Friday, 27 April 2018

ഓടിക്കോയെന്ന് കേട്ടതും ഞങ്ങള്‍ ചിതറിയോടി, പക്ഷേ..

ഹിമഗിരി ശൃംഗത്തിലേക്ക് -3

 

 ഉറക്കമുണര്‍ന്നയുടന്‍ പുറത്തിറങ്ങി നോക്കാനാണ് തോന്നിയത്. രാത്രിയില്‍ എത്തിയതിനാല്‍ പുറത്തെ അവസ്ഥ എന്താണെന്ന് അറിയാന്‍ കഴിഞ്ഞിരുന്നില്ല. പൂര്‍ണമായി തടിയില്‍ തീര്‍ത്ത ഒരു കെട്ടിടം ആയിരുന്നതിനാല്‍ അകത്ത് തണുപ്പുണ്ടായിരുന്നെങ്കിലും താങ്ങാന്‍ പറ്റുന്നതായിരുന്നു. വാതില്‍ തുറന്ന് പുറത്തിറങ്ങിയ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല..
ചുറ്റും മഞ്ഞുമൂടിക്കിടക്കുന്ന മലനിരകള്‍.. വേറൊരു ലോകത്ത് വന്നെത്തിപ്പെട്ടതുപോലെ.. കണ്ണെടുക്കാനേ കഴിഞ്ഞില്ല. അങ്ങനെ തന്നെ നിന്നു അവിടെ കുറെയേറെ നേരം. ഭൂമിയിലെ സ്വര്‍ഗം എന്നു വിശേഷിപ്പിക്കുന്നതാവും നല്ലത്. സമുദ്രനിരപ്പില്‍നിന്ന് 6150 അടി ഉയരത്തിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഇവിടെ ഇങ്ങനെയാണെങ്കില്‍ ഇനിയും മുകളിലേക്കു ചെല്ലുന്തോറും കാണാന്‍ പോകുന്ന കാഴ്ചകള്‍ എന്താവും എന്നോര്‍ത്ത് വണ്ടറടിച്ചു നിന്നുപോയി.


നിറങ്ങളുടെ ഉത്സവം


രാവിലെ ജോണ്‍സണ്‍ അച്ചന്‍ തന്നെ ഞങ്ങളുടെ മുഖത്ത് നിറങ്ങള്‍ തേച്ചു ഹോളി ആഘോഷത്തിനു തുടക്കമിട്ടു. അച്ചന്റെ ആവേശം ഞങ്ങളും ഏറ്റെടുത്തു. പരസ്പരം മുഖത്ത് ചായം പൂശി ഞങ്ങളും ആഘോഷം തുടങ്ങി. ഗ്രാമഭംഗി ആസ്വദിക്കാനും സ്ഥലങ്ങള്‍ കാണിച്ചു തരാനും അച്ചനും ഞങ്ങള്‍ക്കൊപ്പം കൂടി. മലയിടുക്കുകളില്‍ തീപ്പെട്ടിക്കൂടുകള്‍ അടുക്കിവച്ചിരിക്കുന്നതു പോലെ നിരനിരയായി ചെറിയ വീടുകള്‍. പരന്ന ആകൃതിയിലുള്ള കല്ലുകള്‍ അടുക്കിയാണ് പഴയ മിക്ക വീടുകളുടെയും മേല്‍ക്കൂരകള്‍ നിര്‍മിച്ചിരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയെ പ്രതിരോധിക്കാനുള്ള മാര്‍ഗമാണ് ഇത്. ഒരു വീട്ടില്‍ തന്നെ രണ്ടും മൂന്നും കുടുംബങ്ങള്‍ വരെ താമസിക്കുന്നുണ്ട്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ നിറങ്ങളുടെ ഉത്സവം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. കുട്ടികള്‍ വര്‍ണ്ണപ്പൊടികള്‍ വാരിയെറിയുകയും നിറങ്ങള്‍ വെള്ളത്തില്‍ കലക്കി പരസ്പരം എറിഞ്ഞ് കളിക്കുമ്പോള്‍ കുടുംബത്തിലെ മുതിര്‍ന്ന ആണുങ്ങള്‍ എല്ലാം മദ്യലഹരിയിലാണ്. സ്ത്രീകളാകട്ടെ ഒരുമിച്ച് കൂടി പാട്ടും ഡാന്‍സുമായി ഇരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും വരെ ആഘോഷം തകൃതിയായി നടക്കുന്നു. ഞങ്ങളങ്ങനെ എല്ലാകാഴ്ചകളും കണ്ട് അച്ചനോടൊത്ത് പൊതുനിരത്തിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു നിറമഴപെയ്തു. അച്ചന്‍ ഓടിക്കോയെന്ന് വിളിച്ചു പറഞ്ഞതും ഞങ്ങള്‍ ചിതറിയോടി. പിന്നെയാണ് മനസിലാകുന്നത് കുട്ടികള്‍ വീടിന്റെ മുകളില്‍ ഒളിച്ചിരുന്ന് താഴെക്കൂടെ പോകുന്നവരുടെ മേല്‍ നിറം കലക്കിയ വെള്ളം ഒഴിക്കുന്നതാണെന്ന്. പലപ്പോഴും ഓടിമാറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എല്ലാവരും നിറങ്ങളില്‍ കുളിച്ചു.

ഹോളികയും ഗുജിയയും

 

ഹോളിയുടെ അന്നേദിവസം ഗുജിയ എന്ന പേരില്‍ ഒരു പലഹാരം എല്ലാ വീടുകളിലും ഉണ്ടാക്കും ഹോളി സ്‌പെഷ്യല്‍ വിഭവമാണ്. നമ്മുടെ നാട്ടില്‍ ഉണ്ടാക്കുന്ന മടക്കപ്പം പോലെയിരിക്കും. ഇതിനുള്ളില്‍ തേങ്ങയും മലരും പഞ്ചസാരയുമൊക്കെ മിക്‌സ് ചെയ്ത് നിറച്ച ഒരു വിഭവം. ഞങ്ങള്‍ സന്ദര്‍ശിച്ച വീടുകളില്‍ നിന്നെല്ലാം ഗുജിയ കഴിച്ചു. അച്ചനോടൊപ്പം അവിടെയുള്ള വീടുകളും സ്‌കൂളും കോണ്‍വെന്റും ഞങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം ഉച്ചയോടു കൂടി തിരിച്ചു വീട്ടിലെത്തി. ഉച്ചകഴിയുന്നതോടു കൂടി ഹോളിയാഘോഷത്തിന്റെ പരിസമാപ്തി എന്ന രീതിയില്‍ എല്ലാവരും കുളിച്ച് നിറങ്ങളൊക്കെ കഴുകിക്കളയും. അതോടുകൂടി ഹോളിയാഘോഷം അവസാനിച്ചു.
മൂന്ന് ലോകങ്ങള്‍ കീഴടക്കിയ ഹിരണ്യകശ്യപു മൂന്ന് ലോകത്തുള്ളവരും തന്നെ ആരാധിക്കണമെന്ന് ഉത്തരവിട്ടു. എന്നാല്‍ അഞ്ചരവയസുകാരന്‍ മകന്‍ പ്രഹ്ലാദന്‍ അച്ഛനെ അരാധിച്ചില്ല. ഇതില്‍ കലിപൂണ്ട ഹിരണ്യകശ്യപു മകനെ കൊല്ലാന്‍ ഉത്തരവിടുകയും വിഷ്ണുഭക്തനായ പ്രഹ്ലാദനെ ആര്‍ക്കും കൊല്ലാന്‍ സാധിക്കാതെ വരുകയും ഒടുവില്‍ ഹിരണ്യകശ്യപു സഹോദരി ഹോളികയുടെ സഹായം തേടുകയും ചെയ്തു. ഹോളിക അഗ്നിക്കിരയാകില്ല എന്ന വരം ഉപയോഗിച്ച് പ്രഹ്ലാദനുമായി തീയില്‍ ചാടുകയും തെട്ടടുത്ത നിമിഷം ഹോളിക കത്തിയെരിയുകയും പ്രഹ്ലാദന്‍ രക്ഷപ്പെട്ടുവെന്നുമാണ് ഐതിഹ്യം. ഹോളിക കത്തിയെരിഞ്ഞതിന്റെ പ്രതീകമായിട്ടാണ് ഹോളിയുടെ തലേന്ന് രാത്രി വിറകുകള്‍ക്കൂട്ടി തീ കത്തിക്കുകയും പിറ്റേന്ന് നിറങ്ങള്‍ വാരിയെറിഞ്ഞ് സന്തോഷം പങ്കുവയ്ക്കുകയും ചെയ്യുന്നത്.

രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല


വൈകുന്നേരത്തോടുകൂടി ഗ്രാമം നിശബ്ദമായി. ഞങ്ങള്‍ അലക്കും കുളിയും കഴിഞ്ഞ് മുറ്റത്ത് ഒരുമിച്ചുകൂടി. ഈ വീടിന് ഒരു പ്രത്യേകതകൂടിയുണ്ട്. ഇത് വീടുമാത്രമല്ല ചെറിയകുട്ടികള്‍ പഠിക്കുന്ന സ്‌കൂളും ഗ്രാമത്തിലുള്ളവര്‍ക്കുള്ള പള്ളിയും ഉണ്ട് ഇതിനകത്ത്. പുറത്തുനിന്ന് നോക്കുമ്പോള്‍ ചെറിയ ഒരു ഒരുനിലവീടാണെങ്കിലും നിരവധി മുറികളും നടുമുറ്റവുമുള്ള ഒരു രണ്ടുനില വീടാണിത്. ചീറിയടിച്ച് പോകുന്ന കാറ്റില്‍ തണുപ്പ് ജാക്കറ്റ് തുളച്ച് അകത്ത് കയറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. സന്ധ്യയാകാന്‍ ഇനിയും നാഴികകള്‍ മിച്ചമുള്ളതുകൊണ്ട് ശ്രീശങ്കരാചര്യരുടെ ആശ്രമവും അദ്ദേഹത്തിന് ബോധജ്ഞാനം കിട്ടിയ കല്‍പ്പവൃക്ഷച്ചുവടും കാണാന്‍ പോയി. റോഡുകള്‍ വിജനവും കടകള്‍ അടഞ്ഞും കിടന്നു. തണുപ്പിന്റെ കാഠിന്യവും നിശബ്ദതയുടെ ആഴവും കൂടിക്കൂടി വന്നു. ബദരിനാഥ് മഞ്ഞില്‍ മൂടിക്കിടക്കുമ്പോള്‍ പകരം അവിടുത്തെ പൂജകള്‍ നടക്കുന്ന നരസിംഹമന്ദിരിലും പോയി വന്നതോടെ രാത്രിയുടെ കരിനിഴല്‍ പാതകളില്‍ കറുത്ത് കിടന്നു. കരടി ഇറങ്ങുന്ന സ്ഥലമായതുകൊണ്ട് ഗ്രാമീണര്‍ രാത്രി കറങ്ങി നടക്കരുതെന്ന മുന്നറിയിപ്പ് തന്നു. ജീവിതത്തിലിന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ഗ്രാമത്തില്‍.. നാളിതുവരെ കണ്ടിട്ടില്ലാത്ത ആളുകളുമൊത്തു.. ഒരിക്കല്‍ പോലും ആഘോഷിച്ചിട്ടില്ലാത്ത ഹോളി ആഘോഷിച്ചതിന്റെ സന്തോഷവും ആവേശവും മനസിലിട്ട് കിടക്കുമ്പോള്‍ ഞങ്ങള്‍ക്ക് ആ രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല.




അച്ചനെക്കുറിച്ച് പറഞ്ഞില്ലല്ലോ...


അച്ചനും സിസ്റ്റേഴ്‌സും പിന്നെ ഞങ്ങളും

ജോണ്‍സണ്‍ അച്ചന്റെ വീട് കണ്ണൂരിലാണ്. ബിജ്‌നോര്‍ രൂപതയിലെ വൈദികനാണ് അദ്ദേഹം. ജോഷിമഠില്‍ രൂപതയുടെ കീഴില്‍ ഒരു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട് അതിന്റെ മനേജരാണ് അച്ചന്‍. ഇച്ചായന്‍ മുമ്പ് ഹിമാലയത്തില്‍ വന്നപ്പോള്‍ ഈ വീട്ടിലാണ് താമസിച്ചത്. ആ പരിചയമാണ് ഞങ്ങള്‍ക്ക് വീണ്ടും താമസം ഒരുക്കിതന്നത്.



ജോഷിമഠ്



ഹിമാലയത്തിലെ ഏറ്റവും പഴക്കംചെന്ന പട്ടണമാണ് ജോഷ്മഠ്. ബദരിനാഥ് തീര്‍ഥാടകരുടെ വിശ്രമകേന്ദ്രം. ശ്രീശങ്കരാചാര്യര്‍ക്ക് ബോധോദയമുണ്ടായ കല്‍പ്പവൃക്ഷവും ബദരിനാഥ് ക്ഷേത്രം മഞ്ഞില്‍ മൂടിക്കിടക്കുന്ന ആറു മാസം പകരം പൂജകള്‍ നടത്തുന്ന നരസിംഹക്ഷേത്രവും ഈ പട്ടണത്തിനുള്ളിലാണ്. ഏഷ്യയിലെ ഏറ്റവും നീളംകൂടിയ റോപ് വേ (4കി.മി) ഇവിടെനിന്നാണ് തുടങ്ങുന്നത്.


താമസം

  • നിരവധി ലോഡ്ജുകളും ഹോട്ടലുകളുമുണ്ടിവിടെ. 300രൂപ മുതല്‍ 5,000 രൂപയ്ക്കുവരെ മുറികള്‍ കിട്ടും. കുളിക്കാന്‍ ചൂടുവെള്ളം ലഭിക്കുന്ന ഇടമാണോയെന്ന് അന്വേഷിച്ച ശേഷം മുറി എടുക്കുക.

ഭക്ഷണം

  • ഔഷധഗുണമുണ്ടെന്നു പറയപ്പെടുന്ന ഹിമാലയന്‍ ആടിന്റെ ഇറച്ചി ഇവിടത്തെ സ്‌പെഷല്‍ കറിയാണ്. രുചിച്ചുനോക്കാന്‍ മറക്കരുത്.


അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍


  • ഓലി
  • തപോവന്‍
  • ശ്രീശങ്കരാചര്യ ആശ്രമം(കല്‍പവൃഷം)
  • നരസിംഹമന്ദിര്‍
  • ഹേമകുണ്ട്
  • വാലി ഓഫ് ഫ്‌ളവേഴ്‌സ്

ശ്രിദ്ധിക്കേണ്ടവ


  • എല്ലാവിധ സാധനങ്ങള്‍ക്കും ഇവിടെ അല്‍പം വിലക്കൂടുതലാണ്. ഇവിടെ എത്തിയിട്ട് വങ്ങാമെന്ന് വിചാരിച്ചാല്‍ കീശകാലിയാകും. 
  • ഹിമാലയം,സന്യാസം,സന്യാസി തുടങ്ങിയ കളറുപിടിച്ച കഥകള്‍ കേട്ടിട്ട് അവരുടെ അടുക്കല്‍ പോയാല്‍ എട്ടിന്റെ പണിയായിരിക്കും നിങ്ങളെ കാത്തിരിക്കുക. ഹിമാലയത്തിലെ ഭൂരിഭാഗം സന്യസിമാരും സത്യത്തില്‍ പിടിച്ചുപറിക്കാരും ഗുണ്ടകളുമാണ്.


 
ഗ്രാമത്തിലൂടെ 




കുട്ടിപ്പട്ടാളം ആക്രമിക്കാന്‍ നില്‍ക്കുന്നു

 

 



ചായക്കട

 

 

 

രാകേഷ് ഓണ്‍ ഡ്യൂട്ടി

 

 

 


വീടിനുള്ളില്‍

 

 

 

 വീട്, സ്‌കൂള്‍, പള്ളി മൂന്നും ചേര്‍ന്നുള്ള ഭവനം

 

 

 

തടികൊണ്ടുള്ള മൂന്നുനില വീട്

 

 

 

ഐസ് മഴ

 

 

 

 പുതിയ കൂട്ടുകാരി

 

 

 

ആശ്രമത്തിലേയ്ക്ക്

 

 

 

കല്‍പവൃക്ഷച്ചുവട്ടില്‍

 

 

 

അമ്പലത്തില്‍

 

 

 

 അച്ചന്റെ പാചകക്കാരന്‍ ഗിരീഷ്

 

 



No comments:

Post a Comment