Friday, 16 February 2018

ആ ചോദ്യം ഞങ്ങളെ എത്തിച്ചത് പട്ടായയില്‍..




കേരളത്തില്‍ ജനിച്ച് പോയാല്‍ മാത്രം നേരിടേണ്ടിവരുന്ന ചില ചോദ്യങ്ങള്‍ ഉണ്ടല്ലോ. ഈ ബന്ധുക്കളുടെയും നാട്ടുകാരുടെയും ചേദ്യങ്ങള്‍. പഠനം കഴിഞ്ഞില്ലേ.. ജോലിയായില്ലേ.. കല്യാണം ആയില്ലേ.. ഹണിമൂണ്‍ എങ്ങോട്ടാ.. വിശേഷം വല്ലതും ആയോ.. തുടങ്ങി ജനനം മുതല്‍ മരണം വരെ അവസാനിക്കാത്ത ചോദ്യങ്ങള്‍. ഇതില്‍


ഹണിമൂണ്‍ എങ്ങോട്ടാ എന്ന ചോദ്യമാണ് ഞങ്ങളെ സെക്‌സ്ടൂറിസത്തിന്റെ നാടായ പട്ടായയില്‍ എത്തിച്ചത്. മൂന്നാര്‍, ആലപ്പുഴ, കുളു, മണാലി, കാഷ്മീര്‍, സിംഗപ്പൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങള്‍ ആലോചനയില്‍ വന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് ഇച്ചായന്‍ പട്ടായയിലേക്കെന്നു പ്രഖ്യപിച്ചു. പൃഥ്വിരാജിന്റെ അമര്‍ ആക്ബര്‍ അന്തോണി എന്ന സിനിമ ഹിറ്റായി ഒടുന്ന സമയമാണ്. അതുകൊണ്ട് തന്നെ പട്ടായ എന്ന സ്ഥലം കുട്ടികള്‍ക്കു മുതല്‍ വയസന്മാര്‍ക്കു വരെ വ്യക്തമായി അറിയാം. ഹണിമൂണിന് വേറെ ഒരു സ്ഥലവും കിട്ടിയില്ലേ...? എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. എല്ലാവരും പോകുന്ന വഴിയേ പോയാല്‍ പിന്നെ എന്താണ് ഒരു ത്രില്‍.. എന്നായിരുന്നു ഇച്ചായന്റെ ഉത്തരം. തായ്‌ലന്‍ഡിനെക്കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നു അതുകൊണ്ടുതന്നെ അങ്ങോട്ടുതന്നെ പോകാന്‍ ഒരു കൗതുകവും ആഗ്രഹവും തോന്നി.


വെല്‍ക്കം ടു സുവര്‍ണഭൂമി


എന്റെ പാസ്‌പോര്‍ട്ട് റെഡിയാകാന്‍ കാലതാമസമെടുത്തത് അല്പം വിഷമിപ്പിച്ചെങ്കിലും പോകുന്നതിനു തലേദിവസം കിട്ടിയതോടെ ആ വലിയ ടെന്‍ഷന്‍ മാറിക്കിട്ടി. ഞങ്ങളുടെ ആദ്യവിമാനയാത്ര. ശരിക്കും ടെന്‍ഷനും ആഹ്ലാദവും ഒരുമിച്ച് വന്നിട്ട് മറ്റൊരു മനസികാവസ്ഥയിലായിരുന്നു. ബാങ്കോക്കിലെ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ ചെന്നിറങ്ങിയപ്പോള്‍ തന്നെ ഒരു ലേഡി ഗൈഡ് ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. തായ്‌ലന്‍ഡ് എന്ന പേരിനെക്കാളും എല്ലാവര്‍ക്കും സുപരിചിതം പട്ടായ എന്ന പേരാണ്. ചെറുതും വലുതുമായ ബുദ്ധക്ഷേത്രങ്ങളാലും അതിലേറെ ബീച്ചുകളാലും സമൃദ്ധമാണ് ഈ സുവര്‍ണഭൂമി. ബാങ്കോക്കില്‍നിന്ന് 150 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായിട്ടാണ് സെക്‌സ്ടൂറിസത്തിന്റെ നാടും കടലോര പട്ടണവുമായ പട്ടായ സ്ഥിതിചെയ്യുന്നത്. കേരളത്തെ ഓര്‍മപ്പെടുത്തുംവിധമാണ് ഇവിടുത്തെ ഭൂപ്രകൃതി.  ബീച്ച് സൗന്ദര്യം ആസ്വദിക്കാന്‍ പട്ടായയും നഗരസൗന്ദര്യം ആസ്വദിക്കാന്‍ ബാങ്കോക്കുമാണ് സഞ്ചാരികള്‍ തെരഞ്ഞെടുക്കുക.


ആദ്യം പട്ടായയെക്കുറിച്ച് പറയാം


പട്ടായയില്‍ ഏറ്റവും ആകര്‍ഷണീയമായത് അവിടുത്തെ ബീച്ചുകളാണ്. കോറല്‍ ദ്വീപ് പോലുള്ള ദ്വീപുകളില്‍ ബീച്ച് ഡൈവിംഗ്, സ്‌കൂബ ഡൈവിംഗ്, പാരഗ്ലൈഡിംഗ് തുടങ്ങി നിരവധി സാഹസികവിനോദങ്ങള്‍ നടക്കുന്നുണ്ട്. എന്റെ വലിയൊരു ആഗ്രഹമായിരുന്നു പാരച്ച്യൂട്ടില്‍ പറക്കണമെന്നത്. ഇച്ചായന്‍ ആദ്യം ഒന്ന് മടിച്ചെങ്കിലും അവസാനം എന്റെ ആഗ്രഹത്തിന് വഴങ്ങി പാരച്ച്യൂട്ടില്‍ പറന്നിട്ടാണ് ബീച്ച് വിട്ടത്.
രാത്രി പട്ടായക്ക് മറ്റൊരു മുഖമാണ്. ഓപ്പണ്‍ ഡാന്‍സ് ബാറുകള്‍, പല നിറങ്ങളില്‍ മിന്നിത്തിളങ്ങുന്ന റസ്റ്ററന്റുകള്‍, നൈറ്റ് ക്ലബ്ബുകള്‍, നിശാസുന്ദരികള്‍ തുടങ്ങി പട്ടായ നഗരം ആഘോഷത്തിമര്‍പ്പിലാണ്. എവിടെ നോക്കിയാലും ജീവിതം ആഘോഷിക്കുന്നവരും ആസ്വദിക്കുന്നവരുമാണ്. രാത്രി ഇറങ്ങി നടക്കുന്നതില്‍ അപകടം ഒന്നുമില്ല എന്ന് ഗൈഡ് അറിയിച്ചതോടെ ഞങ്ങള്‍ പട്ടായയിലെ ചുവന്നതെരുവായ വാക്കിംഗ് സ്ട്രീറ്റില്‍ പോകാന്‍ തീരുമാനിച്ചു. രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ പരന്നു കിടക്കുന്ന രതി ആസ്വദകരുടെ കേന്ദ്രമാണിത്. ഇങ്ങോട്ട് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. പേരുപോലെ തന്നെ നടന്നു നീങ്ങാനുള്ള തെരുവാണ്. പോലീസ് കാവലില്‍ ഉള്ള ഈ തെരുവില്‍ രതി ആസ്വദകരെയും കഴ്ചക്കാരെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എവിടെ നോക്കിയാലും ആഘോഷമല്ലാതെ ഭീതിപ്പെടുത്തുന്നതായിട്ട് ഒന്നും കണ്ടില്ല ഈ ചുവന്ന തെരുവില്‍. ഇച്ചായനെ പലരും റേയ്റ്റ് കാര്‍ഡുമായി സമീപിച്ചെങ്കിലും ഞാന്‍ കൈയില്‍ മുറുകെതന്നെ പിടിച്ചു. (ചുമ്മാ ഒരു രസത്തിന്... ഇച്ചായന്‍ ഡീസെന്റാ...)



ഡോണ്‍ഡ് മിസ് ഇറ്റ് അല്‍കസര്‍ ഷോ


തായ്‌ലന്‍ഡിന്റെ എല്ലാവിധ സംസ്‌കാരവും പാരമ്പര്യവും ഒരുമണിക്കൂര്‍ കൊണ്ട് സഞ്ചാരികള്‍ക്കു മുന്നില്‍ കാണിച്ചുതരുന്ന സ്റ്റേജ് പ്രോഗാമാണ് അല്‍കസര്‍ ഷോ. മൂന്നാംലിംഗക്കാരാണ് ഈ ഷോ നടത്തുന്നത്. തായ്‌ലന്‍ഡിലെ രാജഭരണകൂടം സ്വവര്‍ഗാനുരാഗികളോടും ഹിജഡകളോടുമെല്ലാം മൃദുസമീപനമാണ് കൈക്കൊള്ളുന്നത്. മൂന്നാംലിംഗക്കാരെ സ്ത്രീ/പുരുഷന്‍ എന്ന പോലെ തായ്‌സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ലേഡിബോയ് എന്നാണ് ഇവരെ വിളിക്കുക. ഞങ്ങളുടെ ഗൈഡും ഒരു ലേഡിബോയിയായിരുന്നു.
പട്ടായയിലെ അവസാന ദിവസം ഞങ്ങള്‍ പോയത് ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന ഫ്‌ളോട്ടിംഗ് മാര്‍ക്കറ്റ് കാണാനാണ്. ഒഴുകിനടക്കുന്ന ചന്തയാണ് ഇത്. കൃത്രിമമായി ഉണ്ടാക്കിയ വലിയ ഒരു തടാകത്തിനകത്താണ് മാര്‍ക്കറ്റ്. മിക്ക കടകളിലും പാറ്റ, പുല്‍ച്ചാടി, പുഴു, തേള്‍ തുടങ്ങിയ ജീവികളെ ഫ്രൈ ചെയ്തു വച്ചിട്ടുണ്ട്. മുതല ഫ്രൈ കിട്ടുന്ന ഒരു കടയുമുണ്ട് ഇവിടെ. പുഴുവിനെ രുചിച്ച് നോക്കാന്‍ വേണ്ടി വാങ്ങിയെങ്കിലും അസഹ്യമായ മണം കാരണം ആ ശ്രമം ഉപേക്ഷിച്ചു. പട്ടായ പാര്‍ക്ക് ടവറിന്റെ മുകളില്‍ കയറി നഗരം മുഴുവന്‍ കണ്ടാസ്വദിച്ചു. ഇവിടെയും ടവര്‍ ജംപിംഗ് പോലുള്ള  സാഹസിക വിനോദങ്ങള്‍ ഉണ്ട്. ടവര്‍ ജംപിംഗ് നടത്താന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇച്ചായന്‍ സമ്മതം തന്നില്ല. (ഇത്തവണ ഹിമാലയത്തില്‍ പോകുന്ന വഴി ഋഷികേശില്‍ സ്‌കൈ ഡൈവിംഗ് നടത്താമെന്ന് സമ്മതിച്ചിട്ടുണ്ട്).


ഇനി ബുദ്ധമതക്കാരുടെ നാട്ടിലേക്ക്


സെക്‌സ് ടൂറിസം മാത്രമല്ല പട്ടായ ഫാമിലിയായി ട്രിപ്പ് പോകാന്‍ പറ്റിയ സ്ഥലമാണ് ഈ തീരനഗരമെന്ന് മനസിലാക്കിയാണ് ഞങ്ങള്‍ അവിടന്ന് ബാങ്കോക്കിന് തിരിക്കുന്നത്. ഇത്രയും ദിവസം കണ്ടതില്‍നിന്നും വളരെ വ്യത്യസ്തമായിരുന്നു ബാങ്കോക്ക് എന്ന നഗരം. പട്ടായ ശാന്തവും ആഘേഷവുമാണെങ്കില്‍ ബാങ്കോക്ക് തിരക്കുകളുടെ ഇടയിലാണ്. ബുദ്ധമതക്ഷേത്രങ്ങളും രാജകൊട്ടാരവുമൊക്കെയായി മറ്റൊരു സംസ്‌കാരത്തില്‍ ജീവിക്കുന്നവരാണ് ഇവിടെ. ബാങ്കോക്കിലേക്കുള്ള യാത്രയില്‍ ലോകത്തിലെ ഏറ്റവും വലിയ രത്‌നനിര്‍മാണശാലയില്‍ കയറി. രത്‌നം ഉണ്ടാകുന്നതു മുതല്‍ നമ്മുടെ കൈയില്‍ എത്തുന്നതുവരെയുള്ള കാര്യങ്ങള്‍ കണ്ടു. ഒറിജിനല്‍ രത്‌നം വിലക്കുറവില്‍ കിട്ടുമെന്ന് പറഞ്ഞിട്ടും രത്‌നത്തോട് വലിയ കമ്പമില്ലാത്തതുകൊണ്ട് വാങ്ങിയില്ല.
ബാങ്കോക്കില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സഫാരി പാര്‍ക്കായിരുന്നു. സിംഹവും കടുവയും പുലിയും വിഹരിക്കുന്ന കാട്ടിലൂടെ വാഹനത്തില്‍ പോയത് അടിപെളി അനുഭവമായിരുന്നു. വാഹനത്തിനു ചുറ്റും എത്തുന്ന വന്യമൃഗങ്ങള്‍ കൂട്ടില്‍ കിടക്കുന്ന ഞങ്ങളെ നോക്കിയിട്ട് നടന്ന് പോകുന്നു. പാര്‍ക്കിലെ ഡോള്‍ഫിന്‍ ഷോയും, ഒറാംഗുട്ടാന്‍ ഷോയും കടുവാക്കുഞ്ഞിന് പാല് കൊടുക്കുന്നതുമൊക്കെ മറ്റൊരു അനുഭവമാണ്. സഫാരി പാര്‍ക്കില്‍ കയറിയാല്‍ ഒരു ദിവസം പോയത് അറിയില്ല. രാജകൊട്ടാരവും ഉറങ്ങുന്ന ബുദ്ധനും ബുദ്ധക്ഷേത്രങ്ങളും ഷോപ്പിംഗുമൊക്കെയായി ബാങ്കോക്ക് ദിനങ്ങള്‍ ആഘോഷിച്ചു. തിരിച്ച് ഞങ്ങള്‍ ഇന്ത്യയിലേക്ക് പറക്കുമ്പോള്‍ മനസ് തായ്‌ലന്‍ഡില്‍നിന്ന് എടുക്കാന്‍ മറന്നിരുന്നു.

(ഇച്ചായന്‍ തായ്‌ലന്‍ഡ് യാത്രയെക്കുറിച്ച് കേരളകൗമുദിയില്‍ എഴുതിയ യാത്രവിവരണം ഉണ്ട്. അത് കണ്ടുകിട്ടുകയാണെങ്കില്‍ അടുത്ത ദിവസം പോസ്റ്റ് ചെയ്യാം... അത് വായിച്ചാല്‍

തായ്‌ലന്‍ഡിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പറ്റും.)

 വാക്കിംഗ് സ്ട്രീറ്റില്‍ 

 





 

 

 

തായി സ്‌പെഷ്യല്‍

 

 






  

 

അല്‍കസര്‍ ഷോ

 

 

  

 

പട്ടായ തീരങ്ങള്‍

 






 

 

പറന്ന്.. പറന്ന്...

 





 ഒഴുകുന്ന ചന്ത

 






സഫാരി പാര്‍ക്ക്‌

 













 

 
ബുദ്ധക്ഷേത്രത്തില്‍

 





 

 

മറ്റ് കാഴ്ചകള്‍

 







ഞങ്ങളുടെ ഗൈഡ് മ്യൂവൂ 

 



No comments:

Post a Comment