Tuesday, 10 April 2018

അത് ഒരു ഒന്നൊന്നര യാത്രയായിരുന്നു..

ഹിമഗിരി ശൃംഗത്തിലേക്ക്.. 1

 

ഹിമാലയം, അത് ഒരു സ്വപനമായിരുന്നു... മഞ്ഞുമലകള്‍ ചവിട്ടി കൊടുമുടികള്‍ കീഴടക്കാനുള്ള മനസിന്റെ വെമ്പല്‍ സ്വപ്‌നമായി പെയ്തിറങ്ങിയ എത്രയോ രാവുകള്‍... പൗലോ കൊയ്‌ലോയുടെ വാക്കുകളെ മുറുകെ പിടിച്ചു നടന്ന ദിനങ്ങള്‍... സത്യമായിരുന്നു ആ വാക്കുകള്‍...
നമ്മള്‍ ഒരു കാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ ആഗ്രഹം ദൃഢമാണെങ്കില്‍ അത് വന്നു ചേരാന്‍ നമുക്കു ചുറ്റുമുള്ള അദൃശ്യശക്തികളെല്ലാം കൂടെയുണ്ടാകുമെന്ന് തെളിയിച്ചുകൊണ്ട് ഞാനും ഇച്ചായനും ഇച്ചായന്റെ സുഹൃത്തുക്കളായ നിമേഷ് ചേട്ടനും രാകേഷ് ചേട്ടനും ഹിമാലയന്‍ കൊടുമുടികള്‍ കയറാന്‍ പുറപ്പെട്ടു. ഫെബ്രുവരി 26ന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്നായിരുന്നു യാത്ര. രാത്രി 12.50നായിരുന്നു ഡല്‍ഹി ഫ്‌ളൈറ്റ്. ഞങ്ങളെ എയര്‍പോട്ടില്‍ കൊണ്ടുവിടാന്‍ ചങ്ക്‌സ് ബിന്‍സും ആല്‍ഫിയും സനുവുമുണ്ടായിരുന്നു. മലപ്പുറത്തുനിന്നു നിമേഷ് ചേട്ടനും കോഴിക്കോടുനിന്നും രാകേഷ് ചേട്ടനും നേരെ എയര്‍പോട്ടിലേക്കാണ് എത്തിയത്. കൊച്ചിയോടു ടാറ്റാ പറഞ്ഞ് ഞങ്ങള്‍ നാലുപേരും സ്വപ്ന ലോകത്തേക്കു പറന്നുയര്‍ന്നു.



രാവിലെ 5.30ന് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തു. ആദ്യദിനം ഡല്‍ഹി ചുറ്റിക്കറങ്ങുകയായിരുന്നു പദ്ധതിയിട്ടിരുന്നത്. പക്ഷേ, കേരളഹൗസില്‍ മുറികിട്ടാത്തതുകൊണ്ട് താജ്മഹല്‍ കാണാന്‍ നേരെ ആഗ്രയ്ക്കു ട്രെയിന്‍ കയറി. ആഗ്ര സ്റ്റേഷനില്‍ ഞങ്ങളെ സ്വാഗതം ചെയ്തത് ടാക്‌സി ഡ്രൈവര്‍മാരും റിക്ഷാവാലകളും റൂം ഏജന്റുമാരുമാണ്. ഇവരുടെ പിടിയില്‍നിന്ന് രക്ഷപ്പെടുകയെന്നത് ശ്രമകരമായ ജോലിയാണ്. പുസ്തകങ്ങളിലും ചിത്രങ്ങളിലും മാത്രം കണ്ടുപരിചയമുള്ള ആ വെണ്ണെക്കല്‍ കൊട്ടാരത്തിന് ഉള്ളിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ ഷാജഹാന് മുംതാസിനോടുള്ള പ്രണയം ഒരോ ചുവരുകളിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു. മുംതാസിന്റെ ശവകുടീരം കണ്ട് തിരിച്ചിറങ്ങിയ ഞങ്ങള്‍ കുറച്ച് നേരം ആ പ്രണയസൗധത്തിന്റെ പിറകില്‍ യമുന നദിയെ നോക്കി അലസമായി ഇരുന്നു. വെണ്ണക്കല്ലിനെ തഴുകി കടന്നുപോകുന്ന കാറ്റിനും ഒഴുകുന്ന നദിക്കും പ്രണയത്തിന്റെ ഭാവമാണ്. സഞ്ചാരികളുടെ തിരക്കേറിയപ്പോള്‍ താജ്മഹലിനോട് യാത്ര പറഞ്ഞ് അടുത്ത ലക്ഷ്യമായ ആഗ്രകോട്ടയിലേക്കു നടന്നു.


താജില്‍നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരമേ ആഗ്രകോട്ടയ്ക്കുള്ളതെങ്കിലും നടന്നു തുടങ്ങിയപ്പോഴാണ് നല്ല ദൂരം ഉണ്ടെന്നു മനസിലായത്. മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ പണി കഴിപ്പിച്ചതാണ് ആഗ്ര കോട്ട. കോട്ടയ്ക്കുള്ളിലെ മൂസമ്മന്‍ ബുര്‍ജില്‍നിന്ന് താജ്മഹല്‍ മനോഹരമായി വീക്ഷിക്കാനാകും. പുത്രനായ ഔറംഗസീബ് തടവിലാക്കിയതിനെത്തുടര്‍ന്ന് ഷാജഹാന്‍ തന്റെ ജീവിതത്തിന്റെ അവസാന ഏഴുവര്‍ഷം കഴിച്ചുകൂട്ടിയത് മൂസമ്മന്‍ ബുര്‍ജില്‍ ആയിരുന്നു എന്നും പറയപ്പെടുന്നു. കോട്ടയ്ക്കുള്ളിലെ വഴികളെക്കുറിച്ച് കൃത്യമായ നിര്‍ദേശം നല്കാന്‍ ആരും ഇല്ലാത്തതുകൊണ്ട് പലപ്പോഴും വഴി തെറ്റി കോട്ടയ്ക്കുള്ളില്‍ എവിടെയ്ക്കയോ എത്തി. തിരിച്ചിറങ്ങാനോ മുന്നോട്ട് പോകാനോ വഴിയറിയാതെ പലപ്പോഴും കുഴങ്ങി.


കോട്ടയില്‍നിന്ന് പുറത്തിറങ്ങിയപ്പോഴാണ് രാകേഷ് ചേട്ടന്‍ പറയുന്നത് ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ നടത്തുന്ന ഒരു കഫേ ആഗ്രയില്‍ ഉണ്ടെന്ന്. നന്നായി വിശക്കുന്നുണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ നേരെ ഷീറോസ് ഹാങ്ഔട്ട് കഫേയിലേക്ക് ഓട്ടോ പിടിച്ചു. (ഷിറോസ് ഹാങ്ഔട്ട് കഫേയുടെ പ്രത്യേകത പിന്നീട് പോസ്റ്റ് ചെയ്യാം. പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ അതിനെക്കുറിച്ച് ഒരു ലേഖനം ഇച്ചായന്‍ എഴുതുന്നുണ്ട്.) രാത്രിയോടെ ഞങ്ങള്‍ തിരികെ ഡല്‍ഹിയിലെത്തി. ആഗ്രയില്‍ വച്ചുതന്നെ മൊബൈല്‍ ആപ് വഴി രാകേഷ് ചേട്ടന്‍ ഡല്‍ഹിയില്‍ റൂം ബുക്ക് ചെയ്തിരുന്നതുകൊണ്ട് ഞങ്ങള്‍ നേരേ ഹോട്ടലിലേക്കാണു പോയത്.


ഡല്‍ഹിയില്‍ ഒരു ദിനം

 ഡല്‍ഹി വഴി യാത്ര നടത്തുന്ന സഞ്ചാരികള്‍ക്ക് പലപ്പോഴും പറ്റുന്ന അബദ്ധമാണ് ഡല്‍ഹി കാണാന്‍ സമയം കിട്ടാതെ പോകുന്നത്. തിരിച്ചുവരുമ്പോള്‍ ഡല്‍ഹിയില്‍ കറങ്ങാമെന്ന് പ്ലാന്‍ ചെയ്യുമെങ്കിലും സമയക്കുറവ് മൂലം അതു നടക്കാറില്ല. അതുകൊണ്ടുതന്നെയാണ് തിരിച്ച് വരുമ്പോള്‍ ഒന്നും കാണാന്‍ ബാക്കിവയ്‌ക്കേണ്ട എല്ലാം സമയമെടുത്ത് ആസ്വദിച്ച് കണ്ടു തിരിച്ച് കേരളത്തില്‍ എത്തിയാല്‍ മതിയെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഡല്‍ഹി ചുറ്റിക്കാണിക്കുന്ന ഡല്‍ഹി ദര്‍ശന്‍ സേവ ബസിന് ടിക്കറ്റ് ബുക്ക് ചെയ്തു. രാവിലെ 9.30ന് പുറപ്പെടുന്ന എസി ലോ ഫ്‌ളോര്‍ബസ് വൈകുന്നേരം അഞ്ചിന് അക്ഷര്‍ധാം ക്ഷേത്രത്തിനു മുന്നില്‍ യാത്ര അവസാനിപ്പിക്കും. ടിക്കറ്റ് ചാര്‍ജ് ഒരാള്‍ക്ക് 200 രൂപയാണ്. സെന്റര്‍ പാര്‍ക്കിന് മുന്നില്‍നിന്നാണ് ബസ് പുറപ്പെടുന്നത്. ഞങ്ങള്‍ നേരത്തേയെത്തിയതുകൊണ്ട് സെന്റര്‍ പാര്‍ക്കിലൂടെ ഒന്നു വലം വച്ചു. പാര്‍ക്കിന് നടുവിലായി ദേശീയ പതാക സ്ഥിതി ചെയ്യുന്നുണ്ട്. 60 അടി വീതിയും 90 അടി നീളവും ഉള്ള പതാക 207 അടി ഉയരമുള്ള കൊടിമരത്തിലാണ് പതാക സ്ഥാപിച്ചിരുന്നത്. രാവിലെയായതുകൊണ്ട് ആരുംതന്നെ പാര്‍ക്കിലില്ല. ബസ് പുറപ്പെടാന്‍ സമയമായതുകൊണ്ട് ഞങ്ങള്‍ തിരികെ ബസിനടുത്തേക്ക് നടന്നു.


ഓള്‍ഡ് ഡല്‍ഹിയില്‍ മുഗള്‍ ഭരണാധികാരിയായിരുന്ന ഷാജഹാന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള ചെങ്കോട്ടയായിരുന്നു ബസിന്റെ ആദ്യ ലക്ഷ്യം. ബസില്‍ പത്തുപേര്‍ മാത്രമാണുള്ളത്. ഞങ്ങള്‍ ഒഴികേ മറ്റുള്ളവര്‍ ഡല്‍ഹിയിലുള്ളവര്‍ തന്നെയാണ്. ചെങ്കോട്ട, രാജ്ഘട്ട്, ബിര്‍ള മന്ദിര്‍, ഖുത്ബ് മിനാര്‍, ലോട്ടസ് ടെമ്പിള്‍, ഹുമയൂണ്‍സ് ടോംബ് എന്നീ ആറു സ്ഥലങ്ങളില്‍ മാത്രമേ ഇറങ്ങി കാണാന്‍ ബസ് നിര്‍ത്തിത്തരികയുള്ളൂ. ബാക്കി സ്ഥലങ്ങളില്‍ ചെറുതായി വേഗം കുറച്ച് കടന്നുപോകും. നമ്മുടെ രാഷ്ട്രപിതാവ് മാഹത്മാ ഗാന്ധിയെ സംസ്‌കരിച്ചിരിക്കുന്ന രാജ്ഘട്ടിനു മുന്നില്‍ നിര്‍ത്തിയെങ്കിലും എന്തോ കാരണം കൊണ്ട് അത് അടച്ചിട്ടിരിക്കുകയായിരുന്നു. രാജ്ഘട്ടില്‍നിന്ന് പോയത് വിഷ്ണുക്ഷേത്രമായ ബിര്‍ള മന്ദിര്‍ എന്നറിയപ്പെടുന്ന ലക്ഷ്മിനാരായണ മന്ദറിലേക്കാണ്. ന്യൂഡല്‍ഹിയിലെ റെയ്‌സീന കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതിഭവന് മുന്നില്‍ എത്തിയപ്പോള്‍ ഗൈഡ് സ്ഥലങ്ങളെ കുറിച്ചും അതിന്റെ പ്രാധാന്യവും യാത്രക്കാര്‍ക്ക് വിവരിച്ച് കൊണ്ടിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാന്‍ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട ഇന്ത്യ ഗേറ്റിനു മുന്നില്‍ ബസ് വേഗം കുറച്ചു. പ്രധാനമന്ത്രിയുടെ വാസസ്ഥലം, സോണിയ ഗാന്ധിയുടെ വാസസ്ഥലം, ഇന്ദിരഗാന്ധി വെടിയേറ്റുവീണ സ്ഥലം തുടങ്ങി വിവിഐപി മേഖലകളിലൂടെ ഞങ്ങള്‍ കടന്നു പോയി.


ഇഷ്ടികകൊണ്ട് നിര്‍മിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമായ ഖുത്ബ് മിനാറില്‍ എത്തിയപ്പോള്‍ സമയം ഒരുമണി. ഇവിടെയുള്ള ചെറിയകടയില്‍നിന്ന് ആഹാരം കഴിച്ചശേഷം യാത്ര തുടര്‍ന്നു. പഴയ 500 രൂപ നോട്ടിലെ ദണ്ഡിയാത്ര പ്രതിമയ്ക്കു മുന്നിലൂടെയും 150ല്‍പരം വിദേശ എംബസികളുടെ മുന്നിലൂടെയും ബസ് കടന്നു പോയി. ഖുത്ബ് മിനാറില്‍നിന്നുള്ളയാത്ര ലോട്ടസ് ക്ഷേത്രത്തിലേക്കായിരുന്നു. ബഹാപൂര്‍ എന്ന ഗ്രാമത്തില്‍ ഒന്‍പത് കുളങ്ങളോട് കൂടിയ 26 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബഹായ് ക്ഷേത്രമായ ലോട്ടസ് ക്ഷേത്രത്തിന് മുന്നില്‍ ബസ് നിര്‍ത്തി. ബഹായ് മതവിശ്വാസികളുടെ ആരാധാനാലയമാണെങ്കിലും നാനാജാതിമതസ്ഥര്‍ ഇത് സന്ദര്‍ശിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരു സ്ഥലം എന്നൊരു റെക്കോര്‍ഡുകൂടിയുണ്ട് ഈ ബഹായ് ക്ഷേത്രത്തിന്. മുഗള്‍ ചക്രവര്‍ത്തി ഹുമയൂണിന്റെ ശവകുടീരത്തിലേക്കാണ് ഇവിടെനിന്ന് പോയത്. ബസിലുള്ളവര്‍ എറെ കുറെ അവശരായി തുടങ്ങിയിരുന്നു. രാത്രിയില്‍ ഡല്‍ഹിയില്‍ തണുപ്പാണെങ്കിലും പകല്‍ നല്ലചൂടായിരുന്നു. ന്യൂഡല്‍ഹിയിലെ കിഴക്കേ നിസാമുദ്ദീന്‍ പ്രദേശത്താണ് മുഗള്‍ വാസ്തുശൈലിയിലുള്ള ഹുമയൂണിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ഹുമയൂണിന്റെ പ്രധാന ശവകുടീരം കൂടാതെ മറ്റു പലരുടെയും ശവകുടീരങ്ങളും ഇവിടെയുണ്ട്. ഇവിടെനിന്ന് ഡല്‍ഹി ദര്‍ശന്‍ സേവ സര്‍വീസിലെ അവസാന സ്ഥലമായ ലോകത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ അക്ഷര്‍ധാം ക്ഷേത്രത്തിലേക്ക് യാത്രയായി. അക്ഷര്‍ധാം ക്ഷേത്രം എന്ന മഹാത്ഭുതം കണ്ടിറങ്ങിയപ്പോള്‍ രാത്രി ഒമ്പതുമണി കഴിഞ്ഞിരുന്നു. ഏറെക്കുറെ ഞങ്ങള്‍ അവശരായി.


