പാറു ഗര്‍ഭിണിയായിരുന്ന സമയത്ത് കിഡ്നിക്കു ചെറിയ പ്രശ്നമുണ്ടെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഗര്‍ഭകാലത്ത് ഇതോക്കെ സര്‍വസാധാരണമാണ്. പക്ഷേ, പ്രസവശേഷവും ആ പ്രശ്നം അവിടെത്തന്നെ നിന്നു. ഡോക്ടര്‍ അവധിയിലായതിനാല്‍ തുടര്‍ന്നുള്ള ചെക്കപ്പും നടത്താനായില്ല. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് മൂന്നര മാസങ്ങള്‍ക്ക് ശേഷം ഡോക്ടറെ കാണാനുള്ള അവസരം കിട്ടി. പതിവുപോലെ രാത്രി തന്നെ ആശുപത്രിയില്‍ പോയി ടോക്കണ്‍ എടുത്തു. രാവിലെ കാറുമായി പാലായ്ക്കു തിരിച്ചു. കുഞ്ഞുങ്ങളുമായി സാധാരണ പുറത്ത് പോകുന്ന പോലെ മമ്മിയെയും കൂട്ടി ആശുപത്രിയില്‍ പോകാനായിരുന്നു എന്റെ പ്ലാന്‍. പക്ഷേ, ചെറിയ ഒരു ട്വിസ്റ്റ് സംഭവിച്ചു.
മമ്മി വീണ് വയ്യാതെ ഇരിക്കുന്നതുകൊണ്ട് സൈറയെ നോക്കി വീട്ടില്‍ ഇരുന്നോളാമെന്ന് പറഞ്ഞു. സൈറയെ തനിച്ചാക്കി പോകാന്‍ എനിക്കും പാറുവിനും ആദ്യം മനസുവന്നില്ല. പാവം, അത് ഉറക്കത്തില്‍നിന്ന് ഉണരുമ്പോള്‍ സേറയെയും പാറൂനെയും കണ്ടില്ലെങ്കില്‍ സങ്കടമാകുല്ലോയെന്ന ചിന്ത കുഴച്ചു. കുപ്പിപ്പാല് കുടിക്കുന്നതും അലമ്പില്ലാതെ കിടന്നുറങ്ങുന്നതും സൈറയായതുകൊണ്ട് അവസാനം അവളെ വീട്ടില്‍ ഇരുത്താന്‍ തീരുമാനിച്ചു.
അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
രണ്ടു ദിവസം മുമ്പാണ് രാത്രി ഭക്ഷണം കഴിക്കാന്‍ പോകുംവഴി സഹപ്രവര്ത്തകന് ഐബിന്‍ ടിവിയില്‍ കോമഡി പരിപാടിയുടെ ആങ്കറായ അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണിക്കുന്നത്. അശ്വതി അമ്മയായപ്പോള്‍ ഉണ്ടായ ഡിപ്രഷനുകളെക്കുറിച്ചായിരുന്നു ആ പോസ്റ്റ്. കുഞ്ഞുങ്ങളെ വീട്ടില്‍ ഉറക്കികിടത്തിയിട്ട് ഞാനും പാറുവും കഴിഞ്ഞ മാസം ട്രിപ്പ് പോയതിനു കുറെ വിമര്‍ശനം കേട്ടതാണ്. അത് ഐബിന്‍ അറിയാവുന്നതുകൊണ്ടാണ് ഈ പോസ്റ്റ് എന്നെ കാണിച്ചത്. നീ ചെയ്തതില്‍ ഒരു തെറ്റുമില്ല, 100% നല്ല കാര്യമാണെന്ന് ഐബിന്‍ വക സപ്പോര്‍ട്ട്. ഇത് മനസില്‍ കിടന്നതുകൊണ്ടാണ് ഡോക്ടറെ കണ്ടശേഷം പണ്ടത്തെപോലെ കാണുന്ന വഴിയെ അന്തവുംകുന്തവുമില്ലാതെ ഒരു യാത്ര പോകാന്‍ ഞാന്‍ തീരുമാനിച്ചത്. വീണ്ടും പഴയപോലെ കാര്‍ പുതുവഴികള്‍ തേടി.. ചെറുകടകള്‍ക്ക് മുമ്പില്‍ നിര്‍ത്തി.. പുതുരുചികള്‍ അനുഭവിച്ചു..
സ്ഥലങ്ങള്‍ കാണുക മാത്രമല്ല യാത്ര. പരസ്പരം സംസാരിക്കലും കൂവി വിളിക്കലും കളിയാക്കലും പാട്ടിനൊപ്പം താളമിട്ടുമൊക്കെയായി അങ്ങനെ പൊളിച്ചടുക്കലാണ് ഞങ്ങളുടെ ഭ്രാന്തന് യാത്രകള്‍. അങ്ങനെ പാറിപ്പറന്ന് ആര്‍ത്തുല്ലസിച്ച് പൊളിച്ചടുക്കി വൈകുന്നേരം വീട്ടിലെത്തി. അപ്പോഴും സൈറ നല്ല ഉറക്കത്തിലായിരുന്നു.
തിരിച്ചറിവുകളുടെ തുടക്കം
സൈറയില്ലാതെ യാത്ര പോകുന്നതിന്റെ ഫോട്ടോ വാട്ട്സ്ആപ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇത് കണ്ട കൂട്ടുകാര്‍ ഭരണിപ്പാട്ട് പാടി. പ്രത്യേകിച്ച് പെണ്‍സുഹൃത്തുക്കള്‍. ചെയ്തത് ശരിയായില്ലെന്ന് അവര്‍ വിമര്‍ശിച്ചു. അങ്ങനെ സൈറയ്ക്ക് ഫാന്‍സ് ആയി. ഉറക്കത്തില്‍നിന്ന് എണീറ്റ സൈറ കളിയും ചിരിയുമായി കട്ടിലില്‍ കിടക്കുവായിരുന്നു. സേറ ഉറക്കത്തിലും. കുറച്ചു കഴിഞ്ഞ് കുളിപ്പിക്കുന്നതിനായി രണ്ടുപേരെയും ഒരുമിച്ച് പായയില്‍ കിടത്തി. ഇരുവരും പരസ്പരം കണ്ടപ്പോള്‍ എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞുകൊണ്ടിരുന്നു. ഒരു കാര്യം വ്യക്തമായിരുന്നു. സേറ സന്തോഷം കൊണ്ട് ചിരിക്കുകയും സൈറയുടെ മുഖം വാടുകയും ചെയ്തു. കുളികഴിഞ്ഞ് വന്ന സൈറ എന്റെ മുഖത്ത് നോക്കി ഗൗരവത്തില്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവള് ചിരിച്ചില്ല.. കൈകാലുകളിട്ടടിച്ചില്ല.. സങ്കടം അവളുടെ മുഖത്ത് തളംകെട്ടി നിന്നു.. പക്ഷേ, അവള് കരഞ്ഞതുമില്ല.. കുഞ്ഞുങ്ങള്‍ക്കും ഉണ്ടായിരിക്കാം അവരുടേതായ ഭാഷ. സേറ ട്രിപ്പുപോയിയെന്ന് സൈറയോട് പറഞ്ഞിരിക്കാം ആ പരിഭവമായിരിക്കും അവള് ഞങ്ങളോട് പറഞ്ഞതെന്ന് ഊഹിച്ചു. എന്തായാലും എനിക്കും പാറുവിനും ആകെ വിഷമമായി. എത്ര വലിയ കരച്ചിലാണെങ്കിലും നമ്മുക്ക് ട്രിപ്പുപോകാമെന്ന് പറഞ്ഞാല്‍ അപ്പോള്‍ കരച്ചില് നിര്‍ത്തി ചിരിക്കുന്ന ആളാണ് സൈറ. എന്നിട്ട് അവളെ കൂട്ടാതെ പോയത് അവള്‍ക്ക് സഹിച്ചുകാണില്ല. പാവം..
സൈറയുടെ ചിരിയും ആ തിരിച്ചറിവും
പിറ്റേദിവസം ഉച്ചയായപ്പോള്‍ സേറ നല്ല ഉറക്കത്തിലും സൈറ കളിചിരികളുമായി ഇരിക്കുന്ന സമയം. പാറുവിനോട് ചോദിച്ചു ഒരു ട്രിപ്പുവിട്ടാലോ.. ട്രിപ്പ് എന്ന കേട്ടപാതി സൈറ ചിരി നിര്‍ത്തി സീരിയസായി. എന്നെ കൊണ്ടുപോകാതെ മുങ്ങുവാണോയെന്ന ഭാവത്തിലായി നോട്ടം. കാര്‍ സ്റ്റാര്‍ട്ടാക്കിയതും സൈറ കരച്ചില് തുടങ്ങി. അവളുമായി പാറു കാറിനകത്ത് കയറിയപ്പോള്‍ കരച്ചില് നിര്‍ത്തി അന്താളിപ്പോടെ ഒരു നോട്ടം. നമ്മള് ട്രിപ്പുപോകുവാ നോക്കിക്കേ എന്ന് പറഞ്ഞ് സെല്‍ഫിക്കായി ഫോണ്‍ കാണിച്ചതും കുഞ്ഞിമോണകാട്ടി നിര്‍ത്താതെ ചിരി.. യാത്രയില്‍ ഉടനീളം റോഡിലേക്കു നോക്കി അന്തംവിട്ടിരുന്നു. സൈറയെന്ന് നീട്ടിവിളിക്കുമ്പോള്‍ ഒരു പൊട്ടിച്ചിരിയായി മറുപടിയെത്തും. തിരികെ വീട്ടില്‍ എത്തി തൊട്ടിലില്‍ കിടത്തിയപ്പോള്‍ എന്തൊക്കെയോ തനിയെ പറയുകയും ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഉറക്കം കഴിഞ്ഞ് രണ്ടുപേരും കണ്ടുമുട്ടിയപ്പോള്‍ ഭയങ്കര സന്തോഷത്തില്‍ കൈയുംകാലുമിട്ടടിച്ച് സൈറ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഇത് കേട്ട് സേറയുടെ മുഖഭാവം മാറുന്നത് കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി. ഇവര്‍ക്കിടയില്‍ ഒരു ഭാഷയുണ്ട്. നമ്മള് പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങള്‍ ഇവര്‍ നല്ലപോലെ മനസിലാക്കുന്നുണ്ട്. അത് ഒരു തിരിച്ചറിവായിരുന്നു... വലിയൊരു തിരിച്ചറിവ്..
വാല്‍ക്കഷണം- ഇരട്ടകള്‍ക്ക് എന്തൊക്കെയോ സിദ്ധികള്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ഇതൊക്കെയാണോ ആവോ..
ഗൂഢാലോചന
അന്താളിപ്പ്
ആസ്വാദനം
കഥ വായിച്ചു അന്ധാളിച്ചുപോയി. കൊള്ളാം.
ReplyDelete