Saturday, 21 April 2018

ആദ്യദിനത്തിലെ ആക്രമണങ്ങളും തിരിച്ചടികളും..


ഹിമഗിരി ശൃംഗത്തിലേക്ക്.. 2

 

ഹിമാലയന്‍ യാത്രയുടെ ആദ്യദിനം മാര്‍ച്ച് ഒന്ന് രാവിലെ ഏഴിന് ഋഷികേശില്‍ ബസിറങ്ങുമ്പോള്‍ സാഹസിക യാത്രകളുടെ ഒരു തുടക്കമാണെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ആദ്യദിനം പ്രശ്‌നങ്ങളുടെ ഒരു പരമ്പര തന്നെയായിരുന്നു.

ഋഷികേശില്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിയ കാര്യമാണ് ഇവിടുത്തെ ബസ്സ്റ്റാന്‍ഡിലെ കഫംര്‍ട്‌സ്റ്റേഷന്‍. നമ്മുടെ വീടുകളിലെ ടോയ്‌ലെറ്റുകളെക്കാള്‍ വൃത്തി. ആവിശ്യത്തിലധികം വെള്ളവും മറ്റു സൗകര്യങ്ങളും. ബാഗ് സൂക്ഷിക്കാനും ഡ്രസ് മാറാനും കിടക്കാന്‍ വരെ സൗകര്യമുള്ള പ്രത്യേകം മുറി ഇതിനോട് ചേര്‍ന്നുണ്ട്. ഇവയെല്ലാം ഉപയോഗിക്കുന്നതിന് വെറും അഞ്ചു രൂപ മാത്രം. ചുരുക്കിപ്പറഞ്ഞാല്‍ ഹോട്ടലില്‍ റൂം എടുക്കാതെ ഫ്രെഷ് ആകാന്‍ പറ്റിയയിടം. എല്ലാവരും ഫ്രഷ് ആയി വസ്ത്രംമാറിയെത്തിയപ്പോള്‍ സമയം ഒന്‍പത്. സാഹസികവിനോദങ്ങളുടെ വിളനിലമായ ഋഷികേശിലെ ആദ്യദിനം. ബംഗി ജംപിംഗ്, ട്രാഫ്റ്റിംഗ് പോലുള്ള അഡ്വഞ്ചര്‍ ആക്റ്റിവിറ്റീസ് ചെയ്യണമെന്ന് രാകേഷ് ചേട്ടനു നിര്‍ബന്ധം. തിരിച്ചു വരുമ്പോള്‍ ചെയ്യാമെന്ന് ഞങ്ങളും. തലമുതിര്‍ന്ന ആളായതുകൊണ്ട് അവസാനം രാകേഷ് ചേട്ടന്റെ അഭിപ്രായം ഞങ്ങള്‍ അംഗീകരിച്ചു. അഡ്വഞ്ചര്‍ ആക്റ്റിവിറ്റീസ് നടത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട് ഇവിടെ. അവിടെ അന്വേഷിച്ചപ്പോഴാണ് ഹോളി പ്രമാണിച്ച് എല്ലാ മൂന്നു ദിവസത്തെക്ക് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അറിഞ്ഞത്.



 തിരിച്ച് ബസ്റ്റ് സ്റ്റാന്‍ഡില്‍ എത്തി ജോഷിമഠിലേക്കുള്ള വണ്ടി അന്വേഷിച്ചപ്പോള്‍ രാവിലെ 7.15ന് ലാസ്റ്റ് ബസ് പോയെന്ന് അവര്‍ പറഞ്ഞു. 13 മണിക്കൂര്‍ യാത്രയുണ്ട് ജോഷിമഠിന് 150 കിലോമീറ്റര്‍ അകലെയുള്ള ശ്രീനഗര്‍ വരെ ബസുണ്ട്‌  അതില്‍ കയറി ശ്രീനഗറില്‍ ഇറങ്ങിയാല്‍ അവിടെന്ന് ട്രിപ്പ് ടാക്‌സികള്‍ ഉണ്ടെന്ന് നല്ലവരായ നാട്ടുകാര്‍ ഞങ്ങളെ അറിയിച്ചു. മറ്റൊരു ഞെട്ടിക്കുന്ന കാര്യം കൂടി ഇവര്‍ പറഞ്ഞു നാളെ ഹോളിയായതുകൊണ്ട് ഇന്ന് ഉച്ചകഴിഞ്ഞ് ബസ്, ടക്‌സി സര്‍വീസുകള്‍ നിര്‍ത്തും. കടകള്‍ അടയ്ക്കും. താമസിക്കാന്‍ ഹോട്ടല്‍ പോലും കിട്ടില്ല. ബന്ദിന് സമാനമായ അവസ്ഥ. പണികിട്ടാന്‍ പോകുവാണെന്ന് മനസിലാക്കി ഞങ്ങള്‍ ശ്രീനഗറിനുള്ള ബസില്‍ ഓടിക്കയറി. എത്രയും വേഗം ജോഷിമഠില്‍ എത്തുകയെന്ന ഒറ്റലക്ഷ്യമെ ഉള്ളൂ. ഒരുവശം അഗാധമായ കൊക്കകള്‍ ഉള്ള വളഞ്ഞുപുളഞ്ഞ് കിടക്കുന്ന വഴിയിലൂടെ ബസ് ശ്രീനഗര്‍ ലക്ഷ്യമാക്കി നീങ്ങി.



ആദ്യ ആക്രമണം


ബസ് ചെറിയ ഒരു പട്ടണത്തിലൂടെ കടന്ന് പോകുമ്പോഴാണ് ആദ്യ ഹോളി ആക്രമണം ഉണ്ടാകുന്നത്. ഞാനും ഇച്ചായനും ഇരുന്ന സീറ്റിന് സൈഡില്‍ ഇരുന്നയാള്‍ വേഗത്തില്‍ ഗ്ലാസ് അടക്കാന്‍ ശ്രമിക്കുന്നത് കണ്ട് ഞാന്‍ അങ്ങോട്ട് നോക്കിയതാണ്. എന്തോ ഒന്ന് ഗ്ലാസിനു ഇടയിലൂടെ എന്റെ മുഖത്തു വന്ന് അടിച്ചു. പിന്നെ കാണുന്നത് ഞാന്‍ രക്തവര്‍ണ്ണത്തില്‍ കുളിച്ചിരിക്കുന്നതാണ്. എല്ലാം പെട്ടെന്നായിരുന്നു. പത്തിരുപതുപേര്‍ വരുന്ന സംഘം ബസ് തടഞ്ഞു നിര്‍ത്തി ബലൂണിനകത്ത് നിറമുള്ള വെള്ളം നിറച്ച് ചറപറ ഏറ്. ബസിന്റെ ചില്ലടക്കാന്‍ താമസിച്ചവരെയൊക്കെ കളര്‍വെള്ളത്തില്‍ കുളിപ്പിച്ചു. വൈരാഗ്യമുള്ളതുപോലെയാണ് ഇവരുടെ ഏറും തുടര്‍ന്നുള്ള പണപ്പിരിവും. പലയിടങ്ങളിലും പണം കൊടുക്കാത്തതുകൊണ്ട് ബസ് തടഞ്ഞിട്ടു. ഇതുമൂലം ശ്രീനഗറില്‍ എത്താന്‍ ഒരു മണിക്കൂറോളം വൈകി. ശ്രീനഗറില്‍നിന്ന് മറ്റൊരു ബസ് കര്‍ണ്ണപ്രയാഗിലേക്ക് കിട്ടി. ഈ വഴിയിലും ഹോളി പിരുവുകാരുടെ എണ്ണത്തില്‍ കുറവൊന്നുമില്ലായിരുന്നു. ഫോട്ടോ എടുക്കാനായി ഇച്ചായന്‍ ഡ്രൈവറുടെ ക്യാബിനില്‍ കയറിയിരുന്നു. ഞാനും കൂടെ കയറി. അപ്പോഴാണ് റോഡിന്റെ യദാര്‍ഥ അവസ്ഥ മനസിലാകുന്നത്. മലനിരകള്‍ വെട്ടിക്കയറിയ ചെറുറോഡുകള്‍. റോഡിന് ഒരുവശം അഗാധമായ കൊക്ക. മറുവശം ഇപ്പോള്‍ അടര്‍ന്നുവീഴുമെന്ന മട്ടില്‍ നില്‍ക്കുന്ന പാറക്കെട്ടുകളും മണ്‍തിട്ടകളും. സംരക്ഷണ ഭിത്തിപോലുമില്ലാത്ത റോഡിലൂടെ തെല്ലും ഭയമില്ലാതെ അലക്ഷ്യമായി ഡ്രൈവര്‍ വണ്ടിയോടിക്കുന്നതു കണ്ടപ്പോള്‍ ഭീതി മനസിനെ വേട്ടയാടി.



വൈകുന്നേരം കര്‍ണപ്രയാഗിലെത്തിയപ്പോള്‍ ടാക്‌സികള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. കടകള്‍ എല്ലാം തന്നെ അടച്ചുകഴിഞ്ഞിരുന്നു. തെരുവുകള്‍ വിജനമായിത്തുടങ്ങി. എത്ര രൂപ വേണമെങ്കിലും തരാമെന്ന് പറഞ്ഞിട്ടും ആരും ടാക്‌സി ഓടാന്‍ വരാത്ത അവസ്ഥ. ഒരു മണിക്കൂറോളം വിജനമായ ആ റോഡില്‍ കുത്തിയിരുന്നു. ശരിക്കും പെട്ടുവെന്ന് വിചാരിച്ച് നില്‍ക്കുമ്പോഴാണ് ഒരു ടാക്‌സി ജീപ്പ് വരുന്നത്. ജീപ്പില്‍ രണ്ടുപേര്‍ക്ക് ഇരിക്കാനുള്ള സ്ഥലമേയുള്ളൂ. ഞങ്ങള്‍ ഞങ്ങളുടെ ദയനിയാവസ്ഥ പറഞ്ഞു. ജോഷിമഠിന് 60 കിലോമീറ്ററോളം ദൂരമുള്ളതുകൊണ്ടു അയാള്‍ ജീപ്പിലുണ്ടായിരുന്ന രണ്ടുപേരെ അവിടെ ഇറക്കി ഞങ്ങളെ ജീപ്പില്‍ കയറ്റി. ഇപ്രാവശ്യം പിന്‍സീറ്റിലാണ് ഇടം കിട്ടിയത്. രാവിലെ മുതലുള്ള യാത്രക്ഷീണവും പിന്‍സീറ്റിലായതുകൊണ്ടുള്ള കുലുക്കവും എല്ലാം കൂടിയായപ്പോള്‍ വാളുവയ്ക്കുമെന്ന അവസ്ഥയിലായി. എങ്ങനെയെങ്കിലും ജോഷിമഠില്‍ എത്തിയാല്‍ മതിയെന്നായിരുന്നു ചിന്ത.




രാത്രിയായിട്ടും ഞങ്ങളെ കാണാത്തതുകൊണ്ട് ജോഷിമഠില്‍ താമസം ഒരുക്കിയിരുന്ന ജോണ്‍സണ്‍ അച്ചന്‍ എവിടെയെത്തിയെന്ന് അറിയാന്‍ വിളിച്ചുകൊണ്ടേയിരുന്നു. രാത്രി കരടിയും പുലിയും ഇറങ്ങുന്ന വഴിയായതുകൊണ്ടാണ് അച്ചന് ടെന്‍ഷന്‍. രാത്രിയായതുകൊണ്ട് ഞങ്ങളെ എത്രയും വേഗം ജോഷിമഠില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡ്രൈവര്‍ നല്ല വേഗത്തിലാണ് ജീപ്പ് ഓടിച്ചത്. അവസാനം രാത്രി വൈകി ഞങ്ങള്‍ ഹിമാലയത്തിലെ ഏറ്റവും പഴക്കം ചെന്ന പട്ടണത്തില്‍ കാലുകുത്തി. തണുപ്പുകാരണം എല്ലാവരും കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു. ജോണ്‍സണ്‍ അച്ചനൊപ്പം അത്താഴവും കഴിച്ച് കിടക്കയിലേക്കു ചായുമ്പോള്‍ ഹിമാലയന്‍ ഗ്രാമത്തിലെ ഹോളിയാഘോഷങ്ങള്‍ തുടങ്ങിയതിന്റെ ശബ്ദകോലാഹലങ്ങള്‍ മുഴങ്ങുന്നുണ്ടായിരുന്നു.
 
















No comments:

Post a Comment