സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ക്ലാസിലെ കോമേഡിയനും അലമ്പനും എന്നാല്‍ റിസല്‍റ്റ് വരുമ്പോള്‍ പഠിപ്പിസ്റ്റുമായി തീര്‍ന്നിരുന്ന ഒരേയൊരു വ്യക്തിയെ ഉണ്ടായിരുന്നുള്ളൂ അത് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ജോയിസാര്‍ വിക്കിവീവി എന്ന് കളിയാക്കി വിളിച്ചിരുന്ന അജിത്ത് വി.വിയായിരുന്നു. അരുണ്‍കുമാര്‍ ജീയും അജിത്ത് വി.വിയും ഇരട്ടകള്‍ എന്നപോലെ ഒന്നിച്ചായിരുന്നു നടപ്പ്. അതിന് കാരണം ഉണ്ട്. ഇരുവരും അയല്‍ക്കാരാണ്. 15കിലോമീറ്ററുകള്‍ താണ്ടി ബസില്‍ വരുന്ന എനിക്ക് ഇവര്‍ ബസ്‌മെയിറ്റുകളും ക്ലാസ്‌മെയിറ്റുകളും ചങ്കുകളുമായിരുന്നു. എട്ടു മുതല്‍ പത്തുവരെയുള്ള മൂന്ന് വര്‍ഷത്തെ പഠനകാലം ഓര്‍മ്മയില്‍ നിന്ന് എടുത്താല്‍ ആദ്യംവരുന്ന മുഖങ്ങള്‍ ഇവരുടെതാകും. സ്‌കൂളില്‍ ചങ്കായിട്ട് നടന്നവരാണ് വലുതാകുമ്പോള്‍ ഏറ്റവും വലിയ അപരിചിതരായി മാറുന്നത് എന്ന് പറയാറുണ്ട്. അത് സത്യവുമാണ്. സ്‌കൂള്‍ പഠനകാലത്ത് ഒരുപാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ച് തോളത്ത് കൈയുമിട്ട് ഒരിക്കലും പിരിയില്ല നമ്മളെന്ന് ഓട്ടോഗ്രാഫുമെഴുതിയവരാണ് ഇന്ന് കണ്ടാല്‍പോലും മിണ്ടാതെ പലപ്പോഴും മുന്നിലൂടെ കടന്ന് പോകാറുള്ളത്. സോഷ്യല്‍മീഡിയ വന്നതുകൊണ്ട് മാത്രം പല സൗഹൃദങ്ങളും നശിച്ച് പോകാതെ നിലനിന്ന് പോകുന്നു എന്നത് മറ്റൊരു സത്യം. ഞാന്‍ പറഞ്ഞു വരുന്നത് ഈ അജിത്ത് വി.വിയെക്കുറിച്ചാണ്.
അജിത്തിന് കൊടുത്ത വാക്ക്
അങ്ങനെ രോഗിയായിരുന്ന ലാപ്പിന്റെ കിഡ്‌നി അങ്ങ് മാറ്റിവച്ചു. ഇപ്പോള്‍ നല്ല സ്പീഡുണ്ട് പഴയ കംപ്ലയിന്റ് കാണിക്കുന്നില്ല. 4000 രൂപ പോയെങ്കിലും ഒരാഴ്ചയായി ഉഷാറായി പ്രവര്‍ത്തിക്കുന്നുണ്ട്. സൈറയും സേറയും ഉറങ്ങിക്കിടക്കുന്ന കുറച്ച് സമയമാണ് ഇതുപോലുള്ള എഴുത്തുകള്‍ക്ക് കിട്ടുന്നത്. എന്തെങ്കിലും എഴുതാമെന്ന് വിചാരിച്ചാണ് ഇന്ന് ലാപ് തുറന്നത്. ദുബായ് യാത്രയുടെ ഫോട്ടോസ് കണ്ടുകൊണ്ടിരുന്നപ്പോഴാണ് ഒരു കാര്യം ഒര്‍മ്മ വന്നത്. അജിത്തിന് ദുബായില്‍ വച്ച് കൊടുത്ത ഒരു പ്രോമിസിന്റെ കാര്യം. എന്നാല്‍ പിന്നെ ആദ്യം ആ കടം വീട്ടിയേക്കാമെന്ന് വിചാരിച്ചു.
ദുബായ് ഒരു ഫ്‌ളാഷ്ബാക്ക്
ഞാന്‍ ഹോട്ടലില്‍ ഉണ്ട്.. കട്ടപോസ്റ്റാണ്..
ഞാനും ഇവിടെ തന്നെയുണ്ട്. നീ ലോക്കേഷന്‍ വാട്‌സ്ആപ് ചെയ് അരമണിക്കൂറിനുള്ളില്‍ എത്താം..
ഒരു കുളി പാസാക്കി ഹോട്ടലിന് പുറത്തിറങ്ങി വെറുതെ നടന്നു. വഴി നിറയെ കോള്‍ഗേള്‍സിന്റെ കാര്‍ഡുകള്‍ ആണ്. വിസിറ്റിംഗ് കാര്‍ഡുകളുടെ വലുപ്പമുള്ള ഇവ രണ്ടുമൂന്നെണ്ണം കൗതുകത്തിന്റെ പുറത്ത് പിറക്കിയെടുത്തു. കാര്‍ഡിലെ ഫോട്ടോ എന്നെ ഞെട്ടിച്ചു. കാരണം അതിലുള്ളത് മലയാള സിനിമ നടിമാരുടെ ചിത്രങ്ങളാണ്. അപ്പോള്‍ ഒരു കാര്യം ഉറപ്പായി ഈ പ്രസ്ഥാനത്തിന് പിന്നിലും മലയാളി തന്നെ. ഒരു ടോയോട്ടോ കാര്‍ ഹെഡ്‌ലൈറ്റ് മിന്നിക്കുന്നത് കണ്ടാണ് നോക്കുന്നത്. പത്താം ക്ലാസില്‍ അവസാനമായി കണ്ടതാണ് പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം ദേ, ആ മുതല് മുന്നില്‍ നില്‍ക്കുന്നു. സാക്ഷാല്‍ അജിത്ത് വി.വി. പത്ത് പതിനഞ്ച് വര്‍ഷം കഴിഞ്ഞെങ്കിലും അവന്റെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല ആള് പഴയ കാവടി തന്നെ. താടിയും മീശയും മുളച്ചുവെന്നത് ഒഴിച്ചാല്‍ രൂപത്തിന് പോലും മാറ്റമില്ല.
എന്താണ് അളിയാ അറബിനാട്ടില്‍ പരിപാടി...
പറ്റുമെങ്കില്‍ ഒരു അറബിച്ചിനെ ബാഗിലാക്കി കൊണ്ടുപോകണം അതിന് വന്നതാണ്..
ആ ബെസ്റ്റ്.. എന്നിട്ട് കിട്ടിയോ..
ഇല്ലാ.. നീ വേണം ഒരണ്ണത്തിനെ ഒപ്പിച്ച് തരാന്‍..
ഫാ.. പുല്ലേ.. ഞാന്‍ എന്താ മാമയോ... വാ.. വണ്ടിയില്‍ കയറ്, ഒരു കിടു സ്ഥലത്ത് കൊണ്ടുപോകാം..
പിന്നെയങ്ങോട്ട് വിശേഷങ്ങള്‍ പറഞ്ഞുതീര്‍ക്കലായിരുന്നു. അപ്പോഴേക്കും കാര്‍ ദുബായ് നഗരത്തെ രണ്ടുവട്ടം വലയം വച്ചു. രാത്രി ദുബായിയെ കുറച്ചുകൂടി സുന്ദരിയാക്കിയതായി തോന്നി. സ്വര്‍ണ്ണപ്രകാശത്തില്‍ കുളിച്ചുകിടക്കുന്ന അംബരചുബികള്‍.. ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍.. തിരക്ക് പിടിച്ച് പായുന്ന മനുഷ്യര്‍.. നഗരംചുട്ടുപെള്ളുമ്പോഴും കാറിലെ എസി മനസ് തണുപ്പിച്ചുകൊണ്ടിരുന്നു.
നെഞ്ചത്ത് വെടിയുണ്ട കയറാത്തത് ഭാഗ്യം
ഡാ ഞാന്‍ വേറെ ഡ്രസ് ഒന്നും എടുത്തിട്ടില്ലാട്ടോ.. വെള്ളത്തില്‍ ഇറങ്ങിയാല്‍ പണിയാകും..
ഡ്രസ് ഒന്നും വേണ്ട.. നീ കണ്ടോ..
കാര്‍ ഒരു തുരങ്കത്തിലേക്ക് പ്രവേശിച്ചു. എന്നിട്ട് അവന്‍ പറഞ്ഞു നമ്മള്‍ ഇപ്പോള്‍ കടലിന് അടിയിലാണ്.. ഒരു കിലോമീറ്റര്‍ ദൂരം കടലിന് അടിയിലൂടെയാണ് ഈ റോഡ് ഉണ്ടാക്കിയിരിക്കുന്നത്. കടലിന്റെ അടിയില്‍ എന്ന് കേട്ടപ്പോള്‍ ഞാന്‍ തെറ്റിദ്ധരിച്ചതാണ്. എന്റെ ഭാഗത്തുമുണ്ട് തെറ്റ്.. സ്വയം ആശ്വസിച്ചു.
ഇനിയും ഉണ്ടോ ഇതുപോലെ ഉടായിപ്പ് സ്ഥലങ്ങള്‍...
പിന്നില്ലാതെ.. നീ കണ്ടോ..
കുറച്ചുനേരത്തെ യാത്രയ്ക്ക് ശേഷം കാര്‍ കടലിന്റെ സൈഡില്‍ നിര്‍ത്തി. സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞവെളിച്ചത്തില്‍ കുളിച്ചുകിടക്കുന്ന വിഥീ. ഞങ്ങള്‍ അല്ലാതെ ഒരു പട്ടിക്കുഞ്ഞുപോലുമില്ല. ശക്തിയായി കടല്‍ക്കാറ്റ് വീശുന്നുണ്ട്. സ്ഥലത്തിന്റെ ലക്ഷണം കണ്ടിട്ട് കോടീശ്വരന്മാര്‍ താമസിക്കുന്ന ലക്ഷ്വറി വില്ലകളാണ് ഒരു സൈഡ് മുഴുവന്‍. സായിപ്പുമാര്‍ക്ക് മാത്രമാണ് ഇവിടെ താമസം നല്‍കുകയുള്ളുവെന്ന് അജിത്ത് പറഞ്ഞു. കടലിനും ഞങ്ങള്‍ക്കുമിടയില്‍ അരയാള്‍പ്പെക്കത്തില്‍ ഒരു മതിലുണ്ട്. അതീവസുരക്ഷ ഏരിയയാണ് ഇതെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ കണ്ടാല്‍ നെഞ്ചില്‍ വെടിയുണ്ട കയറുമെന്നുമെക്കെ കാച്ചിവിട്ടിട്ട് ആശാന്‍ മതില്‍ച്ചാടി. ഒന്ന് അന്താളിച്ചെങ്കിലും സകലദൈവങ്ങളെയും മനസില്‍ ധ്യാനിച്ച് പുറകെ ഞാനും.
കടലിന് മറുവശം ഷിപ്പിയാര്‍ഡാണ്. രണ്ടുമൂന്ന് ചരക്കുകപ്പലുകള്‍ നങ്കുരമിട്ടിട്ടുണ്ട്. കുറെനേരം കപ്പലും നോക്കിയിരുന്നു. പിന്നെ മതില്‍ച്ചാടി തിരിച്ച് കാറിലേക്ക്. ഒരുവട്ടം പാം ജുമേറ വലയം വച്ചിട്ട് നേരെ ബുര്‍ജ് അല്‍ അറബ് എന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹോട്ടല്‍ ലക്ഷ്യമാക്കി നീങ്ങി. ബീച്ചുകള്‍, ഹോട്ടലുകള്‍, അംബരചുബികളായ കെട്ടിടങ്ങള്‍, നഗരം, ഗ്രാമം തുടങ്ങി ഒറ്റരാത്രികൊണ്ട് ദുബായ് എന്ന സ്വപ്‌നലോകത്തിന്റെ സുഖലോലിപതകളും ദാരിദ്രവും ദുരിതവും അജിത്ത് എനിക്ക് കാണിച്ചുതന്നു. ആ ഒറ്റരാത്രി കൊണ്ട് ഒരു കാര്യം മനസിലായി. പുറമേ കാണുന്ന മോഡിയെയു ള്ളൂ ദുബായ്ക്ക്. വെന്തുരുകി തീരുന്ന ജീവിതങ്ങളാണ് ഏറെയും. മലയാളിക്ക് നമ്മള്‍ ബംഗാളിക്ക് കൊടുക്കുന്ന വിലയെയുള്ളൂ ഇവിടെ. സായിപ്പാണ് അറബിയുടെ ദൈവം. ഒരാഴ്ചത്തെ ദുബായ് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു രാത്രി ആണ് അവന്‍ സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയുടെ മുകളില്‍ നിന്നപ്പോള്‍ പോലും ആ നൈറ്റ് ഡ്രൈവിന്റെ അത്ര ഫീല്‍ ഇല്ലായിരുന്നു എന്നതാണ് സത്യം. ദുബായ് യാത്രയെക്കുറിച്ച് ഒന്നും എഴുതിയില്ലെങ്കിലും ഈ രാത്രിയെക്കുറിച്ച് എഴുതുമെന്ന് അവന് കൊടുത്ത വാക്കാണ് ഈ ബ്ലോഗ്.. വൈകിയതില്‍ ക്ഷമിക്കൂ കൂട്ടുകാരാ.. മറക്കില്ല ആ രാത്രി ഒരിക്കലും..
Adipowli👍😄
ReplyDelete