പാറിപ്പറന്ന് നടന്ന കിളിയെ കൂട്ടിലടച്ച അവസ്ഥയിലായിരുന്നു പാറു. പ്രസവശേഷം നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയി എന്ന ചിന്ത അവളെ വല്ലാതെ അലട്ടി. കുഞ്ഞുങ്ങള്‍ ഉണ്ടായിട്ടു 45 ദിവസമേ ആയിട്ടുള്ളു.. അതിനിടയില്‍ ഒരു ട്രിപ്പ്.. കേള്‍ക്കുന്നവര്‍ ചീത്തവിളിച്ചു.. പക്ഷേ എനിക്ക് അറിയായിരുന്നു ഇനിയും നാലുചുവരുകള്‍ക്കുള്ളില്‍ ഇരുത്തിയാല്‍ പാറു ഡിപ്രഷന്‍ എന്ന രോഗത്തിന് അടിമയാകുമെന്ന്. എത്ര വലിയ പ്രശ്നങ്ങള്‍ വന്നാലും കൂളായി ഫേസ് ചെയ്തിരുന്ന ഇരട്ടചങ്കി പാറു കുഞ്ഞ് തുമ്മിയാല്‍ പോലും ടെന്‍ഷന്‍ അടിച്ച് കരയുന്നത് കണ്ടപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. ഒരു ട്രിപ്പ് ഫിക്സ് ചെയ്തു.
ട്രിപ്പ് എന്ന് പറഞ്ഞാല്‍ സമ്മതിക്കില്ലാത്തതുകൊണ്ട് മറ്റ് എന്തെങ്കിലും പറഞ്ഞ് വീട്ടില്‍ നിന്ന് പുറത്ത് ചാടാന്‍ പ്ലാന്‍ ചെയ്തു. രാവിലെ കുഞ്ഞുങ്ങള്‍ കുളിച്ച് കഴിഞ്ഞ് ഉറങ്ങുന്ന മൂന്ന് മണിക്കൂര്‍ സമയമാണ് ഞങ്ങളുടെ കൈയില്‍ ഉണ്ടായിരുന്നത്. അതിന് ഇടയില്‍ പോയി വരുവാന്‍ പറ്റുന്ന ഒരു സ്ഥലമായിരുന്നു പ്രധാനപ്രശ്നം.
ഒരു അപ്രതീക്ഷിത മെസേജ്
തിരക്കുകള്‍ കാരണം രണ്ടുമാസമായിരുന്നു 'ലെറ്റ്സ് ഗോ പാറു'വിന്റെ ഫേസ്ബുക്ക് പേജ് തുറന്നിട്ട്. ചുമ്മാ മെസേജുകള്‍ നോക്കിയപ്പോള്‍ ജനുവരിയില്‍ ഒരാള്‍ പെരുംകുന്ന് എന്ന സ്ഥലത്തെക്കുറിച്ച് മെസേജ് ചെയ്തിരിക്കുന്നു. ഗുഗിളില്‍ നോക്കിയപ്പോള്‍ അടുത്തുള്ളതും മൂന്ന് മണിക്കൂറിനുള്ളില്‍ പോയിവരാവുന്നതുമായ സ്ഥലം. പക്ഷേ പ്രധാന പ്രശ്നം എങ്ങനെ വീട്ടില്‍ നിന്ന് പുറത്തു ചാടുമെന്നായിരുന്നു. ഒടുവില്‍ അതിന് ഒരു തീരുമാനമായി, പുതിയ ഫോണില്‍ ഇടാന്‍ മൈക്രോ സിം വാങ്ങുവാന്‍ പാലായ്ക്ക് പോകുവാ എന്ന പേരും പറഞ്ഞ് കുഞ്ഞുങ്ങള്‍ ഉറങ്ങിയ ശേഷം വീട്ടില്‍ നിന്ന് ചാടി. ട്രിപ്പ് പോകാമെന്നേ പറഞ്ഞിരുന്നുള്ളൂ എവിടെയ്ക്ക് എന്ന് പറഞ്ഞിരുന്നില്ല. അതുകൊണ്ട് സ്ഥലം അറിയാനുള്ള ആകാംഷയിലായിരുന്നു പാറു. വീട്ടില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ദൂരമേയുള്ളൂ പെരുംകുന്നിലേക്ക്. അതുകൊണ്ട് തന്നെ കണ്ടിട്ടുള്ള സ്ഥലമായിരിക്കുമോയെന്ന ഭയം എന്റെ ഉള്ളിലുണ്ടായിരുന്നു. പക്ഷേ ആ പേര് ഒരിക്കല്‍ പോലും കേട്ടിട്ടില്ലയെന്ന് പറഞ്ഞത് അത്ദുതപ്പെടുത്തി. യാത്രക്കിടെ പാറുവിന്റെ മുഖത്ത് സന്തോഷം വിരിയുന്നത് കണ്ടപ്പോള്‍ ആദ്യമായി അമ്മയാകുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചുപോയി. സിസേറിയന്‍ ചെയ്തതിന്റെ സഹിക്കാനാകാത്ത വേദന, കുട്ടിയുടെ കരച്ചില്‍ കാരണം ഉറങ്ങാന്‍ പറ്റാത്ത രാത്രികള്‍, പാല് കൊടുക്കാന്‍ അറിയാതെ വിഷമിച്ച ദിനങ്ങള്‍, കുഞ്ഞ് കരയുന്നത് വിശന്നിട്ടാണോ വയറ് വേദനിച്ചിട്ടാണോയെന്ന് അറിയാതെ കുഴങ്ങിപ്പോകുന്ന സമയങ്ങള്‍, മാനസികമായി സഹായിക്കാന്‍ ഒരാളില്ലെങ്കില്‍ മാനസികനിലവരെ തെറ്റിപ്പോകാവുന്ന ഭീകരനിമിഷങ്ങള്‍. അപ്പോള്‍ പിന്നെ ഇരട്ടക്കുട്ടികള്‍ ഉള്ള പാറുവിന്റെ അവസ്ഥ പറയണ്ടല്ലോ..
പാറുവിന്റെ സന്തോഷങ്ങള്‍
പാലാ-തൊടുപഴ റൂട്ടില്‍ കൊല്ലപ്പള്ളിയില്‍ നിന്ന് മുട്ടം റൂട്ടില്‍ ആണ് പെരുംകുന്ന്. നീലൂര്‍ ടൗണില്‍ നിന്ന് താഴേയ്ക്ക് കിടക്കുന്ന റോഡിലൂടെ നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പെരുംകുന്ന് എത്തും. (നീലൂരില്‍നിന്ന് ഇവിടേക്ക് എത്താന്‍ നാല് വഴിയുണ്ട്.) കയറ്റവും ഇറക്കവും വളവും തിരിവുമുള്ളതായ മലയോര റോഡാണ് സഞ്ചാരപാത. ശാന്തവും സുന്ദരവുമായ ഗ്രാമന്തരീക്ഷത്തിലൂടെ കാര്‍ കടന്ന് പോയി. റോഡിന് ഇരുവശവുമുള്ള റബര്‍ കാടുകള്‍ പെരിവെയിലത്തും തണുപ്പ് പൊഴിച്ച് നിന്നു. വളവോടുകൂടിയ വലിയൊരു കയറ്റത്തിന് നടവിലാണ് പെരുംകുന്ന് വ്യൂപോയിന്റ്. കൊടുംവളവിലെ സംരക്ഷണ ഭിത്തിയില്‍ വെള്ളയും കറുപ്പും മാര്‍ക്ക് ചെയ്തിട്ടുള്ളതാണ് സ്ഥലം തിരിച്ചറിയാനുള്ള ഏക അടയാളം. പുറംലേകം അറിയാത്ത ഇടമായതുകൊണ്ട് നാട്ടുകാരല്ലാതെ മറ്റാരും ഇവിടെ വരാറില്ല. അതുകൊണ്ടുതന്നെ മറ്റ് ശല്യങ്ങളില്ലാതെ സ്വസ്ഥമായിരുന്ന് കോടമഞ്ഞ് ഇറങ്ങുന്ന പുലരികളും സായാഹ്നങ്ങളും ആസ്വദിക്കാനാകും. റോഡില്‍ നിന്ന് താഴേയ്ക്കിറങ്ങി ചെറുപാറയുടെ മുകളില്‍ കയറി നിന്നാല്‍ കൊച്ചി റിഫൈനറി അടക്കം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ പലഭാഗങ്ങളും കാണാം. സൂര്യന്‍ ഉച്ചിയില്‍ എത്തിയപ്പോഴാണ് ഞങ്ങള്‍ പെരുംകുന്നില്‍ എത്തുന്നത്. ചൂട് സഹിച്ച് എങ്ങനെ പാറയിലേക്ക് കയറുമെന്ന് ഓര്‍ത്താണ് കാറില്‍ നിന്ന് ഇറങ്ങുന്നത്. പക്ഷേ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് തണുത്ത കാറ്റ് തഴുകി കടന്ന് പോയി. പെരിവെയിലാണെങ്കിലും ഇവിടത്തെ പ്രകൃതിക്ക് തണുപ്പാണ്. താഴ്വാരത്തിലേക്ക് നോക്കി സ്വസ്ഥമായി സൊറ പറഞ്ഞിരിക്കാന്‍ പറ്റിയ സ്ഥലം. നാട്ടുകാരായ കുറച്ച് യുവാക്കളല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. കോണ്‍ക്രീറ്റ് ഭിത്തികള്‍ക്ക് ഉള്ളില്‍ നിന്ന് രക്ഷപ്പെട്ട് പഴയ ജീവിതത്തിലേക്ക് വന്നതിന്റെ എല്ലാ സന്തോഷവും പാറുവിന്റെ മുഖത്തുണ്ടായിരുന്നു. സാധാരണ എവിടെയെങ്കിലും ഇരുന്ന് സ്ഥലം ആസ്വദിച്ചിരുന്ന പാറു പക്ഷേ, ഇവിടെ ഇരുപ്പുറക്കാതെ ഓടി നടന്നു. ആ ആസ്വാദനത്തിന് അധികം ആയുസുണ്ടായിരുന്നില്ല. കുഞ്ഞുങ്ങള്‍ ഉണര്‍ന്ന് കരച്ചില്‍ തുടങ്ങി എന്ന സന്ദേശവുമായി മമ്മിയുടെ കോള്‍ എത്തി. പിന്നീട് കണ്ടത് മാതൃസ്നേഹത്തിന്റെ വെപ്രാളമായിരുന്നു. കാര്‍ വന്നതിലും വേഗത്തില്‍ തിരിച്ച് വീട്ടിലേക്ക്..
(പെരുംകുന്നിന് സമീപം മനോഹരമായ നിരവധി സ്ഥലങ്ങള്‍ ഉണ്ട്. സമയപരിമിതി മൂലം അവിടങ്ങളില്‍ പോകുവാന്‍ സാധിച്ചില്ല. അവയെക്കുറിച്ച് മറ്റൊരു ബ്ലോഗ് ചെയ്യുന്നതാണ്.)
ശ്രദ്ധിക്കേണ്ടവ
1. സംരക്ഷണവേലികളോ സുരക്ഷ ബോര്‍ഡുകളോ ഇല്ലാത്തതുകൊണ്ട് സൂക്ഷിച്ചുവേണം ഒരോ ചുവടും മുന്നോട്ട് വയ്ക്കുവാന്‍.
2. വൈകുന്നേരങ്ങളിലാണ് ഇവിടം കൂടുതല്‍ മനോഹരമാകുന്നത്. മഞ്ഞ് കാണണമെങ്കില്‍ പുലര്‍ച്ചെ എത്തണം.
3 നീലൂരാണ് അടുത്തുള്ള ടൗണ്‍ ഇവിടന്ന് ഭക്ഷണം വാങ്ങിപ്പോകാം.
4. പ്ലാസ്റ്റിക് കുപ്പികള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍ തുടങ്ങിയവ അലക്ഷ്യമായി എറിഞ്ഞു പ്രകൃതിയെ നശിപ്പിക്കരുത്.
എങ്ങനെ എത്താം
പാലാ-കൊല്ലപ്പള്ളി-നീലൂര്‍-പെരുംകുന്ന്
തൊടുപുഴ-മുട്ടം-നീലൂര്‍-പെരുംകുന്ന്
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍
കോട്ടയം- 44 കിലോമീറ്റര്‍
No comments:
Post a Comment