Wednesday, 16 May 2018

വിട, മഞ്ഞുമലകളോടും അതില്‍ ജീവിക്കുന്ന മനുഷ്യരോടും...

ഹിമഗിരി ശൃംഗത്തിലേക്ക് -5

ഇന്ന് ജോഷ്മഠിനോട് യാത്രപറയുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ മനസ് വല്ലാതെ വിങ്ങി. മൂന്ന് ദിവസം കൊണ്ട് അത്രയേറെ ആ ഗ്രാമത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ഹോളിയാഘോഷവും ട്രക്കിംങ്ങുമായി ദിനങ്ങള്‍ കടന്നു പോയത് അറിഞ്ഞതേയില്ല. രാവിലെ തപോവന്‍ സന്ദര്‍ശിച്ച ശേഷം ഉച്ചകഴിഞ്ഞ് ഹിമലയപര്‍വതനിരകളില്‍ തന്നെ സ്ഥിതി ചെയ്യുന്ന മറ്റൊരു ഗ്രാമമായ ചോപ്റ്റയിലേക്കാണ് യാത്ര.
രാവിലെ തന്നെ തപോവന്‍ പോകാനായി എല്ലാവരും റെഡിയായി. ജോഷ്മഠില്‍ നിന്നു 14കീലോമീറ്റര്‍ ദൂരമുണ്ട് തപോവനിലേയ്ക്ക്. ഹോളി കഴിയുന്നതോടുകൂടി കാലാവസ്ഥ മാറുന്നതിനാല്‍ ഇടയ്ക്കിടെ മഴയും കാറ്റും മാറ്റിമറിഞ്ഞ് പോയിക്കൊണ്ടിരുന്നു. ജോഷ്മഠ് പട്ടണം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ മിലിട്ടറി ഓഫീസുകളും സൈനിക ക്യാമ്പുകളും കണ്ടു തുടങ്ങി. ചെങ്കുത്തായ മലഞ്ചെരിവുകളില്‍ ചെറിയ വീടുകള്‍ അതിനോടു ചേര്‍ന്ന് കൃഷിയിടങ്ങള്‍. മേഘങ്ങള്‍ ഇറങ്ങി നില്‍ക്കുന്ന ചെറുറോഡുകള്‍. ശാന്തമായി ഒഴുകുന്ന അളകനന്ദ നദി. അങ്ങനെ അങ്ങനെ കാഴ്ചകള്‍ കടന്ന് പോയി. റോഡ് വളരെ മോശമായതുകൊണ്ട് ഒന്നരമണിക്കൂരത്തെ യാത്രയ്ക്കു ഒടുവില്‍ തപോവന്നിലെത്തി. തട്ടുതട്ടായിക്കിടക്കുന്ന മലഞ്ചെരുവില്‍ നിന്ന് തിളച്ച് മറിയുന്ന ചൂട് നീരുറവ പുറത്തേയ്ക്ക് ഒഴുകുന്ന അത്ഭുതം. അഗ്നിപര്‍വതത്തില്‍ നിന്ന് ലാവ പുറത്തേയ്ക്ക് വരുന്നതാണ് ഇത് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്. നീരുറവയുടെ ചൂട് മൂലം ആ പ്രദേശം മുഴുവന്‍ പുകയില്‍ മൂടികിടക്കുന്നു. ഞങ്ങള്‍ കൈയില്‍ കരുതിയിരുന്ന മുട്ട നീരുറവയില്‍ ഇട്ട് പുഴുങ്ങി കഴിച്ചു. അരി തോര്‍ത്തില്‍ കെട്ടി ഉറവയില്‍ ഇട്ടാല്‍ ചോറായി കഴിക്കാം. സള്‍ഫറിന്റെ അംശം കൂടുതലുള്ളതുകൊണ്ടാണ് ഈ പ്രതിഭാസം എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉറവയില്‍ നിന്ന് പുറന്തള്ളുന്ന മണ്ണിന് ചന്ദനനിറമാണ്. ഈ മണ്ണ് സൗന്ദര്യവര്‍ദ്ധനവസ്തുക്കളില്‍ ഉപയോഗിക്കുന്നുണ്ട്. നീരുറവയില്‍ കുളിച്ചാല്‍ ത്വക്ക്‌രോഗങ്ങള്‍ മാറുമെന്നാണ് പറയുന്നത്. ഞങ്ങളും കുറച്ച് മണ്ണ് കവറിലാക്കി കാറില്‍ വച്ചു. ജോഷ്മഠില്‍ തിരികെയെത്തിയപ്പോള്‍ കവര്‍ കാറില്‍ തന്നെയിരുന്നു.

ജോഷ്മഠിനോട് വിടപറഞ്ഞ് 

 

ബദരിനാഥും മനയും മഞ്ഞിനടിയിലായതുകൊണ്ട് അവിടേയ്ക്കുള്ള യാത്ര ഇന്ത്യന്‍ സൈന്യം വിലക്കിയിരുന്നു. വാലി ഓഫ് ഫ്‌ളവേഴ്‌സില്‍ സീസണ്‍ അല്ലാത്തതുകൊണ്ട്  ഈ മൂന്ന് സ്ഥലങ്ങള്‍ പിന്നീട് ഒരിക്കലേയ്ക്ക് മാറ്റിവച്ചിട്ട് മലയിറങ്ങി. ഇച്ചായന്‍ പണ്ട് ബദരിനാഥില്‍ നിന്ന് പരിചയപ്പെട്ട രഞ്ജന ബദ്വാല്‍ എന്ന ഹിമാലയന്‍ പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു ചോപ്റ്റക്കുള്ള യാത്രക്കിടയില്‍ താമസം ഒരുക്കിയിരുന്നത്. ചോപ്റ്റയ്ക്ക് 100കിലോമീറ്റര്‍ അകലെ ഒരു കുഗ്രാമത്തിലായിരുന്നു രഞ്ജനയുടെ വീട്. ഗോപേശ്വര്‍ എന്ന പുരാതന ക്ഷേത്ര നഗരത്തില്‍ നിന്ന് ഏകദേശം 30കിലോമീറ്റര്‍ ദൂരമുണ്ട് ഈ ഗ്രാമത്തിലേയ്ക്ക്. ജോഷ്മഠിനും ചോപ്റ്റയ്ക്കും റോഡുകള്‍ തിരിയുന്ന ചാമോലിയില്‍ ഞങ്ങളെയും കാത്ത് രഞ്ജനയും സഹോദരനും വണ്ടിയുമായി നില്‍പ്പുണ്ടായിരുന്നു. മഞ്ഞുമലകള്‍ കയറിയിറങ്ങി അഗാതമായ കൊക്കകള്‍ താണ്ടി വണ്ടി രഞ്ജനയുടെ വീട്ടില്‍ എത്തിയപ്പോള്‍ സമയം രാത്രി 9മണി. ഭീകരര്‍ തട്ടിക്കൊണ്ട് പോയ അവസ്ഥയിലായിരുന്നു ഞങ്ങള്‍ എല്ലാവരും. വിജനമായ മലനിരകള്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് വണ്ടി 20 വീടില്‍ താഴെയുള്ള ഈ ചെറിയ ഗ്രാമത്തിലെത്തിയത്. ഗ്രാമത്തിലുള്ളവര്‍ ഞങ്ങളെ രൂക്ഷമായി നോക്കുന്നുണ്ട്. ഭാഷയറിയില്ല, രഞ്ജന ആരാണെന്ന് അറിയില്ല. രഞ്ജനയുമായി ഇച്ചായന് ഒരു ചായ വാങ്ങികൊടുത്ത പരിചയംമാത്രം ഒള്ളൂ. സംശയത്തിന്റെ കറുത്തരക്തം സിരകളിലൂടെ ഒാടിത്തുടങ്ങി. കിടുകിടാവിറയ്ക്കുന്ന തണുപ്പും കൂരാക്കുരിരിട്ടും. കിടക്കാനായി വീടിനു താഴെ ചെറിയൊരു കുടുസുമുറിയില്‍ ഇടംകിട്ടി അതില്‍ ഞങ്ങള്‍ നാലുപേരും ഉറക്കംവരാതെ ചുരുണ്ടുകൂടി കിടന്നു.

തെറ്റിധാരണകള്‍ മാറുന്നു

 

ജനാലപ്പാളിയിലൂടെ സൂര്യപ്രകാശം കണ്ണിലേയ്ക്ക് കുത്തിയിറങ്ങിയപ്പോഴാണ് ഒരോരുത്തരായി എഴുന്നേറ്റത്. പുറത്ത് എന്താണെന്നറിയാനുള്ള അകാംഷയായിരുന്നു ഓരോരുത്തര്‍ക്കും. ഏതോ ഒരു പര്‍വതത്തിന്റെ മുകള്‍തട്ടിലാണ് ഞങ്ങള്‍ എന്ന് മനസിലായി. ഗോതമ്പ് പാടങ്ങള്‍ തട്ടുതട്ടായി മലമടക്കുകളില്‍ പച്ചവിരിച്ച് നില്‍പ്പുണ്ട്. വീടുകള്‍ പരസ്പരം ചുംബിച്ചുനില്‍ക്കുന്നു. മതിലുകളോ വേലികളോ അവയെ പരസ്പരം വേര്‍പിരിക്കാന്‍ ശ്രമിച്ചിട്ടില്ല. ഗ്രാമത്തിലുള്ള രഞ്ജനയുടെ ബന്ധുക്കളും അയല്‍ക്കാരും ഞങ്ങളെ പരിചയപ്പെടാന്‍ രാവിലെ തന്നെ എത്തിയിട്ടുണ്ട്. കടലുള്ള നാട്ടില്‍ നിന്ന് എത്തിയവര്‍ക്ക് സ്വാഗതം എന്ന് പറഞ്ഞാണ് സ്വീകരിച്ചത്. ഈ ഗ്രാമത്തിലുള്ളവര്‍ക്ക് ഒരു പ്രത്യേകതയുണ്ട് ആറുമാസം ഇവിടെയും ആറുമാസം ഇന്ത്യയുടെ അവസാന ഗ്രാമം എന്നറിയപ്പെടുന്ന മനയിലുമാണ് താമസം. രണ്ടു ഇടങ്ങളിലും ഇവര്‍ക്ക് വീടുകള്‍ ഉണ്ട്. മനയില്‍ കമ്പളിത്തൊപ്പികള്‍ വിറ്റും ടീഷോപ്പുകളും നടത്തിയും കിട്ടുന്ന വരുമാനമാണ് ഇവരുടെ ഉപജീവനമാര്‍ഗം. മന മഞ്ഞില്‍ മൂടുമ്പോള്‍ ഇവര്‍ തിരികെയെത്തി ആറുമാസം കമ്പിളിത്തൊപ്പികളും വസ്ത്രങ്ങളും നെയ്തുഉണ്ടാക്കും. മന തുറക്കുന്ന ആറുമാസം ഇവ വിറ്റഴിക്കും. രഞ്ജനയ്ക്ക് പഠിപ്പുള്ളതുകൊണ്ട് ഇലക്ട്രിസിറ്റി ബോര്‍ഡിലായിരുന്നു ജോലി. രാവിലെ തന്നെ ഞങ്ങള്‍ക്ക് ചോപ്റ്റ പോകുവാനുള്ള ജീപ്പ് എത്തി. പൈന്‍കാടുകളില്‍ മഞ്ഞ് വീഴുന്നത് കാണുവാന്‍ യാത്രയായി.

അറിയാതെ പോയ തുംഗനാഥ് 

 

കുന്നുകളും മലകളും താഴ്വാരങ്ങളും വനങ്ങളും താണ്ടി ജീപ്പ് മഞ്ഞുമലകള്‍ക്ക് അരികെയെത്തി. മഞ്ഞുവീണു കിടക്കുന്ന പൈന്‍കാടുകളില്‍ കുരങ്ങും മാനും കഴുകനും പോത്തും സ്വാഗതമരുളി. റോഡില്‍ പലയിടത്തും മഞ്ഞുവീണു നിറഞ്ഞ് കിടന്നു. മഞ്ഞിലൂടെയുള്ള ഡ്രൈവിംങ്ങ്  വാഹനം നിയന്ത്രിക്കാന്‍ പാടായതുകൊണ്ട് തിരിച്ച് പോകേണ്ടിവരുമോയെന്ന് വരെ സംശയിച്ചു. തുംഗനാഥിന്റെ കവാടമായ ചോപ്റ്റയില്‍ എത്തിയപ്പോള്‍ ഉച്ചയായിരുന്നു. നാലുകിലോമീറ്റര്‍ മഞ്ഞുമലയിലൂടെ നടന്ന് വേണം തുംഗനാഥ് ക്ഷേത്രത്തില്‍ എത്താന്‍ എന്ന് രഞ്ജന പറഞ്ഞതോടെ മഞ്ഞുമലകയറി കൊതിതീര്‍ന്ന രാകേഷ് ചേട്ടനും നിമേഷ് ചേട്ടനും പറഞ്ഞു തിരിച്ചുപോകാമെന്ന്. കുറച്ചിടെ നടന്നുനേക്കിയെങ്കിലും ഒക്‌സിജന്റെ കുറവ് അനുഭവപ്പെട്ടുതുടങ്ങിയതോടെ തിരിച്ചിറങ്ങി. തുംഗനാഥില്‍ നിന്നാല്‍ കൈലാസം കാണാമെന്ന സത്യം ഞങ്ങള്‍ അറിയുന്നത് തിരിച്ച് മലയിറങ്ങിയപ്പോഴാണ്. ആദ്യം അറിഞ്ഞിരുന്നെങ്കില്‍ എന്തുവിലകൊടുത്താണെങ്കിലും ഞങ്ങള്‍ അതിനുമുകളില്‍ കയറിയിരുന്നേനെ...


അപ്രതീക്ഷിത ആഘോഷം

 

ബര്‍ത്ത്‌ഡേക്ക് വൈകുന്നേരം ആയിട്ടും ഇച്ചായന്‍ പോലും വിഷ് ചെയ്യാത്തപ്പോള്‍ ശരിക്കും സങ്കടം വന്നു. മറന്ന് പോയിക്കാണും എന്ന് കരുതി ഒര്‍മ്മപ്പെടുത്തി കൊടുത്തു. എന്നിട്ടും ആരും മൈന്റ് പോലും ചെയ്യുന്നില്ല. രഞ്ജനയുടെ അമ്മയോട് പറഞ്ഞപ്പോള്‍ അവര്‍തുന്നിയ രണ്ടു കമ്പളിത്തൊപ്പികള്‍ സമ്മാനമായി തന്നു. കളിയും ചിരിയും തമാശയും യാത്രയുമായി ഒരു പകല്‍ അവസാനിച്ചു. രാത്രി കുളികഴിഞ്ഞ് എത്തിയ ഞാന്‍ ഞെട്ടി വീടുനിറയെ ആളുകള്‍. ഭിത്തിയൊക്കെ അലങ്കരിച്ച് മുറിക്കാനുള്ള കേക്ക് റെഡിയായി ഇരിക്കുന്നു. പിന്നെ ആഘോഷമായിരുന്നു. ഹിമാലയന്‍ ആടിന്റെ ഇറച്ചിയും റൊട്ടിയും ഒക്കെയായി. തലേദിവസം ഗോപേശ്വരില്‍ ഫുഡ് കഴിക്കാന്‍ ഇറങ്ങിയപ്പോള്‍ ഇച്ചായനും രാകേഷ് ചേട്ടനും നിമേഷ് ചേട്ടനും രഞ്ജനയുംകൂടെ പ്ലാന്‍ ചെയ്തതായിരുന്നു ഈ അപ്രതീക്ഷിത ആഘോഷം. കാഴ്ചകളുടെയും ആഘോഷങ്ങളുടെയും നാളുകള്‍ അവസാനിപ്പിച്ച് ഹിമാലയത്തോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ് നീറുകയായിരുന്നു. പിരിയാന്‍ പറ്റാത്തയത്രയും ആത്മബന്ധമായിപ്പോയി ആ വെളുത്ത മലനിരകളോടും അതില്‍ ജീവിക്കുന്ന നിഷ്‌കളങ്കരായ മനുഷ്യരോടും.




 

 

  തപോവന്‍ കാഴ്ചകള്‍























ചോപ്റ്റ കാഴ്ചകള്‍ 






























































രഞ്ജനയുടെ വീട്ടിലെ ആഘോഷം





































No comments:

Post a Comment