കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടിയ മാനത്തിന് കീഴിലൂടെ ഗ്രാമങ്ങളും പട്ടണങ്ങളും കടന്ന് എക്‌സ്‌യുവി പാഞ്ഞു. ഈരാട്ടുപേട്ട എത്തിപ്പോള്‍ മഴ ചെറുതായി പൊടിഞ്ഞു തുടങ്ങി. അയ്യന്‍പാറ അഞ്ചുകിലോമീറ്റര്‍ മാര്‍മല അരുവി വെള്ളച്ചാട്ടം ഏഴുകിലോമീറ്റര്‍ ബോര്‍ഡ് കണ്ടപ്പോള്‍ എങ്ങോട്ട് പോകണമെന്ന് ചെറിയ കണ്‍ഫ്യൂഷന്‍. അപ്പോഴെയ്ക്കും മഴ പെയ്തു തുടങ്ങിയിരുന്നു. അയ്യന്‍പാറയ്ക്ക് തിരിയുന്ന തീക്കോയില്‍ എത്തിയപ്പോള്‍ പ്ലാന്‍ പെട്ടന്ന് മാറ്റി വണ്ടി നേരെ മാര്‍മല അരുവി റോഡിലേയ്ക്ക്. മമ്മി ഒഴികെ ആരും മാര്‍മല അരുവി പോയിട്ടില്ല. വാഗമണ്‍ റോഡില്‍ നിന്ന് മാര്‍മലയ്ക്കുള്ള റോഡിലൂടെ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാപ്പോള്‍ റബര്‍ എസ്‌റ്റേറ്റ് ആയി. വളഞ്ഞുപുളഞ്ഞു കിടക്കുന്ന വീതി കുറഞ്ഞ ഇടുങ്ങിയവഴിയിലൂടെ റബര്‍ക്കാടുകള്‍ താണ്ടി വാഹനം ചെറുകുന്നുകള്‍ കയറിയിറങ്ങി. റബര്‍ത്തോട്ടങ്ങള്‍ പിന്നിട്ട് പൈനാപ്പിള്‍ വിളഞ്ഞുകിടക്കുന്ന പൈനാപ്പിള്‍ തോട്ടത്തിലൂടെയായി യാത്ര. സഞ്ചാരികള്‍ കഴിച്ച് വലിച്ചെറിഞ്ഞ പൈനാപ്പിള്‍ത്തൊണ്ടുകള്‍ വഴിനീളേ കിടപ്പുണ്ടായിരുന്നു. റോഡ് അവസാനിക്കുന്നിടത്ത് അങ്ങ് അകലെ മലമടക്കില്‍ നിന്ന് കുത്തിമറിഞ്ഞ് താഴേയ്ക്ക് പതിക്കുന്ന അതിഭീമാകരന്‍ വെള്ളച്ചാട്ടം.
വാഹനം പാര്‍ക്ക് ചെയ്ത നടത്തം ആരംഭിച്ചു. സമയം സന്ധ്യയായി തുടങ്ങിയിരുന്നതുകൊണ്ട് സഞ്ചാരികള്‍ ആരും തന്നെ ഇല്ലായിരുന്നു വഴിയില്‍. ആ വിജനമായ പ്രദേശത്ത് ഒരു ഐസ്‌ക്രീ കച്ചവടക്കാരന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വെള്ളച്ചാട്ടത്തിന് അരികില്‍ എത്താനുള്ള വഴി തിരക്കിയപ്പോള്‍ അയാള്‍ പറഞ്ഞു.
''മലമുകളില്‍ മഴ പെയ്തതുകൊണ്ട് വെള്ളച്ചാട്ടത്തിന്റെ വലിപ്പവും ശക്തിയും വര്‍ദ്ധിച്ചിരിക്കുകയാണ്. അതിന് അടുക്കല്‍ എത്താന്‍ ബുദ്ധിമുട്ടാണ്. മഴ ഇനിയും പെയ്താല്‍ അടുക്കല്‍പോകുന്നത് അപകടവുമാണ് ഏതുവഴിയാണ് വെള്ളം വരുകയെന്ന് പറയാന്‍ പറ്റില്ല. അതിന് 500മീറ്റര്‍ അടുത്തുവരെ പോയിട്ട് തിരിച്ച് പോരുന്നതാകും ബുദ്ധി.''
പൈനാപ്പിള്‍ തോട്ടത്തിനിടയിലൂടെയുള്ള മണ്‍പാതയിലൂടെ നടപ്പാരംഭിച്ചു. പലയിടത്തായി ചെറുഅരുവികള്‍ പാതയില്‍ കയറി ഒഴുകി. ചിലയിടത്ത് കല്ലുകള്‍ പാകിയ റോഡിന് വീതികുറഞ്ഞ് വന്നുകൊണ്ടിരുന്നു. പാതയുടെ വലിപ്പം കുറഞ്ഞ് ഒരാള്‍ക്ക് കടന്ന് പോകാവുന്ന വിധത്തിലായി. മഴപെയ്തുകിടന്നതുകൊണ്ട് ചെങ്കുത്തായിക്കിടക്കുന്ന മണ്‍പാതയില്‍ വഴുക്കലുണ്ടായിരുന്നു. പാതയ്ക്ക് താഴെയായി ആര്‍ത്തിരമ്പി പുഴ ഒഴുകികൊണ്ടിരുന്നു. ഏകദേശം അരക്കിലോമീറ്റര്‍ നടപ്പിന് ശേഷം വെള്ളച്ചാട്ടത്തിന് 300മീറ്റര്‍ മാറി അടിഭാഗത്തെത്തി. ആര്‍ത്തിരമ്പി വീഴുന്ന ജലകണങ്ങള്‍ ആരെയോ വിഴുങ്ങാന്‍ വെമ്പല്‍കൊള്ളുംപോലെ ഭീകരരൂപിണിയായിരുന്നു. കലങ്ങി മറിഞ്ഞ അതിന്റെ കണ്ണുകള്‍ എല്ലാം തകര്‍ത്തെറിയാന്‍ വെമ്പല്‍ക്കൊണ്ടു. പാറക്കെട്ടുകളില്‍ ജലകണങ്ങള്‍ അടിച്ച് ഉണ്ടാക്കുന്ന ശബ്ദം മനസിനെ വല്ലാതെ ഭയപ്പെടുത്തി. പ്രകൃതിയുടെ അതിഭീകരമുഖമായിരുന്നു ആ സന്ധ്യനേരത്ത് ഞങ്ങള്‍ക്ക് മുന്നില്‍. വെള്ളം കൂടിവരുന്നത് കണ്ടപ്പോള്‍ അവിടെ നില്‍ക്കുന്നത് അത്ര പന്തിയല്ലെന്ന് മനസിലായതൊടെ ഞങ്ങള്‍ തിരിച്ച് നടന്നു. തിരികെ വണ്ടിയിലെത്തിതിരിഞ്ഞ് നോക്കിയപ്പോല്‍ ആദ്യം കണ്ടതിലും വലിപ്പവും ശക്തിയും വച്ചിരുന്നു വെള്ളച്ചാട്ടത്തിന്. മലമുകളില്‍ ഇവിടയോ അപ്പോഴും മഴപെയ്യുന്നുണ്ടായിരുന്നു.
എങ്ങനെ എത്തിച്ചേരാം
- പാല/തൊടുപുഴ-ഈരാട്ടുപേട്ട- തീക്കോയി- മാര്‍മല അരുവി
അടുത്തുള്ള വിമാനത്താവളം
- കൊച്ചി- 91 കി.മീ
അടുത്തുള്ള റെയില്‍വേ
- കോട്ടയം- 51കി.മീ
അടുത്തുള്ള പട്ടണം
- ഈരാട്ടുപേട്ട 13കി.മീ
അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രം
- അയ്യാന്‍പാറ- 11കി.മീ
- ഇലവീഴപ്പുഞ്ചിറ- 20കി.മീ
- ഇല്ലിക്കല്‍ക്കല്ല്- 10 കി.മീ
- വാഗമണ്‍- 25കി.മീ
- ഭരണങ്ങാനം- 19കി.മീ
ശ്രദ്ധിക്കേണ്ടത്
- പുതിയതായി ടാര്‍ ചെയ്ത വീതികുറഞ്ഞ വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡാണ് വളരെ സൂക്ഷിച്ചും വേഗതകുറച്ചും വാഹനം ഓടിച്ചില്ലെങ്കില്‍ അപകടം ഉറപ്പാണ്.
- മലമുകളില്‍ മഴപെയ്താല്‍ അപ്രതീക്ഷതമായി മലവെള്ളപ്പാച്ചില്‍ ഉണ്ടാകും അതുകൊണ്ട് വെള്ളച്ചാട്ടത്തില്‍ ഇറങ്ങുന്നത് അപകടമാണ്. (ഇങ്ങനെ ഇറങ്ങിയ രണ്ടുപേര്‍ ഇവിടെ മരിച്ചിട്ടുണ്ട്).
- അതിശക്തമായ മഴപെയ്താല്‍ വെള്ളച്ചാട്ടത്തിന് അരികില്‍ എത്താന്‍ സാധിക്കില്ല.
- പാറക്കെട്ടുകളും ശക്തമായ അടിയൊഴുക്കും ഉള്ളതുകൊണ്ട് സഞ്ചാരികള്‍ പുഴയില്‍ ഇറങ്ങരുത്.
- പുതിയതായി സഞ്ചാരികള്‍ എത്തിത്തുടങ്ങിയ ഇടമായതുകൊണ്ട് സുരക്ഷസംവിധാനങ്ങളോ അപായസൂചനബോര്‍ഡുകളോ പ്രവേശന പാസോ ഒന്നുമില്ല. നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കൈകളില്‍ തന്നെയാണ്.
No comments:
Post a Comment