ഹിമഗിരി ശൃംഗത്തിലേക്ക് -4
നിരവധി തവണ ട്രക്കിംങ് നടത്തിയിട്ടുണ്ടെങ്കിലും മഞ്ഞിലൂടെയുള്ള ട്രക്കിംങ് ഇതാദ്യമായിട്ടാണ്. 10കിലോമീറ്ററോളം നടക്കേണ്ടതുള്ളതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ചെറിയൊരു ഉത്കണ്ഠ മനസിലുണ്ടായിരുന്നു.
മഞ്ഞില്‍ കളിക്കണം എന്നത് ജീവിതാഭിലാഷമായി കൊണ്ടു നടന്നിരുന്ന രാകേഷ് ചേട്ടന് എന്തുവന്നാലും പിന്മാറില്ല എന്ന് പറഞ്ഞു കട്ടയ്ക്ക് നിന്നപ്പോള്‍ ഉത്കണ്ഠ താനെമാറി. ഹിമാലയത്തിലെ മഞ്ഞുമലയായ ഓലിയിലേക്കായിരുന്നു ട്രക്കിംങ്. നിറങ്ങള്‍ നിറഞ്ഞു കിടക്കുന്ന വഴികളിലൂടെയാണ് മഞ്ഞുമലയിലേക്കുള്ള യാത്ര തുടങ്ങിയത്. തലേ ദിവസത്തെ ഹോളിയാഘോഷം ജോഷിമഠ് ഗ്രാമത്തെ വിവിധ നിറങ്ങളില്‍ പുതപ്പിച്ചട്ടുണ്ട്. റോഡിലും വീടുകള്‍ക്ക് മുന്നിലും എന്തിന് തെരുവില്‍ അലയുന്ന കന്നുകാലികളിലും വരെ ഹോളിയുടെ നിറപ്പകര്‍ച്ച. ജോഷിമഠ് നഗരത്തില്‍ നിന്നു തന്നെയാണ് ഓലിയിലേക്കുള്ള റോപ്പ് വേ തുടങ്ങുന്നത്. ആദ്യ ട്രിപ്പില്‍ തന്നെ പോകാനുള്ള ആവേശത്തില്‍ നടത്തത്തിന് വേഗം കൂട്ടി. കൊടും തണുപ്പില്‍ കിതച്ച് അവശരായി റോപ്പ് വേയുടെ ടിക്കറ്റ് കൗണ്ടറില്‍..
ഏഷ്യയിലെ ഏറ്റവും വലിയ റോപ്പ് വേയാണ് ജോഷിമഠില്‍ നിന്ന് ഓലിയിലേക്കുള്ളത്. മലമ്പുഴയില്‍ കാണുന്ന രണ്ടു പേര്‍ക്ക് ഇരിക്കാവുന്ന റോപ്പ് വേ അല്ലിവിടെ, ഒരു ട്രെയ്നിന്റെ ബോഗിയോട് സാമ്യമുള്ളതാണ് റോപ്പ് വേ. 750 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. നന്ദാദേവി കാടുകള്‍ക്ക് മുകളിലൂടെ മേഘങ്ങളെ തൊട്ടുരുമ്മി 20 മിനിട്ട് യാത്ര. 25പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ കഴിയുന്ന കേബിള്‍ കാര്‍ ആണ്. നാലുകിലോമീറ്ററിനുള്ളില്‍ 10 സ്റ്റേഷനുകളാണ് ഉള്ളത്. അതില്‍ എട്ടുമുതല്‍ പത്തുവരെയുള്ള സ്റ്റേഷനുകളിലെ ആളുകളെ ഇറക്കുകയുള്ളൂ. റോപ്പ് മുകളിലേക്ക് പോകുന്തോറും മഞ്ഞുമലകള്‍ വ്യക്തമായി കാണുവാന്‍ തുടങ്ങി. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ജോഷ്മഠിലെ സൈനിക ക്യാമ്പുകള്‍ ദൃശ്യമായി തുടങ്ങി. കരടിയും മാനും സുഖമായി വാഴുന്ന പൈന്‍ കടുകള്‍ക്ക് മുകളിലൂടെയാണ് റോപ് പോകുന്നത്. മഞ്ഞില്ലാത്തപ്പോള്‍ കൃത്രിമ മഞ്ഞ് ഉണ്ടാക്കി സ്കീയിംഗ് നടത്തുന്ന ഇടങ്ങളും ഇവിടെയുണ്ട്. ഇന്ത്യോ-ടിബറ്റന്‍ അതിര്‍ത്തി പോലീസിന്റെ ട്രെയ്നിംങ് ക്യാംപും ഓലിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന് സമീപമായി വലിയൊരു കൃത്രിമ തടകവും കാണാം.
മഞ്ഞുകൂമ്പാരങ്ങള്ക്ക് നടുവില്‍
കൃത്രിമ തടകവും കഴിഞ്ഞ് മഞ്ഞുമലയ്ക്ക് ചുവട്ടിലുള്ള പത്താമാത്തെ സ്റ്റേഷനില്‍ റോപ് വന്ന് നിന്നു. ഇവിടെ നിന്നാണ് ട്രക്കിംങ് സ്റ്റാര്‍ട്ട് ചെയ്യുന്നത്. കൂടെ റോപ്പില്‍ വന്നവര്‍ കൊച്ചു കൊച്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് നടപ്പ് ആരംഭിച്ചു. തണുപ്പില്‍ നിന്നു രക്ഷ നേടാനുള്ള ഗ്ലൗസും ഐസിലൂടെ തെന്നി നീങ്ങാനുള്ള ബൂട്ടുകളുമെല്ലാം ഇവിടെ ലഭിക്കും, വാടകയ്ക്കും സ്വന്തമായും വാങ്ങാം. കൈയുറ ഒഴികേയുള്ള വസ്തുക്കള്‍ ഞങ്ങള്‍ നേരത്തെ കരുതിയിരുന്നതിനാല്‍ കൈയുറ മാത്രമേ വാങ്ങിയുള്ളൂ. മഞ്ഞില്ലാത്ത വഴിയിലൂടെ മലകയറി കുറച്ചങ്ങ് നടന്ന് കഴിഞ്ഞപ്പോള്‍ തന്നെ മഞ്ഞുപുതച്ച് കിടക്കുന്ന മലഞ്ചെരിവുകള്‍ കണ്ടു. ആവേശം മൂത്ത് ഓടിച്ചെന്ന് കേറിയതും തലകുത്തി താഴെ.. അപ്പോഴാണ് മനസിലായത് കാണുന്ന പോലെയല്ല നല്ല ആഴത്തിലാണ് മഞ്ഞ് വീണു കിടക്കുന്നത് എന്നും സൂക്ഷിച്ചില്ലെങ്കില്‍ തെന്നി വീഴുമെന്നും. ഇച്ചായന് പലപ്പോഴും അപകട സൂചനകള്‍ തന്നെങ്കിലും ആവേശം മൂത്ത് ആരും അത് പരിഗണിച്ചില്ല. പലപ്പോഴും അപകടത്തില്‍പ്പെട്ടാണ് പാഠങ്ങള്‍ പഠിച്ചത്. പരസ്പരം മഞ്ഞുകട്ടകള്‍ വാരിയെറിഞ്ഞും സ്കീയിംഗ് നടത്തിയും കുറെ നേരം അവിടെ സമയം ചെലവഴിച്ചതിനു ശേഷം വീണ്ടും നടപ്പ് ആരംഭിച്ചു. പിന്നെയങ്ങോട്ട് വനമായിരുന്നു. ഓക്ക് ട്രീയാണ് കൂടുതലും. മൂന്ന് കിലോമീറ്റര്‍ വനത്തിലൂടെയായിരുന്നു സഞ്ചാരം. വളരെ ദുര്‍ഘടം പിടിച്ച പാതയിലൂടെയാണു നടത്തം. പലപ്പോഴും ഷൂ സ്ലിപ്പായി വീഴുന്നതുകൊണ്ടും മലഞ്ചെരിവുകള്‍ മഞ്ഞ് പുതഞ്ഞു കിടക്കുന്നതിനാലും ഒരോ 15മിനിറ്റ് കൂടുമ്പോഴും വിശ്രമം നല്‍കിയാണ് സഞ്ചരിച്ചിരുന്നത്. കൂടെ വന്നവരില്‍ പലരും പാതിവഴിയില്‍ വച്ചു തന്നെ മടങ്ങുന്നുണ്ടായിരുന്നു.
ഏകദേശം മൂന്ന് മണിക്കൂര്‍ യാത്രയ്ക്കു ശേഷം ചെറിയൊരു അമ്പലത്തിനടുക്കലെത്തി. പേരറിയാത്ത ഏതോ ദൈവം ഇവിടെ കാടിന് കാവലിരിക്കുന്നു. രാമായണവുമായി ഈ അമ്പലത്തിന് ബന്ധമുണ്ടെന്ന് ആരോ പറഞ്ഞു. കല്ലുകൊണ്ടു നിര്‍മ്മിച്ച ചെറിയൊരു അമ്പലം. അതോടുകൂടി വനമവസാനിക്കുകയായി. വീണ്ടും മുന്നോട്ട് ചെറിയ കുന്നു കയറി നടത്തം തുടര്‍ന്നു. മുന്നില്‍ മഞ്ഞ് മലകള്‍ തെളിഞ്ഞു തുടങ്ങി.. അടുത്താണെന്നു പറഞ്ഞു മഞ്ഞുമലകള്‍ നമ്മെ മാടി വിളിക്കും... നടത്തം തുടങ്ങിയാലേ അവയെല്ലാം ദൂരെയാണെന്നു മനസിലാവൂ... എത്ര നടന്നാലും എങ്ങോട്ട് നടന്നാലും മുന്നില്‍ മഞ്ഞു പുതച്ചു നില്ക്കുന്ന കുന്നുകള്‍ മാത്രം. കണ്ണെത്താ ദൂരത്തോളം വിശാലമായങ്ങനെ കിടക്കുകയാണ് മഞ്ഞുമലകള്‍. മലകളെ മുഴുവനായി മഞ്ഞ് പുതച്ചു നില്ക്കുന്ന കാഴ്ച അതിമനോഹരമാണ്. പത്തുകിലോമീറ്റര്‍ ദൂരം താണ്ടി അവസാനം ഞങ്ങള്‍ അവിടുത്തെ ഏറ്റവും ഉയര്‍ന്ന മഞ്ഞുമലയിലെത്തിച്ചേര്ന്നു. നീലാകാശം വെളുത്ത ഭൂമി ഇതിന്റെ നടുക്കങ്ങനെ നിന്ന് പ്രകൃതിയെന്ന അത്ഭുത പ്രതിഭാസത്തെ നോക്കികാണുകയായിരുന്നു ഞങ്ങള്‍ ആ സമയം മുഴുവനും.
ഓലി
കുളു, മണാലി പോലെ ജനപ്രിയമായ ഒരു ടൂറിസ്റ്റ് കേന്ദ്രമല്ല ഓലി. അതിന്റെ എല്ലാ ഗുണങ്ങളും ഓലിയിലെ പ്രകൃതി നമുക്ക് നല്‍കും. ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിച്ച ശേഷമാണ് ഓലി കുറച്ചെങ്കിലും അറിയപ്പെട്ടു തുടങ്ങുന്നത്. ചമോലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മലനിരകള്‍ സമുദ്രനിരപ്പില്‍ നിന്നും 3049 അടി ഉയരത്തിലാണ്. സ്കീയിംഗ് നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്. മഞ്ഞില്ലാത്ത കാലത്ത് കൃത്രിമമായി മഞ്ഞു സൃഷ്ടിച്ചും സ്കീയിംഗ് നടത്തുന്നു. ഓലി മലനിരകളിലേക്ക് നിരവധി ട്രെക്കിങ് റൂട്ടുകളുമുണ്ട്. കൂട്ടമായി വന്ന് ആഘോഷിച്ചു തിമിര്‍ക്കാനുള്ള സ്ഥലമല്ല ഓലി... പ്രകൃതിയെ അറിഞ്ഞ് അതിന്റെ സ്നേഹം കരുതലും നുകര്‍ന്ന് ചെലവഴിക്കാന്‍ പറ്റിയ ഇടം. ഓലിയെന്നാല് പുല്‍മേട് എന്നാണ് അര്‍ഥം. മഞ്ഞില്‍ പുതച്ചു കിടക്കുന്ന പുല്‍മേട് തന്നെയാണ് ശരിക്കും ഓലി.
താമസം
- ഓലിയില്‍ റിസോര്‍ട്ടുകള്‍ ഉണ്ട്.
- ജോഷ്മഠില്‍ കുറഞ്ഞ നിരക്കില്‍ താമസം ലഭ്യമാണ്.
അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍
- തപോവന്‍
- ശ്രീശങ്കരാചാര്യ ആശ്രമം(കല്പവൃഷം)
- നരസിംഹമന്ദിര്
- ഹേമകുണ്ട്
- വാലി ഓഫ് ഫ്ളവേഴ്സ്
ശ്രദ്ധിക്കേണ്ടവ
- ജനുവരി ആദ്യം മുതല്‍ മാര്‍ച്ച് പകുതിവരെയാണ് ഓലി സന്ദര്‍ശിക്കാനുള്ള മികച്ച സമയം.
- മഞ്ഞില്ലാത്ത സമയത്ത് ഓലിയിലേക്കുളള റോപ്പ് വേ യാത്ര നിര്‍ത്തിവയ്ക്കാറുണ്ട്.
- വെള്ളവും ആഹാരവും എപ്പോഴും കൈയിൽ കരുതുക. ഡ്രൈ ഫ്രൂട്ട്സ് എടുക്കുന്നതാണ് നല്ലത്.
- ജാക്കറ്റ്, ട്രെക്കിംഗ് ഷൂ, കൈയുറ, സണ്‍ഗ്ലാസ്, ട്രെക്കിംഗ് സ്റ്റിക്ക് എന്നിവ മഞ്ഞുമല കയറുന്പോൾ ഉറപ്പായും കരുതണം.
- ഒരിക്കലും പരസ്പരം മത്സരിച്ച് മഞ്ഞുമല കയറാൻ ശ്രമിക്കരുത്. നമ്മുടെ മത്സരം മഞ്ഞുമലയോടാകണം,
മനുഷ്യരോടാകരുത്.
- മഞ്ഞുമലകാണുന്പോൾ ഭംഗി
തോന്നുമെങ്കിലും അപകടങ്ങൾ പതിയിരിപ്പുണ്ട്. ഒാരോ
അടിയും സൂക്ഷിച്ചുവേണം മുന്നോട്ടുവയ്ക്കാൻ.
- ഹിമാലയത്തിൽ കാലാവസ്ഥ പെട്ടെന്നു മാറിമറിയും. മഞ്ഞിടിച്ചിലിനുവരെ സാധ്യതയുണ്ട്.
No comments:
Post a Comment