പനച്ചിക്കാട് വെച്ചു നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയപ്പോളാണ് വിശാലമായ ആമ്പല്‍പ്പാടം കാണുന്നത്. സമയം പത്തുമണി കഴിഞ്ഞതുകൊണ്ട് ആമ്പല്‍ മുഴുവന്‍ കൂമ്പിപ്പോയിരുന്നു. ഒരു ദിവസം രാവിലെ പാറുവിനെക്കൂട്ടിവരാമെന്ന് മനസില്‍ വിചാരിച്ചു കാറോടിച്ച് പോയി. അങ്ങനെ മാസങ്ങള്‍ കടന്ന് പോയി. പെട്ടെന്ന് ഒരു ദിവസം സോഷ്യല്‍ മീഡിയ മുഴുവന്‍ ആമ്പല്‍പ്പൂ മയം. എവിടെ നോക്കിയാലും ആമ്പല്‍പ്പൂമായി നില്‍ക്കുന്ന ചിത്രങ്ങള്‍. കോട്ടയത്തെ പത്രങ്ങള്‍ സംഭവം ഏറ്റെടുത്തതോടെ ആമ്പല്‍ വസന്തം മറ്റൊരു തലത്തിലേക്ക് കടന്നു. ആമ്പല്‍പ്പൂവേന്തി നില്‍ക്കുന്ന പടം ഫേസ്ബുക്കില്‍ അഭിമാനത്തിന്റെ പ്രശ്‌നമായി.
എറണാകുളം, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ ജില്ലക്കാര്‍ ഉറക്കം കളഞ്ഞ് പുലര്‍ച്ചേ കോട്ടയത്തേയ്ക്ക് വച്ചുപിടിച്ചു. നേരം വെളുക്കുമുമ്പ് എത്തണമല്ലോ.. സൂര്യന്‍ ഉദിച്ചാല്‍ പൂ കൂമ്പിത്തുടങ്ങും. ഈ സംഭവങ്ങള്‍ എല്ലാം നടക്കുന്നത് കോട്ടയം-കുമരകം റൂട്ടിലുള്ള മലരിക്കല്‍ എന്ന ഗ്രാമത്തിലാണ്. ഒന്ന് കണ്ണടച്ചുതുറന്നപ്പോള്‍ സഞ്ചാരികളുടെ തിരക്ക് കണ്ട് ഞെട്ടിയത് ഈ ഗ്രാമവാസികളാണ്. മായാവി എന്ന സിനിമയില്‍ സലിംകുമാര്‍ പറയുന്നതുപോലെ അവരും പറഞ്ഞുകാണും. ഞങ്ങള്‍ക്ക് ഭ്രാന്തായിപ്പോയതാണോ അതോ നാട്ടുകാര്‍ക്ക് മൊത്തം ഭ്രാന്താണോ.. കാരണം വര്‍ഷങ്ങളായി ആമ്പല്‍ വസന്തം ഈ ഗ്രാമത്തിലുണ്ട് അന്നോന്നും ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. ടൂറിസം വകുപ്പ് ഇത് ഏറ്റെടുത്ത് എക്കോടൂറിസത്തിന്റെ ഭാഗമാക്കി അപ്പോഴും കുറച്ചുപേര്‍ വന്ന് പോയതല്ലാതെ ആമ്പല്‍ വസന്തം പച്ചതൊട്ടില്ല. ഒരുസുപ്രഭാതത്തില്‍ ഒരുഗ്രാമം കണ്‍തുറക്കുന്നത് നൂറുകണക്കിന് ആളുകള്‍ തങ്ങളുടെ പാടത്ത് തടിച്ചുകൂടിയിരിക്കുന്ന കാഴ്ചകണ്ടാണ്. പിന്നെയങ്ങോട്ട് ജനപ്രവാഹമായി. ആരും വരാത്ത, മറ്റ് ഗ്രാമങ്ങളിലെ ആളുകള്‍ പെണ്‍കുട്ടികളെ കെട്ടിച്ചുവിടാന്‍ മടിച്ചിരുന്ന ഒരു കുഗ്രാമത്തിന്റെ മുഖമാണ് ഒരുരാത്രി ഇരുണ്ടുവെളുത്തപ്പോള്‍ മാറിയത്.
വിവാദങ്ങള്‍ക്ക് തിരികൊളുത്തി എഫ്ബി
മലരിക്കല്‍ പോകണോ പനച്ചിക്കാട് പോകണമോയെന്ന് ചെറിയ കണ്‍ഫ്യൂഷന്‍. ഗൂഗിള്‍ ചെയ്തുനോക്കിയപ്പോള്‍ ഞങ്ങള്‍ താമസിക്കുന്നിടത്തുനിന്ന് രണ്ടിടത്തേയ്ക്കും ഒരേ ദൂരം. ഇന്‍സ്റ്റഗ്രാമില്‍ മലരിക്കലിലെത്തിരക്ക് മൂലം റോഡ് ബ്ലോക്കായിക്കിടക്കുന്ന വീഡിയോ കണ്ടപ്പോള്‍ മനസ് മടുത്തു. ഞായറാഴ്ച കൊണ്ട് പാടം ഉഴുതുമറിക്കാന്‍ ട്രാക്റ്റര്‍ ഇറക്കും അതോടെ മലരിക്കല്‍ ഒര്‍മ്മയാകുമെന്നും അടുത്ത പൂക്കാലത്തിന് അടുത്ത വര്‍ഷം ജൂണ്‍വരെ കാത്തിരിക്കണമെന്നും പ്രസ്‌ഫോട്ടോഗ്രഫര്‍ ടോജോ പറഞ്ഞതോടെ മലരിക്കല്‍ മോഹം ഉപേക്ഷിച്ചു. കാരണം തിരക്കുമൂലം കാലുകുത്താന്‍ ഇടംകാണില്ലെന്ന് ഉറപ്പാണ്. പനച്ചിക്കാടും മലരിക്കലും തമ്മില്‍ തിരക്കിന്റെ കാര്യത്തില്‍ മാത്രമേ വ്യത്യാസമെള്ളൂവെന്ന് മനസിലായതോടെ മലരിക്കല്‍ ഉപേക്ഷിച്ചു പനച്ചിക്കാട് ഉറപ്പിച്ചു.
സത്യം ഇതാണ്
ഒറ്റവിടീലായിരുന്നു പനച്ചിക്കാടിന്.
പനച്ചിക്കാട് ക്ഷേത്രമിരിക്കുന്ന മലയുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന നൂറ്റിപത്ത് ഏക്കര്‍ വിശാലമായ ഒരു നെല്‍പാടത്താണ് ആമ്പല്‍വസന്തം പൂത്തുലഞ്ഞുനിറഞ്ഞ് കിടക്കുന്നത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഈ പാടങ്ങള്‍ നിറഞ്ഞ സ്ഥലത്തിന്റെ പേര് അമ്പാട്ട്കടവെന്നാണ്.
ഇരുവശവും മരങ്ങള്‍ തിങ്ങിനിറഞ്ഞ വഴിയില്‍ നിന്ന് പെട്ടെന്ന് വിശാലമായൊരു ആകാശവും നിറയെ പരന്നു കിടക്കുന്ന പാടശേഖരവുമാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. കണ്ണെത്താദൂരത്ത് പടര്‍ന്ന് കിടക്കുന്ന ആമ്പല്‍പ്പൂക്കള്‍. സൂര്യകിരണങ്ങളേറ്റ് ആമ്പലിന്റെ മുകളില്‍ തത്തിക്കളിക്കുന്ന ജലകണങ്ങള്‍. സഞ്ചാരികളായിട്ട് ഞങ്ങളെക്കൂടാതെ മൂന്ന് ഫാമിലികള്‍ മാത്രമാണ് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ തിക്കുംതിരക്കുമില്ലാതെ പൂപ്പാടത്തിന്റെ ലഹരി നുകരാന്‍പറ്റി. ഇവിടെ ആമ്പലുകള്‍ കൃഷി ചെയ്യുന്നതല്ല, എല്ലാ വര്‍ഷവും കൊയ്ത്ത് കഴിയുന്നതോടെ പാടശേഖരത്തില്‍ നിറയെ ആമ്പലുകള്‍ തനിയെ വളരുന്നതാണ്. വളര്‍ന്ന് വളര്‍ന്ന് അതിങ്ങനെ ഈ നെല്‍പ്പാടം ഒരു ആമ്പല്‍പ്പൂപ്പാടമായി മാറും.
ജൂണ്‍ മുതല്‍ നവംബര്‍ വരെയാണ് ഇത്രയധികം പൂക്കളുണ്ടാവുക. വീണ്ടും അടുത്ത കൃഷിക്ക് സമയമാകുമ്പോള്‍ പാടം ഉഴുന്നതോടെ വേരും കിഴങ്ങും ഇലയും ഉള്‍പ്പെടെ എല്ലാം പാടത്തില്‍ അലിഞ്ഞ് ചേരുന്നു. വീണ്ടും കൊയ്ത്ത് കഴിയുമ്പോള്‍ മണ്ണിലുറങ്ങുന്ന കുഞ്ഞാമ്പലുകള്‍ തലപൊക്കിത്തുടങ്ങും അങ്ങനെ നെല്‍പാടം ഒരു ആമ്പല്‍പ്പൊയ്കയായി മാറും. ഈ ആമ്പലുകള്‍ മറ്റ് വാണിജ്യാവശ്യങ്ങള്‍ക്കൊന്നും ഉപയോഗിക്കുന്നില്ല. സന്ദര്‍ശകര്‍ക്ക് നാട്ടുകാര്‍ തന്നെ പറിച്ച് കൊടുക്കുകയാണ് പതിവ്. നമ്മുക്ക് ഇഷ്ടമുള്ള ഒരു തുക നല്‍കിയാല്‍മതി. വള്ളത്തില്‍ ആമ്പല്‍പ്പൂക്കള്‍ക്കിടയിലൂടെ സഞ്ചരിക്കാനും ഇവിടെ അവസരം ഉണ്ട്. ഈ ഗ്രാമവാസികള്‍ക്ക് ഒരു ഉപജീവനമാര്‍ഗമാകുമെങ്കില്‍ ആമ്പലുകള്‍ പറിക്കുന്നതില്‍ തെറ്റില്ലെന്ന പക്ഷക്കാരനാണ് ഞാന്‍. എത്ര പറിച്ചാലും തീരില്ല ഈ പൂക്കള്‍. മാത്രവുമല്ല, പൂര്‍വാധികം ശക്തിയോടെ അവ വീണ്ടും മെട്ടിടും. കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ക്കിടയിലെ കള മാത്രമാണ് ഈ അമ്പല്‍പ്പൂക്കള്‍. അവര്‍ അത് നശിപ്പിക്കുക തന്നെ ചെയ്യും. അങ്ങനെ തന്നെ ചെയ്യണം. കാരണം, സെല്‍ഫികള്‍ നമ്മുടെ വയറുകള്‍ നിറക്കില്ലല്ലോ..
എട്ടുമണിയായതോടെ ആമ്പാട്ടുകടവിലെ പാടങ്ങളില്‍ സൂര്യപ്രകാശമെത്തി. ഇനി അധികസമയം ആമ്പല്‍പ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കില്ല. കാഴ്ചക്കാരെയൊക്കെ മോഹിപ്പിച്ച, കൊതിപ്പിച്ച പൂക്കളുടെ ചെറിയ ജീവിതം പാടത്തിലെ ചേറോട് ചേരുകയാണ്. നാളെ പുത്തന്‍ മൊട്ടുകള്‍ വിരിഞ്ഞ് വീണ്ടും ഈ വസന്തം നയനമനോഹരമാക്കും. ആ കാഴ്ചകള്‍ കാണാന്‍ വീണ്ടും പുതിയ ആളുകള്‍ എത്തും. ട്രക്റ്ററിന്റെ ഇരുമ്പ് ചക്രങ്ങള്‍ ചെളിയിലിറങ്ങുന്നതുവരെ ഇത് തുടരുക തന്നെ ചെയ്യും.
ആമ്പല്‍
ശുദ്ധജലത്തില്‍ വളരുന്ന മനോഹരമായ പൂക്കള്‍ ഉണ്ടാവുന്ന ഒരു ചെടിയാണ് ആമ്പല്‍(വാട്ടര്‍ ലില്ലി). ആമ്പല്‍ ബംഗ്ലാദേശിന്റെ ദേശീയപുഷ്പമാണ്. താമരയോട് സമാനമായ സാഹചര്യങ്ങളില്‍ വളരുന്ന ആമ്പല്‍ വിവിധതരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു. നാടന്‍ ഇനങ്ങള്‍ വെള്ളയും ചുവപ്പും നിറത്തിലാണ്. ഇവ രാത്രിയില്‍ പൂക്കുകയും പകല്‍ കൂമ്പുകയും ചെയ്യും. എങ്കിലും സങ്കര ഇനങ്ങള്‍ ചുവപ്പ്, മെറൂണ്‍, കടുംനീല, ഇളം നീല, മഞ്ഞ, വയലറ്റ് എന്നീനിറങ്ങളില്‍ കാണപ്പെടുന്നു. ഇവ പകലാണ് വിരിയുന്നത് എന്നതിനാല്‍ കൂടുതലായും ഉദ്യാനങ്ങളില്‍ വളര്‍ത്തുന്നു. ഏകദേശം 50 ഓളം വ്യത്യസ്ത ആമ്പല്‍ ഇനങ്ങള്‍ ലഭ്യമാണ്.എങ്ങനെയെത്താം
കോട്ടയത്തു നിന്ന് ചങ്ങനാശ്ശേരി റൂട്ടില്‍ നാട്ടകം, ചിങ്ങവനം തുടങ്ങിയയിടങ്ങളില്‍ നിന്ന് തിരിഞ്ഞ് പനച്ചിക്കാട്ടേയ്ക്ക് (അമ്പാട്ട്കടവ്) പോകാം. വിദ്യാരംഭത്തിന് പേരുകേട്ട ക്ഷേത്രമാണ് പനച്ചിക്കാട്. പ്രതിഷ്ഠ മഹാവിഷ്ണു ആണെങ്കിലും ദുര്‍ഗാ ഭാവത്തിലുള്ള സരസ്വതീ ക്ഷേത്രമായാണ് ഇത് അറിയപ്പെടുന്നത്. ദക്ഷിണ മുകാംബിക എന്ന പേരിലാണ് ഇവിടം പ്രസിദ്ധമാണ്.ശ്രദ്ധിക്കേണ്ടവ
- അടുത്തമാസം പകുതിയോടെ ആമ്പല്‍ നശിപ്പിക്കും. പിന്നെ 120 ദിവസം നെല്ല്‌ച്ചെടിയാകും വളരുക.
- ജൂണിലെ മഴയോട് കൂടിയെ പാടത്ത് വെള്ളം പൊങ്ങുകയും വീണ്ടും ആമ്പല്‍ മൊട്ടിടുകയും ചെയ്യോള്ളൂ.
- രാവിലെ ഒന്‍പത് മണിയോടെ അമ്പല്‍പ്പൂക്കള്‍ കൂമ്പിപോകും. ആറുമണി മുതല്‍ എട്ടുമണിവരെയാണ് ഏറ്റവും നല്ല സമയം.
- നെല്‍പ്പാടമാണ്, നാളെ അതില്‍ നെല്‍ച്ചെടികള്‍ വളരാനുള്ളതാണ് മാലിന്യങ്ങള്‍ വലിച്ചെറിയരുത്.
- സ്വന്തമായി ഇറങ്ങി പറിക്കാന്‍ ശ്രമിക്കരുത്. പാടത്തിന്റെ താഴ്ച്ചയും ചെളിയുടെ അളവുമൊന്നും അറിയില്ല അപകടം സംഭവിക്കാം.
- ഇഷ്ടമുള്ള പണം കൊടുത്താല്‍ മതി നാട്ടുകാര്‍ തന്നെ കെട്ടുകണക്കിന് പൂക്കള്‍ പറിച്ച് തരും.
- കുട്ടികളുമായി പോകുവാന്‍ പറ്റിയ സ്ഥലമാണ്. അവര്‍ക്ക് ആമ്പല്‍ ഒരു കൗതുകമായിരിക്കും.
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍
കോട്ടയം 11km
ചിങ്ങവനം 4km
gud writing and thanx for the info .
ReplyDelete❤️
Delete