ഹിമാലയത്തിന്റെ താഴ്‌വാരമായ ഋഷികേശിലേക്ക് രാത്രിതന്നെ ബസ് കയറി. നാളെ ഹിമാലയം കയറുകയാണല്ലോ എന്ന ചിന്ത യാത്രയുടെ ആവേശം വീണ്ടും കൂട്ടി. ഹിമാലയന്‍ യാത്രയുടെ ആദ്യദിനം മാര്‍ച്ച് ഒന്നിന് രാവിലെ ഏഴു മണിക്ക് ഋഷികേശില്‍ ബസിറങ്ങുമ്പോള്‍ സാഹസിക യാത്രകളുടെ ഒരു തുടക്കമാണെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. പ്രത്യേക ദൈവവിളിയില്ലാതെ ദേവഭൂമിയില്‍ കാല്‍കുത്താന്‍ സാധിക്കില്ലയെന്ന് ഇച്ചായന്‍ പറഞ്ഞിരുന്നെങ്കിലും ഇത്രയും കഠിനമായിരിക്കും യാത്രയെന്ന് സ്വപനത്തില്‍ പോലും വിചാരിച്ചില്ല. നിമേഷ് ചേട്ടന്റെ കുടുംബത്തില്‍ നിന്ന് ദേവഭൂമി ചവിട്ടിയവര്‍ ആരും തിരികെയെത്തിയിട്ടില്ലയെന്ന കഥ കേട്ടതൊടെ ധൈര്യം ചോര്‍ന്നു പോയിത്തുടങ്ങി. ആദ്യദിനം തന്നെ പ്രശ്‌നങ്ങളുടെ ഒരു പരമ്പര തന്നെയായിരുന്നു.. 

അതെക്കുറിച്ച് പിന്നാലെ വായിക്കാം...



ശ്രദ്ധിക്കേണ്ടവ

  • റെയില്‍വേ സ്റ്റേഷനില്‍നിന്ന് താജ്മഹലിലേയ്ക്ക് 8 കിലോമീറ്റര്‍ ദൂരം ഉണ്ട്. ഒല/ഊബര്‍ വിളിച്ചു പോകുന്നതാണ് നല്ലത്. മറ്റുള്ള സംവിധാനങ്ങള്‍ക്ക് ചാര്‍ജ് കൂടുതലാണ്. 
  • താജ്മഹലിന് ഉള്ളില്‍ ചെരുപ്പ്/ഷൂ പൊതിഞ്ഞ് വേണം പ്രവേശിക്കാന്‍. പൊതിയാനുള്ള കവര്‍ താജ്മഹലിന് പുറത്ത് വാങ്ങാന്‍ കിട്ടും.
  • താജ്മഹലിന് പുറത്ത് ബാഗുകള്‍ സൂക്ഷിക്കാന്‍ ക്ലോക്ക്‌റൂമുകള്‍ ഉണ്ട്.
  • ഡല്‍ഹി ദര്‍ശന്‍ സേവ ബസ് കൂടാതെ ഹോ ഹോ എന്നു പേരുള്ള മറ്റൊരു ബസ് സര്‍വീസും കൂടെയുണ്ട്. ഇതിന് 400രൂപയാണ് ചാര്‍ജ്. എല്ലാ ദിവസവും ബസ് സര്‍വീസ് ഇല്ല മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതാണ് നല്ലത്.
  • അക്ഷര്‍ധാം ക്ഷേത്രത്തിലെ വാട്ടര്‍ ഫൗണ്ടന്‍ ഡാന്‍സ് കാണാതെ പോരരുത്. അത് കാണാനായില്ലെങ്കില്‍ വലിയൊരു നഷ്ടമായിരിക്കും. വൈകുന്നേരം 7നാണ് ഷോ.
  • trivago എന്ന ആപ് ആണ് റൂം ബുക്ക് ചെയ്യാനായി ഞങ്ങള്‍ ഉപയോഗിച്ചത്. കുറഞ്ഞ നിരക്കില്‍ (500രൂപ മുതല്‍) വൃത്തിയും സുരക്ഷിതത്വവുമുള്ള ഡബിള്‍ റൂമുകളാണ് ലഭിച്ചത്. 


 
 ആഗ്ര കോട്ടക്കുള്ളില്‍


  സെന്റര്‍ പാര്‍ക്ക്


ചെങ്കോട്ടക്കുള്ളില്‍

ചെങ്കോട്ടയിലേയ്ക്ക്

ഇന്ത്യഗെയ്റ്റ്


ബിര്‍ള മന്ദിര്‍

ലോട്ടസ് ടെമ്പിള്‍

ഷോപ്പിംഗ്


 

2 comments: