Monday, 25 June 2018

വഴിവെട്ടാന്‍ തയാറാണോ.. എങ്കില്‍ മൂന്ന് കിടുവെള്ളച്ചാട്ടങ്ങള്‍ കാണാം

 

 പുതപ്പിനുള്ളില്‍നിന്ന് തലയിട്ട് പുറത്തേക്കു നോക്കിയപ്പോള്‍ നേരംവെളുത്തിട്ടുണ്ട്. കൈ മൊബൈലിലേക്കു നീണ്ടു. സമയം 10 മണി. പതിയെ വാട്‌സ്ആപ് മെസേജ് നോക്കി. എല്ലാദിവസത്തേയും പോലെ കുറേ ഗുഡ്‌മോര്‍ണിംഗ് സന്ദേശങ്ങള്‍. ഫോണ്‍തിരികെവച്ച് വീണ്ടും ചുരുണ്ടുകൂടാന്‍ തുടങ്ങിയപ്പോഴാണ് ചങ്ക്‌ബ്രോ ബിന്‍സിന്റെ മെസേജ് വരുന്നത്. എടാ.. നാളെ  അവളെയും മമ്മിയേയുക്കൂട്ടി പോകാന്‍ പറ്റിയ ഒരു സ്ഥലം പറഞ്ഞേ.. മഴക്കാലമായതുകൊണ്ട് വെള്ളച്ചാട്ടങ്ങള്‍ എല്ലാം തന്നെ സജീവമാണ്. അതുകൊണ്ടുതന്നെ 30 കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വെള്ളച്ചാട്ടങ്ങളുടെയും ലിസ്റ്റ് പറഞ്ഞുകൊടുത്തു. ലിസ്റ്റില്‍ മാനത്തൂര്‍ ഉള്ള പാമ്പനാല്‍വെള്ളച്ചാട്ടം അവന്‍ പ്രത്യേകം നോട്ടുചെയ്തു. കാരണം
അങ്ങനെ ഒരുസ്ഥലത്തെക്കുറിച്ച് മുമ്പ് കേട്ടിട്ടില്ല. 2010ല്‍ ഒരുവട്ടം പോയിട്ടുണ്ടെങ്കിലും വിശദമായ വിവരങ്ങള്‍ എന്റെ കൈയിലും ഇല്ലായിരുന്നു. ഓഫ് ഡേ ആയതുകൊണ്ട് ഇന്ന് അങ്ങോട്ടുതന്നെ യാത്രയെന്ന് ഉറപ്പിച്ച് പുതപ്പിനടിയില്‍നിന്ന് എണീറ്റു. പാറുവിന് അവധിയില്ലാത്തതുകൊണ്ട് ബൈക്ക് എടുത്താണ് മാനത്തൂര്‍ക്ക് വച്ചുപിടിച്ചത്. കല്യാണം കഴിഞ്ഞ് പാറുവിനെ കൂട്ടാതെയുള്ള ആദ്യയാത്ര. പോകുംവഴി പാലായില്‍നിന്ന് സുഹൃത്ത് വിഷ്ണുവും കൂടെക്കൂടി. ബൈക്ക് അവിടെ വച്ച് അവന്റെ കാറിലായി പിന്നീടങ്ങോട്ടു യാത്ര. ഇതിനിടെ പാറുവിന്റെ അനിയത്തി പ്രിയ വരുന്നുണ്ടെന്ന് പറഞ്ഞതോടെ പോകും വഴി അവളെയും കൂടെക്കൂട്ടി. പാലായില്‍നിന്ന് തൊടുപുഴ റോഡില്‍ 12 കിലോമീറ്റര്‍ സഞ്ചരിച്ച് മാനത്തൂര്‍ കവലയിലെത്തി. മാനത്തൂര്‍ സ്‌കൂളിന് എതിര്‍വശമുള്ള മറ്റത്തിപ്പാറ-കരിങ്കുന്നം റോഡിലൂടെ കാര്‍ കുന്നുകയറി. പണ്ട് മാനത്തൂര്‍ കവലയില്‍ പാമ്പനാല്‍ വെള്ളച്ചാട്ടമെന്ന് ബോര്‍ഡ് വച്ചിട്ടുണ്ടായിരുന്നു. പാല-തൊടുപുഴ റോഡ് വീതികൂട്ടിയപ്പോള്‍ അത് പിഴുതുമാറ്റപ്പെട്ടു.

 

മറ്റത്തിപ്പാറ-കരിങ്കുന്നം റോഡില്‍നിന്ന് വെള്ളച്ചാട്ടത്തിലേക്ക് തിരിയുന്ന റോഡ് ഒരു കാറിന് കഷ്ടി കടന്ന് പോകാന്‍ മാത്രം വീതിയുള്ളാണ്. ടാറും കോണ്‍ക്രീറ്റും ഇട്ടറോഡിനെ മുറിച്ച് പലയിടത്തും ചെറുഅരുവികള്‍ കടന്നു പോയി. ടാറിട്ടറോഡ് അവസാനിക്കുന്നിടത്ത് മണ്ണിട്ട പാത തുടങ്ങുകയാണ്. ഇവിടെവരെ മാത്രമേ വാഹനങ്ങള്‍ പോകുകയുള്ളൂ. ഞങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്തു നടപ്പാരംഭിച്ചു. അരക്കിലോമീറ്റര്‍ നടന്നുവേണം വെള്ളച്ചാട്ടത്തിലെത്താന്‍ (ഇരുചക്രവാഹനങ്ങള്‍ വെള്ളച്ചാട്ടംവരെ പോകും). മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. അതില്‍ ഒരണ്ണത്തിന്റെ അടുത്തുവരെ റോഡുണ്ട്. റബര്‍ത്തോട്ടങ്ങളും പൈനാപ്പിള്‍ത്തോട്ടങ്ങളും കടന്നുവേണം വെള്ളച്ചാട്ടത്തിന് അരികില്‍ എത്താന്‍. മണ്‍പാതകള്‍ പലയിടത്തും വഴിപിരിഞ്ഞ് പോകുന്നത് പലപ്പോഴും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കി. 20 മിനിറ്റ് നടപ്പിന് അവസാനം ഒന്നാമത്തെ വെള്ളച്ചാട്ടത്തിന് അടി ഭാഗത്തെത്തി. ഇവയെക്കുറിച്ച് പുറംലോകത്തിന് അറിയാത്തതുകൊണ്ട് ഈ പ്രദേശത്തുതന്നെയുള്ള കുറച്ച് കുട്ടികള്‍ അല്ലാതെ സഞ്ചാരികളായി ആരും തന്നെയില്ല. ചെരിഞ്ഞ് കിടക്കുന്ന വലിയൊരു പാറക്കല്ലിലൂടെ ജലകണങ്ങള്‍ ഒഴുകി താഴേക്ക് പോകുന്ന നയനമനോഹര ദൃശ്യമാണിവിടെ. ശാന്തമായി പതിക്കുന്ന വെള്ളച്ചാട്ടത്തിന് കുറുകേ കല്ലുപാളികള്‍ കൊണ്ട് പാലം നിര്‍മിച്ചിട്ടുണ്ട്. ഇതിന് അടിയിലൂടെ ജലം രണ്ടാമത്തെ വെള്ളച്ചാട്ടത്തിലെത്തി അര്‍ത്തിരമ്പുന്ന ജലകണങ്ങളായി താഴേക്കു പതിക്കുന്നു. ഇവിടന്ന് രണ്ടാമത്തെ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി തപ്പിയെങ്കിലും കണ്ടെത്താനായില്ല. അവസാനം കാടുകയറി നശിച്ച വാഴത്തോട്ടത്തിലൂടെ താഴേക്കിറങ്ങാന്‍ തീരുമാനിച്ചു. കൈയില്‍ ഇരുന്ന കാലന്‍കുടകൊണ്ട് വിഷ്ണു പുതിയവഴികള്‍ വെട്ടി. തട്ടുതട്ടായി കിടന്ന കൃഷിയിടങ്ങളിലൂടെ താഴേക്കിറങ്ങി. ഒരാള്‍പൊക്കത്തില്‍ ഭീകരരൂപത്തില്‍ കുറ്റിക്കാടുകള്‍ പലപ്പോഴും വഴിയെ തടസപ്പെടുത്തിനിന്നു. പാമ്പ് ഉണ്ടാകുമോ എന്ന പേടിമാത്രമായിരുന്നു ഞങ്ങളുടെ മനസില്‍ അപ്പോഴും.



രണ്ടാമത്തെ വെള്ളച്ചാട്ടം തേടിപ്പോയ ഞങ്ങള്‍ എത്തിപ്പെട്ടത് കുത്തനെ താഴേക്കു പതിക്കുന്ന മൂന്നാമത്തെ വെള്ളച്ചാട്ടതിന് മുകളിലാണ്. ഇവിടെ തട്ടുതട്ടായി ഒഴുകുന്ന വെള്ളച്ചാലുകളുണ്ട്. കുളിക്കുന്നതിനും ഫോട്ടോകള്‍ പകര്‍ത്തുന്നതിനും പറ്റിയ ഇടമാണ്. കട്ടുവള്ളികളും പാറക്കൂട്ടങ്ങളും പ്രകൃതിക്ക് മനോഹാരിത സമ്മാനിക്കുന്നു. തോല്‍ക്കാന്‍ മനസില്ലാത്തതുകൊണ്ട് വീണ്ടും തോടിന് മറുവശം വഴി കയറി റബര്‍ത്തോട്ടത്തിലൂടെ മുകളിലേക്കു നടന്നു. ഈ പറമ്പില്‍ വലിയ കാടുകള്‍ ഇല്ലാത്തതായിരുന്നു ഞങ്ങളുടെ ഏക ആശ്വാസം. വെള്ളച്ചാല്‍ പിടിച്ച് നടന്ന് രണ്ടാമത്തെ വെള്ളച്ചാട്ടതിനു താഴെയെത്തി. ചെരിഞ്ഞ പാറക്കെട്ടിലൂടെ കുത്തിയോഴുകി വരുന്ന ജലകണങ്ങള്‍ ശാന്തഭാവം വെടിഞ്ഞിരുന്നു. അര്‍ത്തിരമ്പി വരുന്ന ജലകണങ്ങള്‍ താഴെയുള്ള വലിയ പാറക്കെട്ടുകളില്‍ അലതല്ലിയടിച്ച് വീണ് പതഞ്ഞൊഴുകുന്നു. ഞങ്ങളെപ്പോലെ തന്നെ പുതിയവഴികള്‍ വെട്ടി മൂന്ന് കോളേജ് പിള്ളേര്‍ അവിടെയെത്തി. ഞങ്ങള്‍ വെള്ളച്ചാട്ടത്തിന്റെ വലതുവശം വഴിയാണ് വഴി വെട്ടിയിറങ്ങിയതെങ്കില്‍ അവര്‍ ഇടതുവശം വഴിയാണ് വഴിവെട്ടി ഇറങ്ങിയത്. അവര്‍ വന്ന വഴിയില്‍ വലിയൊരു വെള്ളച്ചാട്ടമുണ്ടെന്ന് പറഞ്ഞതോടെ അവര്‍ വെട്ടിയ വഴിയായിരുന്നു പിന്നീടു ഞങ്ങളുടെ സഞ്ചാരപഥം. തട്ടുതട്ടായി കിടക്കുന്ന റബര്‍ത്തോട്ടങ്ങള്‍ ചാടിയിറങ്ങി അവര്‍ പറഞ്ഞ വലിയ വെള്ളച്ചാട്ടത്തിന് അരുകിലെത്തി. ഞങ്ങള്‍ ആദ്യമെത്തിയ മൂന്നാമത്തെ വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗമായിരുന്നു അത്. വെള്ളച്ചാട്ടത്തിലിറങ്ങി കുളിപാസാക്കി ഞങ്ങള്‍ തിരിച്ച് കുന്ന് കയറി.


 

റെയില്‍വേ സ്‌റ്റേഷന്‍


  • കോട്ടയം -40km

വിമാനത്താവളം


  • കൊച്ചി -65km



എങ്ങനെ എത്തിച്ചേരാം

  • കോട്ടയം വഴി വരുന്നവര്‍ പാലയില്‍ എത്തി അവിടന്ന് 12കിലോമീറ്റര്‍ തൊടുപുഴ റോഡില്‍ സഞ്ചരിച്ചാല്‍ മാനത്തൂര്‍ എത്താം. ഇവിടെ നിന്ന് മറ്റത്തിപ്പാറ-കരിങ്കുന്നം വഴി 2കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിലെത്താം. 


  • മൂവാറ്റുപുഴ വഴി വരുന്നവര്‍ തൊടുപുഴയെത്തി പാലാ റോഡില്‍ 17കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാനത്തൂര്‍ എത്താം.
  • തൊടുപുഴ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കരിങ്കുന്നത്തുനിന്ന് മറ്റത്തിപ്പാറ വഴിയും വെള്ളച്ചാട്ടത്തിലെത്താം



ശ്രദ്ധിക്കേണ്ടവ


  • മഴക്കാലത്ത് മാത്രം സജീവമാകുന്ന വെള്ളച്ചാട്ടമാണ് ഇത് വേനലില്‍ വറ്റി പോകും.

  • ആള്‍ താമസം ഉള്ളതും എന്നാല്‍ വിജനവുമായ ഇടവുമാണിത്. നിയന്ത്രിക്കാനോ നിര്‍ദേശങ്ങള്‍ പറഞ്ഞു തരുവാനോ ആരും ഉണ്ടാകില്ല.

  • കുളിക്കാന്‍ പറ്റുന്ന ഇടങ്ങളുണ്ടെങ്കിലും വഴുക്കലുള്ള പാറകള്‍ ഇടയ്ക്കുള്ളത് അപകടം ഉണ്ടാക്കും. സുരക്ഷിതം എന്ന് തോന്നുന്നിടത്തു മാത്രം ഇറങ്ങുക.
     
  • സ്വാകര്യ വ്യക്തികളുടെ റബര്‍ത്തോട്ടത്തിലാണ് വെള്ളച്ചാട്ടങ്ങള്‍ അതുകൊണ്ട് തന്നെ നാട്ടുകാര്‍ പറയുന്നത് അനുസരിക്കുക.
  • കുടുംബവുമായി പോകുവാന്‍ പറ്റിയയിടമാണ്.
















 
































No comments:

Post a Comment