Thursday, 8 February 2018

ആദ്യയാത്രയും ശകാരവര്‍ഷവും

യാത്രകള്‍ എന്നും എനിക്ക് ഒരു കൗതുകം തന്നെയായിരുന്നു. പെണ്‍കുട്ടിയായ എന്നെ സംബന്ധിച്ചിടത്തോളം എത്തിച്ചേരാന്‍ പറ്റാത്ത അകലങ്ങളിലായിരുന്നു ഇതിന്റെ സ്ഥാനം. എന്നാല്‍, കല്യാണം കഴിഞ്ഞതോടെ ആ അകലം കുറയുകയാണെന്നു മനസിലായി. യാത്രാഭ്രാന്തിനെക്കുറിച്ച് കല്യാണത്തിനുമുമ്പ് പറഞ്ഞിട്ടുണ്ടെങ്കിലും കല്യാണം കഴിഞ്ഞ് പിറ്റേ ദിവസം ഇച്ചായന്‍ എന്നെ ശരിക്കും ഞെട്ടിച്ചു.
രാവിലെ എണീറ്റവഴിയേ 'വേഗം റെഡിയായിക്കൊ നമ്മുക്ക് ഒരു ട്രിപ്പ് പോകാം' എന്നൊരു പ്രഖ്യാപനം. ഞാന്‍ ബാഗ് നിറയെ സാധനങ്ങള്‍ കുത്തിനിറച്ച് പോകാന്‍ തയാറായി. എങ്ങോട്ടാണ്! എത്ര ദിവസം! ഒരു പിടിയുമില്ല. ബാഗിലുള്ള ഡ്രസ് തികയുമോ എന്നായിരുന്നു എന്റെ ആശങ്ക. ബാഗ് നിറയെ സാധനങ്ങളുമായി റെഡിയായി ഇരിക്കുന്ന എന്നെ കണ്ട ഇച്ചായന്റെ കണ്ണു തള്ളി.
'ഇത് എവിടെക്കാണ് ബാഗ് ഒക്കെയായി...?'
'ട്രിപ്പ് പോകുവാ, റെഡിയാകാന്‍ പറഞ്ഞതോ..?'
'അതേ പാറു, നമ്മള്‍ വിനോദയാത്ര അല്ലാട്ടോ പോകുന്നത് യാത്രയാണ്...'
less luggage more travel അതാണ് ഇച്ചായന്റെ ആപ്തവാക്യം. അന്നാണ് ഞാന്‍ ആദ്യമായി അറിയുന്നത് വിനോദയാത്രയും സഞ്ചാരവും, വിനോദസഞ്ചാരിയും സഞ്ചാരിയും തമ്മില്‍ ഒരുപാട് വ്യത്യാസം ഉണ്ടെന്ന്. യാത്രയിലെ എന്റെ ആദ്യപാഠം ഇതായിരുന്നു...



പാലാ രൂപതയില്‍ കല്യാണം കഴിഞ്ഞ് ആദ്യരാത്രി പെണ്ണിന്റെ വീട്ടിലാണ്. പിറ്റേദിവസം ചെറുക്കന്റെ വീട്ടില്‍ പോകുകയാണ് ചടങ്ങ്. ഞങ്ങള്‍ രാവിലെ കാറ് എടുത്ത് ഇറങ്ങുന്നത് കണ്ടപ്പോള്‍ എന്റെ വീട്ടുകാര്‍ കരുതി ഇച്ചായന്റെ വീട്ടില്‍ പോകുകയാണെന്നാണ്. കാര്‍ തൊടുപുഴ വീട്ടില്‍ കൊണ്ടുപോയിട്ട് ബൈക്ക് എടുത്ത് ഇറങ്ങി. എങ്ങോട്ടാണ് എന്ന വീട്ടുകാരുടെ ചോദ്യത്തിന് ഇപ്പോള്‍ വരാം എന്ന് ഉത്തരം. സത്യത്തില്‍ രണ്ടു വീട്ടിലും ആരോടും പറഞ്ഞില്ല.  രാവിലെ 9 മണിക്ക് ക്യാമറാബാഗും തോളില്‍ത്തൂക്കി പള്‍സര്‍ ബൈക്കിലായി യാത്ര.


ആദ്യ ലക്ഷ്യം അതിരപ്പിള്ളിയായിരുന്നു. അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ, വാല്‍പ്പാറ, പൊള്ളാച്ചി, പാലക്കാട് വഴി തൊടുപുഴയായിരുന്നു റൂട്ട്. ഈ റൂട്ടിന്റെ പ്രത്യേകത എന്താണെന്നറിയാമോ?. പ്രകൃതിയുടെ വിസ്മയങ്ങള്‍ എല്ലാം ഒരുമിച്ചു ആസ്വദിക്കാന്‍ പറ്റുന്ന ഒരേയൊരു റൂട്ടാണിത്. പുഴ, വെള്ളച്ചാട്ടങ്ങള്‍, വനങ്ങള്‍, ഡാമുകള്‍, തേയിലത്തോട്ടങ്ങള്‍, ഏലക്കാടുകള്‍, ഹില്‍സ്റ്റേഷനുകള്‍, ഹെയര്‍പിന്‍ വളവുകള്‍, കരിമ്പിന്‍ തോട്ടങ്ങള്‍, നെല്‍പ്പാടങ്ങള്‍, ഗ്രാമങ്ങള്‍ തുടങ്ങി നൂറുകൂട്ടം കാഴ്ചകള്‍!


പ്രകൃതിരമണീയത കവിഞ്ഞെഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ട് വാഴച്ചാല്‍ കയറിയാല്‍ പിന്നെ മലക്കപ്പാറവരെ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കൊടുംവനമാണ് അതിലൂടെ ചെറു ചാറ്റല്‍മഴ നനഞ്ഞ് ബൈക്കില്‍ റൈഡ് ചെയ്യുക എന്നത് എന്റെ സ്വപനങ്ങളില്‍ ഒന്നുമാത്രമായിരുന്നു. വഴിയില്‍ ആന നല്‍ക്കുന്നത് കണ്ട് ഒന്നു പേടിച്ചെങ്കിലും ലൈഫില്‍ ഇതൊക്കെയല്ലേ ഒരു രസമെന്നും പറഞ്ഞ് വീണ്ടും ബൈക്ക് എടുത്ത് പാഞ്ഞു.


മലക്കപ്പാറയില്‍ എത്തിയപ്പോള്‍ അന്തരീക്ഷം മുഴുവന്‍ മാറി. കോടമഞ്ഞില്‍ പുതച്ചുകിടക്കുന്ന തേയിലത്തോട്ടങ്ങളാണ് വാല്‍പ്പാറവരെ. ചില നേരങ്ങളില്‍ വഴിപോലും കാണാത്തവിധം കാഴ്ച മറച്ചുകൊണ്ട് കൊടമഞ്ഞ് ചുരംതാണ്ടി കടന്നുപോയി. വാല്‍പ്പാറയില്‍നിന്ന് നേരെ 40 ഹെയര്‍പിന്‍ വളവുകള്‍ ഇറങ്ങി പൊള്ളാച്ചിയിലേക്ക്. ഹെയര്‍പിന്‍ വളവില്‍നിന്ന് ആളിയാര്‍ ഡാമിനെ നോക്കുമ്പോള്‍ കാണുന്ന കാഴ്ചയുണ്ട്. എന്റെ കര്‍ത്താവേ.. ആ ഫീല്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല..

ചുരം ഇറങ്ങി പൊള്ളാച്ചി to പാലക്കാട്. തമിഴ്‌നാടിന്റെ തനിമയിലൂടെയും പഴമയിലൂടെയും കുറച്ചു സമയം. പാലക്കാട്ടുനിന്ന് തൊടുപുഴവരെ രാത്രി ഹൈവേയിലൂടെയുള്ള എന്റെ ആദ്യ റൈഡ്. അങ്ങനെ 18 മണിക്കൂര്‍ പിന്നിട്ട് 450 കിലോമീറ്റര്‍ താണ്ടി വീട്ടില്‍ തിരിച്ച് എത്തിയപ്പോള്‍ പിറ്റേന്ന് പുലര്‍ച്ചേ മൂന്നു മണി. നേരെ കട്ടിലിലേക്ക് വീണതേ ഓര്‍മ്മയുള്ളൂ ഉച്ചയ്ക്ക് എണീറ്റപ്പോള്‍ ഇരുവീട്ടുകാരുടെയും വക ശകാരവര്‍ഷം. കുറച്ച് ചീത്ത കേട്ടാല്‍ എന്താ ഒരു അടിപൊളി ട്രിപ്പ് പോയില്ലേ...

(ഞങ്ങള്‍ പോയത് 2015 ജൂലൈ മാസത്തിലാണ് മറ്റ് മാസങ്ങളില്‍ കാലവസ്ഥയില്‍ വ്യത്യാസം ഉണ്ടാകും,  ഈ റൂട്ട് ബൈക്കില്‍ തന്നെ പോകണം എന്നാലെ യാത്രയുടെ യഥാര്‍ഥ ഫീല്‍ കിട്ടൂ.. രണ്ടര വര്‍ഷത്തിന്റെ ഗ്യാപ് ഉള്ളതുകൊണ്ട് വിവരിച്ച് എഴുതാന്‍ പറ്റിയില്ല ക്ഷമിക്കുക...)


No comments:

Post a Comment