‍ അവരുടെ വിനോദമായ നായാട്ടിനായിട്ടായിരുന്നു ആദ്യമായി മീശപ്പുലിമലയില്‍ എത്തിയത്. ആന, പുലി, കാട്ടുപോത്ത് തുടങ്ങി നിരവധി മൃഗങ്ങളുടെ വിഹാരകേന്ദ്രമായിരുന്നു മീശപ്പുലിമലയുടെ താഴ്‌വാരം. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം സൂര്യനെല്ലിയിലെ പുരുഷന്മാര്‍ മീശപ്പുലിമല അവരുടെ ഒഴിവുദിനങ്ങളിലെ ഉല്ലാസകേന്ദ്രമാക്കി. പുറം ലോകത്തിന് ഇവിടം അജ്ഞാതമായിരുന്നു. ചാര്‍ളിയെന്ന മലയാളം സിനിമയാണ് സത്യത്തില്‍ മീശപ്പുലിയ്ക്ക് ഇത്രയേറെ പ്രശസ്തി നേടിക്കൊടുത്തത്.
ആനമുടി കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മീശപ്പുലിമല. ആനമുടിക്ക് 2695 മീറ്ററും മീശപ്പുലിമലയ്ക്ക് 2637 മീറ്റര്‍ ഉയരവുമാണുള്ളത്. വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളാല്‍ അലംകൃതമാണ് മീശപ്പുലിമലയുടെ താഴ്‌വരങ്ങള്‍. നീലക്കുറിഞ്ഞി മുതല്‍ ഊട്ടിയില്‍ കണ്ടുവരുന്ന ഊട്ടിപ്പൂവിന്റെ വെള്ളയും മഞ്ഞയും നിറങ്ങളിലുള്ള പൂക്കള്‍ വരെയുണ്ട് ഇവിടെ. പേരറിയാത്ത ആയിരക്കണക്കിന് വിവിധ വര്‍ണത്തിലുള്ള മനോഹരങ്ങളായ പൂക്കള്‍ മഞ്ഞില്‍ കുളിച്ച് കിടക്കുന്ന പൂക്കളുടെതാഴ്‌വരയാണിത്. തമിഴ്‌നാട്-കേരള അതിര്‍ത്തിയിലാണ് ഈ മല സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് പലപ്പോഴും രണ്ടു സംസ്ഥാനങ്ങളിലുടെ സഞ്ചരിച്ച് വേണം മലയിലെത്താന്‍. സൂര്യനെല്ലി വഴിയുള്ള യാത്ര തമിഴ്‌നാടിന്റെ അധീനതയിലൂടെയുള്ള പ്രദേശത്തുകൂടിയും മാട്ടുപ്പെട്ടിയില്‍നിന്നുള്ള യാത്ര കേരളത്തിന്റെ അധീനതയിലൂടെയുള്ള പ്രദേശത്തുകൂടിയുമാണ്. കേരളത്തിലൂടെയുള്ള യാത്രയ്ക്ക് വനംവകുപ്പിന്റെ പ്രത്യേക അനുവാദം വേണം. ആഹാരവും താമസവും ഉള്‍പ്പെടെ 1700 മുതല്‍ 3700 രൂപ വരെയാണ് ട്രെക്കിംഗിന് കേരളവനംവകുപ്പ് ഈടാക്കുന്ന ചാര്‍ജ്. തമിഴ്‌നാട് വഴി കയറി തിരിച്ച് കേരളം വഴിയിറങ്ങാമെന്ന് വിചാരിച്ചാല്‍ കേരളത്തിലെ വനത്തില്‍ അതിക്രമിച്ച് കടന്നതിന് പിഴയും തടവുശിക്ഷവരെ കിട്ടുമെന്ന കാര്യം മറക്കണ്ട.

മീശപ്പുലിമലയിലെ നൂല്‍മഴ

 

കൊളുക്കുമലയില്‍നിന്ന് ആദ്യം തേയിലത്തോട്ടത്തിലൂടെയും പിന്നീട് തലയ്ക്കുമുകളില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന പുല്ലുകള്‍ക്കിടയിലൂടെയും ഈറ്റക്കാടുകള്‍ക്കിടയിലൂടെയും ചെറുകുന്നുകളും ആനത്താരിയും കടന്ന് ചെങ്കുത്തായ മലയിടുക്കിലൂടെയും നാലു കിലോമീറ്റര്‍ സഞ്ചരിച്ചുവേണം മീശപ്പുലിമലയിലെത്താന്‍. പലപ്പോഴും കോടമഞ്ഞ് വഴിമറച്ചു നിന്നു. കോടമഞ്ഞിനെ വകഞ്ഞുമാറ്റി മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ച് കഴിഞ്ഞപ്പോള്‍ ഇടയ്ക്ക് വീശുന്ന കാറ്റില്‍ വഴിമാറുന്ന മേഘങ്ങള്‍ക്കിടയിലൂടെ മീശപ്പുലിമല ദൃശ്യമായിത്തുടങ്ങി. മലയെ നടുവേ കീറിമുറിച്ച് സഞ്ചാരികള്‍ നടന്ന് സമ്മാനിച്ച ചെറു ചാലുകള്‍ കാഴ്ചയില്‍ മുഴച്ചുനിന്നു. മീശപ്പുലിമലക്കു ചുവട്ടില്‍നിന്ന് കുത്തനെയുള്ള കയറ്റം കയറിവേണം മലമുകളിലെത്താന്‍. ആദ്യം നിസാരമെന്നു തോന്നിയെങ്കിലും കയറിത്തുടങ്ങിയപ്പോഴാണ് അതികഠിനമായി പ്രയത്‌നിച്ചാല്‍ മാത്രമേ മീശപ്പുലിമല കീഴടക്കാനാകൂ എന്ന സത്യം മനസിലായത്.
അരമിനിറ്റ് മലകയറിയാല്‍ പത്തു മിനിറ്റ് അറിയാതെ ഇരുന്നു പോകും. കുടിക്കാന്‍ വെള്ളമോ കഴിക്കാന്‍ ആഹാരമോ കൊണ്ടുപോയില്ലെങ്കില്‍ പെട്ടതുതന്നെ. ഭാഗ്യംകൊണ്ട് ഞങ്ങള്‍ വെള്ളവും ആഹാരവും എടുത്തിരുന്നു. നാലു മണിക്കൂര്‍ തുടര്‍ച്ചയായ നടപ്പിനൊടുവില്‍ മീശപ്പുലിമല കീഴടക്കിയപ്പോള്‍ മനസ് ആവേശത്താല്‍ തിളയ്ക്കുകയും ശരീരം തണുപ്പാല്‍ വിറയ്ക്കുകയുമായിരുന്നു. നൂല്‍മഴയില്‍ കുളിച്ച് സ്വര്‍ഗത്തില്‍നിന്ന് ഭൂമിയിലേക്ക് നോക്കുന്ന പ്രതീതിയാണ് മീശപ്പുലിമലയില്‍നിന്ന് താഴേക്ക് നോക്കുമ്പോള്‍. മേഘങ്ങള്‍ക്കിടയിലൂടെ അങ്ങകലെ തോയിലത്തോട്ടങ്ങളും തമിഴ്‌നാട്ടില്‍ വിശാലമായി പരന്നുകിടക്കുന്ന കൃഷിയിടങ്ങളും കേരളത്തിലെ ആനയിറങ്കല്‍ ഡാമും വൃഷ്ടിപ്രദേശങ്ങളും കണ്‍കുളിര്‍ക്കെ കണ്ടു.. കാട്ടാനയെയും വരയാടിനെയും അടുത്ത പൂക്കാലത്തിനായി കാത്തുക്കിടക്കുന്ന നീലക്കുറിഞ്ഞിച്ചെടികളെയും  കണ്ടു. മീശപ്പുലിമലയുടെ തൊട്ടടുത്തായി താഴെ പുല്‍മേടുകള്‍ക്കു നടുവില്‍ ഹൃദയാകൃതിയിലുള്ള ഒരു തടാകമുണ്ട്. ഈ തടകമാണ് നമ്മള്‍ മീശപ്പുലിമല തന്നെയാണ് കയറിയതെന്നതിന്റെ തെളിവ്. കാരണം മീശപ്പുലിമലയാണെന്ന് കരുതി വഴിതെറ്റി മറ്റു മലകളില്‍ വലിഞ്ഞു കയറുന്നവര്‍ നിരവധിയാണ്. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിലാണ് മീശപ്പുലിമലയില്‍ അതിശക്തമായ മഞ്ഞ് അനുഭവപ്പെടുക. ആകാശത്തുകൂടി ഒഴുകി നടക്കുന്ന പഞ്ഞിക്കെട്ടുകള്‍ക്കിടയില്‍ സൊറപറഞ്ഞിരുന്ന് ഇടക്ക് പെയ്തിറങ്ങുന്ന നൂല്‍മഴ നനഞ്ഞ് മഞ്ഞുപെയ്തിറങ്ങുന്നത് കണ്‍കുളിര്‍ക്കെ കണ്ട് മലയിറങ്ങുമ്പോള്‍ മനസ് മലമുകളില്‍ എവിടയോ നഷ്ടപ്പെട്ടിരുന്നു. മലകയറ്റം കുറച്ച് കഠിനമാണെങ്കിലും മീശപ്പുലിമലയില്‍ മഞ്ഞു പെയ്യുന്നത് കണ്ടില്ലെങ്കില്‍ അത് ജീവിതത്തിലെ വലിയ ഒരു നഷ്ടമായിരിക്കും തീര്‍ച്ച.

