സാഹസികസഞ്ചാരികളുടെ ഇഷ്ടയിടമാണ് ഹിമാലയം. വിവിധ വഴികളിൽ ഹിമാലയം കയറാമെങ്കിലും ദേവഭൂമിയെന്ന് അറിയപ്പെടുന്ന ഉത്തരാഖണ്ഡ് വഴിയുള്ള യാത്രയിൽ എന്തൊക്കെ കാഴ്ചകളാണ് സഞ്ചാരികൾക്കായി കാത്തിരിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. ദേവഭൂമിയെങ്കിലും ഹിമാലയൻ യാത്രയെ തീർഥാടനമെന്നു പറയാൻ കഴിയില്ല. ഇന്ത്യയിലെ ഏറ്റവും വലിയ സാഹസിക വിനോദകേന്ദ്രം മുതൽ ആറു മാസം മഞ്ഞിനടിയിൽ ഉറങ്ങുന്ന ഇന്ത്യൻ ഗ്രാമം വരെയുണ്ട് ഈ വഴിയിൽ. തീർഥാടകർക്കും സാഹസികർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഹിമാലയൻ യാത്രയെക്കുറിച്ച്...
ഹരിദ്വാർ
ഹരിദ്വാർ എന്നതിന്റെ സംസ്കൃത അർഥം വിഷ്ണുവിലേക്കുള്ള കവാടം എന്നാണ്. വിഷ്ണുവിന്റെ ഇടമായി ഹിന്ദുമത വിശ്വാസികൾ കരുതപ്പെടുന്ന ബദരിനാഥ് ക്ഷേത്രത്തിലേക്കുള്ള വഴി ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏഴു പുണ്യസ്ഥലങ്ങളിൽ ഒന്നാണ് ഹരിദ്വാർ. 12 വർഷത്തിലൊരിക്കൽ ഇവിടെ കുംഭമേള നടക്കാറുണ്ട്. ഹരിദ്വാറിൽ ഗംഗയിൽ നടത്തുന്ന ആരതി എന്ന ആരാധന പ്രസിദ്ധമാണ്. പ്രധാന സ്നാനഘട്ടമായ ഹർ കി പൗരീ (ഹരിപാദം) അഥവാ ബ്രഹ്മകുണ്ഡത്തിലാണ് പൂജകൾ നടക്കുക. ഇവിടെ സ്നാനംചെയ്താൽ പാപമോചനമുണ്ടാകുമെന്നും മുക്തി ലഭിക്കുമെന്നുമാണ് ഹിന്ദുമത വിശ്വാസം.
ഋഷികേശ്
ഇന്ത്യയിൽ സാഹസികവിനോദങ്ങൾക്ക് പേരുകേട്ട ഇടമാണ് ഋഷികേശ്. റിവർ റാഫ്റ്റിംഗ്, കയാക്കിംഗ്, ട്രെക്കിംഗ്, ക്യാന്പിംഗ്, ബങ്കി ജംപിംഗ് തുടങ്ങിയ സാഹസികവിനോദങ്ങൾ ഇവിടെയുണ്ട്. ഋഷികേശിലെ പ്രധാനപ്പെട്ട രണ്ടു തൂക്കുപാലങ്ങളാണ് ലക്ഷ്മണ് ജൂളയും രാം ജൂളയും. ടേഹ്രി -പൗരി എന്നീ ജില്ലകളെ ബന്ധിപ്പിച്ചിരിക്കുന്ന പാലം കൂടിയാണ് ലക്ഷ്മണ് ജൂള. ഗംഗയ്ക്കു കുറുകെ ചണക്കയറിലൂടെ രാമന്റെ സഹോദരനായ ലക്ഷ്മണൻ കടന്നുപോയിട്ടുണ്ടെന്ന വിശ്വാസത്തിന്മേലാണ് ഈ പേരു പാലത്തിന് ലഭിച്ചത്. ലക്ഷ്മണ് ജൂള പോലെ തന്നെ പ്രശസ്തമായ മറ്റൊരു തൂക്കുപാലമാണ് രാം ജൂള. ശിവാനന്ദ ആശ്രമവും സ്വർഗാശ്രമവും തമ്മിൽ ബന്ധിപ്പിക്കാനാണ് ഈ പാലം നിർമിച്ചിരിക്കുന്നത്.
ദേവപ്രയാഗ്
ഹിമാലയത്തിലെ നന്ദാദേവി കൊടുമുടിയിൽനിന്നുള്ള ഹിമനദിയിൽനിന്നും ഉദ്ഭവിക്കുന്ന അളകനന്ദയും ഗംഗോത്രി ഹിമാനിയിലെ ഗോമുഖിൽനിന്ന് ഉദ്ഭവിക്കുന്ന ഭാഗീരഥിയും കൂടിച്ചേർന്ന് ഗംഗാനദി രൂപം കൊള്ളുന്നിടമാണ് ദേവപ്രയാഗ്. നിരവധി വിദേശസഞ്ചാരികൾ എത്തുന്ന ഒരു സ്ഥലംകൂടിയാണിത്.
യമുനോത്രി
യമുനാനദിയുടെ ഉദ്ഭവസ്ഥാനമാണ് യമുനോത്രി. ഹിന്ദുമത വിശ്വാസപ്രകാരം ദൈവങ്ങളുടെ ഇരിപ്പിടമാണിവിടം.
ഗംഗോത്രി
ഗംഗാനദിയുടെ ഉദ്ഭവം ഇവിടെനിന്നാണ്. ഗോമുഖ് മഞ്ഞുമലയിൽനിന്നാണ് നദി പുറപ്പെടുന്നത്. ഗംഗാനദി ആരംഭത്തിൽ ഭാഗീരഥി എന്ന പേരിലും ദേവപ്രയാഗിൽ എത്തി അളകനന്ദ നദിയുമായി കൂടിച്ചേരുന്പോൾ ഗംഗയെന്ന പേരിലും ഒഴുകുന്നു. ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് ഇവിടം സന്ദർശിക്കാൻ അനുയോജ്യമായ സമയം. മറ്റു മാസങ്ങളിൽ ഇവിടം മഞ്ഞാൽ മൂടപ്പെടും.
തുംഗനാഥ്
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് തുംഗനാഥ്. സമുദ്രനിരപ്പിൽനിന്ന് 3860 മീറ്റർ ഉയരത്തിലാണ് ഈ ക്ഷേത്രം. തുംഗനാഥ് എന്ന വാക്കിന് അർഥം ഏറ്റവും ഉയരത്തിലുള്ള ദേവൻ എന്നാണ്. ചാന്ദ്രശിലാ കൊടുമുടിക്കു താഴെയാണ് 1000 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന തുംഗനാഥ് ക്ഷേത്രത്തിന്റെ സ്ഥാനം. ഹിമാലയത്തിലെ മറ്റിടങ്ങൾ പോലെ കീഴ്ക്കാംതൂക്കായ മലനിരകളല്ല ഇവിടം. പുൽമേടുകളും വൃഷങ്ങളും നിറഞ്ഞ സ്ഥലമാണിത്. 360 ഡിഗ്രി കാഴ്ചകൾ കാണാവുന്ന ഇവിടത്തെ സൂര്യോദയം വളരെ പ്രശസ്തമാണ്.
ചോപ്റ്റ
സമുദ്രനിരപ്പിൽനിന്ന് 8790 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ചോപ്റ്റ പ്രശസ്തമായ ട്രെക്കിംഗ് കേന്ദ്രമാണ്. മിനി സ്വിറ്റ്സർലൻഡ് എന്നു വിളിപ്പേരുള്ള ഇവിടം കരടി, ഹിമാലയൻ കസ്തൂരിമാൻ തുടങ്ങിയ മൃഗങ്ങൾ വസിക്കുന്ന നിത്യഹരിതവനമാണ്. മഞ്ഞിൽ പൊതിഞ്ഞ പൈൻകാടുകൾക്കിടയിലൂടെയുള്ള ട്രെക്കിംഗിനും മറ്റു സാഹസിക വിനോദങ്ങൾക്കും നിരവധി സഞ്ചാരികൾ എത്താറുണ്ട്.
ഓലി
ഹിമാലയൻ മലനിരകളിലെ പ്രധാന സ്കീയിംഗ് കേന്ദ്രമാണ് ഓലി. ഏഷ്യയിലെ ഏറ്റവും നീളംകൂടിയ റോപ് വേ (നാലു കിലോമീറ്റർ) അവസാനിക്കുന്നത് ഓലിയിലാണ്. സ്കീയിംഗ് കൂടാതെ വളരെ പ്രശസ്തമായ ട്രെക്കിങ് റൂട്ടും ഇവിടെയുണ്ട്. ഇന്തോ-ടിബറ്റൻ അതിർത്തിരക്ഷാസേനയുടെ ട്രെയിനിംഗ് കേന്ദ്രവും ഇവിടെയാണ്. അപ്രതീക്ഷിത കാലാവസ്ഥാവ്യതിയാനങ്ങൾക്കു പേരുകേട്ട ഓലി മഞ്ഞിടിച്ചിൽ മൂലമുണ്ടാകുന്ന അപകടങ്ങൾക്കു കുപ്രസിദ്ധിയാർജിച്ചതാണ്.
രൂപകുണ്ട്
നിഗൂഢതയുടെ തടാകം, അസ്ഥികൂടങ്ങളുടെ തടാകം എന്നിങ്ങനെയാണ് രൂപകുണ്ട് അറിയപ്പെടുന്നത്. 1942ൽ അഞ്ഞൂറിലധികം മനുഷ്യാസ്ഥികൂടങ്ങൾ ഇവിടെ കണ്ടെത്തുകയുണ്ടായി. പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടക്കാറുള്ള നന്ദാദേവി ജാട്ട് ഉത്സവത്തിന് തീർഥാടകർ പോകാറുള്ള വഴിയിലാണ് ഈ തടാകം.കേദാർനാഥ്
ശ്രീശങ്കരാചര്യർ സ്ഥാപിച്ച ക്ഷേത്രങ്ങളിൽ ഒന്നാണ് കേദാർനാഥ്. ശിവനാണ് ഇവിടത്തെ പ്രതിഷ്ഠ. മന്ദാകിനി നദിയുടെ ഉദ്ഭവസ്ഥാനം കൂടിയാണ്.
കല്പേശ്വരം
12 മാസവും പൂജനടക്കുന്ന ഹിമാലയത്തിലെ ഏക ശിവക്ഷേത്രമാണ് കല്പേശ്വരം. ഇത് മറ്റു ഹിമാലയൻ ശിവക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഗുഹാക്ഷേത്രമാണ്. ശ്രീശങ്കരാചാര്യരുടെ ശിഷ്യരായ കർണാടക സ്വദേശികളാണ് ഇവിടത്തെ പൂജാരികൾ.
ജോഷ്മഠ്
ഹിമാലയത്തിലെ ഏറ്റവും പഴക്കംചെന്ന പട്ടണമാണ് ജോഷ്മഠ്. ബദരിനാഥ് തീർഥാടകരുടെ വിശ്രമകേന്ദ്രം. ശ്രീശങ്കരാചാര്യർക്ക് ബോധോദയമുണ്ടായ കൽപ്പവൃക്ഷവും ബദരിനാഥ് ക്ഷേത്രം മഞ്ഞിൽ മൂടിക്കിടക്കുന്ന ആറു മാസം പകരം പൂജകൾ നടത്തുന്ന നരസിംഹക്ഷേത്രവും ഈ പട്ടണത്തിനുള്ളിലാണ്. ഏഷ്യയിലെ ഏറ്റവും നീളംകൂടിയ റോപ് വേ ഇവിടെനിന്നു തുടങ്ങുന്നു.
