Thursday, 11 April 2024

ചിത്രങ്ങള്‍ മരണം വിതക്കുന്ന ഗ്രാമം



മഞ്ഞുപെയ്യുന്ന താഴ്വരകളും വസന്തം പുത്തുലഞ്ഞു കിടക്കുന്ന കുന്നിന്‍ ചെരിവുകളുമുള്ള ഹിമാലയന്‍ഗ്രാമം. മലകളെ കീറിമുറിച്ചുകൊണ്ടുള്ള വഴിച്ചാലുകള്‍. കുന്നുകളും പൈന്‍കാടുകളും കടന്നുവേണം ഗ്രാമത്തിലെത്താന്‍. കിഴക്കാന്‍തുക്കായി കിടക്കുന്ന ഒരുമലയുടെ മധ്യഭാഗത്തായിട്ടാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. വാഹനമെത്തുന്നിടത്തുന്നിന്ന് മൂന്ന് മണിക്കൂര്‍ കാല്‍ നടയായി സഞ്ചരിച്ചു വേണം അവിടെയെത്താന്‍. പുറംലോകവുമായി അധികം ബന്ധം പുലര്‍ത്താത്ത ഒരു ഗ്രാമം. അവര്‍ക്ക് അവരുടെതായ ആചരങ്ങളും വിശ്വാസങ്ങളും നിയമങ്ങളുമുണ്ട്. പൂക്കളുടെ താഴ്വര കാണുവാനായി ഹിമാലയത്തിലെത്തിയപ്പോഴാണ് വഴികാട്ടിയും സുഹൃത്തുമായ രഞ്ജന ഈ ഗ്രാമത്തെക്കുറിച്ച് പറയുന്നത്. രഞ്ജന ഹിമാലയന്‍ പെണ്‍കുട്ടിയാണ്. അതുകൊണ്ട് തന്നെ ഇവിടത്തെ ഒരോ സ്ഥലങ്ങളും അവള്‍ക്ക് സുപരിചിതമാണ്. ഫേസ്ബുക്ക് വഴിയാണ് രഞ്ജനയെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് പലവട്ടം ഹിമാലയം കയറിയപ്പോള്‍ അവളായിരുന്നു വഴികാട്ടി. എന്റെ മിസ്ട്രികള്‍ തേടിയുള്ള യാത്രഭ്രാന്ത് അവള്‍ക്ക് മനസിലായതുകൊണ്ടാണെന്ന് തോന്നുന്നു രഞ്ജന ഈ ഗ്രാമത്തെക്കുറിച്ച് എന്നോട് പറഞ്ഞത്. 


ഈ ഗ്രാമത്തിന് ഒരു മിസ്ട്രിയുണ്ട്. അത് ഇങ്ങനെയാണ്. മാസത്തിലൊരിക്കല്‍ ഗ്രാമത്തില്‍ ഒരേ പോലത്തെ നിരവധി ചിത്രങ്ങള്‍ കാണപ്പെടും. ആരോ വരച്ചപോലത്തെ ചിത്രങ്ങള്‍. അതില്‍ വരച്ചിരിക്കുന്നത് ഗ്രാമത്തില്‍ നടക്കാന്‍ പോകുന്ന ഒരു ദുര്‍മരണത്തെക്കുറിച്ചായിരിക്കും. ആരോ മരണം പ്രവചിക്കുന്ന പോലത്തെ ചിത്രങ്ങള്‍. ചിത്രത്തില്‍ എങ്ങനെ കൊലചെയ്യുമെന്നാണോ വരച്ചിട്ടുള്ളത് അതുപോലെ തന്നെ ഗ്രാമത്തിലെ ആരെങ്കിലും കൊലചെയ്യപ്പെടുകയും ചെയ്യും. ചിത്രങ്ങള്‍ ആര് വരയ്ക്കുന്നുവെന്നോ എവിടെനിന്ന് വരുന്നുവെന്നോ ആര്‍ക്കുമറിയില്ല. ആദ്യകാലത്ത് സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ചിത്രങ്ങളായിരുന്നു. പിന്നീട് വരകളുടെ രൂപത്തിനും ഭാവത്തിനും മാറ്റം വന്നു. മരണത്തിന്റെ മണമുള്ള ചിത്രങ്ങളായി അവ. ഇത് ആരാണ് തങ്ങളുടെ ഗ്രാമത്തില്‍ കൊണ്ടവയ്ക്കുന്നതെന്ന് അറിയാന്‍ ഗ്രാമവാസികള്‍ ഒരന്വേഷണം നടത്തി നോക്കി. രാത്രിയുടെ ഇരുണ്ടയാമങ്ങളില്‍ കിഴക്കുനിന്ന് വീശുന്ന കാറ്റിലാണ് ഈ ചിത്രങ്ങള്‍ ഇവിടെയെത്തുന്നതെന്നുമാത്രം ഗ്രാമവാസികള്‍ക്ക് മനസിലായി. പക്ഷേ ആരാണ് ഇതിനു പിന്നിലെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അതിനും കാരണമുണ്ട്. ചിത്രങ്ങളുടെ രഹസ്യം തേടിപോയവരെല്ലാം കൊലചെയ്യപ്പെട്ടു. ഒരോ ദിനവും ഭയത്തോടെയാണ് ഗ്രാമം ഉറക്കമുണരുന്നത്. കിഴക്കന്‍ കാറ്റ് എന്ത് ദുരന്തചിത്രമാണ് തങ്ങള്‍ക്ക് സമ്മാനിച്ചിട്ടു പോയിട്ടുണ്ടാകുകയെന്ന ഭയം. 

രഞ്ജന ഈ ഗ്രാമത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ആകാംഷ വര്‍ദ്ധിച്ചു. അവിടെ പോകണമെന്ന് മനസ് മന്ത്രിച്ചു. ഇതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ പുറത്ത് നിന്ന് ആര്‍ക്കും അവിടെയ്ക്ക് പ്രവേശനമില്ലെന്ന് അവള്‍ പറഞ്ഞു. എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവളുടെ പരിചയക്കാര്‍ വഴി ഗ്രാമത്തില്‍ പ്രവേശിക്കാനും രണ്ടുദിവസം താമസിക്കുവാനുമുള്ള സമ്മതം ഗ്രാമത്തലവനില്‍ നിന്ന് വാങ്ങി. 

---------------


പുലര്‍ച്ചെതന്നെ ഞങ്ങള്‍ ഗ്രാമത്തിലേയ്ക്ക് പുറപ്പെട്ടു. മഞ്ഞുവീണുകിടക്കുന്ന മണ്‍വഴികള്‍. വഴിക്ക് ഒരുവശത്ത് അഗാതമായ കൊക്കകളും മറുവശത്ത് പൈന്‍കാടുകളും. കാടും മലയും കീറിമുറിച്ചുകൊണ്ടുള്ള മണ്‍പാതയ്ക്ക് അത്ര ഉറപ്പ് പോരാ. പലയിടത്തും മണ്ണിടിഞ്ഞ് വാഹനങ്ങള്‍ കൊക്കയില്‍ പതിച്ചുകിടപ്പുണ്ട്. ഏകദേശം അഞ്ചുമണിക്കൂര്‍ യാത്രക്ക് ഒടുവില്‍ ഗ്രാമം സ്ഥിതി ചെയ്യുന്ന മലയ്ക്ക് താഴ്ഭാഗത്തായിയുള്ള വനത്തിലെത്തി. ഇവിടംവരയെ വാഹനങ്ങള്‍ പോകുകയുള്ളൂ. ഇനി ഇവിടെ നിന്ന് കാല്‍നടയായി സഞ്ചരിച്ചു വേണം ഗ്രാമത്തിലെത്താന്‍. ഞങ്ങളെകാത്ത് ഗ്രാമത്തില്‍ നിന്നുള്ളവര്‍ ഇവിടെ നില്‍പ്പുണ്ട്. കരടിയും പുലിയും വാഴുന്ന കാട്ടില്‍ ഗ്രാമീണരുടെ കാല്‍പാട്പതിഞ്ഞ പാതയിലൂടെ മലയ്ക്ക് മുകളിലേയ്ക്ക് നടപ്പാരംഭിച്ചു. മഞ്ഞ്പെയ്യുന്നില്ലെന്നെയൊള്ളൂ കാലവസ്ഥ കൊടുംതണുപ്പ് തന്നെ. സമയം ഉച്ചയായെങ്കിലും സൂര്യന്‍ ഇതറിഞ്ഞമട്ടില്ല. അന്ധകാരം ഇപ്പോഴും വ്യാപിച്ചു തന്നെ കിടക്കുന്നു. യാത്രയില്‍ തണുപ്പിന്റെ കാഠിന്യംകൂടുന്നതിനൊപ്പം പ്രാണവായുവിന്റെ അളവും കുറഞ്ഞുവന്നു. കൂടെയുള്ളവര്‍ ഹിമാലയന്‍വാസികളായതുകൊണ്ട് അവര്‍ക്ക് ഇതൊന്നും ബാധിക്കുന്നില്ല. പക്ഷേ കേരളത്തില്‍ നിന്നുള്ള എന്റെ അവസ്ഥ തീര്‍ത്തും പരിതാപകരമായിരുന്നു. ഗ്രാമത്തിന്റെ മിസ്ട്രിയെക്കുറിച്ചുള്ള ആകാംഷമാത്രമായിരുന്നു മുന്നോട്ടു സഞ്ചരിക്കാനുള്ള ഏകഇന്ധനം. നടപ്പിന് അവസാനം രഞ്ജന പറഞ്ഞ ചിത്രങ്ങള്‍ മരണം വിതക്കുന്ന ഗ്രാമത്തിലെത്തി.


എവിടെയും പച്ചപ്പ് നിറഞ്ഞ അതിമനോഹരമായ ഗ്രാമം. ചിലയിടത്ത് ഇന്നലെ രാത്രി പെയ്ത മഞ്ഞ് ഇപ്പോഴും കിടപ്പുണ്ട്. പൂത്തുലഞ്ഞ് കിടക്കുന്ന ആപ്പിള്‍ മരങ്ങളും തട്ടുതട്ടായി കിടക്കുന്ന പച്ചക്കറിത്തോട്ടങ്ങളും പാടങ്ങളും ഗ്രാമത്തെ മനോഹരമാക്കുന്നു. കല്‍പ്പാളികള്‍ അടുക്കിയാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 25വീടിന് താഴെയെക്കാണൂ. ഒരുമുറിയും അടുക്കളയുമാണ് എല്ലാ വീടുകളിലും തന്നെ. അകത്തേയ്ക്കും പുറത്തേയ്ക്കുമായി ഒറ്റവാതിലുമാത്രമെ ഒള്ളൂ. ഗ്രാമത്തലവന്‍ അയാളുടെ വീട്ടില്‍ ഞങ്ങളെ സ്വീകരിച്ചിരുത്തി. തൊണ്ണൂറുവയസ് പ്രായം തോന്നിക്കുന്ന മെലിഞ്ഞ ഒരു മനുഷ്യന്‍. അയാളുടെ വെളുത്തതാടി കാറ്റില്‍ പറക്കുന്നുണ്ടായിരുന്നു. നെറ്റിയില്‍ ചുവന്ന തിലകക്കുറി ചാര്‍ത്തിയിട്ടുണ്ട്. കാഴ്ചയിലും സംസാരത്തിലും മാന്യനായ ഒരു വ്യക്തി. ഇവരുടെ ഭാഷ വശമില്ലാത്തതുകൊണ്ട് രഞ്ജനയാണ് എനിക്ക് വേണ്ടി സംസാരിച്ചത്. ഗ്രാമം കണ്ടും ഗ്രാമവാസികളുമായി സംസാരിച്ചും അവര്‍ ഉണ്ടാക്കുന്ന പ്രത്യേകതരം വാറ്റുചാരായവും കഞ്ചാവും രുചിച്ച് ആദ്യദിനം അവസാനിച്ചു.  


കൂട്ടക്കരച്ചില്‍ കേട്ടുകൊണ്ടാണ് പുതിയ പ്രഭാതത്തെ ഞങ്ങള്‍ വരവേറ്റത്. വീടിന് പുറത്തിറങ്ങിയപ്പോള്‍ സ്ത്രീകള്‍ നിലവിളിച്ചുകൊണ്ട് ഓടുന്നു. പുരുഷന്‍മാര്‍ നിരാശരായി ഗ്രാമത്തലവന്റെ വീടിന് മുന്നില്‍ നില്‍ക്കുന്നു. ആരെയെങ്കിലും ഇന്നലെ രാത്രി പുലിയോ കരടിയോ പിടിച്ചുകാണുമെന്ന് രഞ്ജന പറഞ്ഞുകൊണ്ട് അവിടെയ്ക്ക് നടന്നു. ഗ്രാമത്തിലുള്ള കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വീടിന് മുന്നിലുണ്ട്. എന്താണ് കാര്യമെന്ന് തിരക്കിയ ഞങ്ങളുടെ നേരെ ഗ്രാമത്തലവന്‍ ഒരു പേപ്പര്‍ നീട്ടി. പേപ്പറില്‍ നോക്കിയപ്പോള്‍ അതില്‍ മരണത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഒരു ചിത്രം. ഒരുപെണ്‍കുട്ടി മരക്കൊമ്പില്‍ തൂങ്ങിമരിച്ചു കിടക്കുന്നു. അതിനര്‍ഥം ഈ ഗ്രാമത്തിലുള്ള ഏതെങ്കിലും ഒരു പെണ്‍കുട്ടി അധികം വൈകാതെ ഈ രീതിയില്‍ കൊല്ലപ്പെടും. ഗ്രാമവാസികളുടെ കണ്ണുകളില്‍ ഭീതിയുടെ നിഴല്‍ കാണാമായിരുന്നു. അടുത്ത ഇര തങ്ങളുടെ മകള്‍ ആകരുതേയെന്ന് മാത്രമായിരുന്നു ഇവരുടെ പ്രാര്‍ഥന. 


ഒരു മിത്തായിട്ട് തോന്നിയ കഥ നടക്കുന്ന ഗ്രാമം കാണുകയെന്ന ഉദ്യേശം മാത്രമായിരുന്നു ഇവിടെയെത്തും വരെ. പക്ഷേ ഇവിടെ നടക്കുന്നകാര്യങ്ങള്‍ നേരിട്ട് കണ്ടപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയണമെന്ന് തോന്നി. ഇവിടെ എവിടയോ ഒരു കൊലയാളി മറഞ്ഞിരിപ്പുള്ളതുപോലെ ഒരു തോന്നല്‍. ഒന്നിലെ ഗ്രാമത്തിനുള്ളില്‍ തന്നെയുള്ളയാള്‍ അല്ലെങ്കില്‍ പുറത്ത് നിന്ന് ഗ്രാമത്തെ നിരീക്ഷിക്കുന്ന മറ്റൊരാള്‍ അല്ലെങ്കില്‍ ഒരുസംഘമാളുകള്‍. ചിത്രങ്ങള്‍ വരക്കുന്ന, അതിലൂടെ മുന്നറിയിപ്പ് നല്‍കുന്ന ഒരു സൈക്കോകില്ലര്‍. ഇതൊന്നുമല്ലെങ്കില്‍ രക്തദാഹിയായ ഒരാത്മാവിന്റെ സാന്നിധ്യം. ഈ സംഭവങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനായി രഞ്ജന വഴി ഒരു ശ്രമം നടത്തി നോക്കി. ആദ്യം പറയാന്‍ തയ്യാറായില്ലെങ്കിലും ഇതുപോലുള്ള സംഭവങ്ങളുടെ ചുരുളഴിക്കുന്ന ജോലിയാണ് എനിക്ക് എന്ന് കള്ളംപറഞ്ഞപ്പോള്‍ ഗ്രാമത്തലവന്‍ സംസാരിക്കാന്‍ തയ്യാറായി. ഉച്ചയ്ക്ക് അയാളുടെ ആപ്പിള്‍ത്തോട്ടത്തില്‍ വച്ച് കാണാമെന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. 


തണുപ്പിന്റെ കാഠിന്യം കൂടിവരുന്നുണ്ട്. മഞ്ഞുവീഴ്ചരൂക്ഷമാകുന്നതിന്റെ മുന്നോടിയായിട്ടാണത്രേ ഈ തണുപ്പ്. ചുവന്നുതുടുത്ത ആപ്പിള്‍ ഒരണ്ണം പറിച്ചെടുത്ത് കഴിച്ചുകൊണ്ട് തട്ടുതട്ടായികിടക്കുന്ന ആപ്പിള്‍ത്തോട്ടത്തിലൂടെ നടന്നു. ഗ്രാമത്തലവന്‍ ഞങ്ങളെയും കാത്ത് അവിടെ നില്‍പ്പുണ്ടായിരുന്നു. ഗ്രാമത്തിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ പുറം ഗ്രാമത്തില്‍ നിന്ന് വരുന്നവരോട് പറയരുതെന്നാണ് നിയമം. അതുകൊണ്ടാണ് ഈ വൃദ്ധന്‍ ഞങ്ങളോട് ഇവിടെയ്ക്ക് വരുവാന്‍ ആവശ്യപ്പെട്ടത്. തുടര്‍ച്ചയായ ദുര്‍മരണങ്ങള്‍ അദ്ദേഹത്തെ നിരാശയിലാഴ്ത്തിയിരുന്നു. തന്നില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ജനങ്ങളെ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ പറ്റാത്തതിന്റെ വിഷമവും മുഖത്ത് നിഴലിച്ചുനിന്നു. ഇതുകൊണ്ടാണ് നിഗൂഡസംഭവങ്ങളുടെ ചുരുളഴിക്കുന്ന ജോലിയാണ് എനിക്ക് എന്ന് കേട്ടപ്പോള്‍ ഗ്രാമത്തിന്റെ നിയമങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കാന്‍ ഈ വൃദ്ധന്‍ തീരുമാനിച്ചത്. ഇടയ്ക്ക് കിഴക്കുനിന്ന് ഹിമക്കാറ്റ് വീശുന്നുണ്ടായിരുന്നു. അവിടെയ്ക്ക് നോക്കി അയാള്‍ പറഞ്ഞുതുടങ്ങി.


രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ ചിത്രങ്ങള്‍ വന്നു തുടങ്ങിയത്. ഗ്രാമത്തിന്റെ സന്തോഷങ്ങള്‍ ആയിരുന്നു അതില്‍ നിറയെ വരച്ചിരുന്നത്. പൂക്കാലവും ആഘോഷങ്ങളും ആളുകളുടെ ചിത്രങ്ങളും അങ്ങനെ കൗതുകവും സന്തോഷവും തരുന്ന വരകള്‍. കൃഷി നശിക്കുന്ന ചിത്രത്തില്‍ നിന്നാണ് വരകളുടെ രൂപത്തിലും ഭാവത്തിലും മാറ്റം വരുന്നത്. പിന്നീട് വളര്‍ത്തുമൃഗങ്ങള്‍ ചത്തു കിടക്കുന്നതായി. അതിനു ശേഷം വീടുകള്‍ക്ക് തീ പിടിക്കുന്നതായി. ദുരന്തങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരുന്നപ്പോഴാണ് ഞങ്ങള്‍ ഈ ചിത്രങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്. ആരാണ് വരക്കുന്നതെന്ന് അന്വേഷണം തുടങ്ങിയത്. അന്ന് മുതല്‍ പിന്നീടുള്ള മാസങ്ങളില്‍ ഗ്രാമവാസികള്‍ മരണപ്പെടുന്ന ചിത്രങ്ങളായി ഗ്രാമത്തില്‍ വന്നു വീഴുക. ചിത്രത്തില്‍ കാണുന്ന വിധം ഒരാള്‍ മരണപ്പെടും. അപകടമരണമോ ആത്മഹത്യയോ ആയിരിക്കും അത്. ഗ്രാമത്തിന്റെ ആത്മീയ ആചാര്യന്‍ പറഞ്ഞത് ദുര്‍മരണപ്പെട്ട ഒരു ആത്മാവാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ്. പലതരത്തിലുള്ള പൂജകള്‍ ചെയ്തുനോക്കി പക്ഷേ ആ ആത്മാവ് ഗ്രാമം വിട്ടു പോകുന്നില്ല. താങ്കള്‍ കടല്‍നാട്ടില്‍ നിന്ന് വരുന്നയാള്‍ അല്ലേ.. ഈ ആത്മാവിനെ ആവാഹിച്ച് കടലില്‍ കൊണ്ടയിടുവാന്‍ പറ്റുമോ.. ഇല്ലെങ്കില്‍ എന്റെ ഗ്രാമം നശിക്കുന്നത് കണ്ട് ഞാന്‍ മൃതിയടയേണ്ടിവരും. 


എന്ത് ഉത്തരം പറയണമെന്ന് അറിയാതെ ഞാന്‍ കുഴങ്ങി. എനിക്ക് അങ്ങ് രണ്ടു ദിവസം തങ്ങാനുള്ള അനുവാദമാണ് തന്നിട്ടുള്ളത് അത് ഇന്നു കൊണ്ട് തീരും. കുറച്ചു ദിവസം കൂടി ഇവിടെ കഴിയുവാന്‍ അനുവാദം തന്നാല്‍ ഈ ആത്മാവിനെ നമ്മുക്ക് കണ്ടുപിടിക്കാം. 

അതിന് എന്താണ് എത്ര ദിവസം വേണമെങ്കിലും നിങ്ങള്‍ക്ക് ഇവിടെ തങ്ങാം.. ഗ്രാമത്തിലുള്ളവര്‍ക്ക് നിങ്ങളെ ഇഷ്ടപ്പെട്ടു. അവരോട് ഞാന്‍ പറഞ്ഞോളാം.. നമ്മള്‍ തമ്മില്‍ നടത്തിയ ഈ സംഭാഷണം മറ്റാരും അറിയരുതെന്ന ഒരു നിബന്ധനമാത്രം ഒള്ളൂ.. അത് ഞാന്‍ ഉറപ്പു തരുന്നു.. അപ്പോള്‍ ഇപ്പോള്‍ തന്നെ ആത്മാവിനെ തേടിയുള്ള അന്വേഷണം ആരംഭിക്കുകയാണ്. അങ്ങ് ധൈര്യമായി ഇരുന്നോള്ളൂ ഇനി ഒരു ദുര്‍മരണം ഈ ഗ്രാമത്തിലുണ്ടാകില്ല.. ആ വൃദ്ധന്‍ നടന്നു നീങ്ങുമ്പോള്‍ പ്രതീക്ഷയുടെ തിളക്കം ആ കണ്ണുകളില്‍ കണ്ടു.


അന്വേഷണം എവിടെ തുടങ്ങുമെന്നോ എങ്ങനെ തുടങ്ങുമെന്നോ ഒരുഎത്തുംപിടിയുമില്ല. ആകെയുള്ള ഒരു ക്ലൂ കിഴക്കന്‍ കാറ്റാണ്. അത് വീശുന്ന വഴിയെ തുടങ്ങാം അന്വേഷണമെന്ന് തീരുമാനിച്ചു. അത് വഴി പോയവര്‍ മടങ്ങിവന്നിട്ടില്ലായെന്ന കാര്യം രഞ്ജന ഓര്‍മ്മിപ്പിച്ചു. അത് ഗ്രാമവാസികളായതുകൊണ്ടാകും ഞാന്‍ ഈ നാട്ടുകാരന്‍ അല്ലല്ലോ അപ്പോള്‍ പ്രശ്‌നമുണ്ടാകില്ലയെന്ന് രഞ്ജനയ്ക്ക് മറുപടി കൊടുത്ത് സ്വയം ആശ്വസിച്ചു. ആദ്യം തനിച്ച് ഈ പ്രദേശമൊക്കെ കാണാമെന്ന് തീരുമാനിച്ചു. ആപ്പിള്‍ത്തോട്ടങ്ങളും കൃഷിയിടങ്ങളും കടന്ന് കിഴക്കന്‍ കാറ്റ് വരുന്ന വഴിതേടി നടന്നു. കുന്നിന്‍ചേരിവുകളും പാറയിടുക്കുകളും കടന്ന് ചെന്നപ്പോള്‍ അങ്ങ് അകലെ മറ്റൊരു മല ദൃശ്യമായിതുടങ്ങി. ആ മലയുടെ ചെരുവിലായി വലിയോരു പാറക്കല്ല് ഉയര്‍ന്നു നിന്നിരുന്നു. മഞ്ഞുകാറ്റ് വീശിമാറുമ്പോള്‍ അതില്‍ എന്തോ ഇരിക്കുന്നപോലെ ഒരു ദൃശ്യം തെളിഞ്ഞുവന്നു. പെട്ടെന്ന് ആ രൂപം അപ്രത്യക്ഷമായി. (തുടരും)


No comments:

Post a Comment