(കൊളുക്കുമല വഴി മീശപ്പുലിമല കയറുന്നത് ഇടുക്കി ജില്ലാ കളക്ടര്‍ നിരോധിച്ചിട്ടുണ്ട്. ഈ യാത്രവിവരണം നിരോധനം വരും മുമ്പുള്ളതാണ്. അതിക്രമിച്ച് കടന്നാല്‍ തടവും പിഴയുമാണ് ശിക്ഷ. വനംവകുപ്പ് നടത്തുന്ന ട്രെക്കിംഗ് ഉണ്ട് അതുവഴി മീശപ്പുലിമലയില്‍ എത്താവുന്നതാണ്. ഫോണ്‍: 04865230332 )



അടുത്തുള്ളവ

റെയില്‍വേ
എറണാകുളം 150 കി.മി

വിമാനത്താവളം
കൊച്ചി 132 കി.മി

വിനേദസഞ്ചാര കേന്ദ്രങ്ങള്‍
ദേവികുളം 16 കി.മി
ആനയിറങ്ങല്‍ഡാം 24 കി.മി
മൂന്നാര്‍ 34 കി.മി
 


ശ്രിദ്ധിക്കേണ്ടത്

  • അതിശക്തമായ കാറ്റും മഞ്ഞും കാരണം ജാക്കറ്റ്, സ്വെറ്റര്‍, ഷൂ തുടങ്ങിയവയില്ലെങ്കില്‍ മീശപ്പുലിമലക്കുമുകളില്‍ അധികം നേരം നില്‍ക്കുവാനാകില്ല.
  • കാലാവസ്ഥ പെട്ടെന്ന് മാറിമറിഞ്ഞുകൊണ്ടിരിക്കും. മഞ്ഞ്, കാറ്റ്, മേഘം, നൂല്‍മഴ, വെയില്‍ അങ്ങനെ.
  • ഒക്‌സിജന്റെ അളവ് കുറവായതിനാല്‍ തലകറക്കം, തലക്കുപിറകില്‍ വേദന, ശ്വാസംമുട്ട് തുടങ്ങിയവ അനുഭവപ്പെടാം.
  • വെള്ളവും ആഹാരവും കൈയില്‍ കരുതണം.
  • ഒരു മൊബൈല്‍ നെറ്റുവര്‍ക്കിനും മലമുകളില്‍ റെയിഞ്ച് ഉണ്ടാകില്ല.
  • വന്യമൃഗങ്ങള്‍ ഉണ്ടാകും വഴിയില്‍ അവയെ ശല്യപ്പെടുത്തരുത്.


സീസണ്‍

നവംബര്‍ മുതല്‍ ഫെബ്രുവരി വരെ (ഈ സമയത്താണ് അതിശക്തമായ കാറ്റും മഞ്ഞും ഉണ്ടാകുക.)

 
 
സ്വാഗതം കൊളുക്കുമല ടീ എസ്റ്റേറ്റ്..

 

 
ചായയ്ക്കുള്ള കാത്തിരിപ്പ്..

 

 
ട്രക്കിംങ് മോഡ് ഓണ്‍..

 

 
കൊളുക്കുമല ടീ എസ്റ്റേറ്റ്..

 

 
സാഹസിക സഞ്ചാരികള്‍..

 

 
ഒറ്റയടിപാതകള്‍..

 

 
ക്യാമറക്കുള്ളിലാക്കാനുള്ള ശ്രമം..

 

 
സാഹസികര്‍..

 

 
ലക്ഷ്യത്തിന് അരികേ..

 

 
മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുമോ..

 

 
മീശപ്പുലിമല കീഴടക്കിയവര്‍..

 

 
മഞ്ഞില്‍ കുളിച്ച് മീശപ്പുലിമല..

 

 
ഇറങ്ങുന്നവരും കയറുന്നവരും..

 

വസന്തം കാത്ത് നീലക്കുറിഞ്ഞി..

2 comments: