Tuesday, 10 August 2021

കനാല്‍പാലത്തിലെ ആത്മഹത്യ


കോവിഡ് പോസിറ്റീവായിട്ട് ഇന്ന് ഒരാഴ്ച. പെട്ടെന്ന് നാലുചുവരുകള്‍ക്കുള്ളില്‍പ്പെട്ടുപോയത് മനസിനെ വല്ലാതെ ഉലച്ചു. മുറിക്കുള്ളിലെ കടുത്തനിശബ്ദത ശ്വാസംമുട്ടിച്ചു. നിരാശയും സങ്കടവും ദേഷ്യവുമെല്ലാം മനസിന്റെ നിയന്ത്രണം ഏറ്റെടുത്തു. വീട്ടിന് അധികം ദൂരയല്ലാത്ത തീവണ്ടിപാതയില്‍ നിന്ന് ചൂളംവിളികള്‍ ചെവികളില്‍ തറച്ചു. അതെ ഇതുതന്നെ പറ്റിയനേരം. എല്ലാവരും നിദ്രയിലാണ് അഗാതമായ നിദ്രയില്‍. തീവണ്ടി പാതയെ ലക്ഷ്യമാക്കി നടന്നു. പ്രധാനവഴിയെ മുറിച്ചുക്കടന്ന്‌പോകുന്ന തീവണ്ടിപാത. ഗയിറ്റ് തുറന്ന് കിടക്കുന്നു. അടുത്ത തീവണ്ടിക്ക് ഇനിയും സമയമുണ്ട്. പ്രധാന റോഡില്‍ നിന്ന് തീവണ്ടിപാതയ്ക്ക് സമീപത്തൂടെ കിടക്കുന്ന ഒറ്റയടി പാതയുണ്ട്. അതിലൂടെ നടന്നു. കരിമ്പനകള്‍ പൂത്തുനില്‍ക്കുന്നു. മുള്‍ക്കാടുകള്‍ പാതയിലേക്ക് വീണ്കിടപ്പുണ്ട്. പലപ്പോഴും മുള്ള് കൊണ്ട് കലില്‍നിന്ന് രക്തം ഒഴുകി. ഇനിയും സമയം ഉണ്ട് തീവണ്ടിവരാന്‍ മുന്നോട്ട് നടക്കുകതന്നെ. അങ്ങ് അകലെ പാതയില്‍ സ്ഥാപിച്ചിട്ടുള്ള ഓറഞ്ച് സിഗ്നല്‍ ലൈറ്റ് തെളിഞ്ഞ് നില്‍പ്പുണ്ട് അതിന് താഴെയായി ഒരു രൂപവും. നടക്കും തോറും ആ ദൃശ്യം വ്യക്തമായി കൊണ്ടിരുന്നു. കാലിന്റെ പെരുവിരള്‍ മുതല്‍ നെറുകംതലവരെ വിറയല്‍കയറി. അതെ അത് ഒരു യുവതിയാണ്. നടപ്പിന്റെ വേഗത കുറച്ചു. മുന്നോട്ടോ പിന്നോട്ടോയെന്ന് അറിയാതെ ഒന്ന് പതറി. ഈ അര്‍ദ്ധരാത്രി ആരാകും എന്ന ചിന്തശക്തമായി വന്നതോടെ മുന്നോട്ട് നടക്കാന്‍ തീരുമാനിച്ചു. ആ രൂപം എന്നെ കണ്ടുവെന്ന് വ്യക്തം. കാരണം അതും മുന്നോട്ട് നടപ്പ് ആരംഭിച്ചു. ആകെ വിയര്‍ത്തുകുളിച്ചു. ശരീരത്തിലെ കോവിഡ് വൈറസ് വരെ ടെന്‍ഷനിലായി. ഇതിനിടെ കടന്നുപോയ തീവണ്ടിയില്‍ നിന്നുള്ള വെളിച്ചത്തില്‍ ആ യുവതിയെ തിരിച്ചറിഞ്ഞു. വീടിന് അധികം അകലെയല്ലാത്ത വീട്ടിലെ പെണ്‍കുട്ടി. ഈ അര്‍ദ്ധരാത്രി ഇവള്‍ എന്തിനാകും അതിലെ നടക്കുന്നത്. ഇനി വല്ലോ അത്മഹത്യയുമാണോ ലക്ഷ്യം. എന്തായാലും പരസ്പരം തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഇവളെ ഇവിടെ ഉപേക്ഷിച്ചിട്ട് പോയാല്‍ നാളെ പോലീസുനായ മണം പിടിച്ച് വരുന്നത് എന്റെ അടുത്തേയ്ക്ക് ആകും. എന്തായാലും കാര്യം തിരക്കുക തന്നെ. നടപ്പിന്റെ സ്പീഡ് കൂട്ടി. അവളും അതിനോപ്പിച്ച് കൂട്ടി. ഇതിനിടെയാണ് പുറകില്‍ നിന്ന് ഒരു ശബ്ദം കേള്‍ക്കുന്നത്. തിരിഞ്ഞ് നോക്കിയ ഞാന്‍ ആ കാഴ്ച കണ്ട് ഞെട്ടിത്തരിച്ച് നിന്നു..

-------------


ആ സിഗ്നലിന്റെ ചുവട്ടില്‍ വീണ്ടുമൊരു സ്ത്രീരൂപം. മുന്നോട്ട് നോക്കിയപ്പോള്‍ മുന്നില്‍ നടന്ന പെണ്‍കുട്ടി അപ്രത്യക്ഷയായിരിക്കുന്നു. തലയ്ക്കുള്ളില്‍ മിന്നല്‍പിണര്‍പ്പുകള്‍ പാഞ്ഞു. സര്‍വ്വ ശക്തിയുമെടുത്ത് കൈ പോക്കറ്റില്‍ തപ്പി. ഇല്ല വലിച്ചിട്ടില്ല സാധനം ഭദ്രമായി പോക്കറ്റില്‍ തന്നെയുണ്ട്. അപ്പോള്‍ പിന്നെ ഇതൊക്കെ..? ഈ കാണുന്നത് സത്യം തന്നെയാണ്. ഒരുകാര്യം വ്യക്തമാണ് ഒന്നിലെ ഇത് പ്രേതം അല്ലെങ്കില്‍ മറ്റെന്തോ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനം നടക്കുന്നുണ്ടിവിടെ. മുന്നോട്ടോപിന്നോട്ടോയെന്ന് അലോചിക്കുന്നതിനിടെ സിഗ്നല്‍ലൈറ്റില്‍ പച്ച കത്തി. ആ രൂപം അപ്രത്യക്ഷമായി. സര്‍വ്വശക്തിയെടുത്ത് തിരിഞ്ഞ് ഒാടുന്നതിനിടെ ആകാശത്ത് ഒരുരൂപം പ്രത്യക്ഷപ്പെട്ടു. പെട്ടെന്നാണ് തലക്കുള്ളില്‍ കത്തുന്നത് അത് ആകാശത്തല്ല തീവണ്ടിപാതയുടെ മുകളിലൂടെ വിലങ്ങനെ കിടക്കുന്ന കനാല്‍പാലത്തിന്റെ മുകളിലാണ്. അതെ അത് ആ പെണ്‍കുട്ടിയാണ്. സംസാരിക്കാന്‍ സമയം തരുന്നതിന് മുമ്പേ അവള്‍ പാലത്തിന് മുകളില്‍ നിന്ന് താഴെയ്ക്ക് എടുത്തുച്ചാടി.


വീയര്‍ത്ത് കുളിച്ച് നിലത്തുകിടക്കുന്ന എന്നെ നോക്കി ഭാര്യ ചോദിച്ചു, 

നാണം ഇല്ലേ മനുഷ്യാ സ്വപ്‌നം കണ്ട് സ്ഥിരം കട്ടിലില്‍ നിന്ന് വീഴാന്‍.. എണീറ്റ് കുളിച്ച് ഓഫീസില്‍ പോകാന്‍ നോക്ക്.. 

ഇന്നലത്തെ മദ്യപാനം കുറച്ച് ഓവറായി പോയിയെന്ന് തോന്നുന്നു. ഇതോടെ നിര്‍ത്തി ഇനിയില്ലടീ.. അമ്മോ.. തലവേദനഎടുത്ത് തലപെട്ടുന്നു. നീയാ തോര്‍ത്ത് ഇങ്ങെടുത്തെ കുളിക്കട്ടെ.. 

കുളികഴിഞ്ഞ് എത്തിയപ്പോള്‍ ടെബിളില്‍ ചൂട് കാപ്പിയും പത്രവും റെഡിയായി ഇരിപ്പുണ്ട്. ഒരു സിപ്പ് കാപ്പി കുടിച്ച് പത്രം പുറകില്‍ നിന്ന് വായിച്ചു തുടങ്ങി. എത്ര മനോഹരമായ വാര്‍ത്തകള്‍. വിദേശപേജില്‍ സ്ഥിരം വെടിവയ്പ്പും മരണവും. ആകെ ശാന്തതയുള്ളത് ചരമപേജിലാണ്. ചരമകോളത്തിലെ സ്‌കോര്‍ നോക്കുന്നതിനിടെയാണ് ആ വാര്‍ത്ത കാണുന്നത്. കനാല്‍പാലത്തില്‍ നിന്ന് ചാടി പെണ്‍കുട്ടി ആത്മഹത്യചെയ്തു. സ്വപ്‌നത്തില്‍ കണ്ട അതെ പെണ്‍കുട്ടി.. അതെ കനാല്‍പാലം.. കൈയില്‍ ഇരുന്ന കാപ്പിഗ്ലാസ് കിടുകിടാ വിറച്ചു.. അപ്പോള്‍ സ്വപ്‌നത്തില്‍ കണ്ടത് സത്യമായിരുന്നേ.. ഞാനും ഈ മരണവും തമ്മില്‍ എന്താണ് ബന്ധം.. ഇനി അവള്‍ക്ക് എന്തെങ്കിലും എന്നോട് പറയാന്‍ ഉണ്ടായിരുന്നോ.. ജീവിച്ചിരുന്നപ്പോള്‍ ഒരിക്കല്‍പോലും മിണ്ടാത്തവള്‍ മരിച്ച് കഴിഞ്ഞ് എന്തിനാകും എന്നെ തേടിവന്നത്.. 

----------


സ്ഥലത്തെ പ്രമാണിയുടെ ഏകമകള്‍. ഇട്ടുമൂടാന്‍ മാത്രം സ്വത്ത്. പഠിക്കാന്‍ മിടുക്കി. ദേവാലയകാര്യങ്ങളില്‍ മുന്‍പന്തിയില്‍. എന്തിനും ഏതിനും ഒരു കുറവുപോലും വരുത്താതെ വളര്‍ത്തിയതാ എങ്കിലും ഈ കൊച്ചിനെന്ത് പറ്റി.. പള്ളിയില്‍ കഴിഞ്ഞ് വരുന്ന നാട്ടിലെ മുതിര്‍ന്ന ചേടത്തിമാരുടെ വേവലാതികളാണ്. ചായക്കടകളിലും തുരുത്തുകളിലും സംസാരം വേറെ റൂട്ടിലാണ്. ആരോ അവളെ കൊന്ന് അവിടെ കൊണ്ടിട്ടതാന്നെ.. നീ ചുമ്മായിരുന്നേ അതൊന്നുമല്ല സംഭവം അവള്‍ക്ക് ഒരു ചുറ്റികെട്ട് കേസ് ഉണ്ടായിരുന്നു രാത്രി ആരുമറിയാണ്ട് രണ്ടുംകൂടെ വേറെ പണിയായിരുന്നു അതിനിടെ പെണ്‍കൊച്ച് താഴെ പോയി. പയ്യന്‍ മുങ്ങി.. കൊച്ചിന് വയിറ്റിലുണ്ടായിരുന്നുവെന്ന് ഒരു ശ്രൂതി കേള്‍ക്കുന്നുണ്ട് അതിന്റെ വിഷമത്തില്‍ ചാടിയതാന്ന്.. 

അതെ നിങ്ങള്‍ എന്റെ കടയില്‍ ഇരുന്നുള്ള ഈ നുണ പറച്ചില്‍ നിര്‍ത്തണം. ആ കുഞ്ഞിനെ കുഞ്ഞുനാള്‍ മുതല്‍ എനിക്ക് അറിയാവുന്നതാ. നട്ടാല്‍ മുളക്കാത്ത നുണ പറയാന്‍ നാണമില്ലേ നിങ്ങള്‍ക്ക്.. മതി ചായകുടി.. എല്ലാവരും സ്ഥലം കാലിയാക്കാന്‍ നോക്ക്..   

കുട്ടപ്പന്‍ചേട്ടന്‍ ദേഷ്യത്തിലാണെന്ന് തോന്നുന്നു.. 

എങ്ങനെ ദേഷ്യപ്പെടാതെയിരിക്കും അതുപോലത്തെ തോന്ന്യവാസങ്ങള്‍ അല്ലേ ഇവന്‍മാര്‍ പറയുന്നത്. കുഞ്ഞ് ഇവിടെ പുതിയയാളായതുകൊണ്ടാ. മരിച്ച കുഞ്ഞിനെ എന്റെ കൈവെള്ളയില്‍ ഇട്ടുവളര്‍ത്തിയതാണ്. ഞങ്ങള്‍ അവിടുത്തെ പണിക്കാരായിരുന്നു. വയസായി പണിയെടുക്കാന്‍ പറ്റാതെവന്നപ്പോള്‍ അവരുതന്നെയാണ് എനിക്ക് ഈ ചായക്കടയിട്ട് തന്നത്. ആ കുഞ്ഞ് എന്നും ഇവിടെ വന്ന് ചായകുടിച്ചിട്ടെ കോളേജില്‍ പോകാറുള്ളൂ. ആ കുഞ്ഞിനെക്കുറിച്ചാണ് ഈ ദ്രോഹികള്‍ അവിശ്യമല്ലാത്തത് പറഞ്ഞ് പരത്തുന്നത്. 

----------

എന്റെ സ്വപ്‌നത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ എനിക്ക് ഈ മരണത്തില്‍ ബന്ധമുണ്ടെന്ന് പറഞ്ഞ് വ്യാജവാര്‍ത്തകള്‍ പരക്കും. തല്‍ക്കാലം സ്വപ്‌നം രഹസ്യമാക്കിവച്ചിട്ട് സ്വന്തം നിലയില്‍ ഒരന്വേഷണം നടത്താന്‍ തീരുമാനിച്ചു. ആദ്യം പോയത് കനാല്‍പാലത്തിലേക്കാണ്. പുല്ലുംമുള്‍ച്ചെടികളും കയറി കാടുപിടിച്ചുകിടക്കുന്ന ഇവിടെ സംശയത്തക്കതായ ഒന്നും തന്നെ കണ്ടെത്താനായില്ല. തീവണ്ടിപാതയും പാലവും തമ്മില്‍ നല്ല ഉയരമുള്ളത് കൊണ്ട് സ്വാഭാവികമായും ചാടിയാല്‍ മരണം ഉറപ്പാണ്. പ്രദേശം മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല. കേസ് ലോക്കല്‍ പോലീസിന്റെ കൈയിലായതുകൊണ്ടും എസ്‌ഐയെ മുമ്പ് ഒരു കേസുമായി ബന്ധപ്പെട്ട് പരിചയമുള്ളതുകൊണ്ടും ഇനി അന്വേഷണം ആ വഴിക്ക് നീങ്ങാമെന്ന് വിചാരിച്ച് സ്റ്റേഷനിലേക്ക് തിരിച്ചു. 

----------

ഇതാര് കുറച്ച് നാളായല്ലോ കണ്ടിട്ട് അന്ന് നീ തന്ന തെളിവിലാണ് പ്രതിക്ക് ജീവപര്യന്തം കിട്ടിയത്. പുതിയവല്ല കേസുമുണ്ടോ ഇന്ന്.. എസ്‌ഐയുടെ പരിഹാസം കലര്‍ന്ന ചോദ്യത്തിന് മുന്നില്‍ ചെറുതായി ചമ്മി. സാര്‍ അത് പ്രതിയാണെന്ന് നമ്മുക്ക് രണ്ടാള്‍ക്കും അറിയാം പക്ഷേ ശക്തമായ തെളിവ് ഇല്ലാതെപോയത് കൊണ്ട് അല്ലേ അയാള്‍രക്ഷപ്പെട്ടത്.. 

സരമില്ലടോ ഞാന്‍ ചുമ്മാ പറഞ്ഞത് അല്ലേ അവന്‍ നമ്മുടെ കൈയില്‍ വരും അപ്പോള്‍ പൊക്കാടോ.. അതു പോട്ടെ ഇപ്പോള്‍ എന്തിനാണ് വന്നത്.. 

സാര്‍ എന്റെ വീടിന് അടുത്താണ് കനാല്‍പാലം സംഭവം നടന്നത് അതിനെക്കുറിച്ച് അറിയാനാണ്..

എടോ ഇത് ആത്മഹത്യതന്നെയാണെന്നാണ് നിഗമനം. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ വീഴ്ചയില്‍ തലയ്‌ക്കേറ്റ ക്ഷേതമാണ് മരണകാരണം. ബലാത്കാരം നടന്നതിന്റെ ഒരു ലക്ഷണങ്ങളും ശരീരത്തിലില്ല. പാലത്തിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ പതിഞ്ഞ ദൃശ്യത്തില്‍ പെണ്‍കുട്ടി തനിച്ച് നടന്ന് പോകുന്നതായിട്ടാണ് കാണുന്നത്. ന്യൂജെന്‍ പിള്ളേര്‍ അല്ലേ വല്ലോ പ്രണയനൈരാശ്യമോ മറ്റോ ആയിരിക്കും...

സാര്‍ എനിക്ക് ഈ സംഭവത്തെക്കുറിച്ച് ഒരു കാര്യം പറയാന്‍ ഉണ്ട് ഞാന്‍ സ്വപ്‌നം കണ്ടിരുന്നു ഈ പെണ്‍കുട്ടി അത്മഹത്യ ചെയ്യുന്നത്. 

താന്‍ വന്നപ്പോഴേ തോന്നി ഇതുപോലെ എന്തെങ്കിലുമാകുമെന്ന്.. ഇപ്പോള്‍ സ്വപ്‌നമാണല്ലോ ട്രെന്റ്.. കഴിഞ്ഞയാഴ്ചയല്ലേ ഒരു കൊലപാതകം ഇങ്ങനെ പുറത്ത് വന്നത്..  

സാര്‍ ഞാന്‍ ഇന്ന് രാത്രി വയനാട് കയറും രണ്ടുദിവസത്തിനുള്ളില്‍ തിരികേ എത്തും അതിനുള്ളില്‍ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപ്‌ഡേഷന്‍ നടന്നാല്‍ അറിയിക്കണം..

ചെകുത്താന്‍ അച്ചന്റെ അടുത്തേയ്ക്കായിരിക്കും..

അല്ലാണ്ട് എങ്ങോട് പോകുവാനാണ് സാര്‍..

ശരി പോയിട്ട് വാ.. എന്തെങ്കിലുമുണ്ടെങ്കില്‍ അറിയിക്കാം.. പിന്നെ അച്ചന് എന്റെ അന്വേഷണം പറഞ്ഞേരെ പല കേസുകളും തെളിയിക്കാന്‍ അച്ചന്‍ സഹായിച്ചിട്ടുണ്ട്.  


അത്മാക്കളെക്കുറിച്ച് സംസാരിക്കാന്‍ പറ്റിയ ആള്‍ ചെകുത്താന്‍ പിടിയന്‍ കത്തനാര്‍ ഫാ. ജോവാക്കിയാണ്. പണ്ട് സെമിനാരി പഠനകാലത്ത് അദ്ദേഹത്തിന്റെ കൂടെ ഇത്തരത്തിലുള്ള പല കേസുകളും കൈകര്യം ചെയ്യാന്‍ സഹായിയായി പോയിട്ടുണ്ട്. ഇനി അദ്ദേഹത്തിന് മാത്രമാണ് ഇതില്‍ എന്തെങ്കിലും സഹായിക്കാന്‍ പറ്റു.. കാര്‍ താമരശ്ശേരി ചുരം ലക്ഷ്യമാക്കി പാഞ്ഞു. റോഡില്‍ ഇരുട്ട് പടര്‍ന്നു തുടങ്ങി. കോറോണക്കാലമായതുകൊണ്ട് റോഡ് തീര്‍ത്തും വിജനമാണ്. കാറില്‍ പ്രസ് സ്റ്റിക്കര്‍ ഉള്ളതുകൊണ്ട് പോലീസിന്റെ പരിശോധനകള്‍ ഉണ്ടായില്ല. കാര്‍ ചുരം കയറിത്തുടങ്ങിയപ്പോള്‍ കാലാവസ്ഥ മാറിവന്നു. ശക്തമായ കാറ്റും മഴയും മുന്നോട്ടുള്ള യാത്ര ദുഷ്‌കരമാക്കി. കാറിനുള്ളില്‍ ആ പെണ്‍കുട്ടി ഇരിക്കുന്നതായി പലപ്പോഴും അനുഭവപ്പെട്ടു. മരണത്തിന്റെ മണം കാറിനുള്ളില്‍ നിറഞ്ഞു. ധൈര്യം വെടിയാതെ പുലര്‍ച്ചേ തന്നെ ആശ്രമത്തിന്റെ മുന്നില്‍ എത്തി. എന്റെ വരവ് മുന്‍കൂട്ടി കണ്ടെന്ന വിധം ഫാ. ജോവാക്കി ആശ്രമത്തിന് മുന്നില്‍ നില്‍പ്പുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ കാണുന്നത്. പഴയ പൗരഷ്യമൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു. ശരീരമെക്കെ ചുക്കിച്ചുളിഞ്ഞ് കൂനുപിടിച്ച് ഒരു വടിയില്‍ തൂങ്ങിനില്‍ക്കുന്ന പടുകിളവനായി മാറിയിരിക്കുന്നു അദ്ദേഹം.  

ഒരു സ്വപ്‌നം നിന്നെ വീണ്ടും മലകയറ്റിയല്ലയോടാ.. 

അതെ ഫാദര്‍..

ജീവിച്ചിരിക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റത്തവരാണ് ഈ പ്രേതങ്ങള്‍.. മരിച്ചാലും അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.. കൈയും കാലും തലച്ചോറും ഉള്ളപ്പോള്‍ ഒന്നും ചെയ്യാത്തവര്‍ ഇതൊന്നും ഇല്ലാത്തപ്പോള്‍ എന്ത് ചെയ്യാന്‍.. അവര്‍ നിസഹായരാടോ.. നമ്മളെ ഉപദ്രവിക്കില്ല.. ആ മരണത്തില്‍ നിനക്കും ഒരു പങ്കുണ്ട് അതാണ് നിന്നെ തേടി അവള്‍ വന്നത്. നീ അവളെ ഒന്ന് സഹായിക്ക്.. 

എന്താണ് ഫാദര്‍ എന്റെ പങ്ക്..

അത് പറഞ്ഞാല്‍ ഞാന്‍ അല്ലേ അവളെ സഹായിക്കുക നീ അല്ലല്ലോ.. നീ തന്നെ അത് കണ്ടുപിടിക്കണം.. പിന്നെ നിനക്ക് കിട്ടുന്ന 12 കുപ്പികള്‍ ഒഴുക്കുള്ള വെള്ളത്തില്‍ നിക്ഷേപിക്കണം.. അതാണ് അവള്‍ക്ക് മോക്ഷം കിട്ടാനുള്ള ഏകവഴി.. ഞാന്‍ പ്രര്‍ഥിക്കുന്നുണ്ട്.. നീ ധൈര്യമായിരിക്ക്..

കുപ്പിയോ.. എന്ത് കുപ്പി... ഫാദര്‍ പ്ലീസ് പറ ഫാദര്‍.. 

നീ കാപ്പികുടിച്ചിട്ടില്ലല്ലോ.. വാ കാപ്പി കഴിച്ചിട്ട് പോകാം.. 

ഫാദര്‍ അങ്ങനെയാണ് ക്ലൂ തന്നിട്ട് പിടിതരാതെ മുങ്ങും... ബാക്കി നമ്മള്‍ തന്നെ പൂര്‍ത്തിയാക്കണം.. രാത്രി ഉറങ്ങാത്തതുകൊണ്ട് കാപ്പികുടി കഴിഞ്ഞ് ചെറുതായി മയങ്ങി. ഇതിനിടെയാണ് എസ്‌ഐയുടെ കോള്‍ വരുന്നത്. 

എടോ, കേസ് തെളിഞ്ഞു മറ്റേ പെണ്‍കുട്ടിയുടെ കാമുകനെ പെക്കി. ചോദ്യം ചെയ്തപ്പോള്‍ തത്തപറയുന്നപോലെ സത്യം മുഴുവന്‍ ഇങ്ങുപോന്നും. ഒരു കുപ്പിയുടെ പേരും പറഞ്ഞുള്ള വഴക്കാണ് അത്മഹത്യയില്‍ എത്തിച്ചത്. നീ വേഗം മലയിറങ്ങ്..

കുപ്പിയോ.. എന്ത് കുപ്പിയാണ് സാര്‍.. 

അത് എന്താണെന്ന് അവനുമറിയില്ല.. 

ഫാദറിനോട് വിടപറഞ്ഞ് മലയിറങ്ങുമ്പോള്‍ അദ്ദേഹമൊരു കാര്യം പറഞ്ഞു അവള്‍ നിന്റെ കൂടെ ഈ കാറിലുണ്ട് സൂക്ഷിച്ച് പോകണം..

----------



എന്തായി സാര്‍ കാര്യം..

താന്‍ വയനാട്ടില്‍ നിന്ന് എത്തിയോ.. എടോ അത് ഒരു കുപ്പിയുടെ പേരും പറഞ്ഞുള്ള വഴക്കാണ് അത്മഹത്യയില്‍ എത്തിച്ചത്. ആ പെണ്‍കുട്ടി വെളാങ്കണ്ണിയില്‍ നിന്ന് വരുത്തിയ കുപ്പി ഉണ്ടായിരുന്നു. അത് നഷ്ടപ്പെട്ടു. അത് കണ്ടെത്തിയില്ലെങ്കില്‍ താന്‍ അത്മഹത്യ ചെയ്യുമെന്ന് ഈ പെണ്‍കുട്ടി കമുകനോട് പറഞ്ഞിരുന്നുവെന്ന്. ഇതിനെ ചൊല്ലി സംഭവം നടന്ന രാത്രി ഇരുവരും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്നാണ് പെണ്‍കുട്ടി അത്മഹത്യ ചെയ്യുന്നത്.

ഇത് എന്ത് കഥയാണ് സാര്‍.. പഠിക്കാന്‍ മിടുക്കി, സമ്പന്നരായ മാതാപിതാക്കളുടെ ഏകമകള്‍, എല്ലാ സുഖസൗകര്യങ്ങളോടെയും ജീവിക്കുന്നവള്‍, അങ്ങനെയൊരാള്‍ ഒരു കുപ്പി കാണാതായതിന്റെ പേരില്‍ മരിക്കുമോ സാര്‍. ഒന്നിലെ ആ കുപ്പികള്‍ക്കുള്ളില്‍ ഡ്രഗ്‌സ് പോലുള്ള എന്തെങ്കിലും കാണും അല്ലെങ്കില്‍ മറ്റെന്തോ ഒരു രഹസ്യം. 

അത് ഞങ്ങള്‍ അവനോട് ചോദിച്ചു. അവന്‍ പറയുന്നത് അതിനുള്ളില്‍ ഒരു കുറിപ്പാണ് ഉണ്ടായിരുന്നതെന്ന്..

എന്ത് കുറിപ്പ്.. 

അത് അവനും അറിയില്ല.. കത്തനാര്‍ എന്ത് പറഞ്ഞു..

ഈ കുപ്പിക്കഥ തന്നെ.. സാര്‍ എനിക്ക് അവനെയൊന്ന് കാണുവാന്‍ പറ്റുമോ.. 

അതിനെന്താ കാണാലോ.. പയ്യനെ ചെറുതായി പേടിച്ച് നില്‍ക്കുവാ..താന്‍ അതൊന്നും കാര്യമാക്കണ്ട..

എങ്ങനെ പേടിക്കാതെയിരിക്കും സാര്‍ നിങ്ങള്‍ പോലീസുകാര്‍ ആളെ പേടിപ്പിക്കുന്ന കാര്യത്തില്‍ ഒരുമയവുമില്ലല്ലോ.. 


എടാ.. നീ എങ്ങുവന്നെ ഈ സാറിന് കുറച്ച് കാര്യങ്ങള്‍ ചോദിക്കാനുണ്ട്..

സാര്‍ ഇനിയിടിക്കരുത് എനിക്കറിയാവുന്നകാര്യങ്ങള്‍ എല്ലാം പറഞ്ഞു..

അത് ഈ സാര്‍ കേട്ടില്ലല്ലോ.. നീ ഇങ്ങ് വാ.. ഇവിടെയിരി..

സാര്‍ എന്നെ ഒന്നുംചെയ്യരുത് എനിക്ക് ഇതില്‍കൂടുതല്‍ ഒന്നും അറിയില്ല സാര്‍..

നീ ധൈര്യമായി ഇരിക്ക് ഞാന്‍ ഇടിക്കാന്‍ ഒന്നും വന്നതല്ല.. എനിക്ക് കുറച്ച് കാര്യങ്ങള്‍ അറിയണം. അത് അറിഞ്ഞാന്‍ അങ്ങ് പോകും..

സാറിന് എന്താണ് അറിയേണ്ടത്..

നിങ്ങളെക്കുറിച്ച് തന്നെ..

സാര്‍ ഞങ്ങള്‍ ചെറുപ്പംമുതല്‍ ഒരു സ്‌കൂളില്‍ പഠിച്ചവരാണ്. പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ അവളോട് ഇഷ്ടമാണെന്ന് പറയുന്നത്. ആദ്യം അവള്‍ എതിര്‍ത്തെങ്കിലും പിന്നീട് സമ്മതം മൂളി. ഞങ്ങള്‍ തമ്മിലുള്ള ബന്ധം വീട്ടുകാര്‍ അറിഞ്ഞിരുന്നു. എന്റെ വീട്ടിലും ഇഷ്ടപോലെ സ്വത്തുള്ളതുകൊണ്ട് അവളുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പ് ഇല്ലായിരുന്നു. എംബിഎ പഠനശേഷം കല്യാണം നടത്താനായിരുന്നു പ്ലാന്‍. അതിന് മുന്നോടിയായി ചെറിയൊരു മോതിരമാറ്റചടങ്ങ് നടത്തിയിരുന്നു..

അത് ശരി അപ്പോള്‍ നീ കാമുകന്‍ അല്ല വൂഡ്ബീയാണ്. പിന്നെയെവിടെനിന്നാണ് ഈ കുപ്പിക്കഥ വരുന്നത്.. 

സാര്‍ കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ കാലത്ത് എനിക്ക് അവളുടെ ഒരു കോള്‍ വന്നു. ഒരു പൊതി പാഴ്‌സല്‍വന്നിട്ടുണ്ട് അത് എടുത്ത് തരാമോയെന്ന് ചോദിച്ച്..

അതെന്താ പാഴ്‌സല്‍ സര്‍വീസുകാര്‍ വീട്ടില്‍ എത്തിച്ച് തരില്ലേ..

അത് ഞാനും ചോദിച്ചു സാര്‍. അപ്പോള്‍ അവള്‍ പറഞ്ഞു വീട്ടുകാര്‍ അറിയാന്‍ പാടില്ല സര്‍പ്രൈസ് ആണെന്ന്..

എന്നിട്ട് താന്‍ ആരുടെ കൈയില്‍ നിന്നാണ് അത് വാങ്ങിയതെന്ന് ഒര്‍മ്മയുണ്ടോ..

അരുടെയും കൈയില്‍ നിന്ന് അല്ല സാര്‍ പള്ളി സെമിത്തേരിയുടെ പുറകിലുള്ള കാട്പിടിച്ച് കിടക്കുന്ന പറമ്പിലായിരുന്നു ഈ ബോക്‌സ് ഇരുന്നത്.. 

അതെന്താടോ വെറെ ഒരുസ്ഥലവും കിട്ടിയില്ലേ ഇതുകൊണ്ടവയ്ക്കാന്‍..

സാര്‍ ആ സ്ഥലവുമായി ഞങ്ങള്‍ക്ക് ഒരു ബന്ധമുണ്ട്. പണ്ട് ഈ പറമ്പില്‍ കിടന്ന് ഒരു തലയോട്ടി കിട്ടിയിരുന്നു. അന്ന് ഇത് കാണുവാന്‍ കൂറേയാളുകള്‍ തടിച്ചുകൂടി ആകൂട്ടത്തില്‍ ഞങ്ങള്‍ സ്‌കൂള്‍പ്പിള്ളേരുമുണ്ടായിരുന്നു. അവിടെ വച്ചാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നതും ഇഷ്ടപ്പെടുന്നതും.. അതുകൊണ്ട് അതാണ് ഞങ്ങളുടെ ഫേവറേറ്റ് പ്ലേയിസ്..

ആ ബെസ്റ്റ്.. എന്നിട്ട് എത്രവലുപ്പമുണ്ടായിരുന്നു ഈ ബോക്‌സിന്..

തീരെ ചെറിയ ഒരു ബോക്‌സ് ആയിരുന്നു. ഒരു കൈപ്പത്തിയേക്കാള്‍ കുറച്ചുകൂടെ വലുത്..

അതിന് അകത്ത് എന്തായിരുന്നു. താന്‍ ചോദിച്ചില്ലേ..

ചോദിച്ചു സാര്‍. കോവിഡ് പിടിക്കാതെയിരിക്കാന്‍ വേളാങ്കണ്ണിയില്‍ നിന്ന് പ്രത്യേകം വരത്തിച്ച 12 കുപ്പികളാണെന്ന് പറഞ്ഞു സാര്‍. 

അതില്‍ ഒരു കുഴപ്പമുണ്ടല്ലോ അനിയാ.. ബോക്‌സിന് കൈപ്പത്തിയുടെ വലുപ്പം അതില്‍ 12 കുപ്പികള്‍ അത് അങ്ങ് മാച്ചാകുന്നില്ലല്ലോ.. 

അയ്യോ സത്യമാണ് സാറെ.. കുപ്പിയെന്ന് പറയുന്നത് വലിയ കുപ്പിയല്ല സാറെ ചെറുതാണ് വളരെ ചെറുത്. പണ്ട് കപ്പിത്താന്‍മാര്‍ ചുരുള്‍ എഴുതി കുപ്പിയിലാക്കി കടലില്‍ ഇടില്ലേ അതിന്റെ ചെറുമാതൃക ചില കടല്‍തീരത്ത് വില്‍ക്കാന്‍ വച്ചിട്ടുണ്ടാകും അത്തരത്തിലുള്ള ഒരു കുപ്പിയായിരുന്നു.. 

ഏത് ഈ കുപ്പിക്കകത്ത് കപ്പല്‍ കയറ്റിയിട്ടുള്ള ടൈപ്പ് കരകൗശലവസ്തുവോ.. 

അതെ സാര്‍ അത് തന്നെ.. 

അതിനകത്ത് എന്തായിരുന്നു. വല്ലോ മയക്കുമരുന്നോമറ്റോ ആയിരുന്നോ..

ആദ്യം അവള്‍ എന്നെ ആ കുപ്പികള്‍ കാണിച്ചിരുന്നില്ല. സ്ഥിരമായി ഈ കുപ്പി കൈയില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അത് കാണുവാനായി ചോദിച്ചു. ആദ്യം വിസമ്മതിച്ചു അവസാനം വഴക്കായപ്പോള്‍ എന്നെ കാണിച്ചു. അതിനാകത്ത് ചുരുള്‍പോലെ എന്തോ ആയിരുന്നു സാര്‍..

താന്‍ അത് എന്താണെന്ന് ചോദിച്ചില്ലേ..

ചോദിച്ചു സാര്‍ അപ്പോള്‍ അവള്‍ എന്നോട് പറഞ്ഞത് ദൈവവചനങ്ങള്‍ എഴുതിയിട്ടേക്കുന്നതാണെന്നാണ്..

12കുപ്പികള്‍ അല്ലേ ഉണ്ടായിരുന്നത്..

അതെ സാര്‍..

അവളുടെ കൈയില്‍ എപ്പോഴും ഒരു കുപ്പിയല്ലേ ഉണ്ടായിരുന്നത് അപ്പോള്‍ ബാക്കി 11 കുപ്പികള്‍ എവിടെപോയി..

അതും ഞാന്‍ ചോദിച്ചിരുന്നു. അപ്പോള്‍ അവള്‍ പറഞ്ഞത് ഒരോ മാസം ഒരോ കുപ്പിയാണ് പ്രര്‍ഥിക്കാന്‍ ഉപയോഗിക്കുന്നത്. ഒരോ മാസം തീരുമ്പോഴും ഒരോ കുപ്പി കുഴിച്ചിടും. അങ്ങനെ 11 കുപ്പികളും കുഴിച്ചിട്ടു അവസാന മാസത്തിലെ കുപ്പിയാണ് കാണാതായത്. അതിന്റെ പേരിലാണ് ഞങ്ങള്‍ വഴക്കുണ്ടാക്കിയത്..

ഒരു കുപ്പികാണാതെ പോയതിന് ഇത്രമാത്രം പ്രശ്‌നമുണ്ടാക്കേണ്ട കാര്യമുണ്ടോ.. അതു അത്മഹത്യ പോലുള്ള ഒരു തീരുമാനം..

സാര്‍ എന്റെ ബൈക്കിന് പിന്നില്‍ പോകുമ്പോഴാണ് അത് നഷ്ടപ്പെടുന്നത്. പിന്നീട് അവളുടെ സ്വഭാവത്തില്‍ തന്നെ മാറ്റം വന്നു. ഫോണ്‍ വിളിച്ചാല്‍ ആദ്യം ഇത് കിട്ടിയോ എന്നാണ് തിരക്കുന്നത്. പെട്ടെന്ന് ദേഷ്യപ്പെടുക ആക്രമിക്കാന്‍ വരുക തുടങ്ങിയ സ്വഭവവും കാട്ടിയിരുന്നു. ആ കുപ്പി കിട്ടിയില്ലേങ്കില്‍ അവളെ ആരോ വന്ന് കൊല്ലുമെന്ന് മരിക്കുന്നത് മുമ്പ് പറഞ്ഞിരുന്നു. 

എത്രനാളായി ഇത് കാണാതായിട്ട്..

മൂന്ന് ദിവസം സാര്‍..

അപ്പോള്‍ ഈ കുപ്പി നിസാരക്കാരന്‍ അല്ല. അതിനുള്ളിലുള്ളത് ദൈവവചനവുമല്ല. മറ്റെന്തോ രഹസ്യമുണ്ട്. നമ്മുക്ക് ആ കുഴിച്ചിട്ട കുപ്പികള്‍ പെക്കണമല്ലോ സാര്‍.. 

എടോ ഞാന്‍ ആ വീടും പരിസരവും മുഴുവന്‍ അരിച്ചുപറുക്കി ഒന്നും കിട്ടിയില്ല.. 

സാര്‍ ഇനി അവരുടെ ഫേവറേറ്റ് പ്ലേയിസില്‍ എങ്ങാനുമാണോ.. സെമിത്തേരിയുടെ പുറകിലെ പറമ്പില്‍..

അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഏതായാലും രണ്ടു പോലീസുകാരെ അങ്ങോട്ട് പറഞ്ഞ് വിടാം.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എന്താണ് പറയുന്നത്..

അവര്‍ ആകെ തകര്‍ന്ന നിലയിലാണ് ഏകമകള്‍ അല്ലായിരുന്നോ. ഈ പയ്യന്‍ പറയുന്നത് സത്യമല്ല അവന്‍ കാരണമാണ് തങ്ങളുടെ മോള്‍ മരിച്ചതെന്നാണ് അവര്‍ പറയുന്നത്. 

ആ പയ്യന്‍ പറഞ്ഞ ഒരു കാര്യം സാര്‍ ശ്രദ്ധിച്ചായിരുന്നോ.. ആ കുപ്പി കിട്ടിയില്ലേങ്കില്‍ അവളെ ആരോ വന്ന് കൊല്ലുമെന്ന് മരിക്കുന്നത് മുമ്പ് പറഞ്ഞിരുന്നുവെന്ന്.. അതായത് മറ്റാര്‍ക്കുമറിയാത്ത ആ പെണ്‍കുട്ടിക്ക് മാത്രം അറിയാവുന്ന ഒരാള്‍ കാണാമറയത്ത് നില്‍പ്പുണ്ടെന്നല്ലേ സാര്‍ അതിന് അര്‍ഥം. അയാള്‍ ആരാണെന്ന് അറിയണമെങ്കില്‍ ആ കുപ്പികള്‍ കണ്ടെത്തണം അതിനുള്ളില്‍ എന്താണെന്ന് അറിയണം.. 

----------



എടോ കുപ്പി തിരഞ്ഞുപോയ പോലീസുകാര്‍ വിളിച്ചായിരുന്നു. അവര്‍ക്ക് അവിടെയൊന്നും കണ്ടത്താനായില്ല..

അപ്പോള്‍ അത് അവിടയുമില്ലല്ലേ സാര്‍. ഞാനിറങ്ങട്ടെ സാര്‍ യാത്രക്ഷീണം മാറിയിട്ടില്ല ഒന്ന് ഉറങ്ങണം. എന്തെങ്കിലുമുണ്ടെങ്കില്‍ സാര്‍ ഒന്ന് വിളിച്ചാല്‍ മതി.

ശരിയടോ താന്‍ പോയി കിടന്നോ..

................

നേരം സന്ധ്യയായി ചുറ്റിലും ഇരുട്ട് വ്യാപിച്ചു. നാടുംനാട്ടാരും നിദ്രയില്‍ മയങ്ങിവീണു. നിശബ്ദത എല്ലായിടങ്ങളിലും നുഴഞ്ഞുകയറി. കലപില കൂട്ടിയിരുന്ന ചീവിടുകള്‍ പോലും നിശബ്ദതയില്‍ ആഴ്ന്നുപോയി. ഇടയ്ക്ക് ഇരുട്ടിനെ കീറിമിറിച്ച് കടന്നു പോകുന്ന കടവാവലിന്റെ ചിറകടിശബ്ദമാത്രം. പെട്ടെന്നായിരുന്നു തീവണ്ടിപാതയില്‍ നിന്ന് നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഒരു സ്ത്രീയുടെ അലര്‍ച്ച ശബ്ദം കേള്‍ക്കുന്നത്. ഈശ്വരാ വീണ്ടും ആത്മഹത്യയോ.. എന്താണ് സംഭവമെന്നറിയാന്‍ ശബ്ദംകേട്ട തീവണ്ടിപാതയിലേക്ക് ഓടി. ഇത്രവലിയ അലര്‍ച്ച കേട്ടിട്ടും വേറെയാരും വീടുവിട്ട് പുറത്തിറങ്ങാത്തത് എന്നെ അത്ഭുതപ്പെടുത്തി. ഒറ്റയടിപാതയിലൂടെ നടന്ന് കനാല്‍ പാലത്തിന്റെ ചുവട്ടിലെത്തിയപ്പോള്‍ ആ സിഗ്നല്‍ ലൈറ്റിന് ചുവട്ടില്‍ പഴയത് പോലെയൊരു രൂപം. നിലാവിന്റെ നേരിയ വെളിച്ചത്തില്‍ ആ രൂപം തിരിച്ചറിഞ്ഞു. അത് ആ പെണ്‍കുട്ടിയാണ്. കനാല്‍പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ആ പെണ്‍കുട്ടി. ഒരു ഞെട്ടലോടെ ഉറക്കമുണര്‍ന്നു. നട്ടുച്ചക്ക് ഇങ്ങനെയോരു സ്വപനം കാണാനുള്ള കാരണം. നൂറുകണക്കിന് ആലോചനകള്‍ തലയിലൂടെ മിന്നിമറഞ്ഞു. മൂന്ന് തവണ ഈ പെണ്‍കുട്ടിയെ കണ്ടത് ഈ സിഗ്നല്‍ ലൈറ്റിന് ചുവട്ടിലാണ്. ഇനി ഇതിന് ചുവട്ടിലാണോ ഈ കുപ്പികള്‍ ഉള്ളത്. സമയം കളയാനില്ല ഇപ്പോള്‍ തന്നെ പോയി നോക്കിയേക്കാം. 

..............

എന്താണ് ചേട്ടാ ഇവിടെ തപ്പുന്നത്..

ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. പതിനഞ്ച് വയസ് പ്രായം തോന്നിക്കുന്ന ഒരു പയ്യന്‍ കൈയില്‍ വലിയൊരു ചാക്കുകെട്ട്. കാലിന് ചെറിയൊരു മുടന്ത്. അലക്കിയിട്ടും കുളിച്ചിട്ടും ആഴ്ചകള്‍ ആയതുപോലെത്തെ രൂപം. പേയിസ്റ്റും ബ്രഷും ആ പല്ലുകള്‍ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലെന്ന് തോന്നുന്നു. 

ഒന്നുമില്ലടാ ഒരു പേന ചാടിപ്പോയി അത് നോക്കുവായിരുന്നു..

പോ ചേട്ടാ കുഴിച്ചാണോ പേന നോക്കുന്നത്..

ഇവിടെ ചെറിയ ഒരു കുഴിയുണ്ടായിരുന്നു അതിനകത്താണ് പോയത്.. അതൊക്കെ പോട്ടെ നിനക്ക് എന്താണ് ഇവിടെ കാര്യം..

ഞാന്‍ തീവണ്ടിയില്‍ നിന്ന് വലിച്ചെറിയുന്ന കുപ്പി പെറുക്കി വിറ്റാണ് ജീവിക്കുന്നത്. ദേ ആ കാണുന്ന ഷെഡിലാണ് താമസം..

എന്നാല്‍ നീ അധികം ഇതിലേ കിടന്ന് കറങ്ങണ്ട കഴിഞ്ഞ ദിവസം അവിടെ ഒരു ദുര്‍മരണം നടന്നു. അത് പ്രേതമായി ഇവിടെയിറങ്ങിയിട്ടുണ്ട്..

എനിക്ക് അറിയാം ചേട്ടാ.. അവള്‍ മരിക്കേണ്ടവളാ.. അത്രക്കും ക്രൂരയായിരുന്നു. എന്റെ കണ്ണുനീരാണ് അവള്‍ മരിക്കാന്‍ കാരണം..

നിനക്ക് ആ പെണ്‍കുട്ടിയെ അറിയോ..

അറിയോ എന്നോ.. ഞാന്‍ മരിച്ചാലും മറക്കില്ല.. ചേട്ടന്‍ ഈ കാലുകണ്ടോ. ഒരു വര്‍ഷം മുമ്പ് എനിക്ക് മുടന്ത് ഒന്നുമില്ലായിരുന്നു. അവള്‍ കല്ലിന് ഇടിച്ചതാ. എന്റെ കാല് ഈ പരിവത്തിലായത്..

കല്ലിന് ഇടിക്കുകയോ.. എന്തിന്.. 

അവള്‍ ഒരു കുപ്പി കൊണ്ടുവന്നു ഈ സിഗ്നലിന്റെ ചുവട്ടില്‍ ഇട്ടു. കാണാന്‍ നല്ല ഭംഗിയുള്ളതായതുകൊണ്ട് ഞാന്‍ അത് എടുത്ത് പോക്കറ്റിലിട്ടു. ഇത് കണ്ട് അവള്‍ തിരിച്ചുവന്ന് കുപ്പി ചോദിച്ചു. തരില്ലെന്ന് പറഞ്ഞപ്പോള്‍ എന്നെ ഒരുപാട് തല്ലി. അവസാനം ഞാന്‍ അത് തിരികെ കൊടുത്തു. അതുമായി തിരികെ പോകുന്നതിനിടെ ഒരു വലിയ കല്ലെടുത്ത് എന്റെ കാല്‍ ഇടിച്ചു ചതച്ചു..

എന്നിട്ട് പോലീസില്‍ പറഞ്ഞില്ലേ..

ഞങ്ങള്‍ പാവങ്ങള്‍ ആണ് ചേട്ടാ പുറംപോക്കില്‍ കിടക്കുന്നവര്‍.. അവരോക്കെ പണക്കാരും പോലീസില്‍ പറഞ്ഞാല്‍ ഞാന്‍ അവളെ ഉപദ്രവിച്ചിട്ടാണ് അവള്‍ എന്നെ ആക്രമിച്ചതെന്ന് പറയും. പിന്നെ എന്നെ പോലീസ് ഇടിക്കും ജയിലിലാക്കും. 

കാല് ഇങ്ങനെയാക്കിയ ശേഷം അവളെ നീ കണ്ടിട്ടുണ്ടോ..

ഉണ്ട് ചേട്ടാ.. എല്ലാമാസവസാനം അവള്‍ വന്ന് ഈ സിഗ്നലിന്റെ ചുവട്ടില്‍ ഒരു ചെറിയ കുപ്പി കുഴിച്ചിടും. ഞാന്‍ അവള്‍ പോയിക്കഴിയുമ്പോള്‍ അത് മാന്തിയെടുക്കും..

എന്നിട്ട് അത് എവിടെ..

അവളോടുള്ള ദേഷ്യത്തില്‍ ഞാന്‍ അതെല്ലാം കല്ലിനിടിച്ച് പെട്ടിച്ച് കളയും..

അതിനുള്ളില്‍ കുറിപ്പോ മറ്റോ ഉണ്ടായിരുന്നോ..

അത് ഓര്‍ക്കുന്നില്ല ചേട്ടാ..

അവള്‍ തനിച്ചായിരുന്നോ അതോ കൂടെ വേറെ ആരെങ്കിലുമുണ്ടായിരുന്നോ..

കുപ്പി കുഴിച്ചിടാന്‍ തനിച്ചാണ് വന്നിരുന്നത്. പിന്നെ ഇടയ്ക്ക് കനാല്‍പാലത്തിന് മുകളില്‍ വേറെ ഒരാളുടെ കൂടെ രണ്ടുവട്ടം കണ്ടിട്ടുണ്ട്..

അത് അവളുടെ ലൗവര്‍ ആയിരിക്കും. ഒരു മെലിഞ്ഞ പയ്യന്‍ അല്ലേ..

അല്ല ചേട്ടാ.. ഒരു പ്രായമായ ഒരാളാണ്. കണ്ണടയൊക്കെ വച്ച് പാന്റിന്റെ അകത്ത് ഷര്‍ട്ട് കയറ്റിവച്ച് ബെല്‍റ്റോക്കെ കെട്ടി. കണ്ടാല്‍ ഡോക്ടര്‍മാരെപ്പോലെ ഇരിക്കും..

അതെന്താടാ വേറെ ആരും അങ്ങനെ ഡ്രസ് ഇടുല്ലേ.. 

അതല്ലാ ചേട്ടാ ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ അങ്ങനെയുള്ള ഉടുപ്പിട്ടാ ഡോക്ടര്‍മാര്‍ വന്നത് അതുകൊണ്ട് പറഞ്ഞതാ.. പിന്നെ ചേട്ടാ ആറുമാസം മുമ്പും മൂന്ന് മാസം മുമ്പും രണ്ടു പെണ്‍കുട്ടികളെ തീവണ്ടിയിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയില്ലായിരുന്നോ.. അത് അവര്‍ ആത്മഹത്യ ചെയ്തതല്ല അവള്‍ പാലത്തില്‍ നിന്ന് തീവണ്ടിക്ക് മുന്നിലേയ്ക്ക് തള്ളിയിട്ട് കൊന്നതാ..

ഇതുവരെ നീ പറഞ്ഞ് വിശ്വസിച്ചു പക്ഷേ ഈ കഥ കല്ലുവയ്ച്ച നുണയായിപ്പോയി. എടാ അങ്ങനെ കൊന്നാല്‍ ആരെങ്കിലും കാണില്ലേ.. മാത്രവുമല്ല പാലത്തിലേയ്ക്ക് കയറുന്നിടത്ത് ഒരു സിസിടിവിയും ഇരിപ്പുണ്ട്. ഇവര്‍ ഒരുമിച്ച് പോകുന്നത് ക്യാമറയില്‍ പതിയില്ലേ..

ആരും കാണില്ല ചേട്ടാ.. കാരണം ഈ രണ്ടുസംഭവങ്ങളും നടന്നത് രാത്രി ഒരുമണി കഴിഞ്ഞാണ്. പിന്നെ പാലത്തിന് ഇടത് വശത്തുകൂടിയുള്ള വഴിക്കുമാത്രം സിസിടിവി ഒള്ളൂ വലത് വശത്ത് ഇല്ല. പെണ്‍കുട്ടികള്‍ വന്നത് ഇടതുവശത്തുകൂടിയും അവള്‍ വന്നത് വലതുവശത്തുകൂടിയുമാണ്..

സിസിടിവിയില്ലേന്ന് നിനക്ക് എങ്ങനെയറിയാം..

ഈ കുപ്പി പെറുക്കി കിട്ടുന്ന കാശ് എന്തിന് തികയാനാണ് ചേട്ടാ.. അതുകൊണ്ട് ചെറിയ മോഷണവുംകൂടിയുണ്ട്. വാഴക്കുല,തേങ്ങ അങ്ങനെയുള്ള സാധാനങ്ങള്‍.. അതുകൊണ്ട് ഈ നാട്ടില്‍ എവിടെയൊക്കെ ക്യാമറസ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമായി അറിയാം.. 

തല്‍ക്കാലം നീ ഈ കഥ ആരോടും പറയണ്ട.. ഈ കാശ് നിന്റെ കൈയില്‍ ഇരിക്കട്ടെ ചായകുടിച്ചോ.. പിന്നെ ആരെങ്കിലും കുപ്പി അന്വേഷിച്ച് വരികയോ ആ ഡോക്ടര്‍ പോലെയിരിക്കുന്ന ആളെ ഇനികാണുകയോ ചെയ്താല്‍ എന്നെ അറിയിക്കണം. ദേ ആ കാണുന്ന വീട് കണ്ടോ അവിടെയാണ് ഞാന്‍ താമസിക്കുന്നത്. 

ശരിചേട്ടാ.. 


അവസാന പ്രതീക്ഷയായിരുന്നു ആ കുപ്പികള്‍ അതാണ് ഈ പയ്യന്‍ നശിപ്പിച്ചത്. അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായല്ലോ ഈശ്വരാ.. അന്നാലും ആരായിരിക്കും ആ ജെന്റില്‍മാന്‍.. ഈ പെണ്‍കുട്ടി നാട്ടുകാര്‍ പറയുന്നതുപോലെ പാവമെന്നുമല്ല. ഒരാളുടെ കാല്‍ തകര്‍ത്തിട്ട് ഒരു കൂസലുമില്ലാതെ നടക്കുന്നുണ്ടെങ്കില്‍ അവള്‍ നിസാരക്കാരിയല്ല. ഇവന്‍ പറയുന്ന കൊലപാതകകഥ സത്യമാണെങ്കില്‍ എന്തിനായിരിക്കും അവരെ ഈ പെണ്‍കുട്ടി കൊന്നത്.. എവിടയോ ഇരുന്ന് ഒരു സൈക്കോ ചിരിക്കുന്നതുപോലെ.. ഒരു കൊടുംകുറ്റവാളിയുടെ മണമടിക്കുന്നപോലെ..

----------


ഇച്ചായാ ഒരു പിച്ചക്കാരന്‍ പയ്യന്‍ ചേട്ടനെക്കാണണമെന്നും പറഞ്ഞ് പുറത്ത് കിടന്ന് ബഹളമുണ്ടാക്കുന്നുണ്ട്.. 

പിച്ചക്കാരനോ.. എന്നയോ..

കൂട്ടുകാരനാണെന്ന പറഞ്ഞത്.. വന്ന് വന്ന് ഇച്ചായന് ഇവരായിട്ടാണോ കൂട്ട്.. 

ഒന്നുപോടീ ഞാന്‍ ഒന്ന് നോക്കട്ടെ..

എടാ നീയോ.. നന്നായീ വിയര്‍ത്തിട്ടുണ്ടല്ലോ എന്തുപറ്റി..

ചേട്ടാ ഞാന്‍ ഇന്നലെ പറഞ്ഞില്ലേ ഒരാളെ കണ്ടകാര്യം ദേ അയാള്‍ പാലത്തിന് മുകളില്‍ നില്‍പ്പുണ്ട്.. പിന്നെ ചേട്ടന്‍ ചോദിച്ച കുപ്പികൂടി തരാന്‍ വന്നതാ..

അത് നീ പെട്ടിച്ചുകളഞ്ഞില്ലേ..

ആ പെണ്ണ് മരിക്കുന്നതിന് മുമ്പ് കൊണ്ടുവച്ചിട്ട് പോയതായതുകൊണ്ട് ഇതുമാത്രം പൊട്ടിച്ച് കളഞ്ഞില്ല.. അവള്‍ മരിച്ചതോടെ എന്റെ കലി അങ്ങ് അടങ്ങി.. ചേട്ടന്‍ എനിക്ക് പൈസയൊക്കെ തന്നില്ലേ അതുകൊണ്ട് ചേട്ടന് തന്നേക്കാമെന്ന് വിചാരിച്ചു.. 

നീ പൊക്കോ ഞാന്‍ പാലത്തിന്റെ മുകളിലേയ്ക്ക് എത്തിക്കോളാം..

-----------

എടീ ഇതുപോലത്തെ ഒരു കുപ്പി നീ എവിടെയെങ്കിലും കണ്ടായിരുന്നോ.. ഞാന്‍ എവിടയോ കണ്ടപോലെ..

ഇതല്ലേ മനുഷ്യ നിങ്ങള്‍ക്ക് കഴിഞ്ഞയാഴ്ച കാര്‍ പാര്‍ക്ക് ചെയ്തിടത്തു കിടന്ന് കിട്ടിയത്..

അതെ, അത് തന്നെ.. അത് എന്തിയേ..

അത് കാറിന്റെ ഡാഷ്‌ബോര്‍ഡിലെങ്ങാനും കാണും. ഞാന്‍ എടുത്തിട്ടില്ല.. അതെ പതിയെ ഓട്.. വീണ് കാലൊടിഞ്ഞാല്‍ നോക്കാനാരുമില്ല ഒര്‍മ്മവേണം..

യെസ്.. ഇത് അത് തന്നെ ആ പന്ത്രണ്ടാമത്തെ കുപ്പി.. കാണാതായ കുപ്പി.. അപ്പോള്‍ ഇതാണ് ഞാനും ആ പെണ്‍കുട്ടിയുടെ മരണവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകം.. ഇത് എന്റെ കൈയില്‍ ഇരിക്കുന്നതുകൊണ്ടാണ് അവള്‍ എന്നെ പിന്തുടരുന്നത്. ഇനി കുപ്പിക്കുള്ളിലെ ചുരുളിനകത്ത് എന്താണോ എന്തോ.. 

--------------------

സാര്‍ എവിടെയാണ് സ്‌റ്റേഷനിലുണ്ടോ..?

ഇല്ല, ഞാന്‍ പുറത്താണ്. മന്ത്രി വരുന്നുണ്ട് അതിന്റെ ഡ്യൂട്ടിയാ. എന്താടോ കേസിന് വല്ലോ തുമ്പൂം കിട്ടിയോ..?

കിട്ടി സാര്‍.. സാറിന്റെ സ്റ്റേഷന്‍ പരിധിയില്‍ നടന്ന മൂന്ന് അത്മഹത്യകള്‍ കൊലപാതകങ്ങളാണെന്ന് തെളിയിക്കുന്ന സ്‌ട്രോങ്ങ് എവിഡന്‍സ് കിട്ടിയിട്ടുണ്ട്. ഒരു കൊലകൊമ്പന്‍സ്രവാണ് കൊത്തിയിരിക്കുന്നത്. സ്റ്റേഷനില്‍ വച്ചു സംസാരിച്ചാല്‍ ശരിയാവില്ല. ഒറ്റ് പ്രതീക്ഷിക്കാം. പുറത്ത് എവിടെയെങ്കിലും ഒരിടത്ത് നമ്മള്‍ രണ്ടുപേര്‍ മാത്രമായി ഇരിക്കാം. സാര്‍ മഫ്തിയില്‍ വന്നാല്‍ മതി..

അങ്ങനെയാണെങ്കില്‍ വൈകുന്നേരം എന്റെ തെങ്ങുംതോപ്പിലേക്ക് പോരെ രണ്ടണ്ണം അടിച്ച് അവിടെയിരിക്കാം.. 

-------------

കുറേ നേരമായോടോ വന്നിട്ട്..

ഇല്ല ഇപ്പോള്‍ ഇങ്ങെത്തിയൊള്ളൂ..

ചെറുത് ഒരണ്ണം അടിച്ചിട്ട് മാറ്ററിലേക്ക് കടക്കാമല്ലേ..

ചെറുത് ആക്കണ്ട വലിത് തന്നെ ഒഴിച്ചോ. സംഭവം കേള്‍ക്കുമ്പോള്‍ അടിച്ചതിന്റെ കിക്ക് ആവിയായി പോക്കോളും..

സകല ബില്‍ഡപ്പും കൊടുത്തിട്ട് അവസാനം കഴിഞ്ഞ തവണത്തേപ്പോലെ പ്രതി രക്ഷപ്പെട്ട് പോകുവോ..

അത് ഇവിടെ സംഭവിക്കാതിരിക്കാനാണ് ഞാന്‍ ഇങ്ങനെ ഒരു കൂടിക്കാഴ്ച പറഞ്ഞത്. രക്ഷപ്പെടാന്‍ വളരെ സാധ്യതയുള്ള ആളാണ് പ്രതി. മാത്രവുമല്ല രക്ഷപ്പെട്ടാല്‍ നമ്മുടെ അന്ത്യവുമാണ്. 

താന്‍ എന്നെ ടെന്‍ഷന്‍ അടിപ്പിക്കല്ലേ.. ആ പെഗ് എടുത്തടിച്ചിട്ട് കാര്യത്തിലേക്ക് കടക്ക്..

സാര്‍ ഞാന്‍ പറഞ്ഞിരുന്നില്ലേ ഒരു കുപ്പിപെറുക്കുന്ന പയ്യന്റെ കാര്യം അവന്‍ കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ വന്നിരുന്നു ആ പെണ്‍കുട്ടിയുടെ കൂടെകണ്ടയാള്‍ പാലത്തിന് മുകളില്‍ നില്‍പ്പുണ്ടെന്നും പറഞ്ഞ്. കൂടെ നമ്മള്‍ തപ്പി നടന്ന കുപ്പിയും.. 

എന്നിട്ട് കുപ്പിക്കകത്ത് എന്തായിരുന്നു..

അതിന് അകത്തെ കാര്യത്തേക്കാളും വലിയ കാഴ്ചയാണ് സാര്‍ ഞാന്‍ പാലത്തില്‍ ചെന്നപ്പോള്‍ കണ്ടത്. ആ പയ്യന്‍ കണ്ട ആ ജെന്റില്‍മാന്‍ ആരാണെന്ന് അറിയണോ.. അഡ്വക്കേറ്റ് ചെറിയാന്‍ ജോണ്‍..

ഏത് നമ്മുടെ ചെറിയാന്‍ സാറോ.. എംഎല്‍എയുടെ ജ്യേഷ്ഠന്‍..

അതെ അയാള്‍ തന്നെ..

ഒരു സാധ്യതയുമില്ല. ആ പയ്യന് ആളുമാറിയത് ആകും..

ഞാനും അങ്ങനെ തന്നെയാണ് വിചാരിച്ചത്. പക്ഷേ പയ്യന്‍ അതില്‍ തന്നെ ഉറച്ചു നിന്നു. അങ്ങനെയാണ് ഈ ആത്മഹത്യകള്‍ നടന്ന ദിവസത്തെ സിസിടിവി ദൃശങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. പാലത്തിന്റെ വലത് വശത്ത് സിസിടിവിയില്ലാത്തതുകൊണ്ട് ആ വശത്തുനിന്ന് വരുന്ന വഴിക്കുള്ള ഏതെങ്കിലും ഇടത്ത് ക്യാമറയിരിപ്പുണ്ടോന്ന് തിരക്കി. പയ്യന്‍ ഒരു ചെറിയ കള്ളന്‍കൂടിയായത് കൊണ്ട് ആരും ശ്രദ്ധിക്കാതെയിരിക്കുന്ന ഒരുവീടിന്റെ മുകളിലെ ക്യാമറ കാണിച്ചു തന്നു. ആത്മഹത്യകള്‍ നടന്നു എന്ന് പറയപ്പെടുന്ന രാത്രികളിലെ ഫുട്ടേജ് പരിശോധിച്ചപ്പോള്‍ അഡ്വക്കേറ്റ് ചെറിയാന്‍ ജോണിന്റെ കാര്‍ രാത്രി ഒരുമണിക്കും ഒന്നരയ്ക്കുമിടയില്‍ അതിലെ കടന്നു പോയിട്ടുണ്ട്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഈ സമയത്താണ് മരണം സംഭവിച്ചിട്ടുള്ളതെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആ പയ്യന്‍ പറയുന്നതും ഈ സമയത്താണ് അവര്‍ ആത്മഹത്യ ചെയ്തതെന്നാണ്.. 

എടോ ചെറിയാന്‍ സാര്‍ മരിച്ച പെണ്‍കുട്ടിയുടെ അപ്പന്റെ അടുത്ത സുഹൃത്താണ്. അവര്‍ ഒന്നിച്ച് നടക്കുന്നത് ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്. നീ ആവശ്യമില്ലാത്തത് ഉണ്ടാക്കല്ലേ..

ഞാനായിട്ട് ഒന്നും ഉണ്ടാക്കുന്നത് അല്ല തെളിവുകള്‍ എല്ലാം അങ്ങേര്‍ക്ക് എതിരാണ് സാര്‍.. ഞാന്‍ മറ്റൊരു കാര്യവും കൂടി അന്വേഷിച്ചു. സൈബര്‍ സെല്ലിലുള്ള എന്റെ ഒരു സുഹൃത്ത് മുഖാന്തരം ഈ പെണ്‍കുട്ടിയുടെ ഫോണിലേയ്ക്ക് വന്നിട്ടുള്ള മുഴുവന്‍ കോള്‍ ഹിസ്റ്ററിയും എടുത്തു. അതില്‍ മറ്റ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതിന് 30 മിനിറ്റ് മുമ്പും നമ്മള്‍ അന്വേഷിക്കുന്ന പെണ്‍കുട്ടി മരിക്കുന്നതിനു മുമ്പും ഫോണിലേക്ക് ഒരു നമ്പറില്‍ നിന്ന് കോള്‍ വന്നിട്ടുണ്ട്. ആ നമ്പറിന്റെ ഉടമ അഡ്വക്കേറ്റ് ചെറിയാന്‍ ജോണ്‍ ആണ്. ഇനിയുമുണ്ട് സാര്‍ തെളിവ്. ഈ മരണങ്ങള്‍ നടക്കുന്ന സമയത്ത് ചെറിയാന്റെ സിം കാര്‍ഡിന്റെ ലോക്കേഷന്‍ പാലത്തിന് അടുത്തുള്ള ടവറാണ് കാണിച്ചിട്ടുള്ളത്. പിന്നെ ഈ പുള്ളി അത്ര പുണ്യാളനൊന്നുമല്ലെന്ന് എനിക്കും സാറിനുമറിയാം. പണ്ട് സെമിത്തേരിയില്‍ നിന്ന് അസ്ഥികൂടം പൊക്കി എടുത്ത് പറമ്പിലിട്ടകേസില്‍ പ്രതിയാണ് ചെറിയാന്‍ ജോണ്‍. 

അതോക്കെ ശരിയാണ്. എങ്ങനെ പൂട്ടും ഇയാളെ. എല്‍എയുടെ ജ്യേഷ്ഠന്‍ പോരാത്തതിന് അറിയപ്പെടുന്ന വക്കീല്‍. ഊരിപ്പോരാന്‍ എല്ലാ വഴികളും അയാള്‍ക്ക് അറിയാം. ഈ സംഭവം പുറത്ത് അറിഞ്ഞാല്‍ കളിമാറും. നമ്മളെ പൂട്ടി അകത്തിടും അയാള്‍..

അതുകൊണ്ടാണ് സാറെ വേറെയാരുമറിയരുതെന്ന് പറഞ്ഞത്.. തെളിവുകള്‍ മാക്‌സിമം ശേഖരിച്ച ശേഷം മാത്രം അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ നടത്തിയാല്‍ മതി.. 

എടോ കുപ്പിക്കുള്ളില്‍ എന്തായിരുന്നു..

ഒരു പാസ്‌വേഡാണ്. പക്ഷേ എന്തിന്റെയാണെന്ന് മനസിലാകുന്നില്ല.. രണ്ടുകുപ്പിയിലും രണ്ട് തരം പാസ്‌വേഡാണ്. ഇനിയുള്ള സത്യങ്ങള്‍ അറിയണമെങ്കില്‍ അയാളെ പൊക്കാതെ വേറെ വഴിയില്ല സാര്‍..

അയാളെ എങ്ങനെ പൊക്കുമെന്നാടോ താന്‍ ഈ പറയുന്നേ.. 

സാര്‍ അടുത്താഴ്ച സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആ സമയത്ത് വീട്ടില്‍ കയറി പൊക്കാം. എന്നിട്ട് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റാം. അവിടെ വച്ച് തത്തപറയുന്നപോലെ മണിമണിയായി സത്യങ്ങള്‍ പറയിക്കാം. ആരുമറിയുക പോലുമില്ല. ഇനി അറിഞ്ഞാലും ലോക്ക്ഡൗണായതുകൊണ്ട് പ്രതിക്ഷേധിക്കാന്‍ ആരുംപുറത്ത് ഇറങ്ങില്ല. 

അത് കൊള്ളാം നല്ല ഐഡിയ.. അതിനുള്ളില്‍ വിശ്വസ്തരായിട്ടുള്ള ഒരു ടീം സെറ്റ് ചെയ്യണം.. 

എനിക്കും കുറച്ച് ജോലികൂടി ബാക്കിയുണ്ട്. അപ്പോള്‍ ലാസ്റ്റ് പെഗിന് ചീയേഴ്‌സ്.. 

---------


എന്താണ് ചെറിയാന്‍ സാറെ അന്തംവിട്ട് നോക്കുന്നത്. ഒന്നും മനസിലാകുന്നില്ലേ. അതോ മനസിലായിട്ട് അറിയാത്തതുപോലെ ഇരിക്കുന്നത് ആണോ..

മിസ്റ്റര്‍ എസ്‌ഐ ഞാന്‍ ആരാണെന്നും എന്റെ പവര്‍ എന്താണെന്നും അറിയാതെയാണ് എന്നെ പിടിച്ചുവെച്ചിരിക്കുന്നത്. ഞാന്‍ പുറത്തിറങ്ങിയാല്‍ തന്നെയൊക്കെ അത് കാണിച്ചുതരാം..

അത് പുറത്ത് ഇറങ്ങിയാല്‍ അല്ലേ സാറേ.. താന്‍ ഇനി പുറംലോകം കാണില്ല.. പിന്നെ തന്നെ ഞാനാണ് പൊക്കിയതെന്നും എവിടെയ്ക്കാണ് പൊക്കിയതെന്നും ഈ നിക്കുന്ന പോലീസുകാരല്ലാതെ ഒരു ഈച്ചകുഞ്ഞു പോലും അറിഞ്ഞിട്ടില്ല.. 

എന്താടോ തന്റെ ഉദ്യേശം.. എന്താനാണ് എന്നെ പിടിച്ചുകൊണ്ട് വന്നിരിക്കുന്നത്..

ചെറിയാന്‍ സാറെ എന്റെ സ്റ്റേഷന്‍ കീഴിലുള്ള കനാല്‍പാലത്തില്‍ നിന്ന് കഴിഞ്ഞ ആറുമാസത്തിനിടെ മൂന്ന് പെണ്‍കുട്ടികള്‍ ചാടി ആത്മഹത്യ ചെയ്തു.

അതിന് ഞാന്‍ എന്ത് വേണം.. അവര്‍ മരിച്ചതിന് എന്നെ എന്തിന് പിടിച്ചുകൊണ്ട് വരണം..

തോക്കില്‍ കയറി വെടിവയ്ക്കല്ലേ സാറെ.. ഞാന്‍ പറഞ്ഞുവരികയല്ലേ.. കഥ എന്തെന്ന് വച്ചാല്‍ മരിച്ച ഈ പെണ്‍കുട്ടികളില്‍ ഒരാള്‍ സ്വപ്‌നത്തില്‍ വന്നു പറഞ്ഞു ഈ കേസ് ഒന്ന് നല്ലപോലെ അനേഷിക്കണമെന്ന്.. മരിച്ച പെണ്‍കൊച്ച്പറഞ്ഞതല്ലേ മരിച്ചവര്‍ പറയുന്നത് നമ്മള്‍ കേള്‍ക്കണമല്ലോ.. അതുകൊണ്ട് കേസ് വിശദമായിയൊന്ന് അന്വേഷിച്ചു അപ്പോള്‍ ആണ് അറിയുന്നത് ഇതെല്ലാം ചെയ്യുന്നത് സമൂഹത്തില്‍ മാന്യന്റെ മുഖംമൂടി വയ്ച്ച ഒരു ചെകുത്താനാണെന്ന് അതുകൊണ്ട് ഞങ്ങള്‍ ആ ചെകുത്താനെ പൂട്ടാന്‍ തീരുമാനിച്ചു..

അത് ഞാന്‍ ആണെന്നാണോ..

ഏറെക്കുറെ ചെറിയാന്‍ സാറെ..

അതിന് എന്ത് തെളിവാടോ തന്റെ കൈയില്‍ ഉള്ളത്..

-------------

എന്താടോ വൈകിയത്..

സോറി സാര്‍ അവസാനമായി ഒരു കാര്യംകൂടി ചെയ്ത് തീര്‍ക്കാനുണ്ടായിരുന്നു.. എന്തായി അയാള്‍ വല്ലതും മൊഴിഞ്ഞോ..

എവിടെ ഒരു കുലുക്കവുമില്ല.. 

നമസ്‌കാരം ചെറിയാന്‍ സാറെ ഞാന്‍ അല്‍പം വൈകി.. സാര്‍ ഇരുന്ന് മുഷിഞ്ഞോ..

താനൊക്കെ ഏതാടാ.. 

അയ്യോ സാര്‍ എന്നെ അറിയില്ലേ.. അറിയാന്‍ മാത്രം ഒന്നുമല്ല വെറും ഒരു സാധാരണക്കാരന്‍ പിന്നെ നിങ്ങളെപ്പോലെയുള്ള കള്ളന്‍മാരെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുന്ന ചെറിയ ഒരു ജോലിയും കൂട്ടത്തിലുണ്ട്.. ജീവിക്കണ്ടേ.. ചെറിയാന്‍ സാറെ.. സാര്‍ ഒന്നുമറിയാത്തവനെപ്പോലെയെ സംസാരിക്കുവെന്ന് നല്ലതുപോലെയറിയാം.. ഞാന്‍ ഒരു കഥ പകുതി പറയാം അതിന് ശേഷമുള്ള ഭാഗം സാര്‍ പറയണം.. ഇല്ലെങ്കില്‍ ദേ ഇവര്‍ പറയിക്കും. അത് താങ്ങാനുള്ള കരുത്തൊന്നും സാറിന്റെ ഈ ശരീരത്തിനില്ല. അതുകൊണ്ട് സാര്‍ ബാക്കി പറയുമെന്ന് വിശ്വസിച്ച് ഞാന്‍ കഥ തുടങ്ങുകയാണ്.

കനാല്‍ പാലത്തില്‍ തുടര്‍ച്ചയായ ആത്മഹത്യകള്‍ നടക്കുന്നു. അതും പെണ്‍കുട്ടികള്‍. അതില്‍ അവസാനം മരിച്ച പെണ്‍കുട്ടിയുടെ കാമുകന്‍ പറയുന്നു ഒരു കുപ്പി കാണാതെ പോയത് കൊണ്ടാണ് തന്റെ കാമുകി ആത്മഹത്യ ചെയ്തതെന്ന്. അങ്ങനെ ആ കുപ്പി അനേഷിച്ച് നടപ്പായി. അപ്പോള്‍ ആണ് ഒരു പയ്യന്‍ പറയുന്നത് ഈ കുപ്പി കുഴിച്ചിടുന്നത് കണ്ടെന്ന്. ആ കുഴിച്ചിട്ട കുപ്പി തുറന്നപ്പോള്‍ അതിനുള്ളില്‍ ഒളിച്ചിരുന്ന ഭൂതം പുറത്ത് ചാടുന്നത്. ആ ഭൂതത്തെക്കുറിച്ച് നല്ലതുപോലെ അന്വേഷിച്ച് വലയിട്ട് പിടിച്ച് ഇവിടെയിരുത്തിയിട്ടുണ്ട് ഇനി ബാക്കിക്കഥ ഭൂതം തന്നെ പറയട്ടെ അതല്ലേ അതിന്റെ ശരി..  

അത് ശരി.. ഏതോ ഇല്ലാത്ത കഥകള്‍ പറഞ്ഞ്എന്നെ കുടുക്കാനാണോ നിങ്ങളുടെ ഉദ്യേശം.. 

ചെറിയാന്‍ സാറെ ആ കുപ്പിക്കകത്ത് ഒരു സൈറ്റ് അഡ്രസും അത് തുറക്കാനുള്ള പാസ്‌വേര്‍ഡുമായിരുന്നു.. ഞാന്‍ അത് തുറന്നു.. ആ ഐപി അഡ്രസ് എത്തുന്നത് ഡാര്‍ക്ക്‌നെറ്റിലാണ്.. അതില്‍ സാറിനെക്കുറിച്ചും സാര്‍ കൊന്നൊടുക്കിയവരുടെയും കൊല്ലാന്‍ പോകുന്നവരുടെയും എല്ലാം ലിസ്റ്റ് ഉണ്ട്.. സാറിന് കണണമെങ്കില്‍ ദേ ഈ ലാപ്പിലേക്ക് നോക്ക്.. എന്നിട്ട് ബാക്കി കഥ പറ..

ഇത് ഫേക്ക് ആണ് എനിക്ക് ഒന്നുമറിയില്ല.. 

എസ്‌ഐ സാറെ ഇടിക്കാനുള്ള ഉര്‍ജ്ജം തരാം.. ഇവന്റെ അടുത്ത ഇര സാറിന്റെ മോളാണ്.. അവളുടെ കൈയിലുമുണ്ട് 12 കുപ്പികള്‍.. സാര്‍ ആ സൈറ്റില്‍ നോക്കിക്കേ മോളുടെ പടം ഉണ്ട്.. ഞാന്‍ പോയി ഒരു സിഗരറ്റ് വലിച്ചിട്ടുവരാം.. ചെറിയാന്‍ സാറ് കഥപറയും.. അല്ലേ ചെറിയാന്‍ സാറേ..

എടോ താന്‍ അല്ലേ പറഞ്ഞത് കുപ്പിക്കുള്ളിലെ പാസ്‌വേഡ് എന്തിന്റെ ആണെന്ന് അറിയില്ലെന്ന്.. 

അത് സാറിനോട് കള്ളം പറഞ്ഞതാണ്.. സാറിന്റെ മോളും കുടുങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞാല്‍ സാര്‍ സമ്മര്‍ദ്ദത്തിലാകുമെന്ന് അറിയാവുന്നതുകൊണ്ടാണ് മനപൂര്‍വ്വം പറയാത്തതാണ്. ടെന്‍ഷന്‍ ഒന്നും വേണ്ട ഞാന്‍ അവളെ കണ്ട് സംസാരിച്ചിരുന്നു. നല്ലൊരു ഡോക്ടറെ കാണിച്ചിട്ടുണ്ട്. അതാണ് വരാന്‍ വൈകിയത്. അവളുടെ കൈയില്‍ ഇരുന്ന 12കുപ്പികളും എന്റെ കൈയില്‍ ഉണ്ട്. അവള്‍ ഇപ്പോള്‍ നോര്‍മല്‍ ആണ്. ഇവനെകൊണ്ട് ബാക്കി പറയിച്ചാല്‍ മതി. ഞാന്‍ വലിച്ചിട്ട് വരാം സാര്‍ വരുന്നോ..

താന്‍ പോയി വലിച്ചിട്ട് വരുമ്പോഴേക്കും അയാള്‍ ബാക്കി കഥ പറയാന്‍ റെഡിയായിരിക്കും പോയിട്ട് വാ.. 

------------

എന്താണ് ചെറിയാന്‍ സാറേ നമ്മള്‍ തുടങ്ങുവല്ലേ..

പിന്നെ സാറ് പറയാന്‍ റെഡിയായി ഇരിക്കുവല്ലേ.. തുടങ്ങിക്കോ സാറെ..

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മകന്റെ പഠനവുമായി ബന്ധപ്പെട്ട് ഒരുമാസത്തേയ്ക്ക് യുക്രൈനില്‍ പോയത്. അവിടെ വച്ച് അപ്രതീക്ഷിതമായി വില്യത്തെ പരിചയപ്പെടുന്നത്. അയാളും ഒരു ലോയര്‍ ആയിരുന്നു. പല സന്ധ്യകളിലും ഞങ്ങള്‍ ഒരുമിച്ചുകൂടി. പതിയെ പതിയെ അയാളുടെ സംസാരം ബ്ലാക്ക്മാസിനെക്കുറിച്ചായി. ഈ വിഷയത്തില്‍ കൂടുതല്‍ അറിയാന്‍ താത്പര്യമുണ്ടായിരുന്ന ഞാന്‍ വില്യത്തിനോപ്പം അവരുടെ രഹസ്യ കേന്ദ്രങ്ങളില്‍ പോയി ശുശ്രൂഷകളില്‍ പങ്കെടുത്തു. ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടും വില്യവുമായിയുള്ള ബന്ധം നിലനിര്‍ത്തി. വില്യം പറഞ്ഞ പ്രകാരം അവരുടെ ഇന്ത്യയിലെ പ്രധാന പുരോഹിതനുമായി ബന്ധപ്പെട്ടു അയാള്‍ എനിക്ക് കോടികള്‍ ഓഫര്‍ ചെയ്തു. എന്റെ സ്വിസ് ബാങ്കിലെ അക്കൗണ്ടില്‍ പണം എത്തി. ഞാന്‍ ചെയ്യേണ്ടത് കേരളത്തില്‍ അവര്‍ക്ക് രഹസ്യമായി പള്ളികള്‍ സ്ഥാപിച്ച് അണികളെ ഉണ്ടാക്കികൊടുക്കുക മാത്രമായിരുന്നു. അതിനായി കേരളത്തിന്റെ മുഴുവന്‍ ചുമതല അവര്‍ എന്നെ ഏല്‍പ്പിച്ചു. അക്കൗണ്ടില്‍ കോടികള്‍ എത്തിയപ്പോള്‍ എന്റെ ബന്ധങ്ങള്‍ മറയാക്കി പള്ളികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായിട്ടാണ് സെമിത്തേരിയില്‍ നിന്ന് അസ്ഥികൂടം എടുത്തത്. അന്ന് പിടിക്കപ്പെട്ടെങ്കിലും സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് ഊരി പോന്നു. 

എന്തിനാണ് നിങ്ങള്‍ പെണ്‍കുട്ടികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്..

ഞങ്ങളുടെ അംഗങ്ങള്‍ സമൂഹത്തിലെ ഉന്നതന്‍മാരാണ്. അവര്‍ക്ക് എല്ലാം പണം എത്തിയിരുന്നത് വിദേശത്ത് നിന്നായിരുന്നു. കോറോണ വന്നതോടെ ഫണ്ടിംഗ് നിന്നു. അതാത് രാജ്യത്തുള്ളവര്‍ അവിടെ തന്നെ ഫണ്ട് കണ്ടെത്താനുള്ള വഴികള്‍ തേടണമെന്ന് അറിയിപ്പ് വന്നു. ഏറ്റവും വേഗത്തില്‍ പണം കണ്ടെത്താന്‍ മികച്ച മാര്‍ഗം അവയവ കാടത്താണ്. നിലവില്‍ ഇതിന് മുകളില്‍ പോലീസിന്റെ കണ്ണുള്ളതുകൊണ്ട് ആരും ശ്രദ്ധിക്കാത്ത മാര്‍ഗം സ്വീകരിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ആത്മഹത്യ ചെയ്പ്പിച്ച് അവരുടെ അവയവം കടത്തുന്ന രീതി തെരഞ്ഞെടുത്തത്. അതിനായി പരിചയത്തിലുള്ള പെണ്‍കുട്ടികളെ തിരഞ്ഞു പിടിച്ച് ടാര്‍ജറ്റ് ചെയ്തു. 

അതെന്താണ് പെണ്‍കുട്ടികള്‍.. ആണ്‍കുട്ടികള്‍ക്ക് എന്താണ് പ്രശ്‌നം..

പെണ്‍കുട്ടികളെ ഇമോഷണല്‍ ബ്ലോക്ക്‌മെലിംഗ് ചെയ്യാന്‍ എളുപ്പമാണ്. ആണ്‍കുട്ടികളെ കൈകാര്യം ചെയ്യാന്‍ പാടാണ്. എവിടെയെങ്കിലും പാളിയാല്‍ ഞങ്ങളുടെ കാര്യങ്ങള്‍ എല്ലാം പുറത്താകും. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകുവാനാകും.. 

എന്താണ് ഈ 12 കുപ്പികള്‍..

12 കുപ്പികള്‍ ഒരു ടൈം പീരിയഡാണ്. രാത്രി 12 മണിക്ക് ഡാര്‍ക്ക് നെറ്റില്‍ വരണം. അവിടെ വിഡിയോ കോള്‍ വഴി പ്രാര്‍ഥനകള്‍ ഉണ്ടാകും. അതിനായി പാസ്‌വേഡ് നല്‍കിയിട്ടുണ്ട്. ഒരോ മാസവും പ്രാര്‍ഥനയുടെ രീതികള്‍ മാറിമാറിവരും. അതിനാണ് ഒരോ കുപ്പിയിലും പല പാസ്‌വേഡുകള്‍. ആറാമത്തെ കുപ്പിയിലെ പാസ്‌വേഡ് ഉപയോഗികുന്നവര്‍ സാത്താനുള്ള തിരുബലി എന്ന നിലയില്‍ പന്ത്രണ്ടമത്തെ കുപ്പിയിലെ പാസ്‌വേഡ് ഉപയോഗിക്കുന്നവരെ ബലികൊടുക്കും. ആത്മഹത്യ ചെയ്യാന്‍ സഹായിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. തുടര്‍ന്ന് ഒന്‍പതാമത്തെ കുപ്പിയിലെ പാസ്‌വേഡ് ഉപയോഗിക്കുമ്പോഴും ഇത് തുടരും. തുടര്‍ന്ന് താന്‍ രണ്ടുപേരെ കൊന്ന കൊലയാളിയാണെന്ന് ചിന്ത അവരുടെ മനസിലൂടെ കടത്തിവിടും. 12മത്തെ കുപ്പിയാകുമ്പോഴെക്കും ആത്മഹത്യയല്ലാതെ ഇതില്‍ നിന്ന് തനിക്ക് രക്ഷയില്ലായെന്ന ചിന്തയുണ്ടാക്കി അവരെ ആത്മഹത്യ ചെയ്പ്പിക്കും. അതെല്ലാം ചെയ്യുന്നത് ഡാര്‍ക്ക്‌നെറ്റ് വഴിയാണ്. ഞങ്ങളുടെ പരിതിയില്‍ നിന്ന് പുറത്ത് പോകുകയാണെന്ന് തോന്നിയാല്‍ ഞങ്ങളുടെ അംഗങ്ങള്‍ ഇവരെ പിന്തുടര്‍ന്ന് കൊലപ്പെടുത്തും. ആ മരണം ആക്‌സിഡന്റ് ഡെത്താക്കി മാറ്റും. ആര്‍ക്കും സംശയം തോന്നാതെ എല്ലാം ചെയ്യാന്‍ എല്ലാ മേഖലകളിലും ഞങ്ങള്‍ക്ക് ആളുകള്‍ ഉണ്ട്..

ഒരാള്‍ മരിച്ച് ഇത്രയും മണിക്കൂര്‍ കഴിഞ്ഞിട്ട് എടുക്കാവുന്ന അവയവങ്ങള്‍ ഉണ്ടോ..

അത് ഇതിനെക്കുറിച്ച് വലിയ അറിവില്ലാത്തതുകൊണ്ടാണ്. ഹൃദയം, കരള്‍, കിഡ്‌നി, കണ്ണ് ഒക്കെയാണ് സാധാരണ ആളുകള്‍ കേട്ടിട്ടുള്ളൂ പക്ഷേ വേറെയും അവയവങ്ങള്‍ മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് എടുക്കാം. പാന്‍ക്രിയാസ്, ഹൃദയവാല്‍വ്, കോര്‍ണിയ, ശ്വാസകോശം, ചെറുകുടല്‍, സ്‌കിന്‍ ടിഷ്യു, അസ്ഥികളുടെ ടിഷ്യു, ധമനികള്‍ അങ്ങനെ ഒരുപാട് അവയവങ്ങള്‍.. 

ആത്മഹത്യക്ക് രാത്രി ഒരുമണിക്കും ഒന്നരയ്ക്കും ഇടയിലുള്ള സമയം തെരഞ്ഞെടുക്കാന്‍ കാരണം.. 

അത് രാത്രി 12ന് തുടങ്ങുന്ന ഞങ്ങളുടെ പ്രാര്‍ഥനാശുശ്രൂഷകള്‍ അവസാനിക്കുന്നത് ഒരുമണിക്കാണ് അത് കഴിഞ്ഞ് വന്നാണ് ആത്മഹത്യ ചെയ്യുന്നത്.. 

അപ്പോള്‍ വക്കീലേ കേരളത്തിലുള്ളവര്‍ക്ക് ഈ ചെകുത്താന്‍ അങ്ങ് ചേരത്തില്ല.. ഇവിടെ അയ്യപ്പനും വാവരും കുതിരപ്പുറത്തെ ഗീവര്‍ഗീസുമൊക്കെ വാഴൂ.. അപ്പോള്‍ അവനെ നമ്മുക്ക് അങ്ങ് ഒടിക്കയല്ലേ..

അതിന് ഒരിക്കലും സാധിക്കില്ല.. ഇപ്പോള്‍ തന്നെ മുപ്പത്തിനായിരത്തിലധികം ആളുകള്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.. അവരെയെല്ലാം നിങ്ങള്‍ അറസ്റ്റ് ചെയ്യോ.. പറ്റില്ല.. അതിന് ഒരിക്കലും പറ്റില്ല.. ഒരു ചെറിയാന്‍ ജോണ്‍ പോയാല്‍ വേറെ ഒരു ചെറിയാന്‍ ജോണ്‍ വരും അതാണ് ഞങ്ങളുടെ ശക്തി.. 

ഓ അങ്ങനെയാണോ.. നോക്കാം നമ്മുക്ക്..

-----------

എസ്‌ഐ സാറെ എന്താണ് അടുത്ത പ്ലാന്‍..

വക്കീലിന്റെ ലാപില്‍ നിന്ന് അംഗങ്ങളുടെ ലിസ്റ്റ് കിട്ടിയിട്ടുണ്ട്.. എല്ലാം പ്രമുഖര്‍.. ഞാന്‍ ഡിജിപിയെ കാര്യം ധരിപ്പിച്ചിട്ടുണ്ട്.. മുഖ്യമന്ത്രിയുമായി സംസാരിച്ച് ബാക്കി തീരുമാനം ഇന്ന് തന്നെ അറിയിക്കാമെന്നാണ് പറഞ്ഞത്.

കഴിഞ്ഞ തവണത്തേപ്പോലെയല്ല സ്‌ട്രോങ് തെളിവുകളാണ് സാറിന്റെ കൈയില്‍ ഇരിക്കുന്നത് പ്രതി രക്ഷപ്പെട്ടെന്ന് പിന്നീട് പറയരുത്.. 

ഇല്ലാടോ ഇത്തവണ പൂട്ടുമെന്ന് പറഞ്ഞാല്‍ മണിച്ചിത്രത്താഴിട്ട് പൂട്ടും.. 

എന്നാല്‍ ശരി സാര്‍ പിന്നെ കാണാം.. ആ കുപ്പികള്‍ വെള്ളത്തില്‍ ഒഴുക്കാനുണ്ട്.. ആ പിള്ളേര്‍ക്ക് അത്മശാന്തി കിട്ടട്ടെ..  

കാണാടോ.. താന്‍ ചെല്ല്.. 


ശുഭം..

7 comments:

  1. കുറെനാൾ കൂടിയിട്ടാണ് നല്ലൊരു കഥ വായിക്കുന്നത് നല്ല ത്രില്ലർ കൊറോണക്കാലത്തെ ബന്ധിപ്പിച്ചുകൊണ്ട് എഴുതിയ കാരണം കഥയ്ക്കൊരു പുതുമയുണ്ട് 👍👍👍🌹😊

    ReplyDelete
  2. Amazing work. Keep going

    ReplyDelete