Saturday, 6 October 2018

പ്രേതബംഗ്ലാവില്‍ പാറു കണ്ട ആ രക്തത്തുള്ളികള്‍

 


പാലായില്‍ നിന്ന് പാറു കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ലക്ഷ്യം പൊന്‍മുടിയായിരുന്നു. യാത്രയില്‍ എപ്പോഴോ സംസാരം ഭൂതപ്രേതപിശാചുക്കളെക്കുറിച്ചായപ്പോള്‍ ലക്ഷ്യം ബോണക്കാട് പ്രേതബംഗ്ലാവിലേയ്ക്കായി. സോഷ്യല്‍മീഡിയയില്‍ ന്യൂജെനുകള്‍ ഹിറ്റാക്കിമാറ്റിയ ഈ പ്രേത ബംഗ്ലാവിനെക്കുറിച്ച് പണ്ട് പത്രത്തില്‍ വായിച്ച ഓര്‍മ്മ മാത്രമാണ് ഉണ്ടായിരുന്നത്. യുട്യൂബില്‍ തപ്പിയപ്പോള്‍ ധൈര്യശാലികളുണ്ടോ ഇവിടെ വരാന്‍ എന്ന ചലഞ്ചുമായി അവസാനിക്കുന്ന വിഡീയോകളാണ്. മനശാസ്ത്രപഠനം നടത്തുന്ന കസിന്‍ ഫെലീക്ഷ്യയും പാറുവിന്റെ അനിയത്തി പ്രിയയും ചലഞ്ച് ഏറ്റെടുത്തതോടെ അടുത്ത ഗിയര്‍ വീണു പ്രേത ബംഗ്ലാവിലേക്ക്. പഴയ സഹമുറിയനും മാധ്യമപ്രവര്‍ത്തകനുമായ ശ്രീകാന്തും തിരുവനന്തപുരത്തുനിന്ന് ഞങ്ങള്‍ക്കൊപ്പം കൂടി.
ആവേശംമൂത്താണ് ബോണക്കാട്ടേക്ക് യാത്ര തിരിച്ചതെങ്കിലും യാത്ര അത്ര സുഖകരമായിരുന്നില്ല. തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളിലെ മനോഹരഗ്രാമാണ് ബോണക്കാട്. കാടുകയറിക്കിടക്കുന്ന തേയിലത്തോട്ടങ്ങളും തണുത്ത കാറ്റ് വീശിയടിക്കുന്ന കുന്നും താഴ്‌വാരങ്ങളും അഗസ്ത്യ മലനിരകളുടെ കാഴ്ചയും ബോണക്കാടെന്ന കൊച്ചുഗ്രാമത്തെ കൂടുതല്‍ സുന്ദരിയാക്കുന്നു. എന്നാല്‍ ഇവിടുത്തെ ആളുകളുടെ ജീവിതം അത്ര മനോഹരമല്ല. തേയില കൃഷി മുംബൈ ആസ്ഥാനമായുള്ള മഹാവീര്‍ പ്ലാന്റേഷന്‍ 1998ല്‍ ഉപേക്ഷിച്ചതോടെ ഇവിടെ ജോലിചെയ്തിരുന്ന തൊഴിലാളികളുടെ ജീവിതം ദുരന്തപൂര്‍ണ്ണമായി. കുറേയാളുകള്‍ മലയിറങ്ങി. ബാക്കിയുള്ളവര്‍ ഇടിഞ്ഞുവീഴാറായ ലയങ്ങളില്‍ ഇപ്പോഴും തങ്ങള്‍ക്ക് കിട്ടാനുള്ള ബാക്കി ശമ്പളവും വരുന്നത് കാത്ത് കിടക്കുന്നു.

അവര്‍ പറഞ്ഞു ആ യാത്ര അപകടമാണ്

 


യാത്രയിലെ ആദ്യ ചലഞ്ച് തുടങ്ങുന്നത് വിതുരയില്‍ നിന്നായിരുന്നു. വഴിയില്‍ കണ്ട ഓട്ടോ ഡ്രൈവറോട് ബോണക്കാട്ടേയ്ക്ക് പോകുന്നവഴി ചോദിച്ചതും അയാള്‍ കാറിനുള്ളിലേക്ക് രൂക്ഷമായി നോക്കി. എന്തിനാണ് അവിടെ പോകുന്നതെന്ന് ചോദിച്ച അയാളോട് പ്രേതബംഗ്ലാവിലേക്കാണെന്ന് വെളിപ്പെടുത്തി. അതോടെ അയാളുടെ ഭാവംമാറി വഴിയില്‍ ആനയും കാട്ടുപോത്തും ഇറങ്ങിയിട്ടുണ്ട്. അതുമല്ല, വളരെ അപകടം പിടിച്ച സ്ഥലമാണ് അവിടെ പോകണ്ട പകരം പൊന്മുടിക്ക് വണ്ടി വിട്ടോളാന്‍ അയാളുടെ വക ഉപദേശവും. അയാളുടെ ഭാവവും മട്ടും കണ്ട് അല്‍പം ഭയന്ന ഞങ്ങള്‍ കാര്‍ പൊന്മുടിക്ക് തിരിച്ച് വിട്ടു. എന്നാല്‍ മനസില്‍ പ്രേതബംഗ്ലാവ് വല്ലാതെ ഉലച്ചു. അല്‍പ്പം മുന്നോട്ട് പോയി വഴിയില്‍ കണ്ട ഒരു ചെറിയ ചായക്കടക്കുമുന്നില്‍ കാര്‍ നിര്‍ത്തി ബോണക്കാടിനേക്കുറിച്ച് ചോദിച്ചു. ചായക്കുടിച്ചുകൊണ്ടിരുന്ന എല്ലാവരും ഒരേ സ്വരത്തില്‍ ആ യാത്ര അപകടമാണ് എന്ന് പറഞ്ഞപ്പോള്‍ കടയ്ക്ക് പുറത്ത് നിന്ന ഒരാള്‍ മാത്രം അതിനോട് യോജിച്ചില്ല. അയാള്‍ പറഞ്ഞു അവിടെ കാണുവാന്‍ ഒന്നുമില്ല അതുപോലെ തന്നെ ഈ പ്രേതവുമില്ല. നിങ്ങള്‍ക്ക് മനോധൈര്യമുണ്ടെങ്കില്‍ കാര്‍ തിരിച്ച് വിട്ടോ ബോണക്കാട്ടേക്ക്. ഞങ്ങള്‍ പരസ്പരം മുഖത്തോട് മുഖം നോക്കി. പിന്നെ കാര്‍ വട്ടം തിരിച്ച് നേരേ ബോണക്കാടിന്.


ഭിത്തിയില്‍ വലിയ ആ അക്ഷരങ്ങള്‍

 


മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു വഴിയില്‍. യാത്രയിലെ രണ്ടാമത്തെ ചലഞ്ചായിരുന്നു ചെക്ക് പോസ്റ്റ് കടക്കുകയെന്നത്. വാഴ്‌വാന്തോള്‍ വെള്ളച്ചാട്ടത്തിലേക്ക് പോകുവാനുള്ള സഞ്ചാരികളുടെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു ചെക്ക്‌പോസ്റ്റില്‍. വനത്തില്‍ ശക്തിയായ മഴപെയ്യുന്നതുകൊണ്ട് സഞ്ചാരികളെ മടക്കിയയക്കുന്ന തിരക്കിലായിരുന്നു ഫോറസ്റ്റ് ഗാര്‍ഡുകള്‍. ഞങ്ങളുടെ ലക്ഷ്യം വാഴ്‌വാന്തോള്‍ അല്ല ബോണക്കാടാണെന്ന് അവരെ അറിയിച്ചപ്പോള്‍ വേഗം വണ്ടി തിരിച്ച് മടങ്ങിക്കോയെന്ന് അവര്‍ അല്‍പം ദേഷ്യത്തോടെ പറഞ്ഞു. വണ്ടിയില്‍ നിന്ന് ഇറങ്ങി ഫോറസ്റ്റ് ഒഫീസില്‍ എത്തി കാര്യം അറിയിച്ചപ്പോള്‍ ഭിത്തിയില്‍ വലിയ അക്ഷരത്തില്‍ ബോണക്കാട്ടേയ്ക്ക് പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനമില്ല എന്ന് എഴുതി ഒട്ടിച്ചിരിക്കുന്ന പേപ്പര്‍ കാണിച്ചുതന്നു. പ്രതീക്ഷ വിടാതെ ഫോറസ്റ്റ് ഓഫീസറോട് സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ് വഴിയില്‍ ഒരാന നില്‍പ്പുണ്ടെന്ന് അറിയിച്ചുകൊണ്ട് ഒരാള്‍ ബോണക്കാട്ടുനിന്ന് വരുന്നത്. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരാണ് ജോലിയുടെ ഭാഗമായി പോകുന്നതാണെന്ന് പറഞ്ഞപ്പോള്‍ മുകളില്‍ നിന്ന് ഉത്തരവ് ഉണ്ടെങ്കിലെ കടത്തിവിടുകയൊള്ളൂവെന്നായി. അവസാനം മുകളില്‍ നിന്നുമുള്ള ഉത്തരവുമായി ഞങ്ങള്‍ എത്തി. ചെക്ക് പോസ്റ്റ് തുറന്ന് തന്നിട്ട് ഫോറസ്റ്റ് ഗാര്‍ഡ് പറഞ്ഞു വഴിയില്‍ വണ്ടി നിര്‍ത്തരുത് ആനവഴിയില്‍ നില്‍പ്പുണ്ട് സൂക്ഷിച്ച് പോകണം. 


നിഗൂഢത നിറഞ്ഞ സൂചിമരം

 


ആനയും കാട്ടുപോത്തുമുള്ള കൊടുംകാട്ടിലൂടെയായിരുന്നു പിന്നീടങ്ങോടുള്ളയാത്ര. വളഞ്ഞുപുളഞ്ഞും കിടക്കുന്ന വഴികള്‍ ഇടയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കും വിധം അരുവികളും കൊച്ചുവെള്ളച്ചാട്ടങ്ങളും. മഴപെയ്തു തോര്‍ന്നതോടെ കോടമഞ്ഞ് പലപ്പോഴും റോഡിനെ മറച്ചു. ഭാഗ്യമോ നിര്‍ഭാഗ്യമോ ഞങ്ങള്‍ എത്തുമ്പോള്‍ ആന റോഡില്‍ നിന്ന് മാറിയിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ കാട് അവസാനിക്കുന്നിടത്ത് ബോണക്കാട് എസ്റ്റേറ്റ് തുടങ്ങുകയാണ്. ഇവിടെ വച്ച് എതിര്‍ദിശയില്‍ വന്ന ഒരു കാറുകാരനെ കൈകാണിച്ചു ആഗമന ഉദ്ദേശം വെളിപ്പെടുത്തി. കാറില്‍ നിന്ന് ഇറങ്ങിയ അയാള്‍ ഒരു മലക്കുമുകളില്‍ മാനംമുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന സൂചിമരം ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു 'അതിന് അടിയിലാണ് നിങ്ങള്‍ക്ക് പോകേണ്ട ബംഗ്ലാവ്'. രണ്ടുപെണ്‍കുട്ടികളും ഭാര്യയുമായി കാടിറങ്ങാന്‍ എത്തിയ അയാള്‍ കാര്‍ തിരിച്ച് വഴികാട്ടിയായി. ഇടിഞ്ഞ് വീഴാറായ ബോണക്കാട് തേയില ഫാക്ടറിക്ക് മുന്നില്‍ കാര്‍ നിന്നു. ഒരാളെ നിങ്ങള്‍ക്ക് ഒപ്പം വിടാമെന്ന് പറഞ്ഞ് അയാള്‍ കുന്നിന് മുകളിലേക്ക് നടന്നു.


മദാമ്മ പെണ്‍കുട്ടിയുടെ പ്രേതം

 


കേരളത്തില്‍ തന്നെ ഏറ്റവും അധികം പ്രേതബാധയുള്ളയിടമെന്ന് സോഷ്യല്‍മീഡിയ പറയുന്ന ബോണക്കാട് ബംഗ്ലാവ് എസ്റ്റേറ്റ് മാനേജറായിരുന്ന ബ്രീട്ടിഷുകാരനായ ഒരു സായിപ്പ്  1951ല്‍ പണികഴിപ്പിച്ചതാണ്. താമസം തുടങ്ങി കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ സായിപ്പിന്റെ 13 വയസ്സുള്ള മകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ടു. ഈ സംഭവത്തിനു ശേഷം മാനേജരും കുടുംബവും ഇന്ത്യയിലെ വാസം മതിയാക്കി ലണ്ടനിലേക്ക് മടങ്ങി. തുടര്‍ന്ന് ഈ ബംഗ്ലാവില്‍ താമസിച്ച പലരും രാത്രി കാലങ്ങളില്‍ ബംഗ്ലാവിനുള്ളിലും പരിസരത്തും ഒരു പെണ്‍കുട്ടിയെ കണ്ടുതുടങ്ങി. വിറകു ശേഖരിക്കാനായി ഇവിടെയെത്തിയ ഒരു പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തിയത് അസാധാരണമായ പെരുമാറ്റങ്ങളോടെയാണ്. നിരക്ഷരയായ ആ പെണ്‍കുട്ടി പാശ്ചാത്യ ശൈലിയില്‍ സ്ഫുടമായി ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങി. ഇത് മരണപ്പെട്ട മദാമ്മ പെണ്‍കുട്ടിയുടെ പ്രേതം കടന്നു കൂടിയതാണെന്ന് നാട്ടുകാര്‍ വിശ്വസിച്ചു. ദിവസങ്ങള്‍ക്കു ശേഷം ഈ പെണ്‍കുട്ടിയും മരണപ്പെട്ടു. ഇതിനു ശേഷം സ്ത്രീകള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഇവിടേക്ക് പോകാറില്ല. തൊഴിലാളി സമരത്തെ തുടര്‍ന്ന് തോട്ടവും ഫാക്ടറിയും പൂട്ടിപ്പോയതോടെ തിരക്കൊഴിഞ്ഞ ബോണക്കാട്ടെ ബംഗ്ലാവ് കൂടുതല്‍ വിജനമാവുകയായിരുന്നു.  ഈ സംഭവങ്ങള്‍ നടന്ന് ദശകങ്ങള്‍ക്കിപ്പുറവും രാത്രി കാലങ്ങളില്‍ ഇവിടെ നിന്ന് അലര്‍ച്ചയും നിലവിളികളും ജനല്‍ ചില്ലുകള്‍ തകരുന്ന ശബ്ദവും കേട്ടു കെണ്ടിരിക്കുന്നു. ഇത്രയും വിവരങ്ങള്‍ ഗൂഗിളില്‍ നോക്കി വായിക്കുന്നതിനിടെ ഞങ്ങള്‍ക്കുള്ള സാരഥിയുമായി അയാള്‍ കുന്നിറങ്ങി എത്തി. മണിയെന്നായിരുന്നു അയാളുടെ പേര്. മണിയുടെ സ്‌കൂട്ടറിനെ പിന്നാലെ അഞ്ചുകിലോമീറ്റര്‍ അകലെയുള്ള പ്രേതബംഗ്ലാവിനെ ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി.


25ജിബി പ്രേതബംഗ്ലാവ്

 


ടാറിട്ടറോഡില്‍ നിന്ന് മണ്ണിട്ടറോഡിലൂടെയായി യാത്ര. കുന്ന് കയറും തോറും മണ്ണ് റോഡ് ചെറിയ വഴിച്ചാലായി മാറിക്കൊണ്ടിരുന്നു. പലപ്പോഴും കാറിന്റെ അടിഭാഗം മണ്ണ്തിട്ടകളില്‍ മുത്തമിട്ടു. ഭീകരതയുണര്‍ത്തും വിധം പടര്‍ന്ന് പന്തലിച്ചുനില്‍ക്കുന്ന തേയിലച്ചെടികളെ വകഞ്ഞുമാറ്റി ഇടിഞ്ഞു പൊളിഞ്ഞ ലയങ്ങള്‍ കടന്ന് കാര്‍ 25ജിബി പ്രേതബംഗ്ലാവിന് മുന്നിലെത്തി. ബംഗ്ലാവിന്റെ പേരും നിര്‍മ്മിച്ച വര്‍ഷവും കൊത്തി വച്ചിരിക്കുന്ന തുരുമ്പിച്ച ഗേയ്റ്റ് കടന്ന് കാര്‍ മുറ്റത്ത് നിന്നു. കരിങ്കല്ല് പാളിയില്‍ കെട്ടിയുണ്ടാക്കി ആസ്ബറ്റോസ് മേല്‍ക്കൂരയുള്ള ഒരു വലിയ കെട്ടിടമാണ് ഇത്. ബംഗ്ലാവിന്റെ ഉള്‍വശം വിശാലമാണ്. നിലം മുഴുവന്‍ ചാണകം കെണ്ട്് നിറഞ്ഞിരിക്കുന്നു. ജനല്‍ പാളികളും വാതിലുകളും ഇളക്കി മാറ്റിയിരിക്കുന്നു തല്‍സ്ഥാനത്ത് കട്ടിളകള്‍ മാത്രം അവശേഷിക്കുന്നു. ഭിത്തിനിറയെ അവിടെ കാലുകുത്തിയവരുടെ പേരുകളാണ്. സ്വീകരണ മുറിയിലും കിടപ്പു മുറിയിലും തീ കാഞ്ഞ് തണുപ്പകറ്റാനുള്ള നെരിപ്പോട്. വിശാലമായ നാലു മുറികളും ബാത്ത് ടബ്ബ് ഉള്‍പ്പടെയുള്ള കുളിമുറികളും പക്ഷെ എല്ലാം തകര്‍ത്തിട്ടിരിക്കുന്നു. മുറ്റത്തു നിന്നു നോക്കിയാല്‍ ദൂരെ പേപ്പാറ റിസര്‍വയര്‍ കാണാം.


ആ രക്തത്തുള്ളികള്‍

 


ഇടയ്ക്ക് കോടമഞ്ഞ് ഞങ്ങളെ കടന്ന് താഴ്‌വരം തേടി പോയിക്കൊണ്ടിരുന്നു. ബംഗ്ലാവിന്റെ മുന്‍വശത്ത് സൂചിമരം മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്നു. ബംഗ്ലാവിന് ചുറ്റി തേയിലയും മറ്റ് വൃക്ഷങ്ങളും വളര്‍ന്ന് കാടായി നില്‍ക്കുന്നു. കാറ്റിവീശുമ്പോള്‍ സൂചിമരം ഭീതിപ്പെടുത്തും വിധം ശബ്ദം ഉണ്ടാക്കികൊണ്ടിരുന്നു. ഇതിനിടെയാണ് പാറുവിന്റെ കണ്ണില്‍ സൂചിമരത്തിലെ ആ രക്തത്തുള്ളികള്‍ പതിയുന്നത്. ഒന്ന് പതറി പോയ നിമിഷങ്ങള്‍ പ്രേതമില്ലെന്ന് പറഞ്ഞിട്ട് പിന്നെ ആ രക്തത്തുള്ളികള്‍ സംശയങ്ങള്‍ കാടുകയറി. ഞങ്ങളുടെ നില്‍പ്പില്‍ പന്തികേടുതോന്നിയ മണിയിടപെട്ടു. അത് സൂചിമരത്തിന്റെ കറയാണെന്നും യദ്ദാര്‍ഥത്തില്‍ ഇവിടെ മരണങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും മണി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ താമസിച്ചിരുന്ന ഒരു സായിപ്പ് കോവളം കാണുവാന്‍ പോയപ്പോള്‍ കടലില്‍മുങ്ങി മരിച്ചിട്ടുണ്ട്. തേയിലകമ്പനി പൂട്ടിയതിന് ശേഷമാണ് കെട്ടിടം അനാഥമായത്. ബംഗ്ലാവുമായി ബന്ധപ്പെട്ടു പ്രദേശവാസികള്‍ക്ക് ആര്‍ക്കും മോശമായ ഒരു അനുഭവം ഉണ്ടായിട്ടില്ല. ആരോ പറഞ്ഞു പരത്തിയ നുണക്കഥയാണ് ഈ പ്രേതക്കഥയെന്ന് മണിപറഞ്ഞതോടെ കേരളം വിശ്വസിച്ച് വന്ന ഒരു നുണക്കഥയുടെ ചുരുളഴിയുകയായിരുന്നു. ഇരുട്ട് വ്യാപിച്ചുതുടങ്ങിയതോടെ ബംഗ്ലാവിനോടു വിടപറഞ്ഞു മലയിറങ്ങി.





അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍

  • വാഴ്‌വാന്തോള്‍ വെള്ളച്ചാട്ടം
  • പൊന്‍മുടി 




ശ്രദ്ധിക്കേണ്ടവ

  • ചാത്തന്‍ക്കോട് ചെക്ക്‌പോസ്റ്റില്‍ വാഹനങ്ങള്‍ തടയും. മുന്‍കൂട്ടി അനുവാദം വാങ്ങിയാലേ കടത്തിവിടുകയൊള്ളൂ.
  • തിരുവനന്തപുരം കെഎസ്ആര്‍ടിസിയില്‍ നിന്ന് ബസുകള്‍ ഉണ്ട്. അതില്‍ കയറിയാല്‍ ബോണക്കാട് എത്താം.
  • ബസിന് വന്നാല്‍ ബോണക്കാട് നിന്ന് 5കിലോമീറ്റര്‍ ദൂരം തേയില കാട്ടിലൂടെ നടന്നുവേണം എത്താന്‍.
  • ബോണക്കാട്ടുനിന്ന് ചെറുവാഹനങ്ങള്‍ ബംഗ്ലാവിലേക്ക് പോകില്ല വണ്ടിയുടെ അടിതട്ടും.
  • വന്യമൃഗങ്ങള്‍ ഉള്ള കാട്ടിലൂടെയാണ് യാത്ര ഇരുചക്രവാഹനങ്ങളില്‍ പോകുന്നത് അപകടമാണ്.

































2 comments: