Friday, 11 October 2019

ആദിയോഗി കിടുവാണ് പൊളിയാണ് പക്ഷേ..


ഒന്നര വര്‍ഷം മുമ്പാണ് സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ് സ്ഥാപിച്ച ഇഷ ഫൗണ്ടേഷനെക്കുറിച്ച് അറിയുന്നത്. ഇഷ എന്ന പേരായിരുന്നു ആദ്യം ആകര്‍ഷിച്ചത്. പെണ്‍കുട്ടിയുണ്ടാകുവാണെങ്കില്‍ ആ പേരിടണമെന്ന് മനസില്‍ കുറിച്ചിട്ടു. പക്ഷേ ഇരട്ടക്കുട്ടികള്‍ പിറന്നതോടെ ആ ആഗ്രഹം പാളിപ്പോയെന്ന് മാത്രം. ഇഷക്ക് ചേര്‍ന്നൊരു പേര് കിട്ടാത്തതുകൊണ്ട് ഇഷമാറി സൈറ സേറ പേരുകള്‍ പിറന്നത്. എന്നാണ് ആദിയോഗി ശിവപ്രതിമ മനസില്‍ കയറിപ്പറ്റിയതെന്ന് ഓര്‍മ്മയില്ല. പക്ഷേ ഒരുപാട് തവണ പോകുവാന്‍ ശ്രമിച്ചിട്ട് പാതിവഴിയില്‍ ഉപേക്ഷിച്ചിട്ടുള്ള ട്രിപ്പായിരുന്നു ഇത്.
പൂജയുടെ അവധിക്ക് പാറുവിന്റെ അനിയത്തി പ്രിയയും ഭര്‍ത്താവ് ജോസിനും കൂര്‍ഗിന് ട്രിപ്പ് പ്ലാന്‍ ചെയ്യുന്നത് കണ്ടപ്പോഴാണ് വീണ്ടും ആദിയോഗി മനസില്‍ തെളിഞ്ഞത്. പാറുവിനോട് അഭിപ്രായം ചോദിച്ചപ്പോള്‍ ഡബിള്‍ ഓകെ പറഞ്ഞതോടെ ഗൂഗിളില്‍ കയറി റൂട്ട് നോക്കിയിട്ടു. അങ്ങോട്ടും ഇങ്ങോട്ടും ഏകദേശം 600 കിലോമീറ്റര്‍ ദൂരമുണ്ട്. ഒരാള്‍ ഡ്രൈവ് ചെയ്യുകയും മറ്റെയാള്‍ കുഞ്ഞൂസുകളെ മടിയിലിരുത്തി യാത്ര ചെയ്യുകയെന്നത് സാധിക്കാത്തകാര്യമാണ്. വല്യമ്മമാരില്‍ ഒരാളെ കൂടെക്കുട്ടാമെന്ന് വിചാരിച്ചപ്പോള്‍ 600 കലോമീറ്റര്‍ ഒറ്റദിവസം കൊണ്ട് യാത്രചെയ്യുന്നകാര്യമോര്‍ത്ത് അവര്‍ പിന്‍വാങ്ങി. അവസാനം കുഞ്ഞുങ്ങളെ തൊടുപുഴയിലെ വീട്ടില്‍ നിര്‍ത്തിയിട്ട് പോകുവാന്‍ തീരുമാനിച്ചു. ഇരട്ടക്കുട്ടികള്‍ ഉണ്ടായതോടെ ഞങ്ങള്‍പെട്ടുവെന്നും ചുരുങ്ങിയത് ആറ് വര്‍ഷം എങ്കിലും കഴിയാതെ വീട്ടിന് പുറത്ത് ഇറങ്ങാന്‍ കഴിയില്ലെന്നു പറഞ്ഞവരും ഉള്ളില്‍ച്ചിരിച്ചവരും വാര്‍ത്തയറിഞ്ഞ് ഞെട്ടി. പിന്നെയങ്ങോട്ട് കുഞ്ഞുങ്ങളെ മുന്നില്‍ നിര്‍ത്തിയുള്ള സഹതാപതരംഗമായിരുന്നു. പക്ഷേ ഞങ്ങള്‍ എല്ലാപ്രതിബന്ധങ്ങളെയും ചിരിച്ച് തള്ളി മഹാനവമിനാളില്‍ പുലര്‍ച്ചെ നാലുമണിക്ക് കോയമ്പത്തൂര്‍ക്ക് ഫസ്റ്റ് ഗിയര്‍ ഇട്ടു.


