സമയം 5am
(പുതപ്പിനടിയില്‍)പാറു.. എണീക്ക് അലാറം അടിക്കുന്നത് കേള്‍ക്കുന്നില്ലേ..
കുറച്ച് നേരംകൂടെ കിടക്കട്ടെ ഇച്ചായാ..
അപ്പോള്‍ നടക്കാന്‍ പോകണ്ടേ.. ഹിമാലയം കയറാനുള്ളതല്ലേ..
ഇനിയും ദിവസങ്ങളുണ്ടല്ലോ.. നാളെ തുടങ്ങാം നടത്തം...
ഇത് കേള്‍ക്കാന്‍ തുടങ്ങിട്ട് ഒരുമാസമായിട്ടോ...
സമയം 8.30am
(കാര്‍പൊര്‍ച്ച്)
ഹോസ്പ്പിറ്റലിലേക്ക്.. 500 മീറ്റര്‍ ദൂരം പോലുമില്ലല്ലോ.. ഇതെന്താ കാറുമായി? നടന്ന് പോ..
അത്ര ദൂരം നടക്കുമ്പോഴേക്കും വിയര്‍ത്ത് ക്ഷീണിച്ച് പോകുവാ ഇച്ചായാ..
അപ്പോള്‍ ഹിമാലയം കയറുന്നതോ?
അന്നേരം ഞാന്‍ നടക്കും നല്ല തണുപ്പല്ലേ ക്ഷീണം ഒന്നും വരില്ലല്ലോ...
സമയം 12.30pm
(പാറുവിന്റെ കോള്‍)
ഹലോ... ഇച്ചായാ എന്ത് എടുക്കുവാ..
സിനിമ കണ്ടുകൊണ്ടിരിക്കുവാ.. എന്താ കാര്യം?
അല്ലാ ഇച്ചായാ, ഒരു കാര്യം ചോദിക്കാന്‍ വിളിച്ചതാ..
എനിക്ക് ഒരു സംശയം ഞാന്‍ 10 ജോഡി ഡ്രസ് എടുത്താല്‍ മതിയോ..
10 ജോഡി ഡ്രസോ.. എങ്ങോട്ട് പോകുവാ..
നമ്മള്‍ ഹിമാലയം പോകുന്നില്ലേ അപ്പോള്‍ കൊണ്ടുപോകാന്‍..
10 ആക്കണ്ട പറ്റുമെങ്കില്‍ ആ ഡ്രസ് ഇരിക്കുന്ന പെട്ടി തന്നെ കൊണ്ടുപോകാം..
സമയം 2.30pm
(മലപ്പുറത്തുനിന്ന് ഒരു കോള്‍)
എടാ ഞാനും രാകേഷും ഹിമാലയം കയറുനുള്ള സാധനങ്ങള്‍ കിട്ടുന്ന കടയിലാ.. നമ്മള്‍ പോകുമ്പോള്‍ എന്തോക്കെയാ വാങ്ങേണ്ടത്.. ട്രക്കിങ്ങ് ഷൂ.. ജാക്കറ്റ്.. ബാഗ്.. കണ്ണാടി.. പിന്നെ എന്താടാ..
നിങ്ങള്‍ എന്നീട്ട് ഇതൊക്കെ വാങ്ങിയോ?
ഇല്ലടാ.. നോക്കി വച്ചേക്കുവാ.. 5000ന്റെ ഷൂ മതിയില്ലേടാ..
ഇത് എന്താ സംഭവം എന്നല്ലേ..? ഇവരാണ് പാറു, നിമേഷ്, രാകേഷ് ഊണിലും ഉറക്കത്തിലും ഹിമാലയം സ്വപനം കണ്ടു നടക്കുന്ന മൂന്നു പേര്‍. ഈ മാസം 26നാണ് യാത്രയെങ്കിലും കഴിഞ്ഞ വര്‍ഷം നംവബറില്‍ തുടങ്ങിയ പ്ലാനിംഗും ഒരുക്കവുമാണ്. കല്യാണം കഴിഞ്ഞ നാളില്‍ പാറുവിനെ ഹിമാലയത്തില്‍ കൊണ്ടുപോകാമെന്ന് വാക്ക് കൊടുത്തിരുന്നു. എപ്പോഴാണ് പോകുന്നതെന്ന ചോദ്യം കേട്ട് മടുത്തപ്പോള്‍ ദേവഭൂമികയറാന്‍ തീരുമാനിക്കുകയായിരുന്നു.
ഇത് എന്റെ രണ്ടാമത്തെ ഹിമാലയന്‍ യാത്രയാണ്. ആദ്യയാത്ര നാലു വര്‍ഷം മുമ്പ്. കൃത്യമായി പറഞ്ഞാല്‍ 2014 നവംബറില്‍. ഒരുപരിചയവും മുന്നൊരുക്കവും ഇല്ലാതെ അന്ന് തനിയെയാണ് ഹിമാലയം കയറിയത്. എറണാകുളം ജെട്ടിയില്‍നിന്ന് പേശി വാങ്ങിയ 250 രൂപയുടെ ഷൂവും ഡല്‍ഹിലെ വഴിയോര മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയ 500 രൂപയുടെ ജാക്കറ്റും 1500 രൂപയുടെ ലാപ്‌ടോപ്പ് ബാഗും (ക്യാമറ ഇടാന്‍ ഉള്ളതുകൊണ്ടാണ് വിലകൂടിയ ബാഗ് വാങ്ങിയത്) ഒരുജോഡി മുഷിഞ്ഞ ഡ്രസുമായിരുന്നു എന്റെ ഒപ്പം നാല് ദിവസം ഹിമാലയത്തില്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞ തവണ പോയപ്പോള്‍ കുറേ സുഹൃത്തുക്കള്‍ അടുത്ത ട്രിപ്പിന് ഞങ്ങളും ഉണ്ടെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് ഇത്തവണ ഗ്രൂപ്പായി പോകാമെന്ന് തീരുമാനിച്ചത്. പക്ഷെ ഇത്തവണയും 'അളിയാ എന്റെ ഡ്രീം ആണ് പക്ഷെ ലീവ് കിട്ടില്ലടാ.. ക്യാഷ് ഇല്ലടാ.. അടുത്ത തവണ ഉറപ്പായിട്ടും ഉണ്ടാകും' തുടങ്ങിയ സ്ഥിരം പല്ലവി തന്നെ സുഹൃത്തുക്കള്‍ പറഞ്ഞു. പക്ഷെ എന്ത് വന്നാലും പോയിട്ടേയുള്ളെന്ന് പറഞ്ഞ് പഴയ സഹമുറിയന്‍ നിമേഷ് ചേട്ടനും സുഹൃത്ത് രാകേഷ് ചേട്ടനും കട്ടക്ക് നിന്നതോടെ ഹിമാലയന്‍ യാത്ര സെറ്റായി. ഇത്തവണ ഞങ്ങള്‍ ഏഴു ദിവസമാണ് ഹിമാലയത്തില്‍ ഉണ്ടാകുക. താമസം അന്ന് അവിടെവച്ച് പരിചയപ്പെട്ട ഹിമാലയന്‍ പെണ്‍കുട്ടി രഞ്ജന ബദ്വാലിന്റെ വീട്ടിലും. നാലു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ദേവഭൂമി കയറുകയാണ്. ഹിമാലയന്‍ താഴ്‌വാരയിലെ പഴയ സൗഹൃദങ്ങള്‍ പുതുക്കാനും പാറുവിനെ ദേവഭൂമികാണിക്കാമെന്ന വാക്ക് നിറവേറ്റാനുമായി...
Angane himalyathilum yethi,,,,,,,,,, thakarkkk
ReplyDelete