Wednesday, 23 October 2024

അയാള്‍


അയാള്‍ക്ക് എല്ലാവരും ഉണ്ടായിരുന്നു.

ബന്ധുക്കള്‍, കൂട്ടുകാര്‍, ഭാര്യ, മക്കള്‍.

അയാള്‍ക്ക് എല്ലാം ഉണ്ടായിരുന്നു.

കാറും വീടും പണവും പ്രതാപവും. 

അയാള്‍ സമൂഹത്തില്‍ മാന്യനും വിലമതിക്കപ്പെടുന്നവനുമായിരുന്നു.

അയാള്‍ പലരുടെയും അസൂയക്ക് പാത്രീഭൂതനായിരുന്നു.

അയാള്‍ക്ക് എല്ലാം ഉണ്ടായിരുന്നു.

അയാള്‍ക്ക് എല്ലാവരും ഉണ്ടായിരുന്നു.

പക്ഷേ, അയാള്‍ ഏകനായിരുന്നു.


അയാളുടെ ജീവിതം നാലുചുവരുകള്‍ക്കുള്ളിലായിരുന്നു. 

അവിടെ അയാള്‍ക്ക് അയാള്‍മാത്രമേയുണ്ടായിരുന്നോള്ളൂ.

അയാളെ കേള്‍ക്കാനാരുമില്ലായിരുന്നു.

മറ്റുള്ളവരെ കേള്‍ക്കാന്‍ അയാളുണ്ടായിരുന്നു.

അയാളെ കേള്‍ക്കാന്‍ മറ്റുള്ളവരില്ലായിരുന്നു.

വീട്ടുകാരുടെയും കൂട്ടുകാരുടെയും ഇടയില്‍ അയാള്‍ ഉണ്ടായിരുന്നു.

അയാളുടെ ശബ്ദം അവര്‍ക്കിടയിലില്ലായിരുന്നു.

നിശബ്ദതയായിരുന്നു അയാളുടെ ശബ്ദം.

ആ നിശബ്ദതയില്‍ അയാള്‍ വാചാലനായി.  

സങ്കടവും നിരാശയും ഭീതിയും അയാള്‍ അതിലൂടെ പ്രകടിപ്പിച്ചു. 

അയാള്‍ക്ക് എല്ലാം ഉണ്ടായിരുന്നു.

അയാള്‍ക്ക് എല്ലാവരും ഉണ്ടായിരുന്നു.

പക്ഷേ, അയാള്‍ ഏകനായിരുന്നു.


അയാളുടെ ചിന്തകള്‍ അയാളിലേക്ക് ഒതുങ്ങി.

ചിന്തകള്‍ കാടുകയറി, അവയ്ക്ക് തീപിടിച്ചു കത്തിയമര്‍ന്നു.

രാത്രിയുടെ ഏകാന്തതയും പകലിന്റെ വെളിച്ചവും അയാളെ അസ്വസ്ഥനാക്കി.

ചിന്താഭാരം അയാളെ വേട്ടയാടി.

മനസിന്റെ താളങ്ങള്‍ എവിടെയോ തെറ്റുന്നപോലെ അയാള്‍ക്ക് തോന്നി.

മരണത്തിന്റെ രൂക്ഷഗന്ധം അയാളുടെ മൂക്കില്‍ അലയടിച്ചു.

പതിയെ പതിയെ അയാള്‍ ആ ഗന്ധം ആസ്വദിച്ചു തുടങ്ങി. 

മരണത്തിന്റെ നിലയില്ലാകയത്തിലേക്ക് അയാള്‍ ആഴ്ന്നിറങ്ങി.

അയാള്‍ക്ക് എല്ലാം ഉണ്ടായിരുന്നു.

അയാള്‍ക്ക് എല്ലാവരും ഉണ്ടായിരുന്നു.

പക്ഷേ, അയാള്‍ ഏകനായിരുന്നു.


അയാളെ ഓര്‍ത്ത് ജനം വിലപിച്ചു.

പത്രത്തിന്റെ ഒന്നാംപേജില്‍ തന്നെ അയാള്‍ സ്ഥാനം കൊണ്ടു. 

പ്രമുഖര്‍ അയാളുടെ മഹത്വങ്ങള്‍ വാഴ്ത്തിപ്പാടി.

അങ്ങാടികളില്‍ അയാള്‍ ചര്‍ച്ചയായി.

സമൂഹമാധ്യമങ്ങളില്‍ അയാള്‍ ഹാഷ്ടാകായി.

അന്തിച്ചര്‍ച്ചകളില്‍ അയാള്‍ നിറഞ്ഞു.

അയാള്‍ക്ക് എല്ലാം ഉണ്ടായിരുന്നു.

അയാള്‍ക്ക് എല്ലാവരും ഉണ്ടായിരുന്നു.

പക്ഷേ, അയാള്‍ ഏകനായിരുന്നു.



-അരുണ്‍ ടോം-




4 comments:

  1. ഗംഭീര എഴുത്ത്.

    ReplyDelete
  2. Nice 📝
    "He often finds himself alone, but with the right support, he's certain to discover a brighter path." ....

    ReplyDelete