Thursday, 14 January 2021

പെരുംകുന്ന് കയറി മൂന്നുകുഴിയില്‍ ചാടി

 


വളഞ്ഞുപുളഞ്ഞു കിടക്കുന്ന പാതകള്‍ താണ്ടി. മലകള്‍ കയറിയിറങ്ങി. അകമ്പടിക്കായി കൊടമഞ്ഞിനെയും ചാറ്റല്‍മഴയെയും കൂടെകൂട്ടി. കാടുംമേടും കടന്ന് അവസാനം ആരുമില്ലാത്ത കുന്നിന്‍ചെരുവിനു മുകളില്‍ പുല്‍നാമ്പുകളെ വകഞ്ഞുമാറ്റി. താഴേയ്ക്ക് പതിക്കാനായി വെമ്പല്‍കൊള്ളുന്ന പാറക്കെട്ടുകള്‍ക്ക് മുകളിലില്‍ കയറിയിരുന്ന് താഴ്വാരത്തെ നോക്കി ആവി പാറുന്ന ചൂട് ചായ ഊതി ഊതിക്കുടിക്കാന്‍ കൊതിയാവുന്നു.. ആത്മഗതം പറഞ്ഞതാണ് പക്ഷേ ശബ്ദം അല്പം കൂടിപ്പോയി. ചായകുടി കഴിഞ്ഞ് കിളികളുടെ കളകളനാദം കേട്ട് പാറക്കെട്ടുകളില്‍ തട്ടി ചിന്നിച്ചിതറി വരുന്ന ജലകണങ്ങളില്‍ നീരാടുന്നതില്‍ വിരോധം ഉണ്ടോ.. അടുക്കളയില്‍ നിന്ന് ഒരു ശബ്ദം ഉയര്‍ന്നു. എന്ത് വിരോധം.. പൊളിയല്ലേ.. പക്ഷേ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് വേണമെന്ന് മാത്രം. എന്നാല്‍ അങ്ങനെയൊരുസ്ഥലമുണ്ട് പോകുവാന്‍ റെഡിയായിക്കോയെന്ന് പാറു.


ആ പാറക്കെട്ട് തേടി  

വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡിലൂടെ മഞ്ഞുകണങ്ങളെ തട്ടിത്തെറിപ്പിച്ച് കാര്‍ പാഞ്ഞു. നീലൂരിന് അടുത്തുള്ള പെരുംകുന്ന് എന്ന സ്ഥലമാണ് ലക്ഷ്യം. പാലാ-തൊടുപുഴ റൂട്ടില്‍ കൊല്ലപ്പള്ളിയില്‍ നിന്ന് നീലൂര്‍ റൂട്ടിലാണ് പെരുംകുന്ന്. കൊല്ലപ്പള്ളിയെന്ന ചെറുപട്ടണത്തില്‍ നിന്ന് നീലൂര്‍ എന്ന് മലയോര ഗ്രാമത്തിലേക്കുള്ള വഴിയെ കാര്‍ തിരിഞ്ഞു. നീലൂര്‍ ടൗണില്‍ നിന്ന് താഴേയ്ക്ക് കിടക്കുന്ന റോഡിലൂടെ നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പെരുംകുന്നില്‍ എത്താം. കയറ്റവും ഇറക്കവും വളവും തിരിവുമുള്ളതായ മലയോര റോഡാണ് സഞ്ചാരപാത. ശാന്തവും സുന്ദരവുമായ ഗ്രാമാന്തരീക്ഷത്തിലൂടെ കാര്‍ കടന്ന് പോയി. വലിയൊരു മലയ്ക്കു മുകളിലാണ് നീലൂര്‍ എന്ന ഗ്രാമം. കുന്നിന്‍മുകളില്‍ കുരിശുപള്ളിയും ബാങ്കും ഏതാനും കടകളും ചേരുന്ന ചെറുകവലയാണ് നീലൂര്‍. ഇവിടെ നിന്ന് പള്ളിയിലേക്കുള്ള വഴിയെ കുന്നിറങ്ങി മറ്റൊരു മലയിലെത്തണം പെരുംകുന്നിലെത്താന്‍. 

റോഡ് വീതി കുറഞ്ഞതും ഗട്ടറുകളുള്ളതുമാണ്. എങ്കിലും കാറിന് സഞ്ചരിക്കാന്‍ പറ്റുന്ന വീഥിതന്നെ. റോഡിന് ഇരുവശവുമുള്ള റബര്‍ കാടുകള്‍ തണുപ്പ് പൊഴിച്ച് നിന്നു. വളവോടുകൂടിയ വലിയൊരു കയറ്റത്തിന് നടവിലാണ് പെരുംകുന്ന് വ്യൂപോയിന്റ്. കൊടുംവളവിലെ സംരക്ഷണ ഭിത്തിയില്‍ വെള്ളയും കറുപ്പും മാര്‍ക്ക് ചെയ്തിട്ടുള്ളതാണ് സ്ഥലം തിരിച്ചറിയാനുള്ള ഏക അടയാളം. പുറംലോകം അറിയാത്ത ഇടമായതുകൊണ്ട് നാട്ടുകാരല്ലാതെ മറ്റാരും ഇവിടെ വരാറില്ല. അതുകൊണ്ടുതന്നെ മറ്റ് ശല്യങ്ങളില്ലാതെ സ്വസ്ഥമായിരുന്ന് കോടമഞ്ഞ് ഇറങ്ങുന്ന പുലരികളും സായാഹ്നങ്ങളും ആസ്വദിക്കാനാകും. കോടമഞ്ഞില്ലാത്ത സമയങ്ങളില്‍ കൊച്ചി റിഫൈനറി അടക്കം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ പലഭാഗങ്ങളും കാണാം. റോഡിന് താഴെ കൊക്കയിലേയ്ക്ക് തള്ളി നിക്കുന്ന പാറക്കല്ലാണ് പ്രധാനആകര്‍ഷണം. കൈവരികളോ മറ്റ് സുരക്ഷ സംവിധാനങ്ങളോ ഇല്ലാത്തതുകൊണ്ട് വളരെ സൂക്ഷിച്ചു നില്‍ക്കണ്ടയിടമാണ് ഇത്. ശക്തിയായ ഒരു കാറ്റ് മതി ചിലപ്പോള്‍ മരണത്തിന്റെ അഗാധതയില്‍ പതിക്കാന്‍. 

റോഡില്‍ നിന്ന് താഴേയ്ക്കിറങ്ങി പാറക്കല്ലിനു മുകളില്‍ കയറിയിരുന്നു. ഫ്ളാസ്‌ക്കിലാക്കി കൊണ്ടുവന്ന ആവി പറക്കുന്ന ചൂട് ചായ ഊതി ഊതിക്കുടിച്ച് കൊടമഞ്ഞും ആസ്വദിച്ചിരുന്ന് സമയം പോയത് അറിഞ്ഞില്ല. സൂര്യകിരണങ്ങള്‍ക്ക് ചൂട് കൂടിവന്നു. കോടമഞ്ഞ് അപ്രത്യക്ഷമായി തുടങ്ങി. എങ്കിലും തണുപ്പിന് കുറവൊന്നുമില്ല. വ്യൂപോയിന്റിന് അടുത്തായി മറ്റൊരു കുന്നിന് മുകളില്‍ മീറ്ററുകളോളം പരന്നുകിടക്കുന്ന പാറയുണ്ട്. ഇതിന് മുകളില്‍ നിന്ന് നോക്കുമ്പോള്‍ താഴ്വാരങ്ങളും മലനിരകളും കാണാം. നയനമനോഹര കാഴ്ചകള്‍ കണ്ട് ഉച്ചയോടെ കുന്നിറങ്ങി.   


പുറംലോകം കാണാത്ത മൂന്നുകുഴി


നീലൂര്‍ കുന്നിന് താഴ്വാരത്തുള്ള എലിവാലി എന്ന സ്ഥലത്തേയ്ക്കാണ് ഇനി. ആദ്യം സഞ്ചരിച്ച കൊല്ലപ്പള്ളി-നീലൂര്‍ റോഡില്‍ തന്നെയാണ് എലിവാലി സ്ഥിതി ചെയ്യുന്നത്. കാറുമായി മലയിറങ്ങി. ഒരു കുരിശ്പള്ളിയും രണ്ടുകടകളും വലിയവളവും ചേരുന്നതാണ് എലിവാലി(ജിയോവാലി എന്നൊരു പേരുകൂടിയുണ്ട്). ഇവിടെ നിന്ന് കാവുകണ്ടം റോഡില്‍ ഒരുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പുറംലോകമറിയാത്ത മൂന്നുകുഴിക്കുത്ത് (അരുവിക്കുഴി) വെള്ളച്ചാട്ടത്തിലെത്താം. മെയിന്‍ റോഡില്‍ നിന്ന് കാവുകണ്ടം റോഡില്‍ കയറിയപ്പോള്‍ ഇവിടെയും പെരുംകുന്നിലേക്കുള്ള റോഡിന്റെ അവസ്ഥതന്നെ. 

വീടുകളും റബര്‍ത്തോട്ടങ്ങളും കടന്ന് കാറൊരു വിജനമായ സ്ഥലത്തെത്തി. ഏക്കറുകളോളം ഇരുള്‍മൂടിക്കിടക്കുന്ന റബര്‍ക്കാട്. ചെറിയൊരു പാലവും അതിന് അടുത്തായി ചെറിയൊരു ബജിക്കടയുമല്ലാതെ മറ്റൊന്നുമില്ല. ബജിക്കടയാണ് വെള്ളച്ചാട്ടത്തിലേക്കുള്ള ഏക അടയാളം. കാര്‍ പാര്‍ക്കു ചെയ്ത് തട്ടുതട്ടായിക്കിടക്കുന്ന റബര്‍ത്തോട്ടത്തിലൂടെ മുകളിലേയ്ക്കു കയറി. പണ്ടെന്നോ ഉരുള്‍പ്പെട്ടിയുണ്ടായതാകണം ഈ വെള്ളച്ചാട്ടം. കാരണം റബര്‍ത്തോട്ടത്തിന് അവിടെയിവിടെയായി വലിയ പാറക്കല്ലുകള്‍ ചിതറിക്കിടപ്പുണ്ട്. ഒറ്റയടിപാതയിലൂടെ മുന്നോട്ടുചെല്ലുന്തോറും ആര്‍ത്തിരുമ്പിച്ചാടുന്ന ജലകണങ്ങളുടെ ശബ്ദം കേള്‍ക്കാം.  ഇവിടെ പ്രധാനമായും രണ്ട് വെള്ളച്ചാട്ടങ്ങളാണ് ഉള്ളത്. ഒറ്റയടിപ്പാത അവസാനിക്കുന്നിടത്തെ അരുവിക്കുഴിക്കുത്തും റബര്‍ത്തോട്ടത്തിന് താഴ്വശത്തായി മൂന്നുതട്ടുകളിലായി ചാടുന്ന മൂന്നുകുഴിക്കുത്തും. ഇതില്‍ അപകടസാധ്യത തീരെയില്ലാത്തത് അരുവിക്കുഴികുത്താണ്. ഏത് സമയത്തും ധൈര്യമായി വെള്ളത്തിലിറങ്ങാം. സ്ത്രീകളും കുട്ടികളുമായി വരുന്നവര്‍ക്ക് വെള്ളത്തിലിറങ്ങി തിമിര്‍ക്കാന്‍ പറ്റിയയിടം. ചെറിയൊരു വെള്ളച്ചാട്ടവും പാറക്കെട്ടുമായി സ്വകാര്യത തരുന്നയിടം. ഇതിന് താഴ്വശത്തായി സ്ഥിതി ചെയ്യുന്ന മൂന്നുകുഴികുത്തിന്റെ അവസ്ഥ മറ്റൊന്നാണ്. 

വലിയൊരു പാറയില്‍ തട്ടുതട്ടായികിടക്കുന്ന മൂന്നുകുഴികളാണ് മൂന്നുകുഴിക്കുത്ത്. മുകളിലത്തെ കുഴിക്ക് ഒരാള്‍ താഴ്ചയുണ്ട്. രണ്ടും മൂന്നും കുഴികള്‍ക്ക് കഴുത്തോളം താഴ്ചയെയുള്ളൂ. പാറക്കെട്ടില്‍ നിന്ന് ആദ്യത്തെ കുഴിയിലേക്ക് ഡൈവ് ചെയ്യുന്നയാള്‍ക്ക് ഒരു കുഴിയില്‍ നിന്ന് മറ്റൊരു കുഴിയിലേക്ക് തെന്നി മൂന്നുകുഴികളിലും ചാടി താഴെ വന്നിറങ്ങാനാകും എന്നതാണ് പ്രധാന ആകര്‍ഷണം. വെള്ളച്ചാട്ടത്തിന് ഇരുവശവും പടര്‍ന്നുകിടക്കുന്ന കട്ടുവള്ളിയും വൃക്ഷങ്ങളും വെള്ളച്ചാട്ടത്തിന് കാടിന്റെ ഫീല്‍ തരുന്നുണ്ട്. വേനല്‍ക്കാലത്തും മഴക്കാലത്തും ഒരുപോലെ വെള്ളമുള്ളതാണ് മറ്റ് വെള്ളച്ചട്ടങ്ങളെ അപേക്ഷിച്ച് മൂന്നുകുഴിയ്ക്കുള്ള പ്രധാന പ്രത്യേകത. മഴക്കാലത്ത് ശക്തമായ വെള്ളമുണ്ടെങ്കില്‍ കുഴിയില്‍ ഇറങ്ങുന്നത് അപകടമാണ്. കുഴി ചുഴിയായി മാറിയിട്ടുണ്ടാകും. ഈ സമയത്ത് അരുവിക്കുഴിയാണ് സുരക്ഷിതം. പ്രദേശവാസികളായ ഏതാനുംപേര്‍ മൂന്നുകുഴിക്കുത്തില്‍ ചാടിമറിയുന്നുണ്ടായിരുന്നു. അവര്‍ക്കൊപ്പം ഞങ്ങളും കൂടി.  




ശ്രദ്ധിക്കേണ്ടവ 

  • രണ്ടിടത്തും സംരക്ഷണവേലികളോ സുരക്ഷ ബോര്‍ഡുകളോ ഇല്ലാത്തതുകൊണ്ട് സൂക്ഷിച്ചുവേണം ഇറങ്ങാന്‍. ആവേശം അപകടത്തെ ക്ഷണിച്ചുവരുത്തും.
  • പെരുംകുന്നില്‍ രാവിലെയും വൈകുന്നേരവുമാണ് മഞ്ഞുമൂടുക. 
  • മഴയുള്ളപ്പോള്‍ മൂന്നുകുഴിക്കുത്തില്‍ ഇറങ്ങുന്നത് അപകടമാണ്.
  • നീലൂരാണ് അടുത്തുള്ള ടൗണ്‍ ഇവിടെനിന്ന് ഭക്ഷണം വാങ്ങിപ്പോകാം.
  • പ്ലാസ്റ്റിക് കുപ്പികള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍ തുടങ്ങിയവ അലക്ഷ്യമായി എറിഞ്ഞു പ്രകൃതിയെ നശിപ്പിക്കരുത്.

 



എങ്ങനെ എത്താം

പാലായില്‍ നിന്ന്: 

  • പാലാ-കൊല്ലപ്പള്ളി-നീലൂര്‍-പെരുംകുന്ന്, 
  • പാലാ-കൊല്ലപ്പള്ളി-എലിവാലി-മൂന്നുകുഴി


തൊടുപുഴയില്‍ നിന്ന്: 

  • തൊടുപുഴ-മുട്ടം-നീലൂര്‍-പെരുംകുന്ന്
  • തൊടുപുഴ-മുട്ടം-നീലൂര്‍-എലിവാലി-മൂന്നുകുഴി



അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ 

കോട്ടയം- 44 കിലോമീറ്റര്‍ 




































































































No comments:

Post a Comment