ജോതിർമഠ്
ശ്രീശങ്കരാചാര്യർ സ്ഥാപിച്ച ആശ്രമമാണ് ജോതിർമഠ്. മരച്ചുവട്ടിലിരുന്ന് ധ്യാനിച്ചപ്പോൾ ശങ്കരാചാര്യർക്ക് ബോധോദയമുണ്ടായി എന്നു പറയപ്പെടുന്ന കല്പവൃക്ഷത്തിന്റെ സ്ഥാനം ഈ ആശ്രമത്തിനു താഴെയാണ്. വൃക്ഷത്തിനടിയിലുള്ള ഗുഹയിലായിരുന്നു ശങ്കരാചാര്യർ താമസിച്ചിരുന്നത്.
തപോവൻ
ഭൂമിക്കടിയിൽനിന്ന് ചൂടു നീരുറവ പുറത്തേക്ക് പ്രവഹിക്കുന്ന സ്ഥലമാണ് തപോവൻ. തിളച്ചു മറിയുന്ന ജലം താഴെ നദിയിൽ പതിക്കുന്നു. സഞ്ചാരികൾ ഈ ജലത്തിൽ മുട്ട പുഴുങ്ങുകയും തോർത്തിൽ കെട്ടി അരി വേവിക്കുകയും ചെയ്യാറുണ്ട്.
വാലി ഓഫ് ഫ്ലവേഴ്സ്
പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന ഇവിടം ലോകപ്രശസ്തമാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ വാലി ഓഫ് ഫ്ലവേഴ്സും ഇടംപിടിച്ചിട്ടുണ്ട്. 89 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഉദ്യാനത്തിൽ മുന്നൂറിലധികം ഇനത്തിൽപ്പെട്ട കാട്ടുപൂച്ചെടികൾ വളരുന്നു. ഹിമപ്പുലി, ഹിമാലയൻ കരടി, കസ്തൂരിമാൻ തുടങ്ങി നിരവധി മൃഗങ്ങളുടെ വാസസ്ഥലം കൂടിയാണിവിടം. പൂക്കൾ വിരിയുന്നത് ജൂലൈ - സെപ്റ്റംബർ കാലയയളവിൽ.ഹേമ്കുണ്ട്
സിക്ക് മതവിശ്വാസികളുടെ പുണ്യസ്ഥലമാണ് ഹേമ്കുണ്ട്. ഹേമ്കുണ്ട് സാഹിബ് ജിയുടെ ഗുരുദാരയാണ് ഇവിടുത്തെ പ്രത്യേകത. 4632 മീറ്റര് ഉയരത്തിലാണ് ഈ ഗുരുദാര സ്ഥിതി ചെയ്യുന്നത്. വാലി ഓഫ് ഫ്ളാവേഴ്സ് ദേശീയോദ്യാനത്തിലേയ്ക്ക് ഇവിടെ നിന്ന് അഞ്ച് കിലോമീറ്റര് ദൂരമോള്ളൂ.
ബദരിനാഥ്
ഹിമാലയത്തിലെ ഏറ്റവും പ്രശസ്തമായതും വർഷത്തിൽ ആറു മാസം മഞ്ഞുമൂടിക്കിടക്കുന്നതുമായ ക്ഷേത്രമാണ് ബദരിനാഥ്. ശ്രീശങ്കരാചാര്യർ പ്രതിഷ്ഠ നടത്തിയ ഈ വിഷ്ണുക്ഷേത്രത്തിലെ പ്രധാന പൂജാരി മലയാളിയായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. റാവിൻജീ എന്ന പേരിൽ അറിയപ്പെടുന്ന പൂജാരിക്ക് ഇവിടെ രാജാവിന്റെ സ്ഥാനമാണ്. മഞ്ഞിൽ മൂടിക്കിടക്കുന്ന ആറു മാസം ഈ ക്ഷേത്രം ഇന്ത്യൻ സൈന്യത്തിന്റെ കാവലിലായിരിക്കും. സൂര്യകുണ്ട് എന്നപേരിൽ അറിയപ്പെടുന്ന ചൂട് നീരുറവയും ക്ഷേത്രത്തിന് താഴെയായുണ്ട്. ഇതിൽ കുളിക്കാനുള്ള സൗകര്യമുണ്ട്.
മന
അവസാന ഇന്ത്യൻ ഗ്രാമം എന്ന പേരിൽ പ്രശസ്തമാണ് മന. വർഷത്തിൽ ആറു മാസം മഞ്ഞിനടിയിലാകുന്ന ഈ ഗ്രാമത്തിലാണ് വ്യാസഗുഹ. വ്യാസൻ മഹാഭാരതം രചിച്ചത് ഈ ഗുഹയിൽ വച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. ആറു മാസക്കാലമേ മനയിൽ മനുഷ്യവാസമുള്ളൂ.
വസുന്ധര വെള്ളച്ചാട്ടം
മന ഗ്രാമത്തിൽനിന്ന് ആറു കിലോമീറ്റർ ദൂരത്തിലാണ് വസുന്ധര വെള്ളച്ചാട്ടം. 400 അടി ഉയരത്തിൽനിന്ന് പതിക്കുന്ന വെള്ളച്ചാട്ടത്തിലെ വെള്ളത്തിന് ഒൗഷധഗുണമുണ്ടെന്നു പറയപ്പെടുന്നു. ആറു കിലോമീറ്റർ നടന്നുവേണം വെള്ളച്ചാട്ടത്തിന് അരികിലെത്താൻ.
നന്ദാദേവി
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് നന്ദാദേവി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ 23-ാം സ്ഥാനവും. നിരവധി ഹിമാവൃത കൊടുമുടികളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്ന നന്ദാദേവി പർവതമേഖലയെ 1982ൽ ഇന്ത്യാ ഗവണ്മെന്റ് നന്ദാദേവി ജൈവമണ്ഡലമായി പ്രഖ്യാപിച്ചു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടം നേടിയിട്ടുണ്ട്. കീഴ്ക്കാംതൂക്കായ പാർശ്വഭാഗങ്ങളും അഗാധതാഴ്വരകളും കാരണം ലോക കൊടുമുടികളിൽ ഏറ്റവും ദുഷ്കരമായ കൊടുമുടിയെന്ന പേരും നന്ദാദേവിക്കുണ്ട്.എങ്ങനെയെത്താം
കേരളത്തിൽനിന്ന് ഡൽഹി/ഡറാഡൂണ് ട്രെയിൻ അല്ലെങ്കിൽ വിമാനമാർഗം വഴി. തുടർന്ന് ബസ്, ട്രെയിൻ, ഷെയർ ടാക്സി മുതലായവ വഴി ഹരിദ്വാറിൽ എത്താം. ഹരിദ്വാറിൽനിന്ന് ബദരിനാഥിലേക്കുള്ള അവസാന ബസ് രാവിലെ 7.15 പുറപ്പെടും. ഹരിദ്വാറിൽനിന്ന് ഹിമാലയത്തിലെ പല സ്ഥലങ്ങളിലേക്കും ഷെയർ ടാക്സികൾ കിട്ടും. ഇവരെ സമീപിച്ചാൽ പോകേണ്ട ഇടങ്ങളിലേക്ക് ഷെയർ ടക്സികൾ കണക്ട് ചെയ്തു തരും. ടാക്സി വിളിച്ചാണ് പോകുന്നതെങ്കിൽ തുക പറഞ്ഞുറപ്പിച്ച ശേഷം മാത്രം വാഹനത്തിൽ കയറുക. തുംഗനാഥ്, മന, വാലി ഓഫ് ഫ്ലവേഴ്സ്, വസുന്ദര വെള്ളച്ചാട്ടം, രൂപകുണ്ട്, നന്ദാദേവി തുടങ്ങിയ പലയിടങ്ങളിലും എത്താൻ കിലോമീറ്ററുകൾ കാൽ നടയായി സഞ്ചരിക്കണം. ഏറ്റവും ചുരുങ്ങിയ ദൂരം നാലു കിലോമീറ്ററും കൂടിയത് 20 കിലോമീറ്ററുമാണ് നടക്കാനുള്ള ദൂരം.
താമസം
പ്രധാന ചെറുപട്ടണങ്ങളിൽ എല്ലാം ഹോട്ടലുകൾ ഉണ്ട്. 300 രൂപ മുതൽ 5,000 രൂപയ്ക്കു വരെ മുറികൾ കിട്ടും. ചൂടുവെള്ളം ലഭിക്കുന്ന ഹോട്ടലാണോയെന്ന് അന്വേഷിച്ച ശേഷം മുറികൾ എടുക്കുക.
ഭക്ഷണം
ഹിമാലയം കയറുമ്പോള് ശ്രദ്ധിക്കുക
- ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് ഹിമാലയൻ യാത്രയ്ക്ക് അനുയോജ്യ സമയം.
- മഞ്ഞുവീഴ്ച കാണാൻ ഡിസംബറിലും മഞ്ഞിൽ കളിക്കാൻ ഫെബ്രുവരിയിലും പോകുന്നതാണ് നല്ലത്.
- ഉയരം കൂടുന്തോറും പ്രാണവായു കുറഞ്ഞുവരും. ഉറക്കത്തിലോ കൊടുമുടികൾ കയറുന്പോഴോ ശ്വാസതടസം ഉണ്ടായാൽ ഭയപ്പെടരുത്.
- പ്രാണവായുവിന്റെ കുറവു മൂലം ശ്വാസതടസം, തലകറക്കം, ഛർദി, തലവേദന, തലയ്ക്ക് പുറകിൽ വേദന എന്നിവ അനുഭവപ്പെടാം.
- തലവേദന, വയറിളക്കം, ജലദേഷം തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളും മോയ്സ്ചറൈസിംഗ് ക്രീമുകളും കരുതുന്നത് നല്ലതാണ്.
- വെള്ളവും ആഹാരവും എപ്പോഴും കൈയിൽ കരുതുക. ഡ്രൈ ഫ്രൂട്ട്സ് എടുക്കുന്നതാണ് നല്ലത്.
- ജാക്കറ്റ്, ട്രെക്കിംഗ് ഷൂ, കൈയുറ, സണ്ഗ്ലാസ്, ട്രെക്കിംഗ് സ്റ്റിക്ക് എന്നിവ കൊടുമുടി കയറുന്പോൾ ഉറപ്പായും കരുതണം.
- ഒരിക്കലും പരസ്പരം മത്സരിച്ച് കൊടുമുടി കയറാൻ ശ്രമിക്കരുത്. നമ്മുടെ മത്സരം മഞ്ഞുമലയോടാകണം, മനുഷ്യരോടാകരുത്.
- മഞ്ഞുമലകാണുന്പോൾ ഭംഗി തോന്നുമെങ്കിലും അപകടങ്ങൾ പതിയിരിപ്പുണ്ട്. ഒാരോ അടിയും സൂക്ഷിച്ചുവേണം മുന്നോട്ടുവയ്ക്കാൻ.
- ഹിമാലയത്തിൽ കാലാവസ്ഥ പെട്ടെന്നു മാറിമറിയും. മഞ്ഞിടിച്ചിലിനുവരെ സാധ്യതയുണ്ട്.
- അവശ്യമുള്ള സാധനങ്ങൾ മാത്രം യാത്രയ്ക്കു പോകുന്പോൾ കരുതുക. ബാഗിനു കനം കൂടുന്തോറും മഞ്ഞുമല കയറാനുള്ള ആവേശം കുറയും.
No comments:
Post a Comment