ഇടുക്കി എന്ന പേരുകേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്ക് ഒടിയെത്തുക കണ്ണിന് കുളിര്‍മയേകുന്ന പച്ചപ്പും കോടമഞ്ഞിറങ്ങുന്ന താഴ്വാരങ്ങളും തേയിലച്ചെടികളും കാടും മേടും കുന്നും പുഴകളും കാട്ടരുവിയും അവയില്‍ വിഹരിക്കുന്ന വന്യമൃഗങ്ങളുമൊക്കെയാണ്. ഇടുക്കിക്കു പെരുവിരള്‍ മുതല്‍ നിറുകുന്തല വരെ കാഴ്ചകള്‍ ആണ്. ദിനവും പുതിയ പുതിയ കാഴ്ചകളുമായി സഞ്ചാരികളെ അവള്‍ മാടിവിളിക്കും.
ഇത്തവണ യാത്ര വണ്ണപ്പുറത്തിന് അടുത്തുള്ള കോട്ടപ്പാറ എന്ന സ്ഥലത്തേക്കാണ്. വീട്ടില്‍ നിന്ന് 13 കിലോമീറ്റര്‍ ദൂരമേയൊള്ളൂ കോട്ടപ്പാറയ്ക്ക്. പലവട്ടം കോട്ടപ്പാറവഴി സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അത്ഭുതം അവിടെയുണ്ടായിരുന്നതായി അറിയില്ലായിരുന്നു. എന്തിന് ഏറെപ്പറയണം ആ നാട്ടുകാര്‍ക്ക് പോലും അതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല.
പിന്നെ എങ്ങനെ പുറംലോകം അറിഞ്ഞു എന്നതിനെക്കുറിച്ച് ഒരുപിടിയുമില്ല. പക്ഷേ കാട്ടുതീ പടരുന്നതിലും വേഗത്തിലാണ് ആ വാര്‍ത്ത പടര്‍ന്നതും സന്ദര്‍ശകരുടെ കുത്തൊഴുക്ക് തുടങ്ങിയതും. ഹൈസ്‌കൂളില്‍പഠിക്കുന്ന കാലത്ത് സീനിയറായി പഠിച്ച ഫെലിക്‌സ് ആണ് ആദ്യമായി ഈ സ്ഥലത്തിനെക്കുറിച്ച് പറയുന്നത്. അവിടെ പോയതിന്റെ ചിത്രങ്ങള്‍ വാട്ട്‌സ്ആപ് വഴി അയച്ചുതരുകയും ചെയ്തു. അവന്‍ അയച്ച് തന്ന ചിത്രങ്ങള്‍ കണ്ടപ്പോള്‍ ആദ്യം വിചാരിച്ചത് പറ്റിക്കുന്നതാണെന്നാണ്. കാരണം, മൂന്നാര്‍ പോലെ വളരെ ഉയരത്തിലുള്ള ഇടങ്ങളില്‍മാത്രമാണ് ഈ കാഴ്ച കണ്ടിട്ടുള്ളൂ. വണ്ണപ്പുറം പോലെയുള്ള താഴ്ന്ന പ്രദേശത്തുള്ള കുന്നിന്‍ മുകളില്‍ കയറിയാല്‍ മേഘങ്ങളെ കീഴടക്കാമെന്ന് സ്വപ്‌നത്തില്‍ പോലും ആരും വിചാരിക്കില്ല. ആദ്യം ചിരിച്ച് തള്ളിയെങ്കിലും ഫെലിക്‌സ് എന്നെ വിടാന്‍ ലക്ഷണമില്ലായിരുന്നു. നീ ഒരു ബ്ലോഗ് ചെയ്യണം ഇത് പുറംലോകം അറിയണം എന്നൊക്കെയായിരുന്നു അവന്റെ ആഗ്രഹങ്ങള്‍. ഫെലിക്‌സിനെ വിശ്വസിച്ച് ലീവ് എടുത്ത് തലേദിവസം രാത്രി വീട്ടിലെത്തി. രാവിലെ ആറുമണിക്ക് എത്തിയാലെ കാണുകയുള്ളൂ എട്ടുമണിയോടെ മേഘങ്ങള്‍ മാഞ്ഞുപോകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പാറുവിട്ടീല്‍ ഇല്ലാത്തതുകൊണ്ട് തലേദിവസം നാട്ടിലെ ചാങ്കുകളെ കോട്ടപ്പാറയിലേക്ക് പോകുന്ന കാര്യം പറഞ്ഞ് വിളിച്ചെങ്കിലും രാവിലെ എഴുന്നേല്‍ക്കുന്ന കാര്യമോര്‍ത്ത് എല്ലാവരും പിന്‍വാങ്ങി. എന്നാല്‍ അലക്‌സ് മാത്രം ഞാന്‍ ആയച്ചുകൊടുത്ത ഫോട്ടോസില്‍ വീണു.
മുങ്ങുവല്ലമ്മേ ഇപ്പോള്‍ വരാം..
രാവിലെ 5.30ന് കാര്‍ സ്റ്റാര്‍ട്ട്‌ചെയ്യുന്നത് കണ്ട് അമ്മ വിചാരിച്ചു ഞാന്‍ രാവിലെ തന്നെ മുങ്ങുവായിരിക്കുമെന്ന്, പതിവ് അതായതുകൊണ്ട് അമ്മയെയും തെറ്റുപറയാന്‍ പറ്റില്ല. എങ്ങോട്ട് പോകാനാണെങ്കിലും ഫുഡ് കഴിച്ചിട്ട് പോയാല്‍ മതിയെന്നായി അമ്മ. ഫോട്ടോസ് കണിച്ചിട്ട് വണ്ണപ്പുറം വരെയൊള്ളൂ ഇപ്പം വരാം എന്ന് പറഞ്ഞപ്പോള്‍ ഇത് മൂന്നാര്‍ അല്ലേ അപ്പോള്‍ നീ മൂന്നാറിനാണോ പോകുന്നതെന്ന് അമ്മ. ഇതിനിടെ അലക്‌സിന്റെ കോള്‍ വന്നത് രക്ഷയായി. രാവിലെ തന്നെ വഴിയില്‍ നല്ല മഞ്ഞുണ്ട്. റോഡിലൊന്നും ആരെയും കാണുന്നില്ല. സാധാരണ നടക്കാനും ഓടാനും ഒക്കെയായി ധാരളം ആളുകളെ കാണുന്നതാണ്. ഒരു പക്ഷെ തണുപ്പായതുകൊണ്ട് താമസിച്ചാകും എഴുന്നേല്‍ക്കുന്നത്. വഴിയില്‍ നിന്ന് അലക്‌സിനെയും കൂട്ടി കോട്ടപ്പാറക്ക് അടുത്ത ഗിയര്‍ ഇട്ടു. ഫെലിക്‌സിനെ വിളിച്ചപ്പോള്‍ പുറകെയെത്തിക്കൊള്ളാമെന്ന് അറിയിച്ചു. പോകുന്ന വഴിയിലാണ് സുഹൃത്ത് ഫൈസലിന്റെ വീട്. വണ്ണപ്പുറത്ത് എത്തിയപ്പോള്‍ നേരെ ഫൈസലിന്റെ ഭാര്യ പാത്തുവിനെ വിളിച്ച് അവന്‍ വീട്ടില്‍ ഉണ്ടോയെന്ന് തിരക്കി. ഇക്ക കടയിലേക്ക് പോകുവാന്‍ റെഡിയായി നില്‍ക്കുവാന്ന് പാത്തു. ഫൈസലിനെ നേരിട്ട് വിളിച്ചാല്‍ മുങ്ങാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് പാത്തുനെ വിളിച്ചത്. ഏതായാലും അവന് മുങ്ങുവാനുള്ള സമയം കൊടുക്കാതെ ഞങ്ങള്‍ അവനെ പൊക്കി.
ഒന്ന് മിണ്ടാതിരിക്കാവോ ഫൈസലേ...
വണ്ണപ്പുറം-മുള്ളിരിങ്ങാട് റോഡിലൂടെ മൂന്ന് കിലോമീറ്റര്‍ ദൂരമാണ് കോട്ടപ്പാറക്ക്. കൊടമഞ്ഞിനെ വകഞ്ഞുമാറ്റി കാര്‍ കുന്നുകയറിത്തുടങ്ങി. റോഡ് തീര്‍ത്തും മോശമാണ്. കുത്തനെയുള്ള കയറ്റവും വളവും അപകടങ്ങള്‍ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പലരും നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച കഥകള്‍ ഫൈസല്‍ പറയുന്നുണ്ടായിരുന്നു. അലക്‌സ് ഇതൊന്നും ഗൗനിക്കാതെ കാര്‍ ഗട്ടറില്‍ വീഴാതെ വളച്ചുംതിരിച്ചും ഓടിച്ചുകൊണ്ടിരുന്നു. പെട്ടന്നാണ് മുകളില്‍ നിന്ന് ഇറങ്ങി വന്ന ഒരു ആക്ടീവക്കാരന്‍ ഗട്ടറില്‍ വീണ് നിയന്ത്രണം വിട്ട് കാറിന് മുന്നില്‍ വന്ന് വീണത്. ഭാഗ്യംകൊണ്ട് ചെറിയപരുക്കില്‍ കാര്യങ്ങള്‍ അവസാനിച്ചു. ഫൈസലിനോട് ഇനി വാ തുറന്നാല്‍ വണ്ടിയില്‍ നിന്ന് ഇറക്കിവിടുമെന്ന മുന്നറിയിപ്പ് അലക്‌സ് നല്‍കി. കുന്നുകയറി ചെല്ലുന്നിടത്ത് വലത് വശത്തായി കന്യകാമറിയത്തിന്റെ ഒരു ഗ്രോട്ടോ ഉണ്ട്. ഇതിന് മുന്നിലായി കാര്‍ പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ പുറത്തിറങ്ങി. പത്തോളം ബൈക്കുകള്‍ റോഡിന് സൈഡിലായി നിരന്നിരിപ്പുണ്ട്. രാവിലെ തന്നെ ആള്‍ക്കൂട്ടം കണ്ട ഒരു ബൈക്ക് യാത്രികന്‍ എന്താ കാര്യമെന്ന് തിരക്കി. സാധാരണഗതിയില്‍ ഇവിടങ്ങളിലെ നാട്ടുപുറങ്ങളില്‍ കൊലപാതകമോ ആത്മഹത്യയോ നടന്നാലാണ് രാവിലെ ജനംകൂടുക. അയാളും അങ്ങനെ തന്നെ ചിന്തിച്ചു. മേഘം കാണുവാന്‍ കൂടിയ ആളുകളാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്കൊന്നും ഒരു പണിയുമില്ലേയെന്ന് ചോദിച്ച് അയാള്‍ ബൈക്ക് ഓടിച്ച് പോയി.
പാത്തുവിനെ ഒന്ന് ബുദ്ധിമുട്ടിക്കണം..
ഗ്രോട്ടോയ്ക്ക് എതിര്‍വശമുള്ള പറമ്പിലേക്ക് ഞങ്ങള്‍ കയറി. പുല്ലുകള്‍ക്കിടയിലൂടെ ഒരു ഒറ്റയടിപ്പാത ദൃശ്യമായി. അതിലെ പാറയ്ക്ക് മുകളിലേക്ക് നടന്നു. പാതയുടെ ഒരുവശം അഗാതമായ കൊക്കയാണ് കാട്ടുപുല്ലും ഇല്ലിക്കാടും മേഘങ്ങളുടെ ദൃശ്യം മറച്ചു. ഒറ്റയടിപ്പാത അവസാനിക്കുന്നിടത്ത് പ്രകൃതി ഒളിപ്പിച്ച് വച്ചിരുന്ന ആ അത്ഭുതം ദൃശ്യമായി. മുന്നേഓടിയ അലക്‌സും ഫൈസലും അന്താളിച്ച് നിക്കുന്നത് കണ്ടാണ് താഴേയ്ക്ക് നോക്കുന്നത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര നയനമനോഹരകാഴ്ച്ചകള്‍. മേഘങ്ങള്‍ പഞ്ഞിക്കെട്ടുകള്‍ പോലെ കാല്‍ച്ചുവട്ടില്‍ ഒഴുകി നടക്കുന്നു. അതില്‍വീണ് ചാടിമറിയാന്‍ മനസുവെമ്പല്‍കൊണ്ടു. ഇടക്ക് വീശുന്ന തണുത്തകാറ്റ് മേഘപാളികളെ തള്ളിനീക്കി കളിച്ചുകൊണ്ടിരുന്നു. ആകാശം കാല്‍ച്ചുവട്ടിലാക്കിയതിന്റെ സന്തോഷം അവിടെയുള്ള സന്ദര്‍ശകരുടെ മുഖത്തുണ്ട്. അത് അവര്‍ സെല്‍ഫികളിലാക്കി ആഘോഷിച്ചു. ഗിരിശൃംഗങ്ങള്‍ വെള്ളപട്ടുപാവാട ഉടത്തുനില്‍ക്കുന്നത് അവിടിവിടെയായി ദൃശ്യമാണ്. മഞ്ഞുതുള്ളികള്‍ വീണ് കണ്ണടച്ച നീലപൂക്കള്‍ മിഴിതുറന്ന് വരുന്നതേയൊള്ളൂ. ഇടയ്ക്ക് മേഘപാളികള്‍ തള്ളിനീങ്ങുമ്പോള്‍ ഒരു ഛായചിത്രം പോലെ താഴ്വാര ഗ്രാമങ്ങള്‍ തെളിഞ്ഞ് വന്നു. കാഴ്ചകള്‍ കണ്ടും ചിത്രങ്ങള്‍ പകര്‍ത്തിയും ഇരിക്കുന്നതിന്റെ ഇടയില്‍ ഫെലിക്‌സും ഹൈസ്‌കൂള്‍ സഹപാഠി ഷോണിയും എത്തി. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടലായതുകൊണ്ട് പറഞ്ഞ് തീര്‍ക്കാന്‍ വിശേഷങ്ങള്‍ ഏറെയുണ്ടായിരുന്നു. സമയം കടന്ന് പോയത് അറിഞ്ഞില്ല. സൂര്യകിരണങ്ങള്‍ രംഗപ്രവേശനം ചെയ്തതോടെ മേഘക്കെട്ടുകള്‍ എവിടേക്കെന്നില്ലാതെ ഓടിമറഞ്ഞു തുടങ്ങി. ഫൈസലിന് കടതുറക്കാനുള്ളതുകൊണ്ട് ഞങ്ങളും അധികം വൈകാതെ കുന്നിറങ്ങി. ഇനി ആഹാരം കഴിക്കണം അത് പാത്തുവിനെ തന്നെ ബുദ്ധിമുട്ടിക്കാന്‍ തീരുമാനിച്ച് കാര്‍ ഫൈസലിന്റെ വീട്ടിലേക്ക്...
എങ്ങനെ എത്താം
തൊടുപുഴയില്‍ നിന്നും 19 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വണ്ണപ്പുറത്ത് എത്താം ഇവിടെ നിന്ന് മുള്ളിരിഞ്ഞാട് വഴിയില്‍ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോട്ടപ്പാറ എത്താം. മുവാറ്റുപുഴ-വണ്ണപ്പുറം 25 km
അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍
എറണാകുളം -64 km
കോട്ടയം- 76 km
കോട്ടയം- 76 km
അടുത്തുള്ള വിമാനത്താവളം
കൊച്ചി -57 km
എപ്പോള്‍ എത്തണം
നേരംവെളുത്തു തുടങ്ങുന്നതുമുതല്‍ മേഘങ്ങള്‍ ദൃശ്യമാകും. രാവിലെ എട്ടുമണിയാകുമ്പോള്‍ പൂര്‍ണ്ണമായും മേഘങ്ങള്‍ അപ്രത്യക്ഷമാകും.
അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍
കാറ്റാടിക്കടവ്- 8 km
ആനയടിക്കുത്ത് - 7 km
തൊമ്മന്‍കുത്ത്- 8 km
മീനുളിയാന്‍പാറ-15 km
ആനയടിക്കുത്ത് - 7 km
തൊമ്മന്‍കുത്ത്- 8 km
മീനുളിയാന്‍പാറ-15 km
ശ്രദ്ധിക്കേണ്ടവ
- പുതിയതായി ഉയര്‍ന്നുവന്ന വിനോദസഞ്ചാരകേന്ദ്രമായതുകൊണ്ട് സുരക്ഷ നിര്‍ദ്ദേശങ്ങളോ ബാരിക്കേഡുകളോയില്ല. നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കൈകളില്‍ മാത്രമാണ്.
- പാറയില്‍ തെന്നലുണ്ട് സൂക്ഷിക്കുക
- പാറക്ക് താഴെ അഗാതമായ കൊക്കയാണ് മേഘപടലങ്ങള്‍ മാറിയാല്‍ മാത്രമേ ദൃശ്യമാകൂ. സൂക്ഷിച്ച് നടന്നില്ലെങ്കില്‍ താഴെയ്ക്ക് പതിക്കാം.
- വണ്ണപ്പുറമാണ് അടുത്തുള്ള ടൗണ്‍. ഇവിടെ ലോഡ്ജുകളും ഹോട്ടലുകളും ലഭ്യമാണ്.
Nice
ReplyDelete👍👍👍
ReplyDelete