മഹാനവമി ചതിച്ചാശാനേ


എന്ന് ട്രിപ്പിന് ഇറങ്ങിയാലും തുടക്കം തന്നെ തടസങ്ങള്‍ ഉണ്ടാകുക പതിവാണ്. ഇപ്രാവിശ്യം തൃശൂര്‍-പാലക്കാട് റൂട്ടിലെ കുപ്രസിദ്ധമായ കുതിരാനില്‍ ബ്ലോക്കിന്റെ രൂപത്തിലാകും അത് പ്രത്യക്ഷപ്പെടുകയെന്നാണ് കരുതിയത്. പക്ഷേ സംഭവിച്ചത് മറ്റ് പലതായിരുന്നു. കാറിന്റെ വലത് വശത്തെ ലൈറ്റ് അടിച്ചുപോയിക്കൊണ്ടായിരുന്നു തടസങ്ങളുടെ തുടക്കം. വാളയാര്‍ കഴിഞ്ഞപ്പോള്‍ ഫോണ്‍ സ്റ്റക്കായി ഗൂഗില്‍ പ്രവര്‍ത്തനരഹിതമായി. പ്രകൃതിരമണീയ പ്രദേശങ്ങള്‍ വരുമ്പോള്‍ ക്യാമറ ഹാങ് ആയിനില്‍ക്കും. അങ്ങനെ ഇഷാ ഫൗണ്ടേഷന്‍ സ്ഥിതി ചെയ്യുന്ന വെള്ളിയന്‍ഗിരി മലകളുടെ താഴ്‌വാരം എത്തുംവരെ തടസങ്ങളുടെ ഘോഷയാത്രയായിരുന്നു. കേരളത്തിലെ ഭക്ഷണം കഴിച്ചു മടുത്തതുകൊണ്ട് രാവിലെ മുതല്‍ രാത്രിവരെയുള്ള ഭക്ഷണം തമിഴ്‌നാട്ടില്‍ നിന്ന് കഴിക്കാമെന്ന് വിചാരിച്ച് അതിര്‍ത്തി കടന്നു. പക്ഷേ സംഭവിച്ചത് മഹാനവമി കാരണം ഒറ്റഹോട്ടല്‍ പോലും തുറന്നിട്ടില്ലായിരുന്നു. വിശന്ന് കുടല്‍വരെ കരിഞ്ഞ് മണം പുറത്ത് വന്നു. അവസാനം ഒരു ബേക്കറി തുറന്നിരിക്കുന്നത് കണ്ടു അവിടെനിന്ന് ഒരു ചായയും സമോസയും കഴിച്ച് ബ്രേക്ക്ഫാസ്റ്റ് ഒപ്പിച്ചു. ഉച്ചയ്ക്ക് ബട്ടര്‍ബണ്ണും ഷേയ്ക്കും. വൈകുന്നേരം പേരക്കാ ജൂസുമായിരുന്നു ഭക്ഷണം. സത്യത്തില്‍ തിരിച്ച് കേരളത്തില്‍ കയറിയപ്പോഴാണ് വല്ലതും കനത്തിന് കഴിക്കാന്‍ പറ്റിയത്. 9.30 ഓടെ 1992ല്‍ സദ്ഗുരു ജഗ്ഗി വാസുദേവ് സ്ഥാപിച്ച ഇഷ ഫൗണ്ടേഷന്റെ കവടത്തിലൂടെ കാര്‍ അകത്തേക്ക് കടന്നു. ഇഷ ഫൗണ്ടേഷന്‍ പൂര്‍ണമായും സന്നദ്ധസേവകരാല്‍ പ്രവര്‍ത്തിക്കുന്ന ലാഭേച്ഛയില്ലാത്ത മതേതര സ്ഥാപനമാണ്. യോഗയിലൂടെ അവബോധമുയര്‍ത്താനുതകുന്ന പ്രോഗ്രാമുകളുടെ ഒരു പരമ്പര തന്നെ ഇവിടെ നടത്തുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയിലെ എക്കണോമിക് & സോഷ്യല്‍ കൗണ്‍സില്‍ പോലെയുള്ള അന്താരാഷ്ട്ര സംഘടനകളുമായും ഇഷ ഫൗണ്ടേഷന്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഇഷയില്‍ ലോകം മുഴുവനായി ഒന്‍പത് ദശലക്ഷത്തിലധികം വോളന്റിയര്‍മാരുണ്ടെന്നാണ് പറയപ്പെടുന്നത്. കല്ല് പാകിയ റോഡിലൂടെ അകത്തേക്ക് പോകുന്തോറും അങ്ങ് അകലെ ലോകത്തെ ഏറ്റവും വലിയ അര്‍ദ്ധകായ പ്രതിമ ദൃശ്യമായിത്തുടങ്ങി.


കാണേണ്ട കാഴ്ച


ഒരു മരമോ ചെടികളോ ഇല്ലാത്ത അതിവിശാലമായ തരിശുഭൂമിക്ക് നടുവിലാണ് ആദിയോഗി ശിവപ്രതിമ തലയുയര്‍ത്തി നില്‍ക്കുന്നത്. ഈ പ്രതിമ സദ്ഗുരു രണ്ടു വര്‍ഷം കൊണ്ട് ഡിസൈന്‍ ചെയ്ത് എട്ടുമാസം കൊണ്ട് നിര്‍മ്മിച്ചു എന്നൊരു പ്രത്യേകതകൂടിയുണ്ട്. കാര്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത് പുറത്തേയ്ക്ക് ഇറങ്ങി. രാവിലെയാണെങ്കിലും വെയിലിന് നല്ല ചൂടാണ്. കണ്ണുതുറന്ന് നോക്കാന്‍ പറ്റാത്ത തരം തീപാറുന്ന ചൂട്. കൈയില്‍ സണ്‍ഗ്ലാസ് ഉണ്ടായിരുന്നത് രക്ഷയായി. പ്രതിമയ്ക്ക് അരികിലേക്ക് നടന്നു. രാവിലെ തന്നെ നിരവധി സന്ദര്‍ശകര്‍ ഉണ്ട്. 112 അടി ഉയരമുള്ള ആദിയോഗി ലോകത്തെ ഏറ്റവും വലിയ അര്‍ദ്ധകായ പ്രതിമയെന്ന ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് നേടിയിട്ടുണ്ട്. പൂര്‍ണമായും സ്റ്റീല്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 2017ല്‍ മഹാശിവരാത്രി ദിനത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രതിമ അനാവരണം ചെയ്തത്. പ്രതിമയുടെ 112 അടി ഉയരം എന്നത് യോഗികളുടെ സംസ്‌കാരത്തില്‍ സൂചിപ്പിച്ചിട്ടുള്ള മോക്ഷം നേടാനുള്ള 112 മാര്‍ഗങ്ങളെയാണ് സൂചിപ്പിക്കുന്നത്. ചെറിയ പടികള്‍ കയറി കൂറ്റന്‍ പ്രതിമയ്ക്ക് അരികിലെത്തി. പ്രതിമയെ തെടാതിരിക്കാന്‍ ചുറ്റിനും ശൂലം സ്ഥാപിച്ചിട്ടുണ്ട്. ഇത് മറികടന്ന് തൊടാന്‍ ശ്രമിക്കുന്നവരെ സെക്യൂരിറ്റി കൈയോടെ പിടികൂടി കൊണ്ടുപോകുന്നത് കണ്ടു. ഞങ്ങളെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം പ്രതിമയില്‍ അണിയിച്ചിരിക്കുന്ന രുദ്രക്ഷമാലയായിരുന്നു. വലിയ വടത്തിന്റെ വണ്ണവുമുണ്ട് മാലയ്ക്ക്. ആദിയോഗി പ്രതിമയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരമുണ്ടാകും ആശ്രമത്തിലേക്ക്. രണ്ടു തരത്തില്‍ അവിടെ എത്താം. ഒന്ന് കാല്‍നടയായും മറ്റൊന്ന് 10രൂപ കൊടുത്ത് കാളകെട്ടിവലിക്കുന്ന പ്രത്യേക വണ്ടിയിലും. മഹാനവമി പ്രമാണിച്ച് കാളകള്‍ക്ക് വേണ്ടി പ്രത്യേക ചടങ്ങുകള്‍ നടക്കുന്നതിനാല്‍ രാവിലെ കാളവണ്ടി സര്‍വീസ് ഇല്ലായിരുന്നു. കല്ലുപാകിയ റോഡിന്റെ നടുവില്‍ വളര്‍ന്നുവരുന്ന ചെറിയമരങ്ങളുടെ തണലുപറ്റി ഇഷയിലേക്ക് നടന്നു.


കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന വഴികള്‍


ആശ്രമത്തിലേക്ക് പോകും വഴി നിരവധി കടകള്‍ ഉണ്ട്. കൂടുതലും ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നവയാണ്. തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ്‌സര്‍വീസ് അവസാനിപ്പിക്കുന്ന റോഡ് ക്രോസ് ചെയ്യുന്നിടത്താണ് കല്ലില്‍ കൊത്തിയ കൂറ്റന്‍ നാഗസര്‍പ്പമുള്ള ആശ്രമ കവാടം. രണ്ടാള്‍ പൊക്കത്തില്‍ ഏക്കറുകണക്കിന് ഭൂമി കല്ലുപാളികള്‍കൊണ്ട് വേലികെട്ടി മറച്ചാണ് ആശ്രമം സൂക്ഷിക്കുന്നത്. കവാടം കടന്ന് ചെല്ലുന്നത് ഇടതൂര്‍ന്ന് മനോഹരമായി നില്‍ക്കുന്ന കവുങ്ങിന്‍ തോട്ടത്തിലേക്കാണ്. എല്ലായിടത്തും കല്ലുപാകിയ വഴികളാണെന്നതാണ് മറ്റൊരു പ്രത്യേകത. അതുപോലെതന്നെ കെട്ടിടങ്ങളുടെ നിര്‍മ്മതിക്കായി കല്ല് പാളികളും കൂറ്റന്‍ കല്‍ത്തൂണുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ആശ്രമത്തിനുള്ളില്‍ സന്ദര്‍ശകരായി എത്തുന്നവരെ കാത്തിരിക്കുന്നത് മൂന്ന് കാര്യങ്ങളാണ്. ലിംഗഭൈരവി, ധ്യാനലിംഗം, സൂര്യ/ചന്ദ്രകുണ്ടുകള്‍ എന്നിവയാണ് ഇവ. ആശ്രമത്തിന് ഉള്ളില്‍ ചെരുപ്പിനും ഫോണിനും നിരോധനമുള്ളതുകൊണ്ട് ഇവ രണ്ടും കൗണ്ടറില്‍ കൊടുത്തശേഷം സെക്യൂരിറ്റി ചെക്കിംങ്ങും കഴിഞ്ഞാണ് അകത്തേക്ക് പ്രവേശിച്ചത്. കയറി ചെല്ലിന്നിടത്ത് ആശ്രമത്തിന്റെ പ്രത്യേകതകള്‍ വിവരിക്കുന്ന രണ്ടുമിനിറ്റ് വിഡീയോ പ്രദര്‍ശനം നടക്കുന്നുണ്ട്. മലയാളം, കന്നട, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് വിവരണം. കയറി ചെല്ലുന്നിടത്താണ് പുരുഷന്‍മാര്‍ക്ക് സ്‌നാനം നടത്താനുള്ള സൂര്യകുണ്ട്. ചൂട് അല്ലേ ഒന്ന് കുളിച്ച് ശരീരം തണപ്പിക്കാമെന്ന് ആരും വിചാരിക്കണ്ട. കാരണം എണ്ണയും സോപ്പും തേച്ച് നീന്തിക്കുളിക്കുന്നയിടമല്ല ഇത്. യോഗയും ധ്യാനവുമായി ശാന്തതയുടെ ഇടമാണ് ഇവിടം. സൂര്യകുണ്ടില്‍ നിന്ന് പടികള്‍ കയറി മറുവശത്ത് ചെല്ലുമ്പോള്‍ ചെറിയ ഒരുതാമരകുളമുണ്ട്. അത് കടന്നു ചെല്ലിന്നിടത്ത് ധ്യാനലിംഗത്തിന് അഭിമുഖമായി വലിയൊരു നന്ദിയുടെ പ്രതിമയുണ്ട്. ഇവിടെനിന്ന് ഇടത്തേക്കാണ് പേകേണ്ടിയിരുന്നത്. പക്ഷേ, ഞങ്ങള്‍ വലത്തേയ്ക്ക് തിരിഞ്ഞു നടന്നു. ഇവിടെ വലിയൊരു ഭക്ഷണശാലയും യോഗക്ക് ആവശ്യമായ വസ്ത്രങ്ങള്‍, സോപ്പ്, ചന്ദനത്തിരികള്‍, ബുക്ക്, ഫോട്ടോഫ്രയിമുകള്‍ തുടങ്ങിയവ വില്‍ക്കുന്ന രണ്ടു ഷോപ്പുകളുമാണ് ഉള്ളത്. ഒരു സോപ്പിന് വില 180 രൂപയാണ്. ഇനി ഊഹിക്കാലോ ബാക്കിയുള്ളതിന്റെ വിലകള്‍. വഴിതെറ്റിയെന്ന് മനസിലായപ്പോള്‍ തിരിച്ചു നടന്നു.


പ്രതീക്ഷിച്ചത് ശാന്തത സംഭവിച്ചത് കൂട്ടയിടി


ഇഷ നിറയെ വേളണ്ടിയര്‍മാര്‍ ഉണ്ടെങ്കിലും എങ്ങോട്ട് പോകണം എന്നത് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നുണ്ട്. ആശ്രമത്തിന്റെ ഏറ്റവും പ്രധാനമായ മുറ്റത്തേയ്ക്ക് കടന്നു. ചെറിയ തണുപ്പുള്ള വൃക്ഷങ്ങളാലും ചെടികളാലും പച്ചപ്പ് നിറഞ്ഞയിടം. അവിടെയാണ് ലിംഗഭൈരവിയും ധ്യാനലിംഗവും സ്ഥിതി ചെയ്യുന്നത്. ഇഷയുടെ നിര്‍മ്മാണം കൗതുകകരമാണ്. എവിടെ നോക്കിയാലും ഗ്രാനേറ്റും കല്ല്പാളികളും മാത്രമാണ്. പടവുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വിധമാണ് എല്ലായിടങ്ങളിലെയും എന്‍ട്രി. ധ്യാനലിംഗം ഒഴികേ മറ്റ് പ്രധാനയിടങ്ങള്‍ ഭൂമിക്കടിയിലേക്ക് ഇറങ്ങും വിധമാണ് നിര്‍മ്മാണം. സ്‌ത്രൈണ ദൈവികതയുടെ പ്രതീകമായ ലിംഗഭൈരവി ദേവി പ്രതിഷ്ഠ കാണുവാന്‍ ഞങ്ങള്‍ ക്യൂവില്‍ പ്രവേശിച്ചു. ഉച്ചയായതോടെ സന്ദര്‍ശകരുടെ തിരക്ക് കൂടിയിരുന്നു. അവധി ദിവസം ആയതുകൊണ്ട് നല്ലതിരക്കാണ്. ആശ്രമം, ധ്യാനം, ശാന്തത, സമാധാനം, മനസുഖം ഇതായിരുന്നു മനസില്‍ പക്ഷേ ക്യൂവിലെ ഇടികണ്ടപ്പോള്‍ ഉള്ള മനസമാധാനവും കൂടിപ്പോയി. ശബരിമലയില്‍ പതിനെട്ടാംപടി കയറുന്നവരെ പോലീസ് പൊക്കിയെടുത്ത് വിടുന്നത് കണ്ടിട്ടുണ്ട്. ഏതാണ്ട് അതിന് തുല്യമായ അനുഭവമായിപ്പോയി ഇതും. സ്വസ്ഥമായി ലിംഗഭൈരവിയെ കാണുവാന്‍ കഴിഞ്ഞില്ല. ഒരു മിന്നായം പോലെ എന്തോ കണ്ടു അത്രതന്നെ. പ്രസാദമായി സൗജന്യമായി ആഹാരം കൊടുക്കുന്നയിടത്ത് നാട്ടിലെ മുഴുവന്‍ ആളുകള്‍ ഉണ്ടെന്ന് തോന്നുന്നു. ക്യൂ നിന്ന് കുഴഞ്ഞ് വീണ് മരിക്കുന്നതിലും നല്ലത് പുറത്ത് പോയി ഭക്ഷണം കഴിക്കുന്നതാണെന്ന് തോന്നിയത്‌കൊണ്ട് നടപ്പ് തുടര്‍ന്നു. സ്ത്രീകളുടെ സ്‌നാന കേന്ദ്രമായ ചന്ദ്രകുണ്ടിന് മുന്നിലെത്തി. സ്ത്രീകള്‍ക്ക് മാത്രമേ ഇവിടേയ്ക്ക് പ്രവേശനമുള്ളൂ. പാറു കുളിക്കുന്നില്ലെന്ന് പറഞ്ഞതോടെ ഞങ്ങള്‍ കാത്തിരുന്ന ധ്യാനലിംഗം കാണുവാനായി മുന്നോട്ട് നടന്നു.


ശാന്തി, സമാധാനം, മനസുഖം


ധ്യാനലിംഗത്തിന്റെ പ്രവേശനകവാടത്തിനടുത്തുള്ള സര്‍വമതസ്തംഭത്തില്‍ ഹിന്ദു, മുസ്ലിം, ക്രിസ്തു, സിക്ക്, ജൈന, താവോ, സൗരാഷ്ട്ര, ജൂത, ബുദ്ധ, ഷിന്റോ മതങ്ങളുടെ ശില്പങ്ങളും അടയാളങ്ങളും അതിന്മേല്‍ കൊത്തിവച്ചിട്ടുണ്ട്. ഏകത്വത്തിന്റെ അടയാളമായിട്ടാണ് ഇത് നില കൊള്ളുന്നത്. ഞങ്ങള്‍ പടവുകള്‍ കയറി മുകളില്‍ എത്തി. ക്ഷേത്രത്തിന് ഉള്ളില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായിട്ട് 15 മിനിറ്റ് ധ്യാനമുണ്ടിവിടെ. സമ്പൂര്‍ണ്ണ നിശബ്ദത. അകത്ത് ഉള്ള ബാച്ച് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ ഉള്ളില്‍പ്രവേശിച്ചു. ധ്യാനലിംഗം ഒരു യോഗക്ഷേത്രവും ധ്യാനസ്ഥലവുമാണ്. സദ്ഗുരുവിന്റെ ഗുരു അദ്ദേഹത്തെ ഏല്‍പ്പിച്ച ജീവിതദൗത്യമാണ് ഇതിലെ പ്രതിഷ്ഠ. ഒരു പ്രത്യേക മതത്തിലോ വിശ്വാസപ്രമാണത്തിലോ അധിഷ്ടിതമല്ലാത്ത ഒരു ധ്യാനസ്ഥലമാണ് ധ്യാനലിംഗ ക്ഷേത്രം. ചുടുകട്ടയും ബലപ്പെടുത്തിയചെളിയും മാത്രമുപയോഗിച്ചു നിര്‍മിച്ചിരിക്കുന്ന അര്‍ധഗോളാകൃതിയിലെ ക്ഷേത്രം ഗര്‍ഭഗൃഹത്തെയാണ് ആവരണം ചെയ്യുന്നത്. നല്ല തണപ്പും നിശബ്ദതയും. 15 മിനിറ്റാണ് ഇവിടെയും ധ്യാനിക്കാനുള്ള സമയം. ആ 15മിനിറ്റ് സമയം നന്നായി ഉറങ്ങിയെന്നതാണ് സത്യം. സാന്ദ്രതകൂടിയ കറുത്ത ഗ്രാനൈറ്റിനാല്‍ നിര്‍മിച്ചിരിക്കുന്ന ശിവലിംഗത്തിന് ചുറ്റുമാണ് ആളുകള്‍ ഇരിക്കുന്നത്. ഇതിന് 13.9 അടി ഉയരമുണ്ട്. 15മിനിറ്റ് ധ്യാന(ഉറക്കം)ത്തിന് ശേഷം ഞങ്ങള്‍ പുറത്തേയ്ക്ക് ഇറങ്ങി. മനസിന് വല്ലാത്ത ശാന്തത. ചെറുതണുപ്പും ഇളംകാറ്റും ശരീരത്തേയും മനസിനേയും ഊര്‍ജസ്വലമാക്കി. ആശ്രമത്തിന് അകത്ത് തന്നെ കളിപ്പാട്ടം വില്‍ക്കുന്ന കടയുണ്ട് അവിടെ നിന്ന് കുഞ്ഞൂസുകള്‍ക്കുള്ളത് വാങ്ങി തിരിച്ച് ആദിയോഗി ശിവപ്രതിയ്ക്ക് അരികിലേക്ക് നടന്നു. വൈകുന്നേരമായതോടെ തിരക്ക് വര്‍ദ്ധിച്ചു. അപ്പോഴേയ്ക്കും കാളവണ്ടികള്‍ സര്‍വീസ് തുടങ്ങിയിരുന്നു. രാത്രി ലേസര്‍ ഷോയും നൃത്തപരിപാടികളും അരങ്ങേറുന്നുണ്ട് അത് കണ്ടിട്ടുപോകാമെന്ന് ബംഗളുരുകാരനായ ഒരു സ്വാമി പറഞ്ഞെങ്കിലും തിരിച്ച് താണ്ടാന്‍ ദൂരം ഇനിയും മിച്ചമുള്ളതുകൊണ്ട് ഞങ്ങള്‍ കാറിന് അരുകിലേക്ക് നടന്നു.





എങ്ങനെ എത്താം

കേരളത്തില്‍ നിന്ന് വരുന്നവര്‍ വാളയാര്‍-കോയമ്പത്തൂര്‍ റൂട്ടില്‍ ശിരുവാണി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയെ തിരിഞ്ഞ് 47 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇഷയില്‍ എത്താം. വഴി നിറയെ ഇഷയുടെ ബോര്‍ഡുകള്‍ വച്ചിട്ടുണ്ട്. ഗൂഗില്‍ മാപ്പ് നോക്കി പോയാലും വഴിതെറ്റിക്കാതെ എത്തിക്കും.




ശ്രദ്ധിക്കേണ്ടവ


  • രാവിലെ 6 മുതല്‍ രാത്രി 8 വരെയാണ് പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശം.
  • ലിംഗഭൈരവിയില്‍ രാവിലെ 6.30 മുതല്‍ ഉച്ചയ്ക്ക് 1.20 വരെയും വൈകുന്നേരം 4.20 മുതല്‍ രാത്രി 8.20 വരെയുമാണ് പ്രവേശനം.
  • രാവിലെ 7.40 ഉച്ചയ്ക്ക് 12.40 രാത്രി 7.40 എന്നീ സമയങ്ങളിലാണ് പ്രസാദമായി സൗജന്യആഹാരം ലഭിക്കുന്നത്.
  • യോഗയും ധ്യാനവും ഇഷ്ടപ്പെടുന്നവര്‍ മാത്രം ആശ്രമത്തില്‍ പ്രവേശിക്കാവൂ. അല്ലാത്തവര്‍ ആദിയോഗി ശിവപ്രതിമ കണ്ടിട്ടു തിരിച്ചു പോകുന്നതാണ് നല്ലത്.
  • വണ്ടി പാര്‍ക്ക് ചെയ്യുന്നതിന് മാത്രമേ പണം വാങ്ങുകയുള്ളൂ ബാക്കി എവിടെയും പ്രവേശനം സൗജന്യമാണ്.
  • കാളവണ്ടിയില്‍ സഞ്ചരിക്കുന്നതിന് പണം നല്‍കണം.
  • ആശ്രമത്തില്‍ താമസിക്കാന്‍ സൗകര്യമുണ്ട്. 1000 രൂപയാണ് ചാര്‍ജ്. സസ്യാഹാരം മാത്രമേ ലഭിക്കൂ.
  • പുറത്തുനിന്നുള്ളവര്‍ക്ക് യോഗ പഠിക്കാനുള്ള സൗകര്യമുണ്ട്.
  • എല്ലാവിധ സഹായങ്ങള്‍ക്കും പുരുഷന്‍/സ്ത്രീ വോളണ്ടിയര്‍മാര്‍ ഉണ്ട്.




അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍

കോയമ്പത്തൂര്‍- 30km



അടുത്തുള്ള വിമാനത്താവളം

കോയമ്പത്തൂര്‍- 38km





അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍


  • വെള്ളിയന്‍ഗിരി മല- 6km
  • കോവൈ കുട്രാളം വെള്ളച്ചാട്ടം- 7km
  • ശിരുവാണി വെള്ളച്ചാട്ടം- 11km
  • മരുതമലൈ ഹില്‍ ടെമ്പിള്‍- 15km
  • കോവൈ കോണ്ടാട്ടം അമ്യൂസ്‌മെന്റ് പാര്‍ക്ക്- 17km

























































































































ആശ്രമത്തിനുള്ളിലെ ചിത്രങ്ങള്‍ കടപ്പാട് ഗൂഗിള്‍




6